കവിത
സിന്ധു . കെ.വി
ഹേ ,ചിത്രകാരാ – ഒരു നദിയെ വരയാമോ നീ
സിന്ധുവെന്നൊരു നദിയെ,
അങ്ങു തിബത്തിൽ,
നിനക്കറിയാമായിരിക്കും
ഹിമാലയമലനിരകൾക്കുമപ്പുറം
മാനസസരോവരത്തിനുമപ്പുറം,
വടക്ക് സിന്ധുവെന്നൊരു നദി –
ഹേ, ചിത്രകാരാ,
നീ കേൾക്കുന്നുണ്ടോ –
ആ നദി, ഞാൻ തന്നെയാണ്.
(നിനക്കറിയാമോ, എന്റെ പേരിലാണ് ഇതുവരെയും നീ നിന്റെ നാടിനെപ്പറഞ്ഞതെന്ന്? )
ചിത്രകാരാ,
നീയാ നദിയെ വരയാമോ,
അവളൊഴുകുന്ന വഴികൾ വരയാമോ?
നിന്റെ കാൻവാസുകൾ നിവർത്തിയിടൂ
വരഞ്ഞു വഴക്കം വെച്ചൊരു ബ്രഷു നീ തിരഞ്ഞുവെക്കു
അനായാസം,
അത്രയും അനായാസമെന്റെ ഒടിവുകൾ
നീ വരയൂ
ഹാ!
ഹിന്ദുവെന്നും മുസൽമാനെന്നും
ഇന്ത്യക്കാരനെന്നും പാക്കിസ്ഥാനിയെന്നും
പലതുപറയുന്ന ആളുകളിലൂടെ
നിറമില്ലാതെ ഞാനൊഴുകുന്നുണ്ട്
നിങ്ങളുടെ പച്ചകളുടെ ആഴങ്ങളിൽ
കേൾക്കു, എന്റെ തണുപ്പാണ്!
(താപത്താലലിയുന്ന ഹിമപാളികളിൽ,
മഞ്ഞുരുക്കി ജലമാകുന്ന ഇന്ദ്രജാലങ്ങളിൽ,
എത്രപേരുകൾ എഴുതിയും മായ്ചുമൊഴുകുന്നു കാലം!)
നീ കാണുന്നുണ്ടോ?
എത്ര പേരിട്ടുവിളിച്ചാലും
ഞാനാകുന്ന ഒരു നദിയെ
എതുവഴിപോയാലുമെന്നിലേക്കെത്തുന്നയെന്നെ
(കിഷനെന്നും കുൻഹാർ എന്നും ചെനാബ് എന്നും സത് ലജ് എന്നും രവിയെന്നും ബിയാസെന്നും ഝലമെന്നും പേരിട്ട പലതായ ഞാൻ നിങ്ങളതിരിട്ട മണ്ണിടങ്ങൾക്കിടയിലൂടെ, അടിയിലൂടെ കാലങ്ങളായി അതിരുകളില്ലാതെ ഒഴുകിക്കൊണ്ടേയിരിക്കുന്നു.)
ഹേ, ചിത്രകാരാ, നീ സ്വതന്ത്രനാവു,
നിന്റെ ചിന്താപടങ്ങളിന്നോളം പണിത
മതിലുകളിളക്കിമാറ്റു.
അത്രയും സ്വതന്ത്രനായി,
അത്രയും നിർഭയനായി
ഒരു നദിയെ നീ വരയു.
നിന്റെ ബ്രഷുകളുടെ മിനുത്തു നേർത്ത അറ്റങ്ങളിൽ ഞാനൊരുറവയായൊഴുകട്ടെ.
പരന്ന കാൻവാസുകൾ
വിസ്തൃതമായൊരു ഭൂപ്രതലമായിത്തീരട്ടെ .
നദീമുഖത്തിരുന്നു രാവിൽ കഥ പറഞ്ഞു പുലരുന്ന രണ്ടാളുകളെപ്പോലെ , നോക്കു..
നമ്മളിപ്പോൾ ആത്മാവിലെത്ര പരിചിതർ !
അനാദികാലംതൊട്ടെന്നപോലെ
നിന്റെ കൈകൾ ചലിക്കട്ടെ,
തടയില്ലാതെ നീ വരഞ്ഞുകൊണ്ടേയിരിക്കട്ടെ.
( നേർത്തയുറവകളൂറിത്തടം വച്ച് സ്വയം തണുപ്പറിയുവോളം,
എത്രയാർദ്രത കടം കൊള്ളണം !)
ചിത്രകാരാ,
നീയിപ്പോൾ എവിടെയാണ്?
ഒഴുകിയലയുന്ന വഴിയിലാണോ,
വേനലില്ലാത്ത – വർഷമില്ലാത്ത, നിറവിലാണോ
തൊട്ടുപോകുംവഴി പൂത്തുപോവുന്ന
ഒറ്റമരങ്ങളിലാണോ?
കൈമടക്കിലെ ചുഴികളിൽ
ചെങ്കുത്തായയിറക്കങ്ങളിൽ
ഒഴുകിവീഴുന്ന തടങ്ങളിൽ,
ചിലപ്പോഴെങ്കിലും
നീയുമിടറിവീണേക്കാം
ചുഴികളിടംകയ്യാൽ
നിന്നെച്ചുഴറ്റിവിട്ടേക്കാം
സ്വയമൊഴിഞ്ഞപോൽ
തീരത്തണഞ്ഞേക്കാം.
ഭയക്കരുത്,
നോക്കു,
ഇന്നോളം ഒരുനദിയെ നീ വരച്ചുതീർത്തിട്ടുണ്ടോ?
കൈവഴികൾ കൈവിരലുകളെന്നതുപോലെ
നിന്നിലൂടെ ഞാൻ
ഒഴുകിക്കൊണ്ടേയിരിക്കുകയല്ലേ?
ചിത്രകാരാ…
ഹേ, ചിത്രകാരാ, നിന്റെ കാൻവാസുകൾ
ഇനിയുമിനിയും നിവർത്തിയിടു…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.