കഥയരങ്ങിലെ മനുഷ്യർ

0
395

ഗിരീഷ് വർമ്മ ബാലുശ്ശേരി

അർഷാദ് ബത്തേരി വയനാടിന്റെ തണുപ്പിൽ നിന്നും ചീകിയെടുത്തു തന്ന ചില ബാല്യകൗമാരയൗവന ഓർമ്മകളുടെ ഒരു കുഞ്ഞു സമാഹാരം ആണ്  “ചുരം കയറുകയാണ്, ഇറങ്ങുകയാണ് “ എന്ന മാതൃഭൂമി ബുക്ക്സ് 2013 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം . കുറെയേറെ അനുഭവങ്ങളുടെ സാക്ഷ്യപത്രം .ചിലതു നമ്മെ കരയിപ്പിക്കുകയും, ചിലതു മാത്രം ചിരിപ്പിക്കുകയും ,എല്ലാം ചിന്തിപ്പിക്കുകയും ചെയ്യുന്നു..

അർഷാദ് ബത്തേരിയുടെ ഓർമ്മക്കുറിപ്പുകളിലെ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ ഒരദ്ധ്യായമാണ് “ചുരം കയറുകയാണ് ഇറങ്ങുകയാണ് ” എന്നത്. ഒരു മനുഷ്യജീവിതത്തിന്റെ സമ്പൂർണയാത്രയുടെ വിവരണമായിതിനെ വായിക്കാം. ബത്തേരിയിലെ പള്ളിക്കണ്ടി എന്ന ഉൾനാടൻ ഗ്രാമത്തിലെ വാസവും, ചുരമിറങ്ങി കോഴിക്കോടേക്കുള്ള യാത്രയും ഈ കഥാകാരന്റെ ജീവിതത്തെ എത്രമാത്രം ബാധിച്ചിരിക്കുന്നു,മാറ്റിമറിച്ചിരിക്കുന്നു എന്നതും നമുക്ക്‌ അനുഭവമാവുകയാണ്.കുട്ടിക്കാലത്ത് ഉമ്മയോടൊപ്പം ബസ്സിലിരിക്കുമ്പോൾ കണ്ണിറുക്കി പിടിച്ചിരിക്കും , ചുരമിറക്കത്തിലെ പേടി കൗമാരത്തിലെ കുതൂഹലത്തോടൊപ്പം മാറുന്നുണ്ട് . പിന്നീട് ജീവിതോബാധി തേടി ചുരമിറങ്ങേണ്ടി വരുമ്പോൾ വളഞ്ഞു പുളഞ്ഞും , അഗാധഗർത്തങ്ങൾ തീർത്തും , ആഴങ്ങളിലേക്ക് നൂണ്ടിറങ്ങുന്ന ആ മഹാചുരം ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി മാറ്റുകയാണ്, അല്ലെങ്കിൽ അത് ജീവിതമായി തന്നെ തോന്നുകയാണ്. കൗമാരത്തിന്റെ കൗതുകം തകരപ്പാടിയിലെ കാമത്തിന്റെ വിയർപ്പുറ്റുന്ന കുളിരിടങ്ങൾ തേടി പോവുന്നുണ്ടെങ്കിലും മനുഷ്യ മഹാജീവിതത്തിന്റെ ചതിയും, വഞ്ചനയും, ആർത്തിയും നിറഞ്ഞ ഒരു ഭാഗം കണ്മുൻപിൽ നിറഞ്ഞാടികണ്ടപ്പോൾ ഭയന്നുപോവുന്നുമുണ്ട് കഥാകാരൻ. തിരികെ പോകും വഴി വലിയൊരു ഛർദിയിലൂടെ മനസ്സിലെ അഴുക്കെല്ലാം നീക്കം ചെയ്തതായും പറയുന്നു. ചുരം കൊടുത്ത അനുഭവങ്ങളിൽ ഒന്നാണത് . പാപ്പിയോൺ ബുക്സിന്റെ പുസ്തകവില്പനക്കാരനായ് പിന്നീട് കുറച്ചു കാലം . ഗുണങ്ങളും ദോഷങ്ങളും തന്ന അനേകം കോഴിക്കോടൻ ബന്ധങ്ങളെ പരാമർശിച്ചു പോവുന്നുണ്ടിതിൽ . ഓരോ ചുരം യാത്രയിലൂടെയും ജീവിതം പഠിക്കുകയും കൂടെയായിരുന്നു . ഒരിയ്ക്കൽ ഒരു സർക്കാർ ബസ്സ് യാത്രയിൽ രാത്രിയിൽ ചുരം കയറ്റത്തിനിടയിൽ ഡ്രൈവറുടെ കണ്ണടയാത്ത ശ്രദ്ധ കണ്ട് വീണ്ടും ജീവിതത്തിന്റെ ആഴങ്ങളെ മനസ്സിലാക്കുകയായിരുന്നു ഇദ്ദേഹം . ചുരം അർഷാദ് ബത്തേരിക്ക് ഒരു പാഠപുസ്തകമായിരുന്നു. ഓരോ കയറ്റങ്ങളും, ഇറക്കങ്ങളും പക്വമാർന്ന ജീവിതത്തിന്റെ തെളിഞ്ഞ ഇടങ്ങളിലേക്കുള്ള പ്രവേശനവും . അനുഭവങ്ങളാണല്ലോ ഓരോ എഴുത്തുകാരന്റെയും വളക്കൂറുള്ള മണ്ണ് . ഇത്തരം പാകപ്പെടുത്തിയ മണ്ണിലാണ് ഇദ്ദേഹം കഥയുടെ വിത്തുകൾ മുളയ്ക്കാൻ വിടുന്നതും, മുള പൊട്ടുന്നതും, വളരുന്നതും, പൂക്കുന്നതും , കായ്ക്കുന്നതും . വായനക്കാരന് മധുരോതാരമായ ഒരു അനുഭവമാവുന്നതും….

നമ്മുടെയൊക്കെ ജീവിതമിങ്ങനെ അലസമായും,സംഭവബഹുലമായും കടന്നുപോവുമ്പോൾ ചിലർ വലിയ ചോദ്യചിന്ഹങ്ങളായും , നീർക്കുമിളകളായും കഥയരങ്ങിലെ ജ്വലിക്കുന്ന ജീവനാളങ്ങളായും , നമ്മെ തൊട്ടു തലോടിയും കടന്നു പോവും. പിന്നീടെത്ര കാലങ്ങൾ കഴിഞ്ഞാലും ഓർമ്മകളുടെ നേരിയ ചാറ്റൽമഴ പോലെ നമ്മെ നനയിച്ചുകൊണ്ടിരിക്കും. അർഷാദിന്റെ ഓർമ്മമഴകളിൽ നേരിയ പാറൽമഴയായി വന്നുപോവുന്ന ആ വാടകവീട്ടിലെ ഉമ്മയും മക്കളും .. ഒരിക്കലും നേരിട്ട് സംസാരിച്ചില്ലെങ്കിലും എന്നും കുട്ടികളുടെ വാശിയും കരച്ചിലും, ചിരികളും ഉയർന്നിരുന്ന അടുത്ത വീട്ടിലെ ഒരു കുടുംബം . ഒരു പുലർച്ചെ താത്തയുടെ മരണം മൂലം ശബ്ദങ്ങൾഎന്നേയ്ക്കുമായി നിലച്ചു പോയ ഒരു വീട്… പനി പിടിച്ച നിലവിളി എന്ന കുറിപ്പ് .

മഴ നനഞ്ഞ നോമ്പ് ഈ ഓർമ്മ സമാഹാരത്തിലെ കണ്ണീർ നനഞ്ഞോരേടാണ് . ഭർത്താവുപേക്ഷിച്ച, കുഞ്ഞുങ്ങളില്ലാത്ത ഒറ്റയ്ക്ക് താമസിക്കുന്ന കദീശുമ്മയുടെ ജീവിത്തിന്റെ അരികിലൂടെ വായനക്കാരനെ നടത്തിച്ചത്. ഒരിയ്ക്കൽ കുട്ടിക്കാലത്ത്‌ കുഞ്ഞു അർഷാദിന്റെ കദീശുമ്മയുടെ വീട്ടിലെ നോമ്പുതുറക്കൽ . നോമ്പ് അനുഷ്ഠിക്കാത്ത കുഞ്ഞു അർഷാദിന്റെ കള്ളം പറഞ്ഞു നോമ്പ് തുറന്നതിലുള്ള വ്യസനം വായിച്ചു വളരുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ടതാണ് .
കദീശുമ്മയും, അയലത്തെ താത്തയും നമ്മെ ജീവിതത്തിന്റെ പിരിമുറുക്കങ്ങളും, നൈർമ്മല്യങ്ങളും വരെ ഓർമ്മപ്പെടുത്താൻ വന്നു പോവുന്നവരാണ്..

ചിരി പടർത്തുന്ന ചില ഓർമ്മനർമ്മങ്ങൾ ഉണ്ടിതിൽ . ” ശ്രീനിവാസനും പിണ്ണാക്കും ” എന്ന കുറിപ്പിൽ ശ്രീനിവാസൻ പരാമർശങ്ങൾ ചിലരുടെ ചിന്തകളിലെ വൈകല്യങ്ങളെ തുറന്നുകാട്ടുന്നുണ്ട്. അർഷാദ് അത് തന്നിലൂടെ തന്നെ എടുത്തുകാണിക്കുമ്പോൾ അത് കൂടുതൽ മിഴിവേകുകയും ചെയ്യുന്നു.. ശാരീരിക പരിമിതികൾ ഉയർത്തിക്കാട്ടി പരിഹാസം ചൊരിയുന്ന നാട്ടുനിഷ്കളങ്കതയെ വേർതിരിച്ചു കാണിക്കുമ്പോഴും പിന്നീട് ശ്രീനി തന്റെ സ്വന്തം സിനിമകളിലൂടെ ആ പരിമിതികളുടെ വിലമതിക്കാനാവാത്ത സാധ്യതയെ വിജയിപ്പിച്ചു കാണിക്കുമ്പോഴും നിർന്നിമേഷരായ കാണികളിൽ ഒരുവനാവാൻ കഴിഞ്ഞതിൽ സന്തോഷിക്കുകയും ചെയ്യുന്നുണ്ട് ഈ കഥാകാരന്റെ മനസ്സ്. അതിനെ ചേർത്താണ് തനിക്കു വന്നു ചേർന്ന പിണ്ണാക്ക് എന്ന അപരനാമത്തിന്റെ രസകരമായതും, അൽപ്പം വേദനിപ്പിക്കുന്നതായും തോന്നിപ്പിച്ച ആ ഓർമ്മത്തുണ്ട് വായനക്കാരന് വെച്ച് നീട്ടുന്നത്….
ഉമ്മയെന്ന സ്നേഹത്തിന്റെ , ത്യാഗത്തിന്റെ, ഓർമ്മപ്പെടുത്തലുകളുടെ ഉറവിടത്തിനെ പല ഓർമ്മകളിലും എടുത്തു പറയുന്നുണ്ട്. ഉമ്മയോളം വരില്ലൊരു രുചിയും, പെണ്ണെ നീ എനിക്കെന്ത് , ആ കടം തീരാൻ എത്ര കാലം കഴിയണം എന്നീ ജീവിതചിത്രങ്ങളിലൊക്കെ ഒളിഞ്ഞും തെളിഞ്ഞും ഉമ്മ വന്നുപോകുന്നുണ്ട്. ഈയടുത്ത കാലത്തു മാതൃഭൂമിയിൽ വന്ന ഉമ്മ കാണാത്ത തീവണ്ടി എന്ന കഥയിൽ ആ ഉമ്മയുടെ അതിമനോഹര ചിത്രം കണ്ട് വായനക്കാർ അത്ഭുതം കൊണ്ടിട്ടുണ്ട്. പ്രകൃതിയോട് താദാത്മ്യം പ്രാപിക്കുന്ന ഒരു ജീവസാന്നിധ്യമായ് ഉമ്മ മാറുമ്പോൾ കഥയുടെ നേരിയ അതിർവരമ്പുകളും പൊട്ടി അതൊഴുകുകയാണ് .
അതുല്യ കഥാകൃത്ത് ശ്രീ ടീ വി കൊച്ചുബാവയോടൊപ്പം പങ്കിട്ട കുറച്ചേറെ നിമിഷങ്ങളെ ചേർത്തുവെച്ചിട്ടുണ്ട് ഇതിൽ. പെട്ടെന്ന് ഓട്ടം നിർത്തി പോവേണ്ടി വന്ന കൊച്ചുബാവ എന്ന കുതിരയുടെ ചില സ്നേഹസ്പർശങ്ങൾ നമ്മളും അനുഭവിച്ചറിയുന്നു…
ഓർമ്മകളെ കൈമാറ്റവും, പരീക്ഷയും ഒരു പെൺകുട്ടിയും എല്ലാം കൗമാരകാലത്തെ പല കുതൂഹലങ്ങളെയും വെളിച്ചത്തു കൊണ്ടുവരുന്നു. നമ്മളും ഒരു കുട്ടിയായി മറ്റൊരു സമ്മാനം നൽകാനായും,ഒന്ന് സ്വീകരിക്കാനായും വെമ്പൽ കൊള്ളുകയും ചെയ്യുന്നു…

മീനുകളുടെ ആകാശവും, പറവകളുടെ ഭൂമിയും

കഥയിലെ ജീവിതങ്ങൾ

ശ്രീ അർഷാദ് ബത്തേരിയുടെ “മീനുകളുടെ ആകാശവും, പറവകളുടെ ഭൂമിയും ” എട്ട് കഥകളുടെ ഒരു സമാഹാരം ആണ്. കഥ പറയുന്ന രീതിയ്ക്ക് പുതുമ അവകാശപ്പെടാൻ കഴിയുന്നു. പല കഥകളിലും കഥാകാരനും ഇടയ്ക്കിടെ മുഖം കാണിച്ചു പോവുന്നതായി അനുഭവപ്പെടും. മനുഷ്യബന്ധങ്ങളിലെ സകലവികാരങ്ങളും കഥകളിൽ കരകവിഞ്ഞൊഴുകുകയാണ് . സ്നേഹത്തിന്റെ, കരുണയുടെ , പകയുടെ പുഴകൾ കരകൾ തകർത്തൊഴുകുകയാണ്. ആദ്യത്തെ കഥയായ മനുഷ്യൻ എന്ന വൈറസ്സിൽ ഉദാത്തമായ സൗഹൃദത്തിനെ ഒരുവന്റെ വളർച്ചയുടെ പടവുകളിൽ ബലികഴിക്കുന്നതു കാണേണ്ടിവരുന്നു. വിവേകാനന്ദനും , ദത്തനും . ദത്തൻ വിവേകാനന്ദന്റെ തലയിൽ ചവിട്ടിയാണ് തന്റെ സിംഹാസനം ഉറപ്പിക്കുന്നത്. പിന്നീട് തനിക്കു ഭീഷണി ആവുന്ന വിവേകാനന്ദനെ വക വരുത്താൻ തുനിയുമ്പോൾ ദത്തൻ തന്നെ ഇല്ലാതാവുകയാണ്. സുഹൃത്തെന്നാൽ കൂടെ സഞ്ചരിക്കുന്ന ശത്രുവായി ഈ കഥയിൽ ചിത്രീകരിക്കപ്പെടുന്നു. ചതിയും വഞ്ചനയും കൂടപ്പിറപ്പാക്കിയ കഥാപാത്രങ്ങൾ പല കഥകളിലും കാണാം.

ജാരൻ എന്ന കഥയിൽ ജോസഫ് ഒരു സംശയരോഗിയാണ്.സംശയം മനസ്സിൽ രൂക്ഷമായി പടർന്നപ്പോൾ കാണുന്നവരൊക്കെ തെറ്റുകാർ. ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയാലുവായ ഇദ്ദേഹം ഒരു മുഴുക്കുടിയനായി മാറുകയാണ്. ഭാര്യയുടെ ഒരു ആവശ്യങ്ങളും നിറവേറ്റാൻ ആവാതെ ഇദ്ദേഹം സുഹൃത്തുക്കളെപ്പോലും സംശയത്തിന്റെ നിഴലിൽ ആക്കുകയാണ്. ഒടുവിൽ ഈ കഥ നേരിയ ചിരി മനസ്സിൽ പടർത്തി അവസാനിക്കുകയാണ് .

നാവ് എന്ന കഥ കഥയുടെ ചട്ടക്കൂടിൽ നിന്നും മാറി ഒരു തെരുവ്നാടകത്തിന്റെ തിരക്കഥ പോലെ തോന്നിപ്പിക്കുകയാണ്. ചുറ്റിലും നീണ്ടു വരുന്ന മനുഷ്യനാവുകൾ.വെറുപ്പിന്റെ ,വിദ്വേഷത്തിന്റെ , പകയുടെ ചോരത്തുള്ളികൾ തെറിപ്പിക്കുന്ന നാവുകൾ . ജോലിസ്ഥലത്തായാലും, സുഹൃത് വലയത്തിലായാലും കുറ്റങ്ങളും കുറവുകളും മാത്രം എണ്ണിയെണ്ണി പരിഹസിക്കുന്നവരും, പക തീർക്കുന്നവരും. അവസാനം ഇവയിൽ നിന്നൊക്കെ രക്ഷ സ്വന്തം കുടുംബത്തിൽ മാത്രം എന്ന് ഈ കഥ അടിവരയിട്ടു പറയുന്നു. കുടുംബ സുഖത്തിനു വേണ്ടി മാത്രം ജീവിക്കുക എന്ന ഗുണപാഠം ഈ കഥ നൽകുമ്പോൾ നമ്മൾ വെറും വ്യക്തികളായി മാത്രം ചുരുങ്ങിപ്പോവുന്നുണ്ടോ എന്നൊരു സംശയം ബാക്കിയാക്കുന്നു.

മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന കഥ ഒരു കുട്ടിക്കഥയായി വായിച്ചുപോവാവുന്ന തരത്തിൽ ആണ് എഴുതിയതെങ്കിലും വീടുകളിൽ തടങ്കലിലാവുന്ന ബാല്യത്തെ ഓർമ്മിപ്പിക്കുമ്പോഴും സ്വതന്ത്ര ജീവിതം ആഘോഷിക്കുന്ന മറ്റൊരു ബാല്യത്തെയും കൂട്ടിച്ചേർത്തു കാണിക്കുന്നുണ്ട്. പ്രകൃതിചൂഷണവും, പുഴയുടെ മരണവും എല്ലാം ഇതിൽ ഭംഗിയായി ചേർത്തുവെച്ചിട്ടുണ്ട്..

ഭൂതകാലത്തെ ഡയറിയിൽ പതിനാലാമത്തെ വയസ്സിൽ മരിച്ചുപോയ ഒരു കുട്ടിയുടെ ഫ്ലാഷ്ബാക്ക് ജീവിതം അവൻ തന്നെ പറയുന്നതായിട്ടാണ്. ജനിച്ചിരുന്ന കാലത്തെ ഒരധ്യാപകന്റെ കുത്തഴിഞ്ഞ ജീവിതത്തിൽ തുടങ്ങി ഒരച്ഛന്റെ മകളോടുള്ള കാമാസക്തിയിൽ വന്നെത്തി നിൽക്കുന്നു. ബന്ധങ്ങളിലെ വിള്ളലുകളും, ആത്മാർത്ഥയില്ലായ്മയും എല്ലാം ഇതിൽ തുറന്നുകാട്ടുന്നുണ്ട്.

കുതിരക്കാലുകൾ എന്ന കഥയിൽ സോഷ്യൽ നെറ്റ് വർക്കിനെ സ്പർശിച്ചു പോവുന്നുണ്ട്. ഫേസ് ബുക്ക് എന്ന സൗഹൃദ കൂട്ടായ്മയിലെ അർത്ഥമില്ലാത്ത ബന്ധങ്ങളെ കുറിച്ചും, ചാറ്റുകളിലെ കള്ളത്തരങ്ങളെ കുറിച്ചും എല്ലാം വിശദമായി പറയുന്നുണ്ട്. ഒരച്ഛന്റെയും മകന്റെയും ഇടയിൽ മാറി മാറി ചാറ്റുന്ന വിലാസിനി എന്ന അസംതൃപ്‍തജീവിതം നയിക്കേണ്ടി വരുന്ന സ്ത്രീയെയും വായിക്കുന്നു.

വിരൽത്തുമ്പിലെ നക്ഷത്രങ്ങൾ , വളരെ ചെറിയ മുഖം എന്നീ കഥകൾ കൂടി ഈ സമാഹാരത്തിൽ ഉണ്ട്. ബന്ധങ്ങളിലെ പൊരുത്തക്കേടുകൾ, ഭാഗ്യം തേടുന്ന പാഴ്ജീവിതങ്ങൾ എന്നിവയെ കുറിച്ചുള്ള ഒരു പഠനം പോലെ തോന്നിപ്പിക്കുന്നത് .
മൊത്തത്തിൽ ഒരു സുഖവായന പകർന്നു തരുന്നുണ്ട് ഈ അർഷാദ് കഥകൾ…

LEAVE A REPLY

Please enter your comment!
Please enter your name here