ബിലാൽ ശിബിലി
പ്രണവ് മോഹൻലാലിന്റെ രണ്ടാമത്തെ സിനിമ. സംവിധായകൻ അരുൺ ഗോപിയുടെയും. ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മോഹൻലാലിനെ മോഹൻലാൽ ആക്കിയ ഇരുപതാം നൂറ്റാണ്ടിനെ ഓർമ്മിപ്പിക്കുന്ന ടൈറ്റിൽ. ഒരധോലോക കഥയല്ലിതെന്ന് സബ് ടൈറ്റിലിൽ തന്നെയുണ്ട്. ഞാൻ അടിക്കാൻ വന്നതല്ലയെന്ന് നായകൻ തന്നെ ഇടയ്ക്ക് പറയുന്നുമുണ്ട്. അതൊക്കെ സംവിധായകനെടുത്ത മുൻകൂർ ജാമ്യമായിരുന്നുവെന്ന് നായകന്റെ ഇൻട്രോ കഴിഞ്ഞ് പത്ത് പതിനഞ്ച് മിനുട്ട് കൊണ്ട് തന്നെ ബോധ്യപ്പെടും.
അപ്പു എന്ന തന്‍റെ സ്വന്തം വിളിപ്പേരിൽ തന്നെയാണ് പ്രണവ് സിനിമയിൽ എത്തുന്നത്. സായ എന്ന പേരിൽ തന്നെയാണ് പുതുമുഖനടി സായ ഡേവിഡും പ്രത്യക്ഷപ്പെടുന്നത്. നായകന്‍റെ എർത്തും പുതുമുഖം. അഭിരവ് ജനൻ. മൂന്ന് പേരും നല്ല പൊരിഞ്ഞ പോരാട്ടമായിരുന്നു. ഏറ്റവും നല്ല ചളി ആരാണെന്ന മത്സരത്തിൽ. മക്രോണി എന്ന പേരിൽ എത്തുന്ന നായകന്റെ കൂട്ടുകാരനെങ്കിലും അത്യാവശ്യം അഭിനയിക്കുന്ന ഒരാളായിരുന്നുവെങ്കിൽ എന്ന് നമ്മൾ കൊതിച്ചു പോകും, ചളി അതിന്റെ മൂർധന്യാവസ്ഥയിൽ എത്തുമ്പോൾ.
‘ആദി’യിൽ പകച്ചു നിൽക്കുന്ന പ്രണവ് അപ്പുവിൽ എത്തുമ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷെ, നിസ്സംശയം പറയാം, നല്ല നടൻ എന്ന് വിളിക്കാൻ ഇനിയും ആയിട്ടില്ലെന്ന്. ഭാവം മുഴുവൻ നിസ്സംഗമാണ്. ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ അമ്പേ പരാജയവും.
ഗോവയാണ് ആദ്യഭാഗത്തിലെ കഥാപരിസരം. മനോജ് കെ ജയൻ അവതരിപ്പിക്കുന്ന ബാബ എന്ന കഥാപാത്രം ഗോവ വിറപ്പിച്ചിരുന്ന അധോലോക ഡോൺ ആയിരുന്നു എന്നൊക്കെയാണ് പറയുന്നത്. ബാബയുടെ മകനാണ് അപ്പു. തങ്ങളുടെ കടബാധ്യത തീർക്കാൻ അപ്പുവും ഡോൺ ആകണം എന്നാണ് ബാബയുടെ ആഗ്രഹം. പക്ഷെ, അപ്പുവിന് താല്പര്യമില്ല. അല്ലാത്ത ആവാൻ പറ്റാഞ്ഞിട്ടല്ല കേട്ടോ !
അവരുടെ ജീവിതത്തിലേക്ക് സായ എത്തുന്നു. അപ്പുവും മക്രോണിയും കൂടി സായയെ ഗോവ മൊത്തം ചുറ്റികാണിക്കുന്നു. ഒന്നു രണ്ടു പാട്ടുകൾ. ഗോവൻ തീരഭംഗി ഛായാഗ്രാഹകൻ അടിപൊളിയായി പകർത്തി എന്നതൊഴിച്ചാൽ ആ ഭാഗത്തും കാര്യമായി ഒന്നുമില്ല.
പ്രണയം ഉണ്ടെങ്കിൽ അത് കണ്ണുകളിൽ നിന്ന് വ്യക്തമാവുമെന്ന് സിനിമയിൽ ഡയലോഗുണ്ട്. പക്ഷെ, ഒരു സീനിലും നായകന്റെ പ്രണയതീവ്രത കാണിച്ചു തരാൻ പ്രണവിനോ അരുൺ ഗോപിക്കോ ആയിട്ടില്ല. ഒരു ലിപ് ലോക്ക് സീൻ ഒഴിച്ച്. ഒരു ട്വിസ്റ്റ് തന്ന് ആദ്യ പകുതി അവസാനിക്കുന്നു. വിരസം. ചളിനിർഭരം.
രണ്ടാം പകുതിയിൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൊണ്ട് കുറച്ചു പിടിച്ചു നിൽക്കുന്നുണ്ട്. ധര്‍മ്മജനും ബിജുക്കുട്ടനും അല്പം ആശ്വാസവുമായി വരുന്നുണ്ട്. പോലീസ് വേഷത്തിൽ എത്തിയ ആന്റണി പെരുമ്പാവൂരിന്റെ ലെവലിലേക്ക് പോലും ലാലേട്ടന്റെ മോൻ എത്തിയിട്ടില്ല. ‘കൈ എത്തും ദൂരത്തിൽ’ അമുൽ ബേബിയായിരുന്ന ഫാസിലിന്റെ മോൻ തന്നെയാണ് പിന്നീട് മഹേഷ് ഭാവനയായും കള്ളൻ പ്രസാദായും നമ്മളെ ഞെട്ടിച്ച ഫഹദ് ഫാസിൽ ആയത്. കാത്തിരുന്നു നോക്കാം. അല്ലാതെ എന്ത് പറയാൻ !
ട്രെയിനിന്റെ മുകളിൽ നിന്നൊക്കെ സംഘട്ടന രംഗങ്ങളുണ്ട്. ഗ്രാഫിക്സ് തീർത്തും പരാജയമാണ്. പ്രാൻസി എന്ന സഖാവായി ഗോകുൽ സുരേഷിന്റെ അതിഥി റോളുണ്ട്. പത്ത് മിനിറ്റ് മാത്രമാണെങ്കിലും നല്ല സ്ക്രീൻ പ്രസൻസ്. അഭിനയവും അടിപൊളി.
സുരേഷ് ഗോപിയുടെ മോനെ കൊണ്ട് ‘ലാൽ സലാം’, ‘വർഗീയത തുലയട്ടെ’, എന്നിങ്ങനെയുള്ള ഡയലോഗ് പറയിച്ചു എന്നുള്ളതാണ് അരുൺ ഗോപി സിനിമയിൽ ചെയ്ത ആകെയുള്ളൊരു മാസ്സ്. തിരക്കഥയും നല്ലോണം ലൂസ് ആയിരുന്നു. മോഹൻലാൽ, ദുൽഖർ സൽമാൻ സിനിമകളിൽ നിന്നൊക്കെ ധാരാളം റഫറൻസും ഉള്ളതായി തോന്നി.
ധർമജൻ പ്രണവിനോട് പറയുന്ന ഒരു ഡയലോഗുണ്ട്. “… ഈ ഡയലോഗും കൂളിംഗ് ഗ്ലാസും ഒന്നും നിനക്ക് ചേരൂല്ലട്ടാ, അതിനൊക്കെ ലാലേട്ടൻ.. “. അത് തന്നെയേ സാധാരണ പ്രേക്ഷകനും പറയാൻ ഉണ്ടാവുകയുള്ളൂ. ഇവിടെ ലാലേട്ടന്‍ ഉണ്ട്. അമിതമായി ലാലേട്ടന്‍ റഫറന്‍സ് കൊണ്ട് വരുന്നത് പ്രണവ് തന്നെയാണ് ബാധ്യത ഉണ്ടാക്കുക.
അരുണ്‍ ഗോപി പറയാന്‍ ശ്രമിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രശ്നങ്ങളൊക്കെ തന്നെയാണ്. ബിഷപ്പ് പ്രശ്നവും ബാലലൈംഗികതയും വര്‍ഗീയതയും ഒക്കെ സംസാരത്തില്‍ വരുന്നുണ്ട്. പക്ഷെ, എവിടെയും എത്തിയില്ല എന്ന് മാത്രം.