പോൾ സെബാസ്റ്റ്യൻ
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്. അവിശ്വസനീയം തന്നെയല്ല, വിശ്വസിക്കുന്നത് അപകടകരം കൂടിയാണ് എന്ന ആമുഖത്തോടെയാണ് മോഹന ചന്ദ്രൻ എഴുതിയ മാന്ത്രിക നോവൽ ‘കലിക’ ആരംഭിക്കുന്നത്. വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ സ്ഥാനപതിയായിരുന്ന മോഹനചന്ദ്രന്റെ കലിക മലയാള നോവലിൽ വേറിട്ട സാന്നിധ്യവും നാഴികക്കല്ലുമാണ്.
കൗമാരത്തിൽ പീഡിപ്പിക്കപ്പെട്ടതിന്റെ വേദനയാർന്ന ഓർമ്മയിൽ അതിന് കാരണമായ പുരുഷ വർഗത്തെ ഒന്നടങ്കം നശിപ്പിച്ചു കളയാൻ തക്ക പ്രതികാരം പേറുന്നവളാണ് ഈ നോവലിലെ പ്രധാന കഥാപാത്രമായ കലിക. കലിക എന്ന വാക്കിനർത്ഥം പൂമൊട്ട്. ശക്തിസ്വരൂപിണിയായ കാളിയുടെ നാമരൂപം കൂടിയാണത്. തന്റെ നഷ്ടപ്പെട്ട കന്യകാത്വം തിരിച്ചു പിടിച്ച കലിക ദേവിയെ ഉപാസിച്ചു പ്രീതിപ്പെടുത്തി ഒരു ചെറിയ പെൺകുട്ടിയുടെ രൂപത്തിൽ അവളുടെ അടിമയാക്കുന്നു. അമർത്യതയിലേക്കാണ് അവളുടെ നോട്ടം. എന്നിട്ട് വേണം പുരുഷ വർഗത്തോടുള്ള പ്രതികാരം തുടങ്ങാൻ. രതിയും മൃതിയും പിരിയാൻ വയ്യാത്ത വിധം ഇണ ചേർന്നിരിക്കുന്നു ഈ നോവലിൽ. പ്രണയവും പ്രതികാരവും ഇഴ ചേർത്തു തുന്നിയിരിക്കുന്നു ഇതിൽ. നിഗൂഢതയുടെ ആഴക്കങ്ങളിലേക്ക് ഈ നോവൽ വായനക്കാരെ കൊണ്ടു പോകും. ക്രൂരതയുടെ അങ്ങേയറ്റത്തേക്ക് കൂട്ടു നടക്കും. ഒട്ടേറെ ഇരുണ്ട ഇടങ്ങളിലൂടെ വായനക്കാർ നടന്നു പോകും. വെളിച്ചത്തിന്റെ വഴി വിളക്കുകൾ വഴിത്താരകളിലെല്ലാം കാണും.
കലിക ഒരു മാന്ത്രിക നോവലായിരിക്കുമ്പോഴും സാധാരണ മന്ത്രിക നോവലുകളിലും കുറ്റാന്വേഷണ നോവലുകളിലും സംഭവങ്ങൾ അവതരിപ്പിക്കുന്ന ധൃതി ഈ നോവലിൽ കാണാൻ സാധിക്കുകയില്ല. ഓരോ കഥാപാത്രത്തെയും ഓരോ സന്ദര്‍ഭത്തെയും അനുഭവിപ്പിച്ചു മാത്രം അടുത്തതിലേക്ക് മുന്നേറുക എന്ന പക്വതയാർന്ന രീതിയാണ് നോവലിസ്റ്റ് ഇതിൽ പരീക്ഷിച്ചിട്ടുള്ളത്.
കഥാപാത്ര സൃഷ്ടിയിൽ സവിശേഷ ശ്രദ്ധ നോവലിസ്റ്റ് കൊടുത്തിട്ടുണ്ട്. ധീരനും എന്തിനും മുന്നിട്ടിറങ്ങുന്നവനും മറകളില്ലാത്തവനുമായ ജോസഫ്, വിവേകിയും വിജ്ഞാനിയും ധീരനുമായ സക്കറിയ, അമ്മ മരിച്ചതിന്റെ ഓർമ്മ വിഷാദമായി കൂടെയുള്ള സദൻ, ഷണ്ഡത്വം മൂലം നഷ്ടപ്പെട്ട സുഖത്തെ മറ്റു മാർഗ്ഗങ്ങളിലൂടെ നേടിയെടുക്കാൻ ശ്രമിക്കുന്ന ജമാൽ എന്നീ നാല് സുഹൃത്തുക്കളെയും നന്നായി അവതരിപ്പിച്ചിരിക്കുന്നു ഈ നോവലിൽ. അത് മാത്രമല്ല, നാല് പേർക്കും ഏകദേശം തുല്യ പ്രാധാന്യവും നൽകിയിരിക്കുന്നു. ജോസഫ് നമ്മുടെ മനം കവരുന്നെങ്കിൽ ജമാലിന്റെ വന്യമാർന്ന ഭാവം അവസാന രംഗങ്ങളിൽ നിർണ്ണായകമാവുന്നു. സദന്റെ പ്രണയവും അമ്മയോടുള്ള സ്നേഹവും നമ്മുടെ ഹൃദയം കവരുമ്പോൾ സക്കറിയ ധൈര്യം കൊണ്ടും ആത്മാർത്ഥത കൊണ്ടും, ചടുലമായ നീക്കങ്ങളെക്കൊണ്ടും നമ്മുടെ ബുദ്ധിപൂർവ്വമുള്ള പ്രശംസ പിടിച്ചു പറ്റുന്നു. കലിക എന്ന പ്രധാന കഥാപാത്രത്തെ ഏറെ കഴിഞ്ഞാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നതെങ്കിലും പിന്നീടങ്ങോട്ട് കലിക തന്റെ ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്നു. കലികയെപ്പറ്റി പറയുന്ന ഒരു ചെറു വിവരണം കേൾക്കുക. “കലിക പൂമൊട്ട്! പൂമൊട്ടല്ല, വിടർന്ന താമര! വിദുഷി, സുന്ദരി! കലികയെപ്പറ്റി ഓർക്കുമ്പോഴെല്ലാം ആരും മീട്ടാൻ മടിക്കുന്ന ഒരു വിലയുയർന്ന വീണയെന്നു തോന്നും. ദൈവത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കരകൗശലവിദഗ്ധൻ മിന്നുന്ന മരവും ചെമ്പകപ്പൂ പോലുള്ള ദന്തവേലകളും ഇട കലർത്തി നിർമ്മിച്ച അപൂർവ്വവാദ്യോപകരണം.” ഇത് പോലെ, കവിത തുളുമ്പുന്ന വിവരങ്ങൾ ഈ നോവലിൽ ധാരാളമുണ്ട്. കഥാപാത്രങ്ങളുടെ ഭൂതവും വർത്തമാനവും നന്നായി എഴുത്തുകാരൻ അവതരിപ്പിച്ചത് കഥാപാത്രങ്ങളെ ജീവസ്സുറ്റവരാക്കുക മാത്രമല്ല, വായനക്കാർക്ക് അടുപ്പമുള്ളവരുമാക്കുന്നതിന് സഹായിക്കുന്നു. ഉപ കഥാപാത്രങ്ങളിൽ വാസുവും ഗോമതിയും സൗദാമിനിയും മാത്രമല്ല, ചട്ടുകാലൻ വേലപ്പനും നമ്മെ സ്പർശിക്കും. വാസുവിന്റെയും ഗോമതിയുടെയും നിഷ്കളങ്കത ആദ്യ അധ്യായങ്ങളെ സജീവമാക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
മന്ത്രവിധികളെ ഇത്രയും ആഴത്തിൽ പ്രതിബാധിക്കുന്ന മറ്റൊരു മലയാള നോവൽ ഉണ്ടോ എന്ന് സംശയമാണ്. അതിനാൽ തന്നെ, കലികയ്‌ക്കൊപ്പം കലിക മാത്രം എന്ന് പറഞ്ഞാൽ അത് ശരിയുമാണ്. പല മന്ത്രങ്ങളുടെയും ശബ്ദ പ്രാധാന്യം കൂടെ നൽകിക്കൊണ്ടാണ് നോവൽ പുരോഗമിക്കുന്നത്. എഴുത്തുകാരൻ ഇതിനായി കഠിന പരിശ്രമം എടുത്തിട്ടുണ്ടെന്നു വ്യക്തം. പല രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുള്ള ശ്രീ മോഹനചന്ദ്രന് ലോക ഭാഷകളിലേക്കുള്ള തുറവി ധാരാളമായുണ്ട്. ഇംഗ്ലീഷ് പോലെ തന്നെ ഫ്രഞ്ചും അദ്ദേഹത്തിന് വശമാണ്. എന്നാൽ ഇതൊക്കെ ഇങ്ങനെ ആയിരിക്കുമ്പോൾ തന്നെ മലയാളവും സംസ്കൃതവും അസൂയാർഹമാം വിധം ഉപയോഗിക്കുന്നതിനുള്ള പ്രാവീണ്യം നമ്മെ അത്ഭുതപ്പെടുത്തും. ആഴത്തിലുള്ള ഈ ഭാഷാ പരിജ്ഞാനം കലിക എന്ന നോവലിനെ സമൃദ്ധമാക്കുന്നു.
കഥയും കഥാ പാത്രങ്ങളും കഥാ സന്ദർഭങ്ങളും മേൽത്തരവും, ഭാഷ വൈവിധ്യമാർന്നതും വിദഗ്ധവുമായിരിക്കുമ്പോൾ തന്നെ ചിന്താ തലത്തിലും ഉയർന്നു നിൽക്കുന്ന നോവലാണ് കലിക. കാലത്തിന് ഏറെ മുൻപേ സഞ്ചരിക്കുന്നവയാണ് മോഹനചന്ദ്രന്റെ ചിന്തകൾ.
“മനുഷ്യ ശരീരത്തിന്റെ സൂക്ഷ്മ ബോധ ചൈതന്യങ്ങൾ കൊണ്ട് അണ്ഡകടാഹത്തെ അളക്കാൻ ശ്രമിക്കുന്നത് സ്പൂണ് കൊണ്ട് കടലിനെ അളക്കാൻ ശ്രമിക്കുന്നത് പോലെയാണ്. അതി സൂക്ഷ്മമായ ഇന്ഫ്രാറെഡും എക്സും രസ്മികൾ കണ്ണിനു തിരിക്കാൻ കഴിഞ്ഞാൽ നാം കാണുന്നത് ഒരു പ്രേത ലോകമായിരിക്കും. ചലിക്കുന്ന അസ്ഥിപഞ്ജരങ്ങൾ, വിചിത്രദൃശ്യങ്ങൾ! ഓർത്തുനോക്കൂ!”
“മഹാസാഗരം പോലെ പറന്നു കിടക്കുന്ന മതഗ്രന്ഥങ്ങൾ നമ്മുടെ നാട്ടിലുണ്ട്. തത്വചിന്തയുടെയും മന്ത്രവാദത്തിന്റെയും നാട്! വേദാന്തിയുടെ മകൻ ഉദ്ധരണികൾക്ക് വേണ്ടി ആംഗ്ലേയ ഗ്രന്ഥങ്ങൾ പരതേണ്ട ആവശ്യമില്ലല്ലോ.”
“പരമാണു തൊട്ട് ബ്രഹ്മാണ്ഡം വരെയുള്ള വസ്തുക്കൾ സ്വഭാവം കൊണ്ട് ഒന്നാണ്. വലുപ്പത്തിലും ആകാരത്തിലും മാത്രമേ വ്യത്യാസമുള്ളൂ. നീയും ഞാനും തമ്മിലും ഇതുപോലെത്തന്നെ.” എന്നിങ്ങനെ ചിന്തയുടെ കൊടുമുടികൾ ചിലപ്പോഴൊക്കെ ഈ നോവലിൽ ദൃശ്യമാകുന്നുണ്ട്.
“വിട്ടു കൊടുത്തിട്ട് പിന്നെയൊരവസരത്തിൽ വീണ്ടും ശ്രമിക്കേണ്ടതിനു പകരം വാശി പിടിച്ച് സ്ത്രീ രക്തം ഛർദിച്ചു മരിച്ചു” എന്ന് എഴുതുമ്പോൾ എഴുത്തുകാരനിലെ നയതന്ത്രജ്ഞൻ വായനക്കാർക്ക് പല ജീവിത സന്ദർഭങ്ങളിലും സ്വീകരിക്കേണ്ട പ്രായോഗികതയിലേക്കുള്ള സൂചനയാണ് നൽകുന്നത്. ഭയം ഈ നോവലിന്റെ ഒരടിസ്ഥാന വികാരമായിരിക്കുമ്പോഴും, “ഭയമെന്ന അനുഭവം അറിയാത്തവൻ ഭാഗ്യവാൻ എന്തെന്നാൽ അവനെപ്പോഴും ധീരനായിരിക്കും” എന്ന് കൂടി എഴുത്തുകാരൻ പറയുന്നു.
സ്ത്രീയുടെ മുറിവേറ്റ അഭിമാനത്തിന് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ സ്മാരകമാണ് കലിക. “സ്ത്രീക്ക് എതിർക്കാൻ മാത്രമല്ല, തകർക്കാനും കഴിയും” എന്ന് കലികയിൽ പറയുന്നുണ്ട്. രണ്ടു തവണ ബലാത്കാരം ചെയ്യപ്പെട്ടിട്ടും രണ്ടു തവണയും പുനഃസൃഷ്ടിക്കപ്പെടുന്ന കന്യാചർമ്മം സ്ത്രീയുടെ കന്യകാത്വം അവളുടെ മനസ്സിലാണ്, ശരീരത്തിലല്ല എന്ന് എഴുത്തുകാരൻ ഉറപ്പിച്ചു പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നവരോട് “സ്ത്രീയെ എന്തെന്ന് കരുതിയെടാ നീയെല്ലാം, നായ്ക്കളെ! കുറെ കുന്നും കുഴിയുമുള്ള മെത്തയെന്നോ” എന്ന് രോഷപ്പെടുന്ന എഴുത്തുകാരൻ പക്ഷെ, എല്ലാ പുരുഷന്മാരെയും അതിന്റെ പേരിൽ വെറുക്കുന്നതിനോട് യോജിക്കുന്നില്ല. “വിവാഹം അടിമത്തമാണ്, പുരുഷൻ ദുഷ്ടനാണ്. എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് ആ ദുര്മന്ത്രവാദിനി തലയിൽ കയറ്റി വച്ചിരുന്നത്” എന്ന് സൗദാമിനിയിലൂടെ പറഞ്ഞു വെക്കുന്നുണ്ട് നോവലിസ്റ്റ്. മഹാഭാരതത്തിൽ ഉത്തരയുടെ സ്ഥാനമാണ് കലികയിൽ സൗദാമിനിക്കുള്ളത് എന്നിടത്ത് ഈ പ്രസ്താവന ഏറെ പ്രധാനവുമാണ്.
അടിച്ചമർത്തപ്പെട്ട മനുഷ്യവികാരങ്ങളുടെ പൊട്ടിത്തെറി ഈ നോവലിൽ ഉടനീളം കാണാം. അടിസ്ഥാന വികാരങ്ങളെ മറക്കാൻ മനുഷ്യർ പരാജയപ്പെടുന്നു. ജീവിതത്തിലെ ദുരനുഭവങ്ങൾക്ക് അവർ അടിമകളാകുന്നു. ഈ അനുഭവങ്ങളെ രതിയോട് ചേർത്ത് വായിക്കുന്നുണ്ട് എഴുത്തുകാരൻ. കലിക തനിക്കുണ്ടായ ദുരനുഭവത്തെ പുരുഷ വർഗത്തോടുള്ള എതിർപ്പാക്കി മാറ്റുമ്പോൾ തന്നെ ലെസ്ബിയൻ രതിരീതികളിലേക്ക് വഴി മാറുന്നുണ്ട്. അതോടൊപ്പം വേലപ്പനെ ലൈംഗീക അടിമയാക്കുന്നതിലും അവൾ ആനന്ദം കണ്ടെത്തുന്നു. ജമാലിന്റെ ഷണ്ഡത്വം അയാൾക്ക് നൽകുന്ന നിരാശ ഭക്ഷണത്തോടുള്ള പ്രിയമായാണ് പുറത്തു ചാടുന്നത്. മറ്റുള്ളവരെ ആവശ്യത്തിൽ കൂടുതൽ പീഡിപ്പിക്കാനുള്ള ത്വരയും മുന്നിൽ നിൽക്കുന്നു. സദൻ തന്റെ ഭയത്തെ കീഴടക്കുന്നത് സുഹൃത്തിനോടുള്ള സ്നേഹം കൊണ്ടാണ്. അമ്മയുടെ സ്നേഹമാണ് താൻ അന്വേഷിച്ചിരുന്നതെന്ന് തിരിച്ചറിയാതെ സ്ത്രീകളുടെ പുറകെ പോയിരുന്ന ജോസഫ് കീഴടക്കപ്പെടുന്നത് സത്യത്തിന്റെ ആ മുഖദർശങ്ങമാണ്. സക്കറിയക്കു പോലും വികാരങ്ങളുടെ കുത്തൊഴുക്കിൽ പിടിച്ചു നിൽക്കാനാവുന്നില്ല. വികാരങ്ങളുടെ അടിയൊഴുക്കിൽ പെട്ട മനുഷ്യരോട് തങ്ങളുടെ പ്രവര്‍ത്തികളുടെ പിന്നിലുള്ള യഥാർത്ഥ അടിസ്ഥാന വികാരം എന്തെന്ന് വിചിന്തനം ചെയ്യാൻ പറയാതെ പറയുന്നുണ്ട് നോവലിസ്റ്റ്.
പ്രണയവും രതിയും ഭയവും പോലെ തന്നെ മൃതിയും ഈ നോവലിൽ നിറ സാന്നിധ്യമാണ്. സദന്റെ അച്ഛന്റെയും അമ്മയുടെയും മരണത്തിൽ നിന്ന് തുടങ്ങിയ മൃതിയുടെ യാത്ര വലിയൊരു ഒഴുക്കായി രക്ഷാ മാർഗങ്ങൾ അടച്ച് മുന്നേറുന്നു. ഈ ഒഴുക്ക് ഏറ്റവുമൊടുവിൽ ഒരു മലവെള്ളപ്പാച്ചിലായി നിർദ്ദയമായി മാറുന്നു. മരണത്തിന്റെ ഒരു വലിയ ഘോഷയാത്ര! ജീവിതത്തിന്റെയും മരണത്തിന്റേയുമിടയിൽ ലഭിക്കുന്ന ജീവിത നിമിഷങ്ങളുടെ വില ഓര്‍മ്മിപ്പിക്കുവാൻ എഴുത്തുകാരൻ ഉദ്ദേശിച്ചിരുന്നിരിക്കാം.
ബാലചന്ദ്രമേനോൻ ഈ നോവലിനെ അധികരിച്ചു കലിക എന്ന പേരിൽ തന്നെ ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. സിനിമ കണ്ടു കഴിഞ്ഞുള്ള വായനയിൽ ആ സിനിമാ കഥാപാത്രങ്ങളെല്ലാം പുസ്തകവായനക്കൊപ്പം കൂടെയുണ്ടായിരുന്നു. സിനിമ കണ്ടതിനു ശേഷം കലികയായി ഷീലയുടെ മുഖവും, ജോസഫ് ആയി സുകുമാരന്റെ മുഖവുമല്ലാതെ മനസ്സിൽ വരുന്നില്ല. വേണു നാഗവള്ളിയുടെ സദനും ശ്രീനാഥിന്റെ സക്കറിയയും ബാലൻ കെ നായരുടെ ജമാലുമെല്ലാം വായനയുടെ എല്ലാ ഘട്ടത്തിലും സാന്നിധ്യം അറിയിക്കുന്നുണ്ട്. ഒരു നോവലിനെ സിനിമയാക്കുമ്പോൾ പ്രായോഗികമായി പല പൊരുത്തപ്പെടലുകൾക്കും വിധേയമാക്കേണ്ടി വരും. കലികയുടെ രൗദ്രഭാവത്തെ ഏറെ മയപ്പെടുത്തിയാണ് സിനിമയിലവതരിപ്പിച്ചിരിക്കുന്നത് എന്നതിനാൽ തന്നെ സിനിമാനുഭവവും വായനാനുഭവവും രണ്ടും രണ്ടു തന്നെയായിരുന്നു. സിനിമ കാണുക, പുസ്തകം വായിക്കുക. രണ്ടും നിങ്ങൾക്കിഷ്ടപ്പെടും.
വന്യവും ക്രൂരവുമായ ജീവിത മുഹൂർത്തങ്ങളിലൂടെ കടന്നു പോയിട്ടുള്ളവരാണ് കഥാപാത്രങ്ങളെന്നത് കൊണ്ടും, ആ വന്യതയും ക്രൂരതയും അതർഹിക്കുന്ന അളവിൽ തന്നെ വായനക്കാർക്ക് ലഭിക്കണം എന്ന് എഴുത്തുകാരന് നിര്‍ബന്ധമുണ്ടായിരിക്കുന്നത് കൊണ്ടും ഈ നോവലിലെ ചില ഭാഗങ്ങളെങ്കിലും കുട്ടികൾക്കും ലോല മനസ്കരായ വായനക്കാർക്കും ഞെട്ടൽ സമ്മാനിക്കുന്നതായിരിക്കാം. അതിനാൽ ഈ പുസ്തകം ഒരു മുതിർന്ന വായനയാണ് ആവശ്യപ്പെടുന്നത് എന്ന് മുന്നറിയിപ്പ് തരുന്നു.
ഇംഗ്ലീഷ് നോവലുകൾക്കിടയിൽ ഡ്രാക്കുളക്കുള്ള സ്ഥാനമാണ് മലയാള നോവലുകളുടെയിടയിൽ കലികയ്ക്ക് കൊടുക്കാവുന്നതെന്ന് തോന്നുന്നു. മുപ്പത്തിയാറു വർഷങ്ങൾക്ക് ശേഷവും, ഇന്നും പുതുമ നഷ്ടപ്പെടാതെ വായിക്കാവുന്ന കലിക എന്ന ഈ നോവൽ കാലത്തെ അതിജീവിക്കുന്ന അപൂർവ്വം മലയാള നോവലുകളുടെ കൂട്ടത്തിൽ പെടുമെന്നത് തീർച്ച.