മരണത്തിന്റെ സ്റ്റേഷനിലേക്ക് വണ്ടി മാറിക്കയറിയവൻ

1
342
irfan-khan-jishnu-raveendran-athmaonline-wp

ജിഷ്ണു രവീന്ദ്രൻ

ഇർഫാൻ… നിങ്ങൾക്കൊരു ചരമക്കുറിപ്പെഴുതുക അസാധ്യമാണ്. പലവുരു പരാജയപ്പെട്ടാണ് ഞാൻ ഇതെഴുതി ഒപ്പിക്കുന്നത്. ഒരുനടനാകാൻ ഒരുപാടൊന്നും ഒരുങ്ങാൻ നിൽക്കരുത്, അതിനൊപ്പം ഒഴുകാൻ തയ്യാറായാൽ മതി എന്നു പറഞ്ഞ നിങ്ങൾ ജീവിച്ചു തീർത്ത കഥാപാത്രങ്ങളിൽ നിന്നെങ്ങനെ ഒന്നു മാത്രം മികച്ചതെന്ന് പറയാൻ കഴിയും.

ഇർഫാൻ… നിങ്ങളുടെ കണ്ണുകളുമായി ഞാൻ പ്രണയത്തിലാണ്. ബസ്സിൽ വച്ചു കണ്ട വയസ്സായ സ്ത്രീയെ നോക്കി സാജൻ ഫെർണാണ്ടസ്ന്റെ ചുണ്ടുകൾ വിരിഞ്ഞപ്പോൾ അയാളുടെ കണ്ണുകളിൽ ചിരിച്ചത് നിങ്ങളാണ്. ചിരിക്കുമ്പോൾ, ദേഷ്യപ്പെടുമ്പോൾ, സങ്കടപ്പെടുമ്പോൾ, എന്തിന്, മൂളുമ്പോൾ പോലും, ആ കണ്ണുകളില്ലായിരുന്നെങ്കിൽ നിങ്ങളില്ല ഇർഫാൻ.

irrfan-khan

അനിശ്ചിതത്വങ്ങളിൽ ജീവിച്ച നിങ്ങൾ, ഒരു കുപ്പായം മലർത്തുന്നതു പോലെ അകം മലർത്തി കാണിച്ചുതന്നില്ല, പകരം എന്നെക്കുറിച്ചു പോലും എനിക്കിത്രയെ അറിയൂ എന്നു നിസ്സഹായനായി.. ജീവിതം മനുഷ്യനെ ഫിലോസഫിക്കൽ ആക്കിക്കളയുന്നതിന്റെ രണ്ടടയാളങ്ങൾ നിങ്ങളിലുണ്ട്, മുറിഞ്ഞു പോകുന്ന സംഭാഷണങ്ങളും ആഴമുള്ള കണ്ണുകളും. നടന്മാർ പണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയാൽ സിനിമയുടെ, അഥവാ കഥയുടെ മിസ്റ്ററി, നിഗൂഢത നഷ്ടപ്പെടുമെന്ന് ഒരു അഭിമുഖത്തിൽ നിങ്ങൾ പറയുന്നതു കേട്ടു. നൂറു കോടി ക്ലബ്ബിൽ കയറുകയെന്ന, തീർത്തും മെറ്റീരിയൽ ആയ സ്വപ്നങ്ങൾ കാണുന്നവർക്കിടയിൽ നിന്ന് കഥയുടെ നിഗൂഢതയെ കുറിച്ചും ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെ കുറിച്ചും പറഞ്ഞുകൊണ്ടേയിരുന്ന നിങ്ങൾ പന്ത്രണ്ടായിരം കോടി കളക്ഷൻ നേടിയ ജുറാസിക് വേൾഡിൽ അഭിനയിച്ചതോർത്ത് എത്ര തവണ പൊട്ടിച്ചിരിച്ചുകാണും..

നിങ്ങളുടെ മികച്ച സിനിമ മഖ്ബൂൽ ആണോ നേംസേക്ക് ആണോ ലഞ്ച്ബോക്സ് ആണോ എന്ന നറുക്കെടുപ്പിൽ ഞാൻ പങ്കെടുക്കുന്നില്ല. നിങ്ങളുടെ ഇഷ്ട്ടപ്രകാരം അതും നിഗൂഢമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

irrfan-khan

ജീവിതത്തിലും മതത്തിലും സിനിമയിലും എല്ലാം നിങ്ങളൊരു കീറാമുട്ടിയാണ് ഇർഫാൻ. ആന്തരികമായ ആർത്ഥങ്ങളിലേക്ക് നയിക്കാത്ത ആചാരങ്ങൾ വെറുതെയാണെന്ന് പണ്ട് മതങ്ങളെക്കുറിച്ച് പറഞ്ഞത് ഓർമയുണ്ടോ..? അന്ന് ഇന്ത്യാ ടുഡേയിൽ രാജ്ദീപ് സർദേശായ് യുടെ ചർച്ചയിൽ രണ്ടു മതപണ്ഡിതന്മാരുടെ കൂടെ നിങ്ങൾ പങ്കെടുത്തത് കണ്ട് എനിക്ക് ശെരിക്കും ചിരിവന്നു… നിങ്ങളുടെ ചോദ്യത്തിന് ആ പണ്ഡിതൻ പറഞ്ഞ മറുപടി ഓർമ്മയില്ലേ; ഇർഫാൻ ഖാന് ആചാരങ്ങളെ കുറിച്ച് അറിയാഞ്ഞിട്ടാണ്, എല്ലാം പുസ്തകത്തിൽ എഴുതിവച്ചിട്ടുണ്ടെന്ന്. നിങ്ങൾ പറയുന്ന ഭാഷ മനസ്സിലാക്കാൻ അയാൾക്കെത്ര ജന്മം വേണ്ടിവരും, ഇർഫാൻ.. അയാളോടു ക്ഷമിച്ചേക്കൂ..

നിങ്ങളുടെ ജീവിതം നൈസർഗികമായ ഒരൊഴുക്കാണ്.. അതുകൊണ്ട് നിങ്ങൾ കയറിയത് ഏതു ട്രെയിനിലാണെങ്കിലും, എത്തുന്നത് ഏത് സ്റ്റേഷനിലാണെങ്കിലും അത് ശരിയായ സ്റ്റേഷൻ തന്നെയാണ്.

irrfan-khan

മരണത്തിന്റെ സ്റ്റേഷനിൽ നിന്ന് ഇന്നലെ വണ്ടി പുറപ്പെട്ടൂ ഇർഫാൻ.. എല്ലാം പഴയതു പോലെ തന്നെ.. ഒന്നുമറിയാതെ ഒഴുകുകയാണ്.. ഒരു വ്യത്യാസം മാത്രം…. ഇന്നലെ സമയത്തിന്റെ മർദ്ദനങ്ങളിൽ നിന്നു നിങ്ങൾ രക്ഷപ്പെട്ടു… ഇൻ ട്രീട്മെന്റ് എന്ന സീരീസ് അഭിനയിച്ചു കഴിഞ്ഞപ്പോൾ കരഞ്ഞതുപോലെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഒരിക്കൽക്കൂടി നിങ്ങൾക്കു പറയാം…

“At last I’m out of it.. I’m free…, I’ll take this script, and I’ll learn from it”

jishnu-raveendran-athmaonline
ജിഷ്ണു രവീന്ദ്രൻ

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here