ജോസഫ്‌ എന്ന മനുഷ്യൻ

1
1376

സച്ചിന്‍ എസ്. എല്‍ 

58 കാരനായ ജോസഫ്‌ എന്ന റിട്ടയേർഡ്‌ പോലീസുകാരന്റെ വളരെ കാറ്റസ്ട്രോഫിക്കൽ (Catastrophe) ആയ ഒരു ജീവിതത്തിന്റെ തുറന്ന് കാട്ടലാണ്  എം. പദ്മകുമാർ സംവിധാനം ചെയ്ത ‘ജോസഫ്‌’. ഒറ്റപ്പെടലിന്റെ അലസത നിറഞ്ഞ ജീവിതചര്യകൾക്കൊപ്പം അത്തരത്തിലൊരവസ്ഥയുടെ ഭീകരത കൂടി വ്യക്തമാക്കുന്നുണ്ട്‌ ആ ജീവിതം.

അയാളെ ചുറ്റിപ്പറ്റിയെപ്പോഴുമുള്ള കുറച്ച്‌ കൂട്ടുകാർ രാഘവനും, റഫീഖും, പത്രോസും, സുധിയും പിന്നെ പീറ്ററും. ഒന്നും തടസ്സപ്പെടുത്താത്ത ഈ സൗഹൃദങ്ങളുടെ ബന്ധനം സിനിമയിലെ ഏകപ്പെട്ട സന്തോഷചിത്രങ്ങളാണ്.

ജോസഫ്‌ ഒരന്വേഷണമാണ്. പോലീസ്‌ ഡിപ്പാർട്ട്മെന്റിലെ കേസ്‌ ഫയലുകളിൽ തെളിയാതെ കിടക്കുന്ന കേസുകളിലേക്കല്ല, മറിച്ച് അയാളുടെ ജീവിതത്തിലേക്ക്‌ തന്നെ. അകന്നു താമസിക്കുന്ന ഭാര്യയെക്കുറിച്ചുള്ള നല്ല ഓർമ്മകളുള്ള ഒരു ഭർത്താവും മരിച്ച്‌ പോയ മകളെ ഓർത്ത്‌ വിങ്ങുന്ന ഒരു അച്ഛനും അതിലെല്ലാമുപരി ജീവിതത്തിൽ ഒറ്റയായിപ്പോയ ഒരു മനുഷ്യനുമായ ജോസഫ്‌ എന്നൊരു പഴയ പോലീസുകാരൻ.

ജോജു ജോർജ്ജ്‌ എന്ന നടൻ പരിമിതികളോടെ മലയാള സിനിമയിലേക്ക്‌ വന്നയാളാണ്. ഇക്കാലമത്രയും ചെറിയ റോളുകളിൽ ഒതുങ്ങിയ ആ മനുഷ്യൻ ജോസഫിലേക്ക്‌ നടത്തിയ പരകായ പ്രവേശം ഏറെ പ്രശംസനീയമാണ്. ജോസഫിന് സങ്കീർണതകളുണ്ടായിരുന്നു. ‘മാൻ വിത്ത്‌ എ സ്കാർ’ എന്ന സബ്‌ ടൈറ്റിൽ ഒരു നാമ വിശേഷണം പോലെ എടുത്ത്‌ പറയേണ്ടിയിരിക്കുന്നു. മുറിവേറ്റ മനുഷ്യൻ എന്ന് പറയുന്നതിനേക്കാൾ, മനസ്സിൽ ഉണങ്ങാത്ത മുറിവുകൾ പേറി നടക്കുന്ന ഒരു മധ്യവയസ്കനാണയാൾ. പഴയ പോലീസുകാരൻ ആയതിനാൽ നീറുന്ന മനസ്സിനെ ഉള്ളിലൊളിപ്പിച്ച്‌ നടന്ന അയാൾ അത്തരത്തിലൊരു കാടൻ രൂപവും കൈക്കൊണ്ടു. ആ മുഖം ചിരി മറന്നുവോ എന്ന് പലപ്പോഴും തോന്നിപ്പോവും.

സർവ്വീസിൽ തന്റെ കൂടെ ഉണ്ടായിരുന്നവരാണിന്നും ജോസഫിന്റെ കൂട്ടുകാർ. മിക്കസമയവും അയാൾ അവരുടെ ഒപ്പം തന്നെയാണ്. രാത്രിയിൽ തന്റെ വീട്ടിനകത്ത്‌ ഒറ്റയ്ക്കാകുമ്പോൾ ആ പഴയ ഓർമ്മകൾ തന്നെയാണയാൾക്ക്‌ കൂട്ട്‌. ഓർമ്മകളിലേക്ക്‌ ശരവേഗം പാഞ്ഞെത്താൻ അയാൾക്കൊരു സഹായിയുമുണ്ട്‌. തന്നെ ഓർമ്മകളിലേക്കെത്തിക്കുന്ന റോക്കറ്റ്‌ ആണ് താൻ വലിച്ച്‌ കാവടിയാടുന്ന കഞ്ചാവ്‌ എന്ന് അയാൾ പറയുന്നുണ്ട്‌. ജോസഫ്‌ വീടിനകത്ത്‌ കൂടുമ്പോൾ അയാൾക്ക്‌ അസ്വസ്ഥതയുണ്ട്‌. ലഹരിപ്പുറത്താവുമ്പൊ അതയാൾക്ക്‌ ഓർമ്മകൾ പകരും എന്ന ബോധ്യത്തിൽ മദ്യവും ബീഡിയും അയാളുടെ അരുമകളായി മാറുന്നു. അപ്പൊഴൊക്കെ ജീവിതത്തിലെന്നോണം സ്ക്രീനിലും അയാൾ ഒറ്റയ്ക്കാണ്. ജോസഫിന്റെ ഓർമ്മകൾ കഥ പറയുമ്പോൾ തിയേറ്ററിൽ കണ്ടിരിക്കാൻ പ്രേക്ഷകർ ഉണ്ടെങ്കിലും ആ ഒറ്റപ്പെടൽ ഒരുപക്ഷേ നമ്മെയും ഭീതിയിലാഴ്ത്തും. ജോജു എന്ന നടൻ ആ സന്ദർഭങ്ങളിൽ കാഴ്ചവെച്ച അഭിനയപാടവം വർണ്ണിക്കാൻ വാക്കുകൾ മതിയാകാതെ പോകും.

ജോസഫിന്റെ പ്രണയവും വേദനകളും നീറ്റലും നിസ്സംഗതകളും എല്ലാറ്റിലുമുപരി ആ ജീവിതവും സൂക്ഷ്മമായി രേഖപ്പെടുത്തുന്ന അഭിനയമുഹൂർത്തങ്ങൾ നിരവധിയുണ്ട് ചിത്രത്തിൽ. മധ്യവയസ്കനായ ഒരാളുടെ ശരീരഭാഷയൊക്കെ അത്ര ലളിതമായാണ് ജോജു ആവിഷ്ക്കരിക്കുന്നത്.

യുവാവായിരിക്കെ അയാൾക്കുണ്ടായ പ്രണയനഷ്ടത്തിൽ നിന്ന് അയാൾ മോചിതനാകുന്നുണ്ട്‌. പിന്നീടൊരു കേസന്വേഷണം ജോസഫ്‌ എന്ന കുടുംബനാഥന്റെ ബന്ധങ്ങളെ എത്രത്തോളം ഉലച്ചു എന്നത്‌ സിനിമയിൽ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്‌. പിരിയാൻ തീരുമാനിച്ച ഭാര്യയോട്‌ “കുഞ്ഞിനെ എന്നെ ഏൽപ്പിക്കണം” എന്ന് മാത്രമേ അയാൾ ആവശ്യപ്പെട്ടുള്ളൂ. തനിക്കിനി ജീവിതത്തിലേക്ക്‌ ഒരു തിരിച്ച്‌ വരവ്‌ ഇല്ല എന്നുറച്ച്‌ വിശ്വസിച്ചിരുന്നു ജോസഫ്‌. അതേസമയം പൂർവ്വകാലത്ത്‌ എത്ര കരുതലോടെയും സ്നേഹത്തോടെയുമാണ് അയാൾ തന്റെ ഭാര്യയോട്‌ പെരുമാറിയത്‌ എന്നതും പിന്നീട്‌ ആ ബന്ധത്തിന് വരുന്ന വിള്ളലും കണ്ണീരോടെയല്ലാതെ ആർക്കും കാണാൻ പറ്റില്ല.

സിനിമ കൈകാര്യം ചെയ്യുന്ന വിഷയം ഏറെ ശ്രദ്ധേയമാണ്. കാലികം. അവസാനഘട്ടത്തിൽ മാത്രം മനസ്സിലാകുന്ന ഒരു സമൂഹ വിപത്തിനെ അല്ലെങ്കിൽ ഭീഷണിയെ അപ്രകാരം മാത്രം അവതരിപ്പിച്ച്‌ സിനിമയിലുടനീളം ജോസഫ്‌ എന്ന വ്യക്തിയിൽ പൂർണമായും കേന്ദ്രീകൃതമായി മുന്നോട്ട്‌ പോകുന്ന രീതിയാണ് സംവിധായകൻ പത്മകുമാർ അവതരിപ്പിച്ചത്‌. അദ്ദേഹം ലക്ഷ്യം വെച്ചതും ജോസഫ്‌ എന്ന പോലീസുകാരന്റെ കഥയായിരുന്നു. വിശ്രമ ജീവിതത്തിലെങ്കിലും ജോസഫിനെ വേണ്ടവർ ഇന്നും പോലീസിലുണ്ട്‌. അയാൾ ഒരു സഹായിയാണ്. അനുഭവ സമ്പത്തുള്ള ഒരു പോലീസുകാരൻ എന്ന നിലയിൽ പലപ്പോഴും പല കേസുകളിലും ഡിപ്പാർട്മെന്റിനെ സഹായിക്കുന്നു. കൂട്ടുകാരല്ലാതെ അയാളുടെ സഹായി പണ്ടെങ്ങോ അയാൾ തന്നെ പിടിച്ചുപദേശിച്ച്‌ നന്നാക്കിയ ഒരു കള്ളനാണ്. ഏറെ മാനുഷിക മൂല്യങ്ങൾ കൈമുതലായുള്ള വ്യക്തിയാണ് ജോസഫ്‌ എന്നുള്ളത്‌ ഈ കാര്യം അടിവരയിടുന്നു. അതിന്റെയെല്ലാം ബാക്കിപത്രമെന്നോണമാണ് മരണാനന്തരം അയാൾക്ക്‌ ലഭിക്കുന്ന  പോലീസ്‌ ബഹുമതി.

തന്റെ മകളുടെ ഹൃദയം മാറ്റി വെച്ചു എന്ന് പറയപ്പെട്ട പെൺകുട്ടിയെ സന്ദർശിച്ച്‌ മടങ്ങാൻ നേരം കയ്യിൽ കരുതിയ കാശ്‌ ഏൽപ്പിക്കുമ്പോൾ ജോസഫ്‌ പറയുന്നുണ്ട്‌. “എന്തേലും ആവശ്യം ഉണ്ടെങ്കിൽ മടിക്കരുത്‌. എനിക്ക്‌ വേറെ ആരും ഇല്ല” എന്ന്. പിന്നീട്‌ ആ കുട്ടിയുടെ മരണവാർത്ത കൂടി കേട്ടതോടെ അവളെ കാണാൻ കൂട്ടാക്കാതെ എന്തോ തീരുമാനിച്ചുറച്ച്‌ അയാൾ വീട്ടിൽ ചെല്ലുന്നു. താനേറ്റവും ഇഷ്ടപ്പെട്ട തന്റെ മകളുടെ ഹൃദയമിടിപ്പ്‌ ദൂരെയെങ്കിലും ഉണ്ടല്ലോ എന്ന അയാളുടെ ആശ്വാസത്തിനേറ്റ മുറിവിൽ തന്റെ ചില ദൗത്യങ്ങളെപ്പറ്റി അയാൾ മനസ്സിലാക്കുന്നു. സ്വന്തം ശരീരം തെളിവായി സമർപ്പിക്കാൻ തീരുമാനിച്ച ആ ദിവസം കൃത്യമായ ദിനചര്യകൾ പാലിച്ച്‌ കാലത്തേ തന്നെ പുറപ്പെടുന്ന അയാൾ അവസാനമെന്നാണം അക്കാലമത്രയും ഓർമ്മകളോടൊപ്പം തന്നെ വിഹരിക്കാൻ സമ്മതിച്ച ആ വീടിനെ സന്തുഷ്ടനായി ഒന്ന് നോക്കുന്നുണ്ട്‌. പുഞ്ചിരിയോടെ നടന്നകലുന്ന ജോസഫിന്റെ മുഖം ഏതൊരു പ്രേക്ഷകന്റെയും മനസ്സിൽ നിന്ന് അത്ര പെട്ടെന്ന് മായുമെന്ന് കരുതുന്നില്ല.

റേറ്റിംഗ്‌ : 3.6/5

1 COMMENT

  1. […] ജോസഫിലെ അഭിനയത്തിലൂടെ ആരാധകരെ ഞെട്ടിച്ച ജോജുവാണ് മികച്ച സ്വഭാവ നടൻ. ജോജുവിന്റെ ‘ചോല’യിലെ പ്രകടനവും അവാർഡിന് പരിഗണിക്കപ്പെട്ടു. […]

LEAVE A REPLY

Please enter your comment!
Please enter your name here