ഷിനിലാലിനും പി എഫ് മാത്യൂസിനും എൻ ജി ഉണ്ണിക്കൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്കാരം

0
194
തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ.എം.എം.ബഷീറിനും എൻ.പ്രഭാകരനും വിശിഷ്ടാംഗത്വം ലഭിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം വി.ഷിനിലാലിനാണ്. സമ്പർക്കക്രാന്തി എന്ന നോവലിനാണ് പുരസ്കാരം. ചെറുകഥയ്ക്കുള്ള പുരസ്കാരം പി.എഫ്.മാത്യൂസിന്റെ മുഴക്കം എന്ന കൃതിക്കാണ്. കവിതയ്ക്കുള്ള പുരസ്കാരം എൻ.ജി.ഉണ്ണിക്കൃഷ്ണൻ എഴുതിയ കടലാസുമുദ്രയ്ക്കാണ്. എമിൽ മാധവിയുടെ കുമരുവിനാണ് നാടകത്തിനുള്ള പുരസ്കാരം. നിരൂപണത്തിനുള്ള പുരസ്കാരം എസ്.ശാരദക്കുട്ടി (എത്രയെത്ര പ്രേരണകൾ), ബാലസാഹിത്യത്തിനുള്ള പുരസ്കാരം ഡോ. കെ.ശ്രീകുമാർ (ചക്കരമാമ്പഴം) നേടി. ആത്മകഥയ്ക്കുള്ള പുരസ്കാരം ബി.ആർ.പി.ഭാസ്കർക്കാണ്.

ഹാസസാഹിത്യത്തിനുള്ള പുരസ്കാരം ജയന്ത് കാമിച്ചേരിലും (ഒരുകുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ), വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം സി.എം.മുരളീധരൻ (ഭാഷാസൂത്രണം: പൊരുളും വഴികളും), കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായ കെ.സേതുരാമൻ ഐപിഎസ് (മലയാളി ഒരു ജനിതക വായന), വിവർത്തനത്തിനുള്ള പുരസ്കാരം വി.രവികുമാർ (ബോദ്‌ലേർ) എന്നിവർക്കും ലഭിച്ചു.

ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി.സുധീര, ഡോ.രതീ സാക്സേന, ഡോ.പി.കെ.സുകുമാരൻ എന്നിവർ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടി. യാത്രാവിവരണത്തിനുള്ള പുരസ്കാരം സി.അനൂപ് (ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം), ഹരിത സാവിത്രി (മുറിവേറ്റവരുടെ പാതകൾ) എന്നിവർക്കാണ്.

ഡോ.പി.പി.പ്രകാശൻ (ഭാഷാസാഹിത്യപഠനം-സൗന്ദര്യവും രാഷ്ട്രീയവും), ജി.ബി.മോഹൻതമ്പി (തിരഞ്ഞെടുത്ത ലേഖനങ്ങൾ), ഷൗക്കത്ത് (ഹൃദയം തൊട്ടത്), വിനിൽ പോൾ (അടിമകേരളത്തിന്റെ അദൃശ്യചരിത്രം), പി.പവിത്രൻ (കോളനിയനന്തരവാദം-സംസ്കാര പഠനവും സൗന്ദര്യ ശാസ്ത്രവും), അലീന (സിൽക്ക് റൂട്ട്), അഖിൽ.കെ (നീലച്ചടയൻ), വി.കെ.അനിൽകുമാർ (എഴുത്തച്ഛന്റെ രാമായണവും കേരളത്തിലെ ആദ്ധ്യാത്മിക പ്രതിരോധ പാരമ്പര്യവും) എന്നിവർക്കാണ് എൻഡോവ്മെന്റ് അവാർഡുകൾ ലഭിച്ചത്.

2022 ലെപ്രൊഫ.എം.അച്യുതൻ സ്മാരക എൻഡോവ്മെന്റ് അവാർഡ് സജീവ് പി.വിക്ക് (ജാതിരൂപങ്ങൾ: മലയാളാധുനികതയെ വായിക്കുമ്പോൾ) ലഭിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2020 ലെ വിലാസിനി അവാർഡ് ഡോ.പി.കെ.പോക്കർക്ക് (വൈക്കം മുഹമ്മദ് ബഷീർ സർഗാത്മകതയുടെ നീലവെളിച്ചം) ലഭിച്ചു. 50000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here