വടക്കൻ കേരളത്തിന്റെ സ്നേഹത്തിന് മുമ്പിൽ വാവക്കാട്

0
462

കേരളം കണ്ട എക്കാലത്തെയും വന്‍ ദുരന്തത്തില്‍ നിന്നും പതിയെ അതിജിവിച്ചു കൊണ്ടിരിക്കുകയാണ്. ലോക മെമ്പാടുമുള്ള മലായാളികള്‍ തങ്ങള്‍ക്കാവുന്ന രീതിയില്‍ സഹായ ഹസ്തങ്ങള്‍ നീട്ടി, നാടിനെ നെഞ്ചോടു ചേര്‍ക്കുകയാണ്. ഇതേ അവസരത്തില്‍ തലശ്ശേരി ഗവ: ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സഹോദര വിദ്യാലയമായി എറണാകുളം ജില്ലയിലെ വാവക്കാട് ഗവ. എല്‍പി സ്‌കൂളിനെ ഏറ്റെടുത്തു. ഈ സംരംഭത്തില്‍ പങ്കാളിയാവാന്‍ ചിറ്റാരിപ്പറമ്പ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചിത്രകലാധ്യാപകനായ എകെ രമേശന്‍ മാഷിന് അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പിലൂടെ,

”പ്രളയത്തിന്റെ ഏറ്റവും വലിയ ദുരന്തം അനുഭവിച്ചിട്ടുള്ള ഒരു വിദ്യാലയത്തെ.. എറണാകുളം ജില്ലയിലെ വാവക്കാട് ഗവ: എൽ പി സ്കൂളിനെ… തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂൾ സഹോദര വിദ്യാലയമായി ഏറ്റെടുത്തു. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, തകർന്നു പോയ ഉപകരണങ്ങൾക്ക് പകരം പുതിയവ, പഠനോപകരണങ്ങൾ, കളിയുപകരണങ്ങൾ, സ്കൂൾ ചുമരുകളും ക്ലാസ് മുറികളും ആകർഷകമാക്കൽ, കുട്ടികൾക്കാവശ്യമായ അവശ്യവസ്തുക്കൾ, വീടുകളിലേക്കാവശ്യമായ അത്യാവശ്യം വേണ്ട പാത്രങ്ങൾ, വസ്ത്രങ്ങൾ, പായ, കിടക്ക, വിരി, പുതപ്പ് തുടങ്ങിയവയെല്ലാം ലഭ്യമാക്കൽ… കുട്ടികളുടെ മാനസികവും വൈകാരികവുമായ ഉണർവിനുള്ള സർഗ്ഗോത്സവം എന്നിവയെല്ലാം ഉൾപ്പെടുന്ന… സ്നേഹാക്ഷരം…. പദ്ധതിയിൽ അംഗമാവാൻ എനിക്കും ക്ഷണം ലഭിച്ചു.

പ്രത്യേക ബസ്സിൽ മുപ്പതു പേരടങ്ങുന്ന ഒരു സംഘം വാ വാക്കാടേക്ക് യാത്രയായി. ഒരു ലോറിയിൽ നിറയെ സമ്മാനങ്ങള്‍ ‘മോട്ടോർ പമ്പ്, തയ്യൽ മെഷീൻ, പഠന മേശ തുടങ്ങി ചിത്ര പുസ്തകങ്ങളും ക്രയോൺസും വരെ…’ വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ, വിവിധ മേഖലകളിലെ വിദഗ്ദ്ധർ എന്നിവർ ഉൾപ്പെടുന്ന സംഘം കൃത്യമായ പ്ലാനിംഗുമായി യാത്ര തുടങ്ങി. നിറഞ്ഞ മനസോടെ അവിടത്തെ കുഞ്ഞുങ്ങളിൽ സന്തോഷവും സ്വപ്നങ്ങളും നന്മയും നിറക്കാൻ കലയുടെ കൈത്തിരിയുമായി ഞങ്ങളും ഇറങ്ങി. ഞാനും ജോളി ടീച്ചറും ചുവരുകളിൽ ചിത്രങ്ങൾ വരച്ചു. കെ.പി.ആർ താളവും സംഗീതവും കരകൗശലവിദ്യകളും ഒറിഗാമിയും കൊണ്ട് അവരെ ഉണർത്തി.

മെഡിക്കൽ ക്യാമ്പ്, ഔഷധങ്ങൾ തുടർച്ചയായി കഴിക്കേണ്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും അവയുടെ ഒരു വർഷത്തേക്കുള്ള വിതരണം, കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള പ്രത്യേക കൗൺസിലിംഗ് എന്നിവയും നടന്നു. ഉയർന്ന ഉദ്യോഗസ്ഥരും സിനിമാ സീരിയൽ താരങ്ങളും മാധ്യമ പ്രവർത്തകരും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും കുഞ്ഞു മനസുകൾക്ക് ഉണർവ്വേകി. വടക്കൻ കേരളത്തിന്റെ സ്നേഹത്തിന് മുമ്പിൽ അത്ഭുതത്തോടെ വാവക്കാട് ഗ്രാമം. സതീശൻ മാസ്റ്ററിന്റെയും, നവാസ് മേത്തറിന്റെയും സൂക്ഷ്മതലാസൂത്രണത്തിൽ മികച്ച പ്രകടനം ഓരോ ചുവടിലും സാധ്യമെന്ന് തെളിയിച്ച് ബ്രണ്ണൻ ടീം: ഒപ്പം ഞങ്ങളും.

ഈ ഒരു കൈത്തിരി കഴിയുന്ന എല്ലാ വിദ്യാലയങ്ങളും ഏറ്റെടുത്ത് നടപ്പാക്കിയാൽ മാനവികതയുടെ വിത്തുകൾ പുതിയ എക്കൽ മണ്ണിൽ മുളയ്ക്കും… മനസുകൾ സ്നേഹാർദ്രമാകും, ഭൗതിക വികസനത്തോടൊപ്പം മനസുകളിലും നവകേരളം ഉയർന്നു വരും. ദുരിതക്കയത്തിൽപ്പെട്ടവർക്ക് ചെറിയൊരു സാന്ത്വനമെങ്കിലും നൽകാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെയായിരുന്നു ഞങ്ങൾ മടങ്ങിയത്. ”

LEAVE A REPLY

Please enter your comment!
Please enter your name here