ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്നതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഏകകണ്ഠേനയാണ് വിധി പ്രസ്താവിച്ചത്. വിവാഹേതര ലൈംഗികബന്ധത്തില്‍ പുരുഷന്‍മാരെമാത്രം കുറ്റക്കാരാക്കുന്ന 497ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് കൂടുതല്‍ ഉറപ്പു നല്‍കി വിധിയുണ്ടായിരിക്കുന്നത്.
ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പാക്കുന്ന 21ാം ഭരണഘടനാ അനുച്ഛേദവുമായി പൊരുത്തപ്പെടുന്നതല്ല 497ാം വകുപ്പ്. വിവാഹേതര ലൈംഗിക ബന്ധത്തിന്റെ പേരില്‍ പങ്കാളി ആത്മഹത്യ ചെയ്താല്‍ തെളിവുണ്ടെങ്കില്‍ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി. സ്ത്രീക്കും പുരുഷനുമുള്ളത് തുല്യാവകാശമാണുള്ളത്. ലൈംഗിക ബന്ധത്തിനുള്ള സ്ത്രീയുടെ സ്വയംനിര്‍ണയാവകാശത്തെ ബഹുമാനിക്കണം. അതിനെ ഹനിക്കുന്നതാകരുത് വിവാഹം. സമൂഹത്തിന്റെ താല്‍പര്യത്തിനനുസരിച്ച് ചിന്തിക്കണമെന്നും ജീവിക്കണമെന്നും സ്ത്രീയോട് ആവശ്യപ്പെടാനാവില്ല. സ്ത്രീ ഭര്‍ത്താവിന്റെ സ്വത്തല്ലെന്നും കോടതി പറഞ്ഞു.
ജനാധിപത്യത്തിന്റെ സൗന്ദര്യം ഞാനും നീയും നമ്മളും എന്നതാണ്. ഒരു ലിംഗത്തിന് മേൽ മറ്റൊരു ലിംഗത്തിന് നൽകുന്ന പരമാധികാരം തെറ്റാണെന്നും വിധിയില്‍ പറയുന്നു.