ഐ. വി. ശശി അന്തരിച്ചു

0
466
iv sasi
iv sasi
iv sasi

ചെന്നൈ: പ്രശസ്ത സംവിധായകൻ ഐ.വി. ശശി (69) അന്തരിച്ചു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത ഐ.വി.ശശിയുടെ അന്ത്യം ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലായിരുന്നു. കാൻസർ ബാധിതനായിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടു സംവിധായകരിൽ ഒരാളാണ് ഐ.വി.ശശി. വാണിജ്യ സിനിമകളിൽ പുതുവഴി തെളിച്ച ഐ.വി. ശശി നടൻമാരെ സൂപ്പർ താരങ്ങളാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച സംവിധായകനാണ്. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ 2015ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി. മക്കൾ: അനു, അനി.

1968ൽ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയിൽ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ൽ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് എന്നിവ സ്വന്തമാക്കി. ഉത്സവം ആണ് ആദ്യചിത്രം. അവളുടെ രാവുകളിലൂടെ മലയാളത്തിലെ വിലയേറിയ സംവിധായകനായി.

ഇരുപ്പം വീട് ശശിധരൻ എന്നാണ് മുഴുവൻ പേര്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയശേഷമാണു സിനിമയിലെത്തിയത്. ഛായാഗ്രഹണ സഹായിയായി തുടങ്ങിയ ശശി പിന്നീട് സഹ സം‌വിധായകനായി. ഉത്സവത്തിനു ശേഷം റിലീസായ അവളുടെ രാവുകൾ മലയാള ചലച്ചിത്ര ചരിത്രത്തിലെ ഗംഭീര വിജയമായിരുന്നു. പിന്നീട് ജീവിത പങ്കാളിയായ സീമയെ കണ്ടുമൂട്ടുന്നത് അവളുടെ രാവുകൾ എന്ന സിനിമയിലൂടെയാണ്. ഏകദേശം മുപ്പതോളം സിനിമകളിൽ ഇവർ ഒരുമിച്ചു പ്രവർത്തിച്ചെന്ന റെക്കോർഡുമുണ്ട്.

അയൽക്കാരി (1976), ആലിംഗനം (1976), അഭിനിവേശം (1977), ഇതാ ഇവിടെ വരെ (1977), ആ നിമിഷം (1977), അന്തർദാഹം (1977), ഊഞ്ഞാൽ (1977), ഈ മനോഹര തീരം (1978), അവളുടെ രാവുകൾ (1978), ഇതാ ഒരു മനുഷ്യൻ (1978), വാടകയ്ക്ക് ഒരു ഹൃദയം (1978), ഞാൻ ഞാൻ മാത്രം (1978), ഈറ്റ (1978), അലാവുദ്ദീനും അത്ഭുതവിളക്കും (1979), അനുഭവങ്ങളേ നന്ദി (1979), ആറാട്ട് (1979), അങ്ങാടി (1980), കരിമ്പന (1980), അശ്വരഥം (1980), തൃഷ്ണ (1981), അഹിംസ (1981), ഈ നാട് (1982), ഇണ (1982), ജോൺ ജാഫർ ജനാർദ്ദനൻ (1982), അമേരിക്ക അമേരിക്ക (1983), ആരൂഢം (1983), അതിരാത്രം (1984), ആൾക്കൂട്ടത്തിൽ തനിയെ (1984), അടിയൊഴുക്കുകൾ (1984), കരിമ്പിൻ പൂവിനക്കരെ (1985), ആവനാഴി (1986), അടിമകൾ ഉടമകൾ (1987), അബ്കാരി (1988), മൃഗയ (1989), ഇൻസ്പെക്ടർ ബൽറാം (1991), കള്ളനും പൊലീസും (1992), ദേവാസുരം (1993), ഈ നാട് ഇന്നലെവരെ (2001) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളിൽ ചിലത്.

2009ൽ പുറത്തിറങ്ങിയ വെള്ളത്തൂവൽ ആണ് അവസാന ചിത്രം. പകലിൽ ഒരു ഇരവ് (1979), അലാവുദ്ദീനും അദ്ഭുതവിളക്കും (1979), ഒരേ വാനം ഒരേ ഭൂമി (1979), ഗുരു (1980), എല്ലാം ഉൻ കൈരാശി (1980), കാലി (1980), ഇല്ലം (1987), കോലങ്ങൾ എന്നീ ചിത്രങ്ങൾ തമിഴിലും ഹിന്ദിയിൽ നാലു ചിത്രങ്ങളും ഒരുക്കി.

LEAVE A REPLY

Please enter your comment!
Please enter your name here