മനോജേട്ടനാണ് താരം!

0
724

അനഘ സുരേഷ്

ഓരോ സുലൈമാനിയിലും ഒരിത്തിരി മൊഹബ്ബത്ത് വേണമെന്ന് തിലകന്‍ പറയുമ്പോള്‍ വിളമ്പുന്ന ഓരോ ഭക്ഷണവും മൊഹബ്ബത്തിനാല്‍ നിറയ്ക്കുന്നൊരിടമുണ്ട്. അങ്ങ് തലസ്ഥാന നഗരിയില്‍. ആ മൊഹബ്ബത്തൊന്നു കൊണ്ടുമാത്രമായിരിക്കാം വീണ്ടും വീണ്ടും അവിടേക്കാകര്‍ഷിക്കപ്പെടുന്നതും. വിശക്കുന്നവന്റെ വയറും മനസ്സും ഒരുപോലെ നിറച്ച് ധന്യമാക്കുന്നൊരിടം. ഇവിടെ വിശപ്പിനാണ് പ്രാധാന്യം. പണത്തിനല്ല ! പറഞ്ഞു വരുന്നത് കേരള ഹോട്ടലിനെ കുറിച്ചാണ്. തിരോന്തോരത്ത്കാര്‌ടെ സ്വന്തം കെഎച്ച് ഹോട്ടല്‍.

നഗരത്തിന്റെ തിരക്ക് അത്രകണ്ട് ബാധിക്കാത്ത ആക്കുളത്തെ ഒരുവാതില്‍കോട്ടയിലാണ് വിശക്കുന്നവരുടെ വിശപ്പകറ്റാനായി മനോജേട്ടനും കെഎച്ച് ഹോട്ടലുമുള്ളത്. സ്വന്തം ലാഭം മാത്രം മുന്നില്‍കണ്ട് വിശപ്പിനെ കച്ചവടവത്കരിക്കുന്നിടത്താണ് മനോജ് മനോഹരനും തന്റെ ഹോട്ടലും വേറിട്ട് നില്‍ക്കുന്നത്. ഇന്ന് ഹോട്ടലുകള്‍ക്ക് കാണുന്ന ആഢംബരങ്ങളിലൊന്നും ഭ്രമിക്കാതെ, അവിടെയെത്തുന്നവര്‍ക്ക് മായമില്ലാത്ത നല്ല ഭക്ഷണം നല്‍കി അവരുടെ വിശപ്പകറ്റുന്നതില്‍ മാത്രമാണ് കെഎച്ച് ശ്രദ്ധയൂന്നുന്നത്. ഇവിടെ ഭക്ഷണത്തിന് അളവുകോലിന്റെ പരിധിയില്ല.

ഹോട്ടലില്‍ കയറി കാശ് തികഞ്ഞില്ലെങ്കില്‍ നമുക്ക് പാത്രം കഴുകികൊടുക്കാം എന്നത് ഒരു ക്ലീഷേ സംഭാഷണ ശകലമാണ്. എന്നാലിത് തിരുവനന്തപുരത്ത്കാര്‍ക്ക് ബാധകമല്ല, അവരുടെ കെഎച്ച് ഉള്ളകാലം വരെ. കാരണം കാശില്ലെന്നു കരുതി ആരും പട്ടിണിയാവരുതെന്നാണ് ഈ ഹോട്ടലിന്റെ നയം. അതുകൊണ്ടു തന്നെ വിശക്കുന്നവന് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഏത് നേരത്തും കയറിചെല്ലാന്‍ പറ്റിയ സ്ഥലമാണിത്. ഇതിനൊക്കെ പുറമെ, കാണുന്ന നിര്‍ധനരെയെല്ലാം വിളിച്ച് ഭക്ഷണം കഴിപ്പിക്കുന്നതിലും ഹോട്ടല്‍ ഉടമയും അവരുടെ ജോലിക്കാരും ഒട്ടും പിന്നിലല്ല. തന്റെ സ്വ-അനുഭവത്തില്‍ നിന്നാണ് ഇങ്ങനെയൊരു പ്രവൃത്തിക്ക് തുടക്കം കുറിക്കാന്‍ കാരണമായതെന്നും മനോജ് പറയുന്നു. ഇനി എന്റെ അനിയന്‍മാര്‍ അല്ലെങ്കില്‍ സഹോദരങ്ങള്‍ കാശില്ലാത്തതുകൊണ്ട് നല്ല ഭക്ഷണം കഴിക്കാതിരിക്കരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

‘വിശപ്പിനോട് വിട’ എന്ന പുതിയ പദ്ധതി കേരളത്തിലെമ്പാടും പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുകയാണ് കെഎച്ച് ടീം. രണ്ട് ആഴ്ച മുന്‍പ് മുതല്‍ തിരുവന്തപുരത്തും കൊല്ലത്തുമായിത് നടപ്പിലാക്കി തുടങ്ങി. നിര്‍ധനരായവരെ കെഎച്ച് ടീം കണ്ടെത്തി അവര്‍ക്ക് ഭക്ഷണം നല്‍കുകയാണ്. ഇനിയൊരു മധുവിനെ ഇവിടെ സൃഷ്ടിക്കാതിരിക്കാനുള്ള ശ്രമത്തിലാണിവര്‍. ഭക്ഷണം ശരിയായ ഹസ്തങ്ങളില്‍ തന്നെ എത്തിച്ചേരേണ്ടതിനാല്‍ കെഎച്ച് ടീം നേരിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന് പുറമെ അനാഥാലയവും വൃദ്ധസദനവും ഒരു കുടകീഴില്‍ കൊണ്ട് വരണമെന്ന ആശയവും ഇവര്‍ മുന്നോട്ട് വെയ്ക്കുന്നു.

ഇതിനെല്ലാം ചുക്കാന്‍ പിടിക്കാനായി, തന്റെ കുടുബവും നാലുലക്ഷത്തി ഇരുപത്തിയയ്യായിരത്തോളം സഹോദരങ്ങളുമാണ് ഇദ്ദേഹത്തിനൊപ്പമുള്ളത്. 2016 ഒക്ടോബറില്‍ ആരംഭിച്ച കേരള ഹോട്ടലിന്റെ, ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നാണ് ഇത്രയും സഹോദരങ്ങളെ മനോജിന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here