വായന
ശാഫി വേളം
മനുഷ്യാവസ്ഥകളുടെ കേവലമായ ചിത്രീകരണത്തിനപ്പുറം, കടന്നു വന്നിട്ടുള്ള വഴികളിൽ തടഞ്ഞ ‘മുള്ളുകളെ’ ശ്രദ്ധയോടെ, സൂക്ഷ്മമായി നിരീക്ഷിച്ചും,സമകാലിക സാമൂഹിക പരിസരത്തോട് സംവദിച്ചും, അപാര ബിംബങ്ങൾ കൊണ്ട് അലങ്കരിച്ച കവിതകളാണ് യഹിയ മുഹമ്മദിന്റെ മൂന്നാമത്തെ കവിതാ സമാഹാരമായ “ഒരു ആത്മാവിന്റെ ഡയറി”എന്നത്.
തിരക്കുപിടിച്ച ജീവിതത്തിൽ നാം കണ്ടില്ലെന്ന് നടിക്കുന്ന അനുഭവങ്ങളെ, മൂർച്ചയുള്ള വാക്കുകൾ കൊണ്ട് അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ യഹിയ ചെയ്യുന്നത്.
കൈപ്പറ്റിയ മാത്രയിൽ മുഴുവനായിട്ടൊന്ന് ഓട്ടപ്രദിക്ഷണം ചെയ്തപ്പോൾ, പുസ്തകത്തിന്റെ അവതാരികയിൽ പ്രശസ്ത കവി വീരാൻ കുട്ടി കവിയെ അടയാളപ്പെടുത്തിയത് ഇങ്ങനെയാണ്.
“കവിതയെ അരയിൽ കെട്ടുന്ന ഉറുക്കിലെ മന്ത്രം പോലെ രഹസ്യമായി കൂടെ കൊണ്ട് നടക്കുന്നുണ്ടായിരുന്നു യഹിയ “എന്നത് ഈ കവിതാ സമാഹാരം വായിച്ച ഏതൊരു വായനക്കാരനും ഒടുവിൽ തിരിച്ചറിയും. നല്ല മികച്ച ഒഴുക്കുള്ള പദപ്രയോഗങ്ങൾ കൊണ്ടും, ചേർന്ന ബിംബങ്ങളാൽ സമൃദ്ധമാണ് ഈ കവിതാ സമാഹാരം.

പ്രണയ സ്മൃതികളും, പ്രവാസ ജീവിതവും, തിരിച്ചു കിട്ടാത്ത ബാല്യവും, പോറ്റി വളർത്തിയ ഉമ്മയും, ഉപ്പയുമൊക്കെ ഈ സമാഹാരത്തിൽ കവിതകളുടെ വിഷയമായി വന്നിട്ടുണ്ട്.
ഖബറാഴങ്ങളിലേക്ക് ഇറക്കി വെക്കുന്ന ഉടലിനൊപ്പം നമ്മൾ മണ്ണിട്ട് മൂടുന്നത് ചിറകടിച്ചുയരാൻ വെമ്പുന്ന സ്വപ്നങ്ങളെക്കൂടിയാണെന്നും, പൂക്കളുടെ ജീവിതം നിറമുള്ളതാക്കാൻ മണ്ണിനടിയിൽ ആഴ്ന്നിറങ്ങി നിറം കെട്ടുപോയവരാണ് വേരുകൾ എന്നും,ഈ സമാഹരത്തിലെ കവിതയിൽ കവി പറയുന്നുണ്ട്. കൂടപ്പിറപ്പിൻ്റെ ജീവിതം നിറമുള്ളതാക്കാൻ ചിറക് വെച്ച് പറന്ന പ്രവാസിയെയും ഈ വേര് എന്ന കവിതയോട് ചേർത്ത് വായിക്കാം.
“ബൾബ് കണ്ടു പിടിച്ചവനെ മനസ്സറിഞ്ഞു, ശപിച്ചു കാണും
ഉമ്മറത്ത് എരിഞ്ഞു കത്തിയ ഈ തിരിവിളക്ക് ”
ഗൃഹാതുരത്വ സ്മരങ്ങൾ അയവിറക്കുന്ന നൊസ്റ്റാൾജിയ എന്ന കവിതയിലെ വരികളാണിത്. പണ്ടൊക്കെ ഒരു ചെറു കാറ്റ് വീശിയാൽ കുട്ടികൾ മുതൽ മുത്തശ്ശന്മാർ വരെ ചുറ്റിലും കാവൽത്തീർത്തിരുന്നു എന്നും, പക്ഷെ ഇന്ന് ആധുനികതയുടെ കടന്നു വരവ് കാരണം തിരിഞ്ഞു നോക്കാൻ ആരും ഇല്ലാത്ത മൂല്യം നഷ്ടപ്പെട്ട ചിലരുടെ അവസ്ഥയൊക്കെ ഈ കവിതയിലൂടെ കവി വരച്ചുകാട്ടുന്നുണ്ട്
“കാറ്റും കോളുമായ്
മാനം കറുപ്പിച്ച രാത്രികളിൽ
ഒരു കെടാവിളക്കായി
നിറഞ്ഞൊരു പൊൻ കിരണമാം എന്നുമ്മ”
ഉമ്മ എന്ന ഈ കവിതയിലൂടെ ഉമ്മറപ്പടിയിൽ മകനെയും കാത്തിരിക്കുന്ന ഒരു ഉമ്മയെ കാണാനാവും, ഇടിയും മഴയും എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കുന്ന നേരത്തും, കാറ്റിലണയാത്ത ഒരു കെടാവിളക്കായി ഉമ്മയെ അടയാളപ്പെടുത്തുകയാണ് ഈ ഉമ്മ എന്ന കവിതയിലൂടെ..
ഇല എന്ന കവിതയിലൂടെ ഇലയുടെ ഇറക്കത്തിന് ശേഷം മനുഷ്യരെ പ്പോലെ ഏകാന്തതയിലാകും വരെ ചെറിയൊരു യാത്രയുണ്ട് എന്ന് കവി വരികളിലൂടെപറയാൻ ശ്രമിക്കുന്നു. ഈ കവിതാ സമാഹരത്തിലെ പല കവിതകളിലും ‘ഏകാന്തത’ നിഴൽ പോലെ പിന്തുടരുന്നത് ഏതൊരാൾക്കും കാണാൻ കഴിയും.
‘മരണവീട്’എന്ന കവിതയിലൂടെ എല്ലാ വീടും ഒരു ദിവസം മരണവീടാവും എന്ന പ്രപഞ്ച സത്യം വിളിച്ചു പറയുന്നുണ്ട്.

ബിംബ കല്പനകളിലൂടെ ഓരോ ബിംബങ്ങളേയും വായനക്കാരനാക്കുകയും അവനെ ഇരുത്തി ചിന്തകളുടെ ആകാശത്തേക്ക് നമ്മളെ കൊണ്ടെത്തിക്കുന്ന മിടുക്ക് ഈ കവിതയിലുട നീളം കാണാം
ഈ കവിതാ സമാഹാരത്തിലെ എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചപ്പെട്ടിരിക്കുന്നു എന്നും, വരും കാലം ഇനിയും മികവുറ്റ കവിതകൾ പ്രതീക്ഷിക്കാമെന്നും മുഴുവനായി വായിച്ച ഏതൊരു വായനക്കാരനും നിസ്സംശയം എവിടെയെങ്കിലും രേഖപ്പടുത്തും. ഇനിയും മികച്ച കവിതകൾ എഴുതാൻ കഴിയട്ടെ, എല്ലാ വിധ ഭാവുകങ്ങളും. മഴത്തുള്ളി പംബ്ലിക്കേഷനാണ് പ്രസാധകർ ,വില 75 രൂപ.
…