മുഹമ്മദ് കന്‍സ്
കോഴിക്കോട്: സാഹിത്യസംവാദങ്ങളുടെ നാലു പകലിരവുകള്‍ക്ക് മിഴിതുറന്ന് നാലാമത് കേരളസാഹിത്യോത്സവത്തിന് കോഴിക്കോട് കടപ്പുറത്ത് തുടക്കമായി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്‍ ഒരുക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സാഹിത്യോത്സവം മലയാളത്തിന്റെ സുകൃതം ജ്ഞാനപീഠ പുരസ്‌കാര ജേതാവ് എം.ടി വാസുദേവന്‍ നായര്‍ തിരിതെളിയിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍ അധ്യക്ഷനായി. നേരു നേരായി പറയാനുള്ള സംവാദ ഇടങ്ങള്‍ ചുരുങ്ങി വരുന്നകാലത്ത് അതിനുള്ള അവസരം കൂടുതലായി ഒരുക്കുക എന്നതാണ് കെ.എല്‍.എഫ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെ. സച്ചിദാനന്ദന്‍ പറഞ്ഞു. ജനകീയ സ്വഭാവമാണ് കെ.എല്‍.എഫിനെ വ്യത്യസ്തമാക്കുന്നത്. നിങ്ങള്‍ ഞങ്ങള്‍ എന്ന വ്യത്യാസമില്ലാത്ത ലോകമാണ് എല്ലാ വര്‍ഷവും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ തുറന്നിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകീട്ട് അശ്‌റഫ് ഹൈദ്രോസും സംഘത്തിന്റെ ഖവാലി സംഗീതവിരുന്നിലൂടെയാണ് കെ.എല്‍.എഫിന് ആരംഭം കുറിച്ചത്. ഇന്നലെ രാവിലെ മുതല്‍ വിവിധ സെഷനുകളിലായി പ്രമുഖര്‍ സംവദിച്ചു. സാഹിത്യോത്സവത്തില്‍ ഇത്തവണ രണ്ടര ലക്ഷത്തോളം പേര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കല, സാഹിത്യം, രാഷ്ട്രീയം, സിനിമ, ഫിലോസഫി, പരിസ്ഥിതി തുടങ്ങിയ നിരവധി വിഷയങ്ങള്‍ കെ.എല്‍.എഫ് വേദിയില്‍ ചര്‍ച്ച ചെയ്യപ്പെടും. വിവിധ ഭാഷകളില്‍ നിന്നും അഞ്ഞൂറോളം അതിഥികള്‍ വിവിധ സെഷനുകളിലായി സംബന്ധിക്കും. ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കള്‍, ബുക്കര്‍ പുരസ്‌കാര ജേതാക്കള്‍, ജ്ഞാനപീഠ പുരസ്‌കാര ജേതാക്കള്‍ തുടങ്ങി സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. വെയ്ല്‍സാണ് ഇത്തവണത്തെ കെ.എല്‍.എഫിന്റെ അതിഥിരാജ്യം. വെയ്ല്‍സില്‍ നിന്നുള്ള നിരവധി എഴുത്തുകാരും കലാകാരന്മാരും ചിന്തകരും ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തും. വെയ്ല്‍സ് സാഹിത്യത്തിന് വേണ്ടി പ്രത്യേകം സെഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സാഹിത്യത്തെക്കുറിച്ച് വിശാല തലത്തിലുള്ള ചര്‍ച്ചകള്‍ക്കായി പുതിയ പരമ്പര കെ.എല്‍.എഫില്‍ അവതരിപ്പിക്കുന്നു. ഇത്തവണ മറാത്തി ഭാഷയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. സാംസ്‌കാരികമേഖലയില്‍ നടമാടുന്ന ഫാസിസത്തെ ചെറുക്കാനുളള മാര്‍ഗങ്ങള്‍ ആരായുന്ന ചര്‍ച്ചകള്‍ വേദികളില്‍ സജീവമായി നടക്കുന്നുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ എഴുത്തുകാരായ ടി. പത്മനാഭന്‍, അമീഷ് ത്രിപാഠി, സേതു, ബെന്യാമിന്‍, എം.കെ രാഘവന്‍ എം.പി, എ പ്രദീപ് കുമാര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ ശ്രീറാം സാംബശിവ റാവു തുടങ്ങിയവര്‍ സംബന്ധിച്ചു. ഫെസ്റ്റിവല്‍ ചീഫ് കോഡിനേറ്റര്‍ രവി ഡിസി സ്വാഗതവും ജനറല്‍ കവീനര്‍ എ.കെ അബ്ദുല്‍ ഹക്കിം നന്ദിയും പറഞ്ഞു.