ഗിരീഷ് വർമ്മ
സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയേക്കാൾ ഭയാനകം.. (കുമാരനാശാൻ )
അർത്ഥവത്തായ ഈ വരികൾക്ക് സമാനമായ ജീവിതം ഒരു കൊടും ദുരിതകാലമായി അനുഭവിക്കേണ്ടി വരുന്ന അനേകരീ ഈ ലോകത്ത് ജീവിച്ചു പോവുന്നുണ്ട്. കോളനിവാഴ്ച കാലങ്ങളിൽ നമ്മൾ ജനിച്ചയിടങ്ങളിൽ അനുഭവിച്ച പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകമായിരുന്നു. അതിൽ തന്നെ ജീവിതം ഹോമിക്കപ്പെടേണ്ടി വന്നവരും അനവധി . അത്തരം ദുരിതവാഴ്ചകൾ ഇന്നും ഈ ലോകത്തു നിന്നും മാഞ്ഞുപോയിട്ടുമില്ല. സ്വന്തം രാജ്യത്ത് ജനാധിപത്യ സംവിധാനത്തിൽ പോലുമിന്ന് സ്വാതന്ത്ര്യം അന്യമായിക്കൊണ്ടിരിക്കയാണ്. ജീവിതത്തിന്റെ എല്ലാ മേഖലയിലും കടന്നുകയറി ആധിപത്യം സ്ഥാപിച്ച് മതമേലാളന്മാർ അധികാരം കൈയാളി ജനകോടികളെ വരിഞ്ഞുമുറുക്കി ജീവച്ഛവമാക്കുന്നതും ഇന്നത്തെ കാഴ്ച. സർവ്വസ്വാതന്ത്ര്യം വിശാലമായ ഈ ഭൂമിയിൽ ഇനി നിഷേധിക്കപ്പെട്ട ഒരു അവസ്ഥയായി മാറും. മതങ്ങളാൽ വേർതിരിക്കപ്പെട്ട ജനസഞ്ചയങ്ങളായ് അന്യരാക്കപ്പെട്ട ഒരു പുതിയ തരം മനുഷ്യവർഗ്ഗം ഉടലെടുത്തു കഴിഞ്ഞിരിക്കുന്നു.പാരതന്ത്ര്യം സുഖപ്രദമായി അനുഭവിക്കുന്ന ഒരു പുതിയ തലമുറ….
മുകളിൽ പറഞ്ഞത് ഒരു സമൂഹമോ, ഒരു രാജ്യത്തെ മൊത്തം ജനങ്ങളോ അനുഭവിക്കുന്ന പാരതന്ത്ര്യത്തെ കുറിച്ചാണെങ്കിൽ ഇവിടെ ഒരു വ്യക്തി അനുഭവിച്ച തടവറയിലെ ദുരനുഭവങ്ങളാണ് പറയാനുള്ളത്. രണ്ടിനും സാമ്യം കാണാൻ കാരണം മറ്റൊരുവന്റെ തെറ്റിനാൽ,ദുഷ്ടലാക്കാൽ, പ്രവർത്തിയാൽ ദുരിതമനുഭവിക്കേണ്ടി വരുന്ന നിരപരാധികൾ ….
മറ്റുള്ളവരുടെ അനുഭവങ്ങൾ അറിയാനുള്ള അഭിവാഞ്ജ മനുഷ്യരിലേവരിലേയും ഉള്ളിലെ അടങ്ങാത്ത വികാരമാണെന്നു പറയാതെ വയ്യ. പുസ്തകങ്ങളിൽ തന്നെ ആത്മകഥകളും ജീവചരിത്രങ്ങളും കണ്ടമാനം വിറ്റു പോകുന്നതും കുറെയൊക്കെ ഇതുതന്നെ കാരണം. സഹജീവികളുടെ ജീവിതത്തിലെ അറിയാത്ത ഏടുകൾ അവർ നമുക്കായി മറിക്കുമ്പോൾ ധൃതി പിടിച്ചു വായിക്കുന്ന നമ്മിലും ഉണ്ടോ അദൃശ്യമായ രസികത്വം !
ശ്രീ ജയചന്ദ്രൻ മൊകേരിയുടെ “തക്കിജ്ജ-എന്റെ ജയിൽജീവിതം ” എന്ന പുസ്തകത്തിൽ ഏകദേശം പത്തു മാസത്തോളം മാലിദ്വീപിലെ തടവറയ്ക്കുള്ളിൽ തന്റേതല്ലാത്ത കുറ്റത്താൽ അടയ്ക്കപ്പെട്ട് ശാരീരികമായും മാനസികമായും വല്ലാത്ത പീഡനം അനുഭവിക്കേണ്ടി വന്നതിന്റെ വിവരങ്ങളാണുള്ളത് .ഒരാൾ തന്റെ മരുഭൂ ജീവിതാനുഭവം ബെന്യാമിൻ എന്ന എഴുത്തുകാരനോട് പറഞ്ഞപ്പോൾ അതിൽ നിന്നും ഒപ്പിയെടുത്ത് “ആടുജീവിതം”എന്ന നോവൽ പിറക്കുകയുണ്ടായി.മറ്റൊരുവന്റെ വേദനകളോട് താദാദ്മ്യം പ്രാപിക്കുക എന്നതും മനുഷ്യസഹജമായ അതുല്യതയാണ് , അമൂല്യമായതും. വിവേകം വിരുദ്ധമായി പ്രവർത്തിക്കുന്ന ഏക ജീവിവർഗ്ഗം ആവും മനുഷ്യവർഗ്ഗം. അടിച്ചമർത്തലും. കീഴ്പ്പെടുത്തലും എല്ലാ ജീവജാലങ്ങളിലെ ജീനുകളിലും പടർന്നുകയറി സ്ഥിരപ്രതിഷ്ഠ നേടിയ വികാരമാണ് .വിവേകമുള്ള മനുഷ്യൻ ഭക്ഷണത്തിനു വേണ്ടിയും, ജീവൻ നിലനിർത്തുന്നതിന് വേണ്ടിയും ഉള്ള കടന്നുകയറ്റത്തിനപ്പുറം മറ്റെന്തൊക്കെയോ അജണ്ടകളിലൂടെ ഓരോ രാഷ്ട്രത്തിന്റെ ഇല്ലാത്ത വേലിക്കെട്ടുകൾക്കിപ്പുറമിട്ടും മനുഷ്യസ്വത്വത്തെ ഞെരിച്ചമർത്തുകയാണ്. ഓരോ രാജ്യത്തിൻറെ നിയമാവലികൾ സാക്ഷിയാക്കി നടത്തുന്ന നഗ്നമായ നിയമലംഘനങ്ങൾ എന്ന് പറഞ്ഞാലും തെറ്റില്ല. മനുഷ്യത്വപരമായ സമീപനങ്ങൾ ഇല്ലാത്ത നിയമങ്ങൾ. മാലിയിലെ ജയിലിലേയ്ക്ക് ശ്രീ ജയചന്ദ്രൻ എത്തപ്പെടുന്നതും ചിലരുടെ കുതന്ത്രങ്ങൾ നിമിത്തമാണ്. എന്നിട്ടും പരാതി പിൻവലിച്ചിട്ടും മാലിയിലെ കടും നിയമങ്ങൾ കാരണം ശ്രീ ജയചന്ദ്രന് മാലിയിലെ ജയിലിൽ നിന്നും പുറത്തിറങ്ങാൻ പിന്നെയും നാളുകൾ കഴിയേണ്ടി വന്നു എന്നതിൽ നിന്ന് തന്നെ അവിടുത്തെ കാടത്ത നിയമത്തെ തിരിച്ചറിയാൻ കഴിയുന്നുണ്ട്.
മാലി ദ്വീപിലെ ഒരു സ്കൂളിൽ അധ്യാപകനായിരുന്നുജയചന്ദ്രൻ. ക്ലാസ്സ് മുറികളിൽ കുട്ടികൾക്ക് സർവ്വ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്ന ഒരു സമ്പ്രദായം തന്നെ പ്രാകൃതമായ ചിന്തകൾ വെച്ച് പുലർത്തുന്ന ഒരു സമൂഹത്തിന്റെ പ്രതിഫലനമാണെന്നു പറയാതെ വയ്യ. സ്കൂളുകളിൽ നിന്നും, ഗുരുമുഖങ്ങളിൽ നിന്നും സംസ്കൃതിയുടെ ആദ്യപാഠങ്ങൾ മനസ്സിലാക്കി ജീവിതത്തിലേക്ക് കാലൂന്നേണ്ട പ്രായത്തിൽ അവരുടെ വളർച്ചയെ തന്നെ ഇല്ലാതാക്കുന്ന നിയമങ്ങൾ സ്കൂളുകളിൽ പോലും നിലനിർത്തിപ്പോരുന്ന അവസ്ഥയെ നമുക്കൊന്നും മനസ്സാ പോലും സ്വീകരിക്കാൻ ആവാത്തത്. പഠിപ്പിക്കുക എന്നത് മാത്രം അധ്യാപകന്റെ ചുമതല, പഠിക്കണോ എന്നത് വിദ്യാർത്ഥിയുടെ അവകാശം എന്നത് ആണത്രേ അവിടുത്തെ സമ്പ്രദായം.. ചിരിക്കാതെന്തു ചെയ്യും. ശിക്ഷിക്കാൻ പാടില്ല. ശരീരത്തിൽ തൊടാൻ പാടില്ല. അണിഞ്ഞ ഡ്രസ്സിൽ തൊട്ടാൽ അതായത് ആൺകുട്ടിയുടെ ട്രൗസറിൽ തൊട്ടാൽ പോലും ലൈംഗിക പീഡനമായി ചിത്രീകരിക്കുന്ന ഒരു രാജ്യത്തെ നിയമത്തെ തൊഴുതു നമസ്കരിക്കേണ്ടി വരുന്നു. ഒരു വികൃതി പയ്യനെ പിൻഭാഗത്തൊന്നു പതിയെ അടിച്ചതിനാണ് ഒരധ്യാപകൻ പത്തുമാസത്തോളം ജയിലിൽ കിടക്കേണ്ടി വന്നത് എന്നതോർക്കണം.
കുട്ടിയുടെ ചതിയിൽ വീട്ടുകാർ പരാതിപ്പെട്ടപ്പോൾ സ്കൂൾ അധികൃതരും കൂട്ടുനിന്നു. പിന്നീടത് അറസ്റ്റിലേക്ക് വഴിവെക്കുകയും ധൂണിതു, മാലെ ജയിലുകളിലെ അതി ദയനീയ ജയിൽ വാസത്തിലേക്കു മാറ്റപ്പെടുകയും ചെയ്തു. ജയിലിലേക്ക് മാറ്റപ്പെട്ടപ്പോൾ തന്നെ തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി കുട്ടിയുടെ മാതാപിതാക്കൾ പരാതി പിൻവലിച്ചിരുന്നു. സ്കൂൾ അധികൃതരും പരാതിപെട്ടില്ല എന്നിട്ടും ജയിൽവിമോചിതനാവാൻ മാസങ്ങൾ കഴിയേണ്ടി വരുന്നു. അവിടെ വെച്ച് സഹവാസികളായ മറ്റുള്ളവരുമായി ഇദ്ദേഹം ഉണ്ടാക്കിയെടുക്കുന്ന ബന്ധങ്ങൾ വർണ്ണനാതീതമാണ്. രാജേഷ്, കെൻ, മജീദ് , അബു ഉബൈദ്, വാഹിദ്, അലി, അങ്ങിനെ നിരപരാധികളുടെ ഒരു സംഘം തന്നെ ഉണ്ട് ഇത്തരം ജയിലുകളിൽ . ചെയ്യാത്ത തെറ്റിന് അല്ലെങ്കിൽ മറ്റൊരാൾ ചെയ്തതിനു ശിക്ഷ അനുഭവിക്കുന്നവർ. മയക്കുമരുന്ന് നിരോധിത രാജ്യമായിട്ടും ഏറ്റവുമധികം തെറ്റുകുറ്റങ്ങൾ അരങ്ങേറുന്നതും മയക്കുമരുന്നുപയോഗത്തിലൂടെ എന്നതും നിർഭാഗ്യകരം. മയക്കുമരുന്ന് കയ്യിൽ വെച്ചതിനും, വിറ്റതിനും ശിക്ഷ അനുഭവിക്കുന്നവർ ഏറെ. അതിനൊക്കെ നീണ്ട ശിക്ഷാകാലം നൽകുന്നുണ്ടെങ്കിലും … സ്ത്രീകളുടെ നേരെയുള്ള അതിക്രമത്തെ കടുത്ത രീതിയിൽ നേരിടുന്ന രാജ്യം തന്നെയാണ് മാലിദ്വീപെങ്കിലും അത്തരം ക്രൂരചെയ്തികൾ നടമാടുന്നതും സ്ഥിരമാണത്രെ!.
ഇതിനെല്ലാം പിന്നിൽ മയക്കുമരുന്നിന്റെ ഉപയോഗം തന്നെ . ജയിൽ വാസത്തിനിടയിലെ തിക്താനുഭവങ്ങൾ എഴുതിയിരിക്കുന്നത് ഏറിയ ഹൃദയമിടിപ്പോടെയേ വായിച്ചു തീർക്കാനാവുള്ളൂ.. വൃത്തികെട്ട ഭക്ഷണം,ജയിലറയിലെ മോശം അന്തരീക്ഷം , പ്രാകൃതരായ സഹജീവികളുടെ കോപ്രായങ്ങൾ എന്നിവ ഒരു മനുഷ്യനെ എത്രത്തോളം തളർത്താമോ അത്രത്തോളം… മാലി ദ്വീപിലെ ജയിലിൽ വെച്ചാണ് ഇദ്ദേഹത്തിന് പുസ്തകങ്ങൾ വീണ്ടും വായിക്കാൻ അവസരം ലഭിക്കുന്നത്. ഇത് പറയാൻ കാരണം അത്തരം കടുത്ത ഏകാന്തതയിൽ , ജീവിതം അരക്ഷിതാവസ്ഥയെ നേരിടുന്ന ആ സന്നിഗ്ദ ഘട്ടത്തിലും പുസ്തകങ്ങൾ വലിയ ആശ്വാസമാവുന്ന അനുഭവം …. അക്ഷരങ്ങളുടെ മാസ്മരിക ശക്തി അതനുഭവിച്ചവനെ അറിയൂ. മരുന്നിനേക്കാൾ ഗുണം ചെയ്യുന്നത്. ശാരീരികമായും, മാനസികമായും അനുഭവിച്ച വേദനകളിൽ നിന്നെല്ലാം ഉള്ള മുക്തി അക്ഷരങ്ങൾ നല്കിയതറിഞ്ഞപ്പോൾ അഭിമാനം തോന്നി.
എല്ലാ പീഡാനുഭവങ്ങളിൽ നിന്നും ഒടുക്കം മോചിതനാവുകയാണ്. ഒരു കാര്യം കൂടി പറയാതെ വയ്യ. ഇന്ത്യൻ എംബസികൾ ചെയ്യുന്ന “സംഭാവനകളെ” കുറിച്ച്. ഗ്രന്ഥകർത്താവ് തന്നെ അതിൽ വിശദമായി പറഞ്ഞിട്ടുണ്ട് എംബസി ഉദ്യോഗസ്ഥരുടെ സമീപനങ്ങൾ, അവർ ജയിലിൽ വരുമ്പോൾ ഇന്ത്യൻ തടവുകാരോട് അവരുടെ മോശം പെരുമാറ്റങ്ങൾ എല്ലാം.. വിങ്ങുന്ന മനസ്സുകൾക്ക് സാന്ത്വനമാവുന്നതും ഇല്ല പോരാത്തതിന് നിരുത്തരവാദപരമായ പ്രവർത്തികളിലൂടെ മാനസികമായി തളർത്തുകയും ചെയ്യുന്നു എന്നതും. രക്ഷാകർതൃത്വം ഏറ്റെടുക്കേണ്ടവർ, രാജ്യവുമായി ഇടനില നിൽക്കുന്നവർ ദുഷ് പ്രഭുക്കളെ പോലെ ആവുന്നതും ഖേദകരം തന്നെ. വിടുതൽ കിട്ടിയ നേരത്തു ജയചന്ദ്രൻ മുതിർന്ന എംബസ്സി ഉദ്യോഗസ്ഥനോട് നന്നായി കയർത്തു സംസാരിക്കുന്നുമുണ്ട്. അന്നത്തെ ബീജേപ്പീ സർക്കാരിലെ വിദേശകാര്യം കൈകാര്യം ചെയ്യുന്ന സുഷമ സ്വരാജിന്റെ ഇടപെടൽ മൂലമാണ് മോചനം സാധ്യമാവുന്നതും. ശ്രീ ജയചന്ദ്രന്റെ സഹധർമ്മിണിയും ഏറെ പ്രയത്നിക്കുന്നുണ്ട് , മുഖ്യമന്ത്രിയെ കാണലും, ദൽഹി വരെ പോകലും എല്ലാം…
മാലിദ്വീപിലെ ദിവേഹി ഭാഷയിൽ തക്കിജ്ജ എന്നതിനർത്ഥം പുറത്തേക്ക് എന്നാണത്രെ. ജയിൽ മുറിയിൽ വന്ന് ഉദ്യോഗസ്ഥർ ഒരാളുടെ പേര് ചേർത്ത് തക്കിജ്ജ എന്ന് പറഞ്ഞാൽ അയാളുടെ പുറത്തേക്കുള്ള സമയം ആയി എന്നർത്ഥം. ഒടുക്കം ജയചന്ദ്രൻ തക്കിജ്ജ എന്ന വാചകമായിരിക്കും എന്റെ സുഹൃത്ത് ശരിക്കും ആദ്യമായും, എന്നേക്കും കേട്ട മധുരശബ്ദം ….