ഭരണകൂടം രാജ്യത്തെ വിഭജിക്കുവാന്‍ ശ്രമിക്കുകയാണെന്ന് കനിമൊഴി

0
193
kanimozhi

ഭരണകൂടം രാജ്യത്തെ വിഭജിക്കുവാന്‍ ശ്രമിക്കുകയാണെന്ന്  തമിഴ്‌നാട് രാഷ്ട്രീയ പ്രവര്‍ത്തകയും, കവയത്രിയും, തൂത്തുക്കുടി മണ്ഡലത്തിന്റെ ലോക് സഭ എം.പിയും ആയ കനിമൊഴി. കെ.എൽ.എഫിന്റെ മൂന്നാം ദിനത്തിൽ ’എന്‍വിഷനിങ് ‘ക്വിറ്റ് ഇന്ത്യ’ ഇന്‍ 2020′  എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു കനിമൊഴി. അവർക്കൊപ്പം യമന്‍ യുദ്ധവും  രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രതിസന്ധിയും കവര്‍ ചെയ്ത യു.എ. ഈ മാധ്യമപ്രവര്‍ത്തകയും ഖലീജ് ടൈംസിന്റെ അസിസ്റ്റന്റ് എഡിറ്ററുമായ അഞ്ജന ശങ്കറും സംബന്ധിച്ചു.

ഇന്ത്യന്‍ സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തില്‍  ഇന്ന് നേരിടുന്ന വെല്ലുവിളികളെ വിശകലനം ചെയ്ത സദസ്സ്, മതപരമായ ധ്രുവീകരണം തടയുന്നതില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പങ്കും അന്വേഷിച്ചു. ഭാരതം ഒരു നവ ‘ക്വിറ്റ് ഇന്ത്യ’ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് നിരീക്ഷിച്ച കനിമൊഴി രാജ്യത്തെ, ഭരണകൂടം വിഭജിക്കുവാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞു. തൊഴിലില്ലായ്മയും, പരിസ്ഥിതി പ്രശ്‌നങ്ങളും, സാമ്പത്തിക മാന്ദ്യവും ചര്‍ച്ച ചെയ്യേണ്ട ജനങ്ങള്‍ ഇന്ന് ഭരണഘടനയെ സംരക്ഷിക്കാന്‍ തെരുവിലിറങ്ങുന്നത് ചില രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഭാഗമാണെന്നും അവര്‍ തുടര്‍ന്നു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ പൗരത്വനിയമം നടപ്പാക്കുന്നത് തികച്ചും ഭരണഘടനാവിരുദ്ധമാണെന്നും, അത് വഴി സ്വത്വബോധത്തെ കളങ്കപ്പെടുത്തി വൈവിധ്യങ്ങളുടെ കലവറയായ ഭാരതത്തെ കാവി പുതപ്പിക്കുവാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സി.എ. എക്കെതിരെ തെരുവിറങ്ങിയ വിദ്യാര്‍ഥിളെ അഭിനന്ദിച്ച കനിമൊഴി, ക്യാമ്പസുകള്‍ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നത് ഏറെ പ്രത്യാശാ ജനകമായി കണ്ടു. വരാനിരിക്കുന്ന നാളുകളില്‍ അവരില്‍ നിന്ന്, ശക്തരായ നേതാക്കള്‍ ഇന്ത്യയെ നയിക്കുമെന്നും തൂത്തുക്കുടി എം.പി പറഞ്ഞ് വെച്ചു.

ഒരു കവിയും, അതേ സമയം തന്നെ രാഷ്ട്രീയ പ്രവര്‍ത്തകയും ആയിരിക്കുവാന്‍ എങ്ങനെ സാധിക്കുന്നു എന്ന അഞ്ജന ശങ്കറുടെ ചോദ്യത്തിനോട്, സത്യസന്ധതയോടെ അവ രണ്ടിനെയും സമീപിക്കുന്നത് കാരണമാണെന്ന് മനസ് തുറന്ന കനിമൊഴി ജയലളിതയോടുള്ള നിലപാടെന്തെന്നുള്ള ചോദ്യത്തിനോട്, ഒരു വ്യക്തി എന്ന നിലയില്‍ അവരെ താന്‍ ബഹുമാനിക്കുന്നുവെന്നും, എന്നാല്‍ ജയലളിത പിന്തുടര്‍ന്ന രാഷ്ട്രീയ നിലപാടുകളോട് തനിക്ക് വിയോജിപ്പുകളുണ്ടെന്നും വ്യക്തമായ മറുപടി നല്‍കി. കുറ്റാരോപിതയായപ്പോഴും അതിനോട് നിയമപരമായി സഹകരിച്ചു എന്ന് എന്നവകാശപ്പെട്ട കനിമൊഴി, തനിക്കൊരിക്കലും ജയലളിതയെ പോലെ ആവണ്ടെന്നും, താന്‍ മാര്‍ഗ്ഗദര്‍ശിയായി കണക്കാക്കിയിരിക്കുന്നത് തന്റെ അച്ഛനെ ആണെന്നും തുറന്ന് പറഞ്ഞു.

ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന കാവിരാഷ്ട്രീയ അജണ്ടകളെ വിമര്‍ശിച്ച കനിമൊഴി കേരളത്തോടും മലയാളികളോടും ഏറെ ബഹുമാനമുണ്ടെന്നും തുടര്‍ന്ന്. നല്ലൊരു നാളേക്കായി എല്ലാവര്‍ക്കും ഒരുമിച്ച് മുന്നേറാമെന്ന് ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here