ഫുൾ ജാർ ആസിഡ് നന്ദികൾ

0
263

കവിത

ബഹിയ

നന്ദിയുണ്ട്
ഒരുവനോടല്ല;
ഓരോ ഒരുവനോടും.

നിഷേധിച്ചിട്ടും
ധിക്കാരം കാട്ടിയിട്ടും
അഹങ്കാരിയായിട്ടും
ആസിഡിൽ കുതിർന്ന്
പൊള്ളിയടരാതെയീ
മുഖമിപ്പോഴും ഇങ്ങനെ
സുന്ദരമായി തന്നെ
അവശേഷിപ്പിച്ചതിന്…

കത്തിക്കരിഞ്ഞൊരു
വാർത്താ വിഭവമാക്കി
നാടുനീളെ
വിളമ്പാതെ പോയതിന്…

നന്ദിയുണ്ട്,
കൗമാരം തുടങ്ങാൻ നേരം
പ്രണയമെന്നോതി
നിർത്താതെ മുഴക്കിയ
സൈക്കിൾ മണിയോടെ
പിറകെ കൂടിയ
ഓമനത്തമുള്ള മുഖത്തോടു കൂടിയ ഒരുവനോട്…
നിഷേധത്തിനൊപ്പം
സ്കൂളിൽ കൊടുത്ത പരാതിയിൽ
നാടും വീടും വിട്ടോടിപ്പോയി
നാളുകളോളം
തീ തീറ്റിച്ചു അവൻ.
പിന്നെ,
പോലീസുകാർ തിരിച്ചു കൊണ്ട് വന്നിട്ടും
കണ്ടില്ലെന്ന് നടിച്ച്
മാറി നടക്കവേ
അവഗണന മടുത്തൊരിക്കൽ
മനസ്സു നൊന്തു ശപിച്ച്
പുതിയ പ്രണയം കണ്ടെത്തി അവൻ.
പതിറ്റാണ്ടുകൾക്കിപ്പുറവും
അതേ പ്രണയിനിയെ
നല്ലപാതിയാക്കി ചേർത്തു പിടിച്ച്
ജീവിതം ആസ്വദിക്കുന്നുണ്ട് അവൻ.



നന്ദിയുണ്ട്,
ബന്ധങ്ങളെ സൗഹൃദങ്ങളാക്കാനും
സൗഹൃദങ്ങളിൽ വല്ലാത്തൊരു
അടുപ്പം നിറക്കാനും
മനശ്ശാസ്ത്രത്തിൽ
മികവു തെളിയിച്ച ഒരുവനോട്…
ഒടുവിൽ,
അടുപ്പത്തെ പ്രണയമായ് കാണണമെന്നും
ഒരിക്കലെങ്കിലും കൂടെ കിടക്കണമെന്നും
വാശിപിടിച്ചു
കെഞ്ചി അവൻ…
നിഷേധിച്ചു തള്ളിയതിന്
അവഗണനക്കൊപ്പം ഉയർത്തിയ ഭീഷണിക്ക്
വഴങ്ങാതെ പോയതിന്
പകരമായി
ചീത്തപെണ്ണെന്ന്
വ്യാജ തെളിവുകൾ നിരത്തി
ഭ്രാന്തിന്റെ കുപ്പായം തന്ന്
യൂസുഫാകാൻ
തുനിഞ്ഞു അവൻ…
പിന്നെ,
ചന്ദ്രനെയും നക്ഷത്രങ്ങളേയും
താടിയിൽ കൊരുത്ത്
മാസപ്പിറവി തേടി
ദൈവത്തിന്റെ കാവൽക്കാരനായി അവൻ…

നന്ദിയുണ്ട്,
മാന്യതയുടെ പരിശുദ്ധാത്മാവായി
പുഞ്ചിരിച്ചും നിഷ്കളങ്കത കാട്ടിയും
ശരീരങ്ങളെ വലവീശിപ്പിടിക്കാൻ
കേമനായ ഒരുവനോട്…
ഉപദേശങ്ങൾ നല്കിയും വിനോദങ്ങളിൽ കൂടെ കൂട്ടിയും
സഹായങ്ങൾ നീട്ടിയും
പല പല ഇരകളെ
ഒന്നിച്ചു ചൂണ്ടലിൽ കൊരുത്തവൻ…
അവൻ തീർത്ത കുരുക്കുകളിൽ നിന്ന്
അഹങ്കാരത്തോടെ
അവനെ തന്നെ
അഴിച്ചെടുക്കാൻ ശ്രമിക്കെ,
തന്റെ മുഖംമൂടികൾ
അഴിഞ്ഞു വീഴുന്നതു കണ്ട്
അസ്വസ്ഥത പൂണ്ട്
നഷ്ടങ്ങളെ
നോക്കി നിന്നു അവൻ.
പിന്നെ,
ഉള്ളിൽ നുരച്ചു പൊന്തിയ വെറുപ്പിനാൽ
ആരു വിളിച്ചാലും കൂടെ പോകുന്ന
കണ്ണിൽ കാമം കത്തിച്ച യക്ഷിയെന്ന്
പലവിധ പട്ടങ്ങൾ ചാർത്തി തന്നു അവൻ.
ഒടുവിൽ ഞാനൊന്നുമറിഞ്ഞില്ലേയെന്ന
പതിവ് ഭാവത്താൽ,
വീണ്ടും അഭിനയകലയുടെ
ഉത്തുംഗങ്ങൾ കീഴടക്കി
നഷ്ടപ്പെട്ടവയെ വീണ്ടെടുക്കാൻ
ഇറങ്ങി പുറപ്പെട്ടു അവൻ…



നന്ദിയുണ്ട്,
ഇനിയും ഒത്തിരി അവന്മാരോട്.
വിദ്യ പകർന്നു തന്ന ഒരുവനോട്…
ബസ്സിൽ സൂചി തുളച്ചു കയറി
പിടഞ്ഞ ഒരുവനോട്…
തൊഴിലിടം പങ്കിട്ട ഒരുവനോട്…
ബന്ധുവായവനോട്…
ശിഷ്യനായവനോട്…
കൂടെ പഠിച്ചവനോട്…
കൂട്ടുകൂടിയവനോട്…
ആണായ് പിറന്ന
പല പല ഒരുവനോടുമുള്ള
നന്ദിയാകുന്നൂ ഈ
പെൺജീവിതങ്ങളൊക്കെയും.

ഈ നന്ദി കേട്ട് ക്ഷമക്കെടുകയാണെങ്കിൽ,
അല്ലയോ അവനേ!
ആസിഡ് ആക്രമണത്തിൽ നിന്നും
എന്നെ നീ മാറ്റി നിർത്തണേ…
കഠിന വിഷം തന്ന്
നിനക്കെന്റെ ജീവനെടുക്കാം.
നീ ഒരു സൂചന തന്നാൽ
ആത്മഹത്യാ കുറിപ്പ്
ഞാൻ തന്നെ കുറിക്കാം.
പിടിക്കപ്പെടാതെ നിനക്കു
ജീവിക്കുകയും ചെയ്യാം.
ഞാനൊരു വിശാലഹൃദയ
ആയതിനാലല്ല,
മരണശേഷം എന്റെ അവിഹിതങ്ങൾ ചികഞ്ഞ്,
ചോദ്യങ്ങൾ ചോദിച്ച്,
മരിക്കാതെ ബാക്കിയായവരെ
വേട്ടയാടാതെ വിടാൻ…
ജീവനുള്ളിടത്തോളം വ്യഭിചരിക്കാഞ്ഞിട്ടും
ചത്തശേഷം വാക്കുകളിൽ
വീണ്ടും വീണ്ടും വ്യഭിചരിക്കപ്പെടാതിരിക്കാൻ…
അത്രയെങ്കിലും ചെയ്യാൻ
തയ്യാറായേക്കാവുന്ന
ആ ഒരുവനോട്
ഒരിക്കൽ കൂടി പറയട്ടെ,
നന്ദിയുണ്ട് ഒരുപാട്…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

https://athmaonline.in/bahiyavm/

LEAVE A REPLY

Please enter your comment!
Please enter your name here