കേരളത്തിലെ അന്താരാഷ്ട്രനാടകോത്സവം പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ് (ഇറ്റ്ഫോക് 2018.) ‘തിയേറ്റര്‍ ഓഫ് മാര്‍ജിനലൈസ്ഡ്’ (അരികുവൽക്കരിക്കപ്പെട്ടവരുടെ അരങ്ങ്) എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് പത്താമത് ഇറ്റ്ഫോക് വിഭാവനം ചെയ്തിട്ടുള്ളത്. ആഗോളീകരണത്തിന്‍റെ ആധുനികകാലത്ത് ഏത് മാറ്റങ്ങളും പ്രകടമാകുന്നത് കലയിലും സംസ്കാരത്തിലുമാണ്. ലോകം പുരോഗതിയിലേക്ക് അതിദ്രുതം മുന്നേറുന്പോൾ ആ വികസനത്തിന്‍റെ ഉപോൽപന്നമായി പ്രാന്തവൽക്കരിക്കപ്പെടുകയോ അന്യവൽക്കരിക്കപ്പെടുകയോ ചെയ്യുന്ന ചില ജീവിതങ്ങളുണ്ട്. അവര്‍ക്കും ചിലത് പറയാനുണ്ട്. അത് കേള്‍ക്കാൻ ഈ സമൂഹത്തിന് ബാദ്ധ്യതയുമുണ്ട്. ആ ശബ്ദങ്ങളെ ജനങ്ങളിലെ ത്തിക്കുന്ന മാധ്യമമാകുന്പോഴാണ് നാടകം എന്ന കലാരൂപം സാര്‍ഥകമാകുന്നത്. കേരളത്തിലെ അന്തര്‍ദേശീയ നാടകോത്സവം ഒരു ദശകം പൂര്‍ത്തിയാക്കുന്ന ഈ ഘട്ട ത്തില്‍ ആഗോളവത്കരണം അരികിലേക്ക് തള്ളിമാറ്റിയ ജീവിതങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയാണ്. 2018 ജനുവരിയില്‍ നടക്കുന്ന നാടകോത്സവ ത്തില്‍ പങ്കെടുക്കാൻ താല്‍പര്യമുള്ളവരില്‍ നിന്ന് കേരള സംഗീത നാടക അക്കാദമി അപേക്ഷകള്‍ ക്ഷണിയ്ക്കുന്നു. അന്താരാഷ്ട്ര നാടകോത്സവ ത്തിന്‍റെ വെബ്സൈറ്റായ www.theatrefestivalkerala.com വഴിയോ theatrefestivalkerala@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ കേരള സംഗീത നാടക അക്കാദമി, ചെന്പൂക്കാവ്, തൃശൂര്‍ 680 020, കേരളം. എന്ന തപാല്‍ വിലാസ ത്തിലോ അക്കാദമി ഓഫീസില്‍ നേരിട്ടോ ജൂലായ് 15 മുതല്‍ സെപ്തംബര്‍ 15 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാഫോമുകള്‍ വെബ്സൈറ്റില്‍നിന്നും തൃശൂരിലെ അക്കാദമി ഓഫീസില്‍നിന്നും ലഭ്യമാകും.