വിഷ്ണു വിജയന്‍
കാല, ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ആദ്യ കൊമേഴ്സ്യൽ ബിഗ് ബജറ്റ് അംബേദ്കറേറ്റ് സിനിമ.
ആദ്യം തന്നെ പറയട്ടെ ഇതൊരു രജനീകാന്ത് സിനിമയല്ല, പൂർണമായും പാ രഞ്ജിത്ത് ചിത്രമാണ്. രജനീകാന്ത് എന്ന ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള അഭിനേതാവിലൂടെ രഞ്ജിത്ത് തന്റെ രാഷ്ട്രീയം വീണ്ടും പറയുന്നു. സവർണ അവർണ ജീവിതങ്ങൾ തമ്മിലുള്ള രാമ – രാവണ യുദ്ധമാണ് ‘കാലാ’ കാഴ്ച വെക്കുന്നത്. വെളുപ്പിൻ്റെ പശ്ചാത്തലത്തിൽ, സവർണ ബിംബമായി രാമഭക്തനായ നാനാ പഠേക്കറുടെ ഹരിദേവ് അഭയൻകർ എന്ന വില്ലൻ കഥാപാത്രം. ചേരിയുടെ കീഴാളതയുടെ കറുപ്പിൻ്റെ പശ്ചാത്തലത്തിൽ ധാരാവി ജീവിതം നയിക്കുന്ന രജനിയുടെ ‘കരികാലൻ’.
തുടക്കം മുതൽ ഒടുക്കം വരെ സിംബോളിസത്തിൻ്റെ ഘോഷയാത്രയിലൂടെയാണ് രഞ്ജിത്ത് തൻ്റെ ശക്തമായ അംബേദ്കർ രാഷ്ട്രീയ നിലപാട് വീണ്ടും ആവർത്തിച്ചു പറഞ്ഞു വെക്കുന്നതിൽ കബാലിയേക്കാൾ ഒരുപാട് ദൂരം മുൻപിലാണ് കാലാ. സിനിമയിലുടനീളം കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലും, ഡയലോഗുകളിലും, വസ്ത്രത്തിലെ കളർ കോമ്പിനേഷനിലും, ചേരിയിലെ ദൃശ്യങ്ങളിൽ പലയിടങ്ങളിലായി കാണപ്പെടുന്ന പെരിയാറിൻ്റെയും, ഫൂലെയുടേയും, ബുദ്ധൻ്റെയും, അംബേദ്കറിൻ്റെയും ചിത്രങ്ങൾവഴി പോലും ആ രാഷ്ട്രീയം മുഴച്ചു നിൽക്കുന്നുണ്ട്.
അശോക ചക്രം പതിച്ച ജ്ഞാനോദയ ബുദ്ധ വിഹാരത്തിന് മുൻപിൽ നിന്ന് അതിജീവന സമരത്തിന് ആഹ്വാനം മുഴക്കുന്ന കരികാലൻ. രാമായണത്തിലെ യുദ്ധ കാണ്ഡത്തിൽ മുഴുകി അക്രമത്തിന് ആഹ്വാനം നൽകുന്ന വില്ലൻ കഥാപാത്രം. കാൽ തൊട്ടു വന്ദിക്കുന്നതല്ല കൈകൊടുക്കുന്നതാണ് Equality എന്ന് പറഞ്ഞ് സിനിമകൾവഴി പോലും നിലനിർത്തി പോരുന്ന സവർണ പൊതുബോധത്തെ ജനാധിപത്യത്തിന്റെ മര്യാദകളാൽ തിരുത്തുന്നുണ്ട് രഞ്ജിത്ത്.
മഹാരാഷ്ട്രയിലെ (പൂനെ – മുംബൈ) ഭീമ കോറിഗണിൽ ദളിത് സംഘടനകൾക്കെതിരെ ഈ ജനുവരിയിൽ സംഘപരിവാർ ആക്രമണത്തെ തുടർന്നുണ്ടായ ദളിത് പ്രതിരോധ പോരാട്ടത്തെ ദേശീയ മാധ്യമങ്ങളടക്കം പലപ്പോഴും വിലയിരുത്തിയത് ക്രിമിനൽ അക്രമമായാണ്. അത്തരത്തിൽ ഒന്ന് സിനിമയിലുണ്ട്, ചേരി നിവാസികളുടെ അതിജീവന സമരത്തെക്കുറിച്ചുള്ള ചാനൽ റിപ്പോർട്ടറുടെ ചോദ്യത്തിന് മുംബൈയിലെ മധ്യവർഗ ജനങ്ങൾ നൽകുന്ന മറുപടി അവർ ക്രിമിനലുകളാണെന്നും, അവർ മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിൻ്റെയും കണക്കുകളുമാണ്.
കാലായുടെ നിർമ്മാണത്തിനിടയിലാണ് ചെന്നൈയിലെ ചേരികളിലെ കുട്ടികൾക്കായി ജാതിയില്ലാ കൂട്ടം (Castles collective) എന്നൊരു മ്യൂസിക് ബാൻ്റിന് അദ്ദേഹം രൂപം നൽകിയത് അത്തരം ജീവിതങ്ങളെ അടുത്തറിയുന്ന രഞ്ജിത്ത് വളരെ കൃത്യമായി കീഴാള ജനതയോടുള്ള ഇന്ത്യൻ സവർണ മധ്യവർഗത്തിന്റെ കാഴ്ചപ്പാട് കാലായിൽ അവതരിപ്പിക്കുന്നുണ്ട്. വർണാഭമായ ക്ലൈമാക്സ് സീനിൽ കറുപ്പിൽ, ചുവപ്പിൽ, നീലയിലൂടെ ഈ രാജ്യത്ത് സംഭവിക്കേണ്ട അതിജീവന പോരാട്ടങ്ങളെ അയാൾ അതിവിദഗ്ധമായി പറഞ്ഞു നിർത്തുന്നു. പാ രഞ്ജിത്ത് നിങ്ങൾ ഒട്ടും നിരാശപ്പെടുത്തിയില്ല.