സിനിമ
സൂര്യ സുകൃതം
രാഷ്ട്രീയത്തിലും കാഴ്ച്ചപ്പാടുകളിലും താത്‌പര്യങ്ങളിലും തീർത്തും വിരുദ്ധാഭിപ്രായങ്ങൾ ഉള്ള ചില വ്യക്തികളുടെ കൂടെ ജീവിതത്തിൽ എപ്പോഴെങ്കിലും ദിവസങ്ങളോ മാസങ്ങളോ ചിലവഴിക്കേണ്ടി വന്നവരായിരിക്കും നമ്മൾ ഓരോരുത്തരും. വീട്ടിലും നാട്ടിലും കുടുംബങ്ങളിലും ചങ്ങാത്തങ്ങളിലുമെല്ലാം ഈ പൊരുത്തമില്ലായ്മയെ സ്ഥിരമായി നമ്മൾ അതിജീവിക്കാറുണ്ടെങ്കിലും ചെറുതും വലുതുമായ യാത്രകളിലാണ് ഇത്തരം സന്ദർഭങ്ങൾ / അനുഭവങ്ങൾ നമുക്ക് ചില ഉൾക്കാഴ്ച്ചകൾ നൽകുന്നത്. കാലം, ദേശം,സംസ്കാരം എന്നിവ കൊണ്ടെല്ലാം തീർത്തും അപരിചിതരായ് നിൽക്കെ തന്നെ ഇങ്ങനെ രണ്ട് പേർ പരസ്പരം അഭയമോ ആശ്രയമോ ഒക്കെ ആയി തീരുന്നത് നമ്മൾ പലപ്പോഴും കാണാറുണ്ട്. തീർത്തും അങ്ങനൊരു അനുഭവത്തെ പ്രമേയമാക്കി നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്.
“യാത്രയിൽ ഇല്ലാതാവുന്ന ദൂരങ്ങൾ” എന്ന വാക്യം കൊണ്ട് ഉദ്ദേശിച്ചതെല്ലാം തന്നെ കൃത്യമായി അടയാളപ്പെടുത്താൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
പ്രമേയപരമായി പുതിയതൊന്നും അവകാശപ്പെടാനില്ലാത്ത ചിത്രം, എന്നാൽ കാഴ്ച്ചകളിലും ചില നിമിഷങ്ങളിലും ‘ഫീൽ ഗുഡ്’ അവസ്ഥ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. ശരി തെറ്റുകൾ ചികഞ്ഞു നോക്കാതെ, വിമർശന നോട്ടത്തോടെയല്ലാതെ കാണുന്ന പ്രേക്ഷകർക്കൊക്കെ തന്നെ ഒരു പക്ഷേ ഇതേ ഫീൽ നൽകാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു.
ബന്ധങ്ങളുടെ വില അടയാളപ്പെടുത്തുന്ന ഒട്ടനവധി സന്ദർഭങ്ങൾ ചിത്രത്തിലുടനീളം അടയാളപ്പെടുത്തി വയ്ക്കുന്നതിലൂടെ കുടുംബ പ്രേക്ഷകർക്കും, ബുള്ളറ്റ് പ്രണയികളായ അനവധി യുവതീയുവാക്കൾക്കും ഈ സിനിമയെ ഇഷ്ടപ്പെടാതിരിക്കാനാവില്ല. ചിത്രത്തിന്റെ കഥയിൽ പ്രവചനാതീതമായി ഒന്നുമില്ലാഞ്ഞിട്ടും കഥാസന്ദർഭങ്ങളിലെ വൈകാരികത, നർമം എന്നിവ കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്താൻ ചിത്രത്തിന് സാധിക്കുന്നുണ്ട്.
എന്നാൽ പടത്തിന്റെ രാഷ്ട്രീയ/ സാമൂഹ്യ മാനങ്ങളിലേക്ക് ശ്രദ്ധിക്കുന്ന പക്ഷം കൂടുതൽ കൃത്യത ആവശ്യമുള്ളതായി തോന്നുന്നുമുണ്ട്.
സംഭാഷണങ്ങളിൽ അടിക്കടി ഉപയോഗിക്കപ്പെടുന്ന ‘ഇവിടെ ഇങ്ങനെയൊക്കെയാണ് ‘ എന്ന സ്റ്റേറ്റ്മെന്റിലൂടെ ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയെയും ആചാരങ്ങളെയും മറ്റും തുറന്ന ചർച്ചയ്ക്കിട്ടു തരാനും സിനിമ ശ്രമിക്കുന്നതായി കാണാം. ഈ ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി പൊളിറ്റിക്കൽ കറക്ടനസ്സിനെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് ആത്മഓൺലൈനിന് നൽകിയ ഇൻറർവ്യൂവിൽ വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ ടൂറിസ്റ്റ് കാത്തിയ്ക്കും തനി നാട്ടിൻപുറത്തുകാരൻ ജോസ്മോനും ഇടയിൽ കാഴ്ച്ചപ്പാടുകളുടെ ഒരു വിനിമയം സംഭവിക്കുന്നുണ്ടെങ്കിലും ഇവയിൽ ശരിയേത് തെറ്റേത് എന്നത് വ്യക്തമാക്കി അവസാനിപ്പിക്കാൻ സിനിമയ്ക്ക് സാധിച്ചില്ലെന്ന് മാത്രം. ആ സംവാദം പ്രേക്ഷകരുടെ ബൗദ്ധിക വ്യായാമത്തിന് വിട്ടു തന്നതാണോ എന്നും സംശയിക്കാവുന്നതാണ്.
ചിത്രത്തിലെ ഗാനങ്ങൾ ഓരോന്നും ഒന്നിനൊന്ന് മികച്ചതായും സന്ദർഭങ്ങളോടും, ദൃശ്യങ്ങളോടും കൃത്യമായി ഇഴുകി ചേർന്നിരിക്കുന്നതായുമാണ് അനുഭവപ്പെട്ടത്.
ടി വി റിലീസ് ചെയ്തതിലൂടെ ഛായാഗ്രഹണത്തിന്റെ ശബ്ദസംവിധാനത്തിന്റെ മികവ് അതാതിന്റെ പാരമ്യതയിൽ അനുഭവിക്കാൻ സാധിക്കാതെ പോയതൊഴിച്ച് നിർത്തിയാൽ കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്ന് രസിക്കാവുന്ന ഒരു നല്ല ചിത്രം തന്നെയാണ് കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.