ഗാന്ധിജി; കാലവും കർമ്മ പർവവും

0
109

(ഇൻ്റർവ്യൂ)

യഹിയാ മുഹമ്മദ് / പി. ഹരീന്ദ്രനാഥ്

ഭൂരിപക്ഷ വർഗീയ ഫാഷിസം വിഷം നിറച്ച മുൾച്ചെടിപോലെ മനുഷ്യൻ്റെ സാമൂഹിക, രാഷ്ട്രിയ, മതപരമായ ഘടനയിൽ മുഴുവൻ വിഭാഗിയതയുടെ വിഷമുൾവേലികളായി അതിവേഗം പടർന്നു കയറിക്കൊണ്ടിരിക്കുമ്പോൾ ഏതൊരു മതേതരവാദിയും ചരിത്രത്തിൻ്റെ ഇടനാഴിയിൽ നിന്ന് വിണ്ടും തിരിച്ചു വന്നിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ഒരു വ്യക്തിപ്രഭാവമുണ്ട്. തുല്യനീതിയുടെ രാഷ്ട്രിയ ചേരുംപടി. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി.

ലോകം കണ്ട ഏറ്റവും വലിയ മതേതരവാദി ഗാന്ധിജിയാണ്. തൻ്റെ വിശ്വാസാചാരങ്ങളിൽ ഉറച്ചു നിൽക്കുമ്പോൾ തന്നെ അദ്ദേഹം. മറ്റെല്ലാ വിശ്വാസാചാരങ്ങളെയും ബഹുമാനിക്കാനും ഒപ്പം നിൽക്കാനും ശീലിച്ചു. ആ വിശാലമായ മനോഭാവത്തിൽ നിന്നെല്ലാതെ മറ്റെങ്ങനെയാണ് ശിഥിലമായിപ്പോവുന്ന നമ്മുടെ മതേതരത്വത്തെ, സമത്വത്തെ നമുക്ക് വീണ്ടെടുക്കാനാവുക.

ഈ ഒരു സാഹചര്യത്തിലാണ് പ്രശസ്ത ചരിത്രകാരൻ പി ഹരിന്ദ്രനാഥിൻ്റെ ഗാന്ധിജിയെ കുറിച്ചുള്ള സമഗ്ര ഗ്രന്ഥം മഹാത്മാഗാന്ധി കാലവും കർമപർവവും 1869-1915 ഇറങ്ങാനിരിക്കുന്നത്. ഇത് ഏതൊരു മതേതര വാദിയും വായിച്ചിരിക്കുക എന്നത് കാലത്തോട് നാം ചെയ്യുന്ന ഏറ്റവും നീതിപൂർവ്വമായ ഒരു ഇടപെടൽ കൂടിയാണ്.

2020ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് പരിഗണിക്കപ്പെട്ട ഏറ്റവും മികച്ച പത്ത് മലയാളം പുസ്തകങ്ങളിൽ നാലാം സ്ഥാനം ലഭിച്ച “ഇന്ത്യ ഇരുളും വെളിച്ചവും ” എന്ന പുസ്തകം ചരിത്രത്തെ ജനകീയവൽക്കരിച്ച ഒരു വെളിച്ചം തന്നെയാണ്. ചരിത്രത്തെ ഇത്ര സരളമായി സംവദിക്കാൻ ശ്രമിച്ച പ്രിയ ചരിത്രകാരൻ പി.ഹരിന്ദ്രനാഥുമായി ഈ ഗാന്ധി ദിനവുമായി അടുത്ത ഈ സമയത്ത് നമുക്ക് അൽപ്പം സംവദിക്കാം.

യഹിയാ മുഹമ്മദ് : സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ചരിത്ര പഠനത്തിൻ്റെ പ്രസക്തി വിശദീകരിക്കാമോ?

പി. ഹരീന്ദ്രനാഥ്: ചരിത്രം ഇന്ന് വെറുമൊരു ഓർമ്മപ്പെടുത്തലല്ല ഗൗരവമേറിയ മുന്നറിപ്പാണ് ഇന്നത്തെ പ്രതിസന്ധികൾ മറികടക്കാൻ ജീവിതത്തെ പുതുക്കിപ്പണിയാനുള്ള ആയുധങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണമാണ് ചരിത്ര പഠനം നിലനിൽപ്പിനും അതിജീവനത്തിനുമുള്ള ഒരു ഊർജ്ജ സ്രോതസ്സുകൂടിയാണത്.
ചരിത്രം നിശ്ചലമായ, ജഡമായ, ഒരു വിജ്ഞാനശാഖയല്ല. സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരവും ബഹുമുഖവുമായ ചരിത്രവും പാരമ്പര്യവും സംസ്ക്കാരവും വളച്ചൊടിക്കപ്പെടുകയാണ്, തിരുത്തി എഴുതപ്പെടുകയാണ്, തമസ്ക്കരിക്കപ്പെടുകയാണ്.അത് കൊണ്ട് മതനിരപേക്ഷ ഭാരതത്തിൻ്റെ അതിജീവനം കടുത്ത വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ യഥാർത്ഥ ചരിത്രം തെറ്റിദ്ധരിക്കപ്പെടുന്ന സാധാരണക്കാരിൽ എത്തിക്കുക എന്നതാണ് ചരിത്ര പഠിതാക്കളുടെ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം

നമ്മുടെ രാജ്യത്തിൻ്റെ ചരിത്രത്തിൻ്റെയും, പാരമ്പര്യത്തിന്റെയും സവിശേഷത എന്താണ്?

ഇന്ത്യയുടെ യഥാർത്ഥ ദേശീയത മത ദേശീയതയല്ല. മതനിരപേക്ഷ ദേശീയതയാണ്. വൈവിധ്യത്തിൽ അധിഷ്ടിതമായ ബഹുസ്വരതയാണ് ഇന്ത്യൻ സംസ്ക്കാരത്തിൻ്റെ മുഖമുദ്ര. ഇന്ത്യ ഒരു ബഹുമത, ബഹു സംസ്ക്കാര, ബഹു വംശ, ബഹുഭാഷാരാഷ്ട്രമാണ്. ഈ ബഹുത്വമാണ് ലോകത്തിന് തന്നെ മാതൃകയായ വൈവിധ്യങ്ങളുടെ പ്രദർശനശാലയാക്കി നമ്മുടെ രാജ്യത്തെ മാറ്റിയത്.
നൂറ്റാണ്ടുകൾ നീണ്ടു നിന്ന അധിനിവേശ വിരുദ്ധ പോരാട്ടത്തിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്രാനിയും, പാർസിയും,സിക്കു മതക്കാരനും, ജൈന ബുദ്ധമതക്കാരുമായ സാധാരണ മനുഷ്യർ ഒത്തുചേർന്ന് ജീവൻ ബലിയർപ്പിച്ച് നേടിയതാണ് നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്രം. ഇന്ത്യയെപ്പോലുള്ള ഏഷ്യയിലെയും, ആഫ്രിക്കയിലെയും, ലാറ്റിൻഅമേരിക്കയിലെയും കോളനി രാജ്യങ്ങൾക്ക് സാമ്രാജ്യത്വ വിരുദ്ധമായല്ലാതെ അവരുടെ ദേശീയതയെ നിർവ്വചിക്കാൻ കഴിയില്ല. സാമ്രാജത്വ വിരുദ്ധ സമരങ്ങളിലൂടെ രൂപപ്പെട്ടു വന്ന ആധുനിക ഇന്ത്യൻ ദേശീയതയുടെ സവിശേഷത എല്ലാറ്റിനെയും ഉൾക്കൊള്ളാനുള്ള ശേഷിയാണ്. ഈ ശേഷിയെയാണ് മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു തുടങ്ങിയ ഒട്ടനവധി മഹാരഥൻമാരായ നേതാക്കൾ ഉയർത്തിപ്പിടിച്ചത്.ആ മതനിരപേക്ഷ ദേശീയതയെ എന്തു വില കൊടുത്തും സംരക്ഷിക്കുക, നിലനിർത്തുക, വരും തലമുറകൾക്ക് കൈമാറുക. എന്നതാണ് എല്ലാ രാജ്യ സ്നേഹികളുടെയും രാഷ്ട്രീയവും, സാംസ്ക്കാരികവുമായ ഉത്തരവാദിത്തം.

കാലം കഴിയുന്തോറും പ്രസക്തി കൂടി വരികയാണല്ലോ മഹാത്മാഗാന്ധിയുടെ പ്രവർത്തന പാരമ്പര്യനും, ജീവിത ദർശനത്തിനും. അതിനെ കുറിച്ച് മാഷൊന് വിശദീകരിക്കാമോ?

ആധുനിക ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് മഹാത്മാഗാന്ധി. താൻ പിറന്നു വീണ മതത്തിൻ്റെ മണ്ണിൽ വേരുറച്ച് നിന്ന് ഭൂമിയിലെ മറ്റെല്ലാ മതങ്ങളുടെയും നൻമകളെ സ്വാംശീകരിക്കുകയായിരുന്നു ഗാന്ധിജി. ലോകത്തിലെ എല്ലാ വെളിച്ചങ്ങളുടെയും സമന്വയം സാധ്യമാവുന്ന ഒരു പ്രപഞ്ച മനുഷ്യനായിരുന്നു അദ്ദേഹം. മതത്തിൻ്റെ അന്ധ:സത്തയായ ധാർമ്മികതയെ രാഷ്ടീയവൽക്കരിക്കാനും, രാഷ്ട്രീയത്തെ ധാർമ്മികവത്ക്കരിക്കാനും ശ്രമിച്ചതിനാലാണ് നാഥൂറാം വിനായക് ഗോഡ്സെ ആ മഹാ മനുഷ്യൻ്റെ നെഞ്ചിലേക്ക് വെടിയുണ്ട ഉതിർത്തത്.

മതേതരത്വം എന്ന ഗാന്ധിജിയുടെ സ്വപനത്തിൽ നിന്നും മതരാഷ്ട്രം എന്ന സമകാലീന ഇന്ത്യയെ എത്രമാത്രം ഭീതിയോടെയാണ് ചരിത്ര ഗ്രന്ഥരചയിതാവ് എന്ന നിലയിൽ മാഷ് നോക്കിക്കാണുന്നത്?

ഗാന്ധി എല്ലാ മത രാഷ്ട്രവാദങ്ങൾക്കും എതിരായിരുന്നു. ഭാരതം എന്നു പറഞ്ഞാൽ ഈ മണ്ണിൽ പിറന്നു വീണപേരും, രൂപവും, പുഞ്ചിരിയും, നൊമ്പരവുമെല്ലാമുള്ള മനുഷ്യരുടെ സമഗ്രമായ കൂട്ടായ്മയാണെന്ന് പറഞ്ഞ നേതാവായിരുന്നു അദ്ദേഹം.നാഥൂറാം വിനായക് ഗോഡ്സെ വരച്ചിട്ട വെറുപ്പിൻ്റെ വിഷമവൃത്തങ്ങൾ ഇന്ത്യൻ മതേതരത്വത്തിന് കടുത്ത ഭീഷണി ഉയർത്തുന്ന വർത്തമാനകാലത്ത് ഗാന്ധിജിയുടെ ജീവിതവും രക്തസാക്ഷിത്വവും കൂടുതൽ കൂടുതൽ പ്രസക്തമായി മാറുകയാണ്. വിഭാഗീയതയുടെയും, വിഭജനത്തിൻ്റെയും, വിദ്വേഷത്തിൻ്റെയും, അന്യമത വിരോധത്തിൻ്റെയും, ഫാസിസ്റ്റ് രാഷ്ട്രീയത്തെ ചെറുക്കാൻ ഇന്ത്യയിലെ എല്ലാ മതേതര പ്രസ്ഥാനവും ഗാന്ധിജിയെ ഗൗരവപൂർവ്വം പുനർ വായിക്കേണ്ടതായുണ്ട്.

ഇന്ത്യ ഇരുളും വെളിച്ചവുമെന്ന ഒരൊറ്റ ഗ്രന്ഥത്തിലൂടെ നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്രസമര ചരിത്രത്തെ സാധാരണക്കാരിലെത്തിക്കാൻ താങ്കൾക്ക് കഴിഞ്ഞു. അതൊരു വലിയ നേട്ടമാണ് പുതിയ പുസ്തകത്തിൻ്റെ പ്രസക്തിയും പ്രാധാന്യവും വിശദീകരിക്കാമോ?

ഇന്ത്യ ഇരുളും വെളിച്ചവും. ഗ്രന്ഥരചനയുടെ കാലയളവിലാണ് ഗാന്ധിജി മുന്നോട്ടുവച്ച മാനവികവും മതനിരപേക്ഷവും ജനാതിപത്യപരവുമായ ഒരു രാഷ്ട്ര സങ്കൽപ്പത്തെ കുറിച്ച് ഞാൻ കൂടുതൽ ബോധവാനാവുന്നത്. ഒരു ആത്മീയ ദുരന്തമായാണ് ഇന്ത്യാ വിഭജത്തെ ഗാന്ധിജി വീക്ഷിച്ചത്. വിഭജനം സൃഷ്ടിച്ച ആഴമേറിയ മുറിവുകൾ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യുകയായിരുന്നു ആ മഹാനായ മനുഷ്യസ്നേഹിയുടെ അവസാനത്തെ സ്വപ്നം. ദണ്ഡിയാത്രയുടെ മാതൃകയിൽ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്കും പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കും ഒരു ജനകീയ പദയാത്ര. ഇരു രാജ്യങ്ങളിൽ നിന്നും പാലായനം ചെയ്യാൻ നിർബന്ധിതരായി തീർന്ന നിസ്സഹരായ ലക്ഷക്കണക്കിനാളുകളെ അവരവരുടെ മണ്ണിൽ തന്നെ പുനരധിവസിപ്പിക്കുക എന്നതായിരുന്നു ആ പദയാത്രയുടെ ലക്ഷ്യം.
ഗാന്ധിജിയുടെ ചരിത്രപരമായ സംഭവനകളെ തമസ്ക്കരിച്ച് അദ്ദേഹത്തെ ചരിത്രത്തിൽ നിന്നും മായ്ച്ച് കളയാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾക്കെതിരെയുള്ള ഒരു പ്രതിരോധ പ്രവർത്തനമാണ് “മഹാത്മ ഗാന്ധി കാലവും കർമപർവവും” എന്ന എൻ്റെ പുതിയ പുസ്തകം.

ഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തി നാം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടുണ്ടോ?

മനുഷ്യരാശി ഇന്ന് നേരിടുന്ന അനിയന്ത്രിതമായ യന്ത്രവൽക്കരണം,
വിപത്കരമായ ആഗോളവൽക്കരണം, ഹിംസാത്മകമായ വികസനക്കുതാപ്പുകൾ,
മാരകായുധങ്ങളുടെ നിർമാണം, ഭീകര സംഘടനകളുടെ വ്യാപനം പരിസ്ഥിതിനാശം തുടങ്ങിയവയെല്ലാം ഉയർത്തുന്ന ഭീഷണികൾക്കെതിരെയുള്ള മുന്നറിയിപ്പുകൾ ഒരു നൂറ്റാണ്ടിനു മുമ്പ് വിളിച്ചു പറഞ്ഞു എന്നതാണ് ഗാന്ധിജിയുടെ മഹത്വവും പ്രസക്തിയും. ഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തിയെ കുറിച്ച് ആദരശനം മുന്നോട്ടുവെച്ച മാനവികവും ജനാധിപത്യപരസ്യം മതനിരപേക്ഷവുമായ സാമൂഹ്യക്രമത്തെ കുറിച്ച് ഇന്ന് ലോകമെമ്പാടും ഗൗരവമേറിയ പഠനങ്ങൾ നടക്കുന്നുണ്ട്.

താര സേത്തിയ, അൻജന നാരായൺ എന്നിവർ എഡിറ്റ് ചെയ്ത’the living handhi: Lessons of our times’ എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മിഷൻ എൻ.നാഗ്ളറുടെ പഠന പ്രബന്ധത്തിൻ്റെ ശീർഷകം ‘Gandhi and Global warming’ (ഗാന്ധിയും ആഗോള താപനവും) എന്നതാണ്

മഹാത്മ ഗാന്ധി കാലവും കർമപർവ്വവും 1869-1915 എന്ന പുതിയ പുസ്തകത്തിൻ്റെ ഉള്ളടക്കത്തെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന എല്ലാ പ്രതിസന്ധികളുടെയും പരിഹാരമാർഗമായ ഒറ്റമൂലിയല്ല ഗാന്ധിജി .ഗാന്ധിജിയിൽ തെറ്റുകളുണ്ട്, വീഴ്ച്ചകളുണ്ട്, പാളിച്ചകളുണ്ട്. ഗാന്ധിജിദൈവമല്ല ഒരു സാധരണ മനുഷ്യൻ മാത്രമാണ് ഗാന്ധിജിയെ പറ്റി ആഴത്തിൽ പഠിക്കാത്തവർ ,അന്ധമായ ഗാന്ധി വിരോധം മനസിൽ സൂക്ഷിക്കുന്നവർ ആ മഹാ മനുഷ്യൻ്റെ ജീവിതദർശനവും സത്യാന്വേഷണ പരീക്ഷണങ്ങളും തെറ്റായി വ്യാഖ്യാനിച്ച് സാധാരണ ജനങ്ങളിൽ തെറ്റിദ്ധാരണകൾ പരത്തുകയാണ്. സംഘടിതമായ ഗാന്ധി ധ്വംസനത്തിന് ഇന്ത്യൻ ഭരണകൂടം പോലും ഇന്ന് പിന്തുണ നൽകുന്നു എന്നത് അങ്ങേയറ്റം അധാർമ്മികവും കുറ്റകരവുമാണ്. യഥാർത്ഥ ഗാന്ധി ഇന്ത്യയിലെ രാഷ്ട്രീയ ഗാന്ധിയല്ല. സങ്കീർണ്ണമായ രാഷ്ടീയ സാഹചര്യങ്ങളിൽ നിസ്സഹായരായി മാറിപ്പോയ രാഷ്ടീയ ഗാന്ധിയുടെ വീഴ്ചകളും പരിമിതികളുമാണ് ഇന്ന് ഗാന്ധി വിരുദ്ധർ ആയുധമാക്കുന്നത്.മോഹൻദാസ് കരംചന്ദ് ഗാന്ധി യിൽ നിന്ന് മഹാത്മ ഗാന്ധിയിലേക്കുള്ള പരിണാമ പ്രക്രിയയുടെ യഥാർത്ഥ ഭൂമിക അദ്ദേഹത്തിൻ്റെ ദക്ഷിണാഫ്രിക്കയിലെ ജീവിതകാലമാണ്. സത്യത്തോടും അഹിംസയോടുമുള്ള പ്രതിബദ്ധത ഒന്നു മാത്രം ഊന്നുവടിയാക്കി ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ അധികാര ഗർവ്വിനെയും വർണ്ണവിവേചന നയത്തെയും എതിരിടാൻ എല്ലാ മതവിഭാഗങ്ങളിലും പെട്ട സാധാരണ മനുഷ്യരെ ഐക്യപ്പെടുത്തി ഗാന്ധി നയിച്ച സത്യാഗ്രഹ സമരത്തിൻ്റെ സൂക്ഷ്മ പാoങ്ങളാണ് അഞ്ചര വർഷക്കാലത്തെ കഠിനാദ്ധ്യാനത്തിന് ശേഷം മഹാത്മ ഗാന്ധി കാലവും കർമ്മ പരവും 1869-1915 എന്ന പുസ്തകത്തിൽ രേഖപ്പെടുത്തൻ ഞാൻ ശ്രമിച്ചിട്ടുള്ളത്.

ഏകമുഖ ദേശീയവാദം ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് കടുത്ത ഭീഷണി ഉയർത്തുന്ന ഇന്ന് ഇരുപത്തിയൊന്ന് വർഷക്കാലത്തെ ദക്ഷിണാഫ്രിക്കൻ ജീവിതകാലത്ത് ഇന്ത്യക്കാരുടെ ആത്മാഭിമാനം ഉയർത്താൻ ബാരിസ്റ്റർ എം.കെ ഗാന്ധി നടത്തിയ പോരാട്ടങ്ങൾ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല. എൻ്റെ പുസ്തകം ഈ വിഷയത്തെ ഗൗരവമായ പoനത്തിന് വിധേയമാക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ ജീവിതകാലത്താണ് 1909 ൽ ഗാന്ധിജി തൻ്റെ ഏറ്റവും ഉൽകൃഷ്ടരചനയായ “ഹിന്ദ് സ്വരാജ്” എഴുതുന്നത്.

അനിയന്ത്രിതമായ യന്ത്രവൽക്കരണവും സംഹാരാത്മകമായ വികസന കുതിപ്പുകളും പരിസ്ഥിതി നാശവും ഭീകര സംഘടനകളുടെ വ്യാപനവും ഇന്ന് മനുഷ്യൻ്റെ നിലനിൽപ്പിനു തന്നെ ഭീഷണി ഉയർത്തുകയാണ്. വലിയ പ്രവചന സ്വഭാവത്തോടെ 1909 ഗാന്ധിജി എഴുതിയ “ഹിന്ദ് സ്വരാജ് “ഭഗവത് ഗീതയും ഖുറാനും ബൈബിളും പോലെ ഒരോ വ്യക്തിയും നെഞ്ചിലേറ്റേണ്ടതാണ്. ആ വിശിഷ്ട രചനയിൽ ഗാന്ധിജി പറയുന്നുണ്ട്; നമുക്ക് വിഷച്ചെടി നട്ട് പനനീർപൂ പറച്ചെടുക്കാൻ കഴിയില്ല. ഹിംസാത്മകമായ പാശ്ചാത്യ നാഗരികതക്കെതിരെയുള്ള ഗാന്ധിജിയുടെ ഏറ്റവും ആഴമേറിയ അന്വേഷണമാണ് “ഹിന്ദ് സ്വരാജ്” ഇന്ത്യയിലേക്ക് കുടിയേറിയവരെല്ലാം ഇവിടുത്തെ മണ്ണുമായി ജനങ്ങളുമായി സംസ്കാരവുമായി ലയിച്ചു ചേർന്ന് സൃഷ്ടിച്ച ദേശീയ ചൈതന്യത്തെ വർഗീയതയുടെ മഴു ഉപയോഗിച്ച് വിഭജിച്ചത്, ഹിന്ദു – മുസ്ലീം വൈരുധ്യം വളർത്തിയെടുത്തത് ബ്രിട്ടീഷുകാരാണെന്ന് ഹിന്ദ് സ്വരാജിൽ അദ്ദേഹം എഴുതിയിട്ടുണ്ട് . ഗാന്ധിജിയുടെ മതബോധത്തിൻ്റെയും ദേശീയതാ സങ്കൽപ്പത്തിൻ്റെയും ആധാരശില മാനവികതയാണ്. പവിത്രമായ ധാർമികാടിത്തറയിലുള്ള ജനകീയ ഭരണമാണ് ഗാന്ധിജി വിഭാവനം ചെയ്ത ‘സ്വരാജ്’

മതം ഗാന്ധിജിക്ക് ഒരു ആന്തരികാനുഭവമായിരുന്നു.അത് കൊണ്ട് അദ്ദേഹത്തെ സംബന്ധിച്ചിടുത്തോളം മതങ്ങൾ തമ്മിലുള്ള കലഹം നിരർത്ഥകവും. ശത്രുതയുടെയും വിഭാഗീയത ചിന്താഗതികളുടെയും ഹിംസാത്മകതയെ പ്രതിരോധിച്ച് കൊണ്ട് തൻ്റെ ജീവിതകാലത്തിൻ്റെ നാലരപ്പതിറ്റാണ്ടിനിടയിൽ മനുഷ്യസമൂഹത്തിൻ്റെ നൻമ മാത്രം ലക്ഷ്യമാക്കി. ആ സത്യാന്വേഷി നടത്തിയ രാഷ്ടീയവും, ധാർമ്മികവും നൈതികവുമായ അന്വേഷണങ്ങളാണ്, പരീക്ഷണങ്ങളാണ് മഹാത്മാഗാന്ധി കാലവും കർമ്മ പരവവും എന്ന എൻ്റെ പുതിയ പുസ്തകത്തിൻ്റെ ഉള്ളടക്കം ഫാസിസ്റ്റ് രാഷ്ടീയത്തിൻ്റെ തിൻമകളെ, ഭീഷണികളെ ചെറുക്കാൻമതേതര വിശ്വാസികൾക്കു സഹായമരുളുന്ന ഒരു പാഠപുസ്തകമാണ്  മഹാത്മാഗാന്ധി കാലവും കർമ്മ പർവവും 1869-1915.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here