കലാമണ്ഡലം അവാർഡുകൾ പ്രഖ്യാപിച്ചു

0
563

തൃശൂര്‍ : കേരള കലാമണ്ഡലത്തിന്റെ 2016 ലെ ഫെലോഷിപ്പും അവാര്‍ഡും എന്‍ഡോവ്മെന്റും പ്രഖ്യാപിച്ചു. 24 പേര്‍ക്കാണ് പുരസ്കാരങ്ങള്‍. കലാമണ്ഡലം കൂത്തന്പലത്തിൽ ഒന്പതിന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ റാണി ജോര്‍ജ് പുരസ്കാരം വിതരണം ചെയ്യും. പുരസ്കാരത്തുക കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സദനം ബാലകൃഷ്ണനാണ് ഫെലോഷിപ്. 50,000 രൂപയും ഫലകവും കീര്‍ത്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് ഫെലോഷിപ്. കലാരത്നം ഡോ. സുനന്ദനായര്‍ക്കും (10,000 രൂപ), എം കെ കെ നായര്‍ പുരസ്കാരം സിനിമാനടി മഞ്ജു വാര്യര്‍ക്കും (30,000 രൂപയും ഫലകവും കീര്‍ത്തിപത്രവും പൊന്നാടയും) ആണ് പുരസ്കാരം. മുകുന്ദരാജ സ്മൃതി പുരസ്കാരം- പ്രൊഫ. ജോര്‍ജ് എസ് പോള്‍ (10,000 രൂപ), കഥകളി വേഷം- കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍, കഥകളി സംഗീതം- കലാമണ്ഡലം എം ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കും പുരസ്കാരം ലഭിച്ചു. ചെണ്ട- കലാനിലയം കുഞ്ചുണ്ണി, മദ്ദളം-കലാമണ്ഡലം കുട്ടിനാരായണന്‍, ചുട്ടി കലാമണ്ഡലം സതീശന്‍, തിമില-പെരിങ്ങോട് ചന്ദ്രന്‍, നൃത്തം- കലാമണ്ഡലം ശ്രീദേവി, തുള്ളല്‍-കലാമണ്ഡലം ബാലചന്ദ്രനുമാണ് അവാര്‍ഡ്.

മിഴാവ് കലാകാരനുള്ള പുരസ്കാരം കലാമണ്ഡലം വി അച്യുതാനന്ദനും മൃദംഗത്തിന് കലാമണ്ഡലം പി കൃഷ്ണകുമാറിനും  കൂടിയാട്ടത്തിന് മാണി ദാമോദരച്ചാക്യാര്‍ക്കും കലാഗ്രന്ഥത്തിന് ഞായത്ത് ബാലനും ഡോക്യുമെന്ററിക്ക് രാജന്‍ കാരിമൂലയ്ക്കുമാണ് അവാര്‍ഡ്. 30,000 രൂപ വീതമാണ് പുരസ്കാരം. യുവ പ്രതിഭ അവാര്‍ഡിന് കലാമണ്ഡലം സൂരജ് (കഥകളി വടക്കന്‍) അര്‍ഹനായി. മൂവായിരം രൂപയും കീര്‍ത്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.

പൈങ്കുളം രാമച്ചാക്യാര്‍ സ്മാരക പുരസ്കാരം ഡോ. കലാമണ്ഡലം കനകകുമാറും വടക്കന്‍ കണ്ണന്‍ നായരാശാന്‍ സ്മൃതി പുരസ്കാരം കലാമണ്ഡലം ശ്രീജ വിശ്വത്തിനുമാണ്. 9,000 രൂപ വീതമാണ് പുരസ്കാരം. ഡോ. വി എസ് ശര്‍മ എന്‍ഡോവ്മെന്റ് നൃത്ത അധ്യാപിക കലാമണ്ഡലം സംഗീത പ്രസാദിനും ഭാഗവതര്‍ കുഞ്ഞുണ്ണിത്തമ്പുരാന്‍ എന്‍ഡോവ്മെന്റ് കലാമണ്ഡലം ഹരി ആര്‍ നായര്‍ക്കുമാണ്. 3,000 രൂപ വീതമാണ് എന്‍ഡോവ്മെന്റ്. കെ എസ് ദിവാകരന്‍ നായര്‍ സ്മാരക സൌഗന്ധിക പുരസ്കാരം അമ്പലപ്പുഴ സുരേഷ് വര്‍മയ്ക്കാണ്. 5,000 രൂപയാണ് പുരസ്കാരം. മരണാനന്തര ബഹുമതി കൂടിയാട്ടം കലാകാരി മാര്‍ഗി സതിക്കാണ്. 30,000 രൂപയും ഫലകവും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് ബഹുമതി. വൈസ് ചാന്‍സലര്‍ ചെയര്‍മാനും മടവൂര്‍ വാസുദേവന്‍ നായര്‍, ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്, ടി കെ വാസു, വാസന്തി മേനോന്‍, കലാമണ്ഡലം പ്രഭാകരന്‍, കലാമണ്ഡലം സത്യഭാമ, പ്രഭാകരപ്പൊതുവാള്‍, കലാമണ്ഡലം ഗിരിജാദേവി, സുകുമാരി നരേന്ദ്രമേനോന്‍, എസ് വി സതീശന്‍, കലാമണ്ഡലം ശ്രീകുമാര്‍, രജിസ്ട്രാര്‍ ഡോ. കെ കെ സുന്ദരേശന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്്.

വികസനകാര്യ സമിതി ചെയര്‍മാന്‍ ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്, ഭരണസമിതിയംഗം ടി കെ വാസു, രജിസ്ട്രാര്‍ ഡോ. കെ കെ സുന്ദരേശന്‍, അസി. രജിസ്ട്രാര്‍ എന്‍ കെ രാധാകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here