ശ്രദ്ധ നേടി സ്പാനിഷ് സംഘത്തിന്റെ കഥകളി

0
333
klf 19 Kerala Literature Fest Kozhikode 2019 spanish kathakali

നിധിൻ വി. എൻ

സ്‌പെയിനിലെ ഒരു സംഘം കലാകാരന്‍മാരും തിരുവനന്തപുരം മാര്‍ഗി കഥകളി സംഘവും സംയുക്തമായി സഹകരിച്ച് അവതരിപ്പിച്ച കിഹോട്ടെ കഥകളി കെ.എല്‍.എഫ് വേദിയില്‍ ഏറെ ശ്രദ്ധ നേടി. സെര്‍വാന്റിസ് രചിച്ച വിശ്വപ്രസിദ്ധ സ്പാനിഷ് നോവലായ ഡോണ്‍ ക്വിക്‌സോട്ടിനെ ആധാരമാക്കിയാണ് കിഹോട്ടെ കഥകളി ഒരുക്കിയിരിക്കുന്നത്.

ആട്ടവിളക്കിന്റെ മുന്നില്‍ അരങ്ങേറുന്ന കേരളത്തിന്റെ രംഗകലയായ കഥകളിയെ പാശ്ചാത്യവും നൂതനവുമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് പരിഷ്‌കരിച്ചെടുത്തതിന്റെ അവതരണമായിരുന്നു അരങ്ങില്‍. വൃദ്ധനായ ഡോണ്‍ ക്വിക്‌സോട്ടിന് അനുഭവപ്പെടുന്ന സ്വപ്‌നദര്‍ശനവും തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ ജീവിത ചിത്രീകരണവുമാണ് രംഗത്തെത്തിയത്.

സ്‌പെയിനിലെ ഒരു ഗ്രാമത്തില്‍ വസിക്കുന്ന ദരിദ്രപ്രഭുവായ അലോണ്‍സോ ക്വിജാനോ വീരസാഹസിക കഥകള്‍ വായിച്ച് ഉന്മത്തനായി വീരയോദ്ധാവാകണം എന്ന് ആഗ്രഹിക്കുന്നതും അദ്ദേഹം നടത്തുന്ന പടയോട്ടങ്ങളും ക്വിജാനോ പരിഹാസ്യനാകുന്നതുമാണ് കഥ. കാറ്റാടി കണ്ട് രാക്ഷസനാണെന്ന് കരുതി യുദ്ധം ചെയ്യുന്നതും പരുക്കേല്‍ക്കുന്നതുമെല്ലാം ആ പരിഹാസ്യമായ ജീവിതത്തിന്റെ ചില അധ്യായങ്ങളാണ്. അത്തരത്തില്‍ പരിഹാസ്യനായ ക്വിജാനോ മരണത്തിലേക്കെത്തുന്നതിലൂടെ കഥകളി അവസാനിക്കുന്നു.

സ്പാനിഷ് സാഹിത്യത്തിലെ വീരനായക കഥാപാത്രമായ ഡോണ്‍ ക്വിക്‌സോട്ടിന്റെ കഥയെ ആട്ടക്കഥയാക്കി ചിട്ടപ്പെടുത്തിയിരിക്കുന്നത് ഡോ. പി. വേണുഗോപാലനാണ്. സെര്‍വാന്റിസിന്റെ 400-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി സ്‌പെയിനില്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് നോവല്‍ ആട്ടക്കഥയാക്കി ചിട്ടപ്പെടുത്തിയത്. നിരവധി വേദികളില്‍ അവതരിപ്പിച്ച് കൈയടി നേടിയ കിഹോട്ടെ കഥകളി സംവിധാനം ചെയ്തിരിക്കുന്നത് സ്പാനിഷ് കലാകാരനായ ഇഗ്‌നാസിയോ ഗാഴ്‌സിയയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here