സംസ്ഥാനത്ത് ബി ഡിസൈൻ,  റോബോട്ടിക‌്സ‌് ആൻഡ‌് ഓട്ടോമേഷൻ കോഴ്സുകൾക്ക് അനുമതി

0
161

സംസ്ഥാനത്തെ എൻജിനിയറിങ്‌ കോളേജുകളിൽ ഈ അക്കാദമിക‌് വർഷം രണ്ട‌് പുതിയ കോഴ‌്സുകൾക്കുകൂടി അനുമതി. ബി ഡിസൈൻ, റോബോട്ടിക‌്സ‌് ആൻഡ‌് ഓട്ടോമേഷൻ എന്നീ കോഴ‌്സുകളാണ‌് ആരംഭിക്കുന്നത‌്. നാഷണൽ ബോർഡ‌് ഓഫ‌് അക്രഡിറ്റേഷൻ (എൻബിഎ) ഉള്ള കോളേജുകളിലാണ‌്‌ പുതിയ കോഴ‌്സുകൾ ആരംഭിക്കുന്നത‌്. സർക്കാർ, എയ‌്ഡഡ‌് കോളേജുകളിൽ സാമ്പത്തിക ബാധ്യത വരുത്താത്തവിധം പുതിയ കോഴ‌്സുകൾ ആരംഭിക്കും. നൂതന കോഴ‌്സുകൾ ആരംഭിക്കുന്നതിന‌് എഐസിടിഇ, സംസ്ഥാന സർക്കാർ, സാങ്കേതിക സർവകലാശാല എന്നിവ അനുമതി നൽകി.

കുട്ടികൾ ഇല്ലാത്തതിനെ തുടർന്ന‌് നേരത്തെ അടച്ചുപൂട്ടിയ മൂന്ന‌് സ്വാശ്രയ എൻജിനിയറിങ‌് കോളേജുകൾ തുറന്ന‌് പ്രവർത്തിക്കാൻ സാങ്കേതിക സർവകലാശാല അഫിലിയേഷൻ നൽകി. ചേർത്തല കെവിഎം, കൊല്ലം ട്രാവൻകൂർ, പി എ അസീസ‌് തിരുവനന്തപുരം എന്നിവിടങ്ങളിലാണ‌് ബിടെക‌് കോഴ‌്സുകൾക്ക‌് വീണ്ടും അനുമതി നൽകിയത‌്. ഇവ പുതിയ കോളേജുകളായി കണക്കാക്കിയാണ‌് അഫിലിയേഷൻ നൽകിയത‌്.

എൻജിനിയറിങ് പാഠ്യപദ്ധതി പരിഷ‌്കാരവും ഈ വർഷം നടപ്പാക്കും. ബിടെക‌്–- 2019 റെഗുലേഷ‌ന്റെ അടിസ്ഥാനത്തിൽ ഓരോ പേപ്പറിനും ജയിക്കാൻ വേണ്ട മാർക്ക് 45-ൽനിന്ന് 40 ശതമാനമാക്കി. ആകെ ക്രെഡിറ്റുകളുടെ എണ്ണം 180-ൽനിന്ന് 160 ആയിരിക്കും. ഒരു സെമസ്റ്ററിൽ ആറ‌് മൊഡ്യൂൾ എന്നത് അഞ്ചാകും. ആദ്യ രണ്ട‌് സെമസ്റ്ററിലെ 24 ക്രെഡിറ്റ് വേണ്ടത‌് 17 ആക്കി. ഏഴ്, എട്ട് സെമസ്റ്ററുകളിൽ ഇന്റേൺഷിപ്പിന് കൂടുതൽ സൗകര്യമൊരുക്കാൻ ക്രെഡിറ്റുകളുടെ എണ്ണം 15 ആക്കും. സ്റ്റാർട്ടപ‌് സംരംഭങ്ങളിൽ താൽപ്പര്യമുള്ളവർക്ക് ഈ സമയം വിനിയോഗിക്കാം. ഇന്റേണൽ മാർക്കിന്റെ മിനിമം പരിധി ഒഴിവാക്കും. മൂന്ന് അംഗ കമ്മിറ്റിക്കായിരിക്കും ഇന്റേണൽ മാർക്ക് നിശ്ചയിക്കുന്നതിന്റെ ചുമതല. കലാ-കായിക രംഗത്തെ മികവിന് ഗ്രേസ് മാർക്കും നൽകും. ഭിന്നശേഷി വിദ്യാർഥികൾക്കും ഗ്രേസ് മാർക്കിന് അർഹതയുണ്ടാകും.

ജൂലൈ 15ന‌് സംസ്ഥാനത്തെ മുഴുവൻ എൻജിനിയറിങ്‌ കോളേജുകളിലും ഒന്നാം സെമസ‌്റ്റർ ക്ലാസുകൾ ആരംഭിക്കും. എൻജിനിയറിങ‌് പ്രവേശനപരീക്ഷയുടെ സ‌്കോറും പ്ലസ‌് ടു മാർക്കും ആനുപാതികമായി ഉൾച്ചേർത്ത‌് തയ്യാറാക്കിയ എൻജിനിയറിങ‌് പ്രവേശന റാങ്ക‌് പട്ടിക തിങ്കളാഴ‌്ച മന്ത്രി കെ ടി ജലീൽ പ്രസിദ്ധീകരിക്കും. ഒരാഴ‌്ചയ‌്ക്കകം അലോട്ട‌്മെന്റ‌് നടപടികൾ ആരംഭിക്കാനുള്ള ഒരുക്കം പ്രവേശന കമീഷണറുടെ ഓഫീസ‌് പൂർത്തിയാക്കി. ഈ വർഷം കോളേജുകളിൽ ഫീസ‌് വർധന ഉണ്ടായിരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here