ലിന്റ ഫ്രാൻസിസ്
ഇന്ന് മാർച്ച്8, ലോക വനിതാദിനം. സമൂഹത്തിൽ സ്ത്രീകളുടെ സമത്വവും സുരക്ഷയും നേട്ടവും ലോകം ഓർമിക്കുന്ന ദിനം ഇന്നേദിവസം ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടു നിരവധി പരിപാടികൾ അരങ്ങേറും. സ്ത്രീകളെ സമൂഹത്തിൻറെ മുൻ നിരയിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ പരിപാടികളുടെ ലക്ഷ്യം.
എല്ലാവർഷവും വനിതാദിനമെന്ന കേൾക്കുന്നുണ്ടല്ലോ എന്താണ് വനിതാദിനം. എങ്ങനെയാണ് ഇങ്ങനെയൊരു ദിനം വന്നത്?
ജോലി സമയത്തിൽ കുറവ് വരുത്തുക, ശമ്പളത്തിൽ ന്യായമായ വർധന വരുത്തുക, വോട്ടുചെയ്യാനുള്ള അവകാശം നൽകുക എന്നി ആവശ്യങ്ങൾ ഉയർത്തി 1908 -ൽ പതിനയ്യായിരത്തിലധികം വരുന്ന സ്ത്രീ തൊഴിലാളികൾ ന്യൂയോർക്കിൽ ഒരു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സോഷ്യലിസ്റ് മാർക്സിസ്റ്റ് ആശയങ്ങൾ ലോകത്തുടനീളം പടർന്നുപിടിക്കുന്ന കാലമായിരുന്നു അത്. തൊട്ടടുത്തവർഷം അമേരിക്കയിലെ സോഷ്യലിസ്റ്റ് പാർട്ടി ആണ് ലോക വനിതാ ദിനം എന്ന ആശയം കൊണ്ടുവന്നത് 1910 -ൽ ഡെന്മാർക്കിലെ കോപ്പൻ ഹേഗനിൽ ഇന്റർനാഷണൽ വർക്കിംഗ് വിമൻ കോൺഗ്രസ്സി നടന്നു. അതിൽ 17 രാജ്യങ്ങളിൽ നിന്നായി 100 കണക്കിന് സ്ത്രീകൾ പങ്കെടുത്തു. ജർമൻ മാർക്സിസ്റ്റ് ചിന്തകളായിരുന്നു ക്ലാരാ സെറ്റ്കിൻ വനിതാ ദിനം എന്ന ആശയം അന്തർദേശീയമായി പങ്കുവെച്ചു. കോൺഗ്രസ്സിൽ പങ്കെടുത്ത എല്ലാ വനിതകളും ഈ ആശയം അംഗീകരിക്കുകയായിരുന്നു അങ്ങനെ 1911-ൽ ഓസ്ട്രേലിയ, ഡെൻമാർക്ക്, ജർമനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ വനിതാദിനം ആദ്യമായി ആഘോഷിച്ചു. 1975 വരെയുള്ള കാലഘട്ടത്തിൽ വനിതാദിനം ആഘോഷിക്കാൻ ഒരു പ്രത്യേക ദിവസം ഉണ്ടായിരുന്നില്ല എന്നാൽ 1975 എല്ലാവർഷവും മാർച്ച് 8 വനിതാ ദിനമായി ആഘോഷിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു 2011 നൂറാം വാർഷികം ആയിരുന്നു അപ്പോൾ ഈ വർഷത്തേത് 108 വാർഷികമാണ്.
ഓരോ വനിതാ ദിനത്തിലും ഓരോ തീമുകൾ അഥവാ ആശയങ്ങൾ ഉണ്ട് Think equal, Build smart, Innovate for change എന്നതാണ് ഈ വർഷത്തെ തീം. കൂടാതെ Balanceforbetter എന്ന ഹാഷ്ടാഗ് കാമ്പയിനും ഉണ്ട്. നല്ലൊരു നാളെക്കായി സ്ത്രീ പുരുഷ ഭേദമില്ലാതെ സന്തുലിതമായി മുന്നോട്ടു നീങ്ങുക.
എല്ലാവർഷവും ആവർത്തിക്കാറുള്ള വാചകം ആണ് ഭാവിയിൽ സ്ത്രീപുരുഷസമത്വം നേടുന്ന ഒരു ലോകം ആണ് ലക്ഷ്യം എന്ന്.എന്നാൽ അത് ഇതുവരെ നേടിയെടുക്കാൻ ലോകത്തിന് കഴിഞ്ഞിട്ടുണ്ടോ? അങ്ങനെയാണ് 2030-ാടെ ലിംഗസമത്വം ലക്ഷ്യമിട്ട് പ്ലാനറ്റ് 50 50 എന്ന ആശയം വനിതാ ദിനവുമായി ബന്ധപ്പെട്ട ഉയർന്നുവന്നത്. എങ്കിലും ഒരു പ്രതീക്ഷയുണ്ട് ഭാവിയിലേക്ക്. അതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. താഴെതട്ടിൽ ആയാലും മുഖ്യധാരയിൽ ആയാലും ഏതൊരു പ്രവർത്തനത്തിനും ഫലമുണ്ട്. ഈ സന്ദേശംപ്രായോഗികമാക്കാൻ വർഷത്തിലുടനീളം പ്രവർത്തിക്കണം അതൊരിക്കലും വനിതാദിനത്തിൽ മാത്രം ചുരുങ്ങി പോവരുത്. സമത്വം, ഇത് ഒരു സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. സമത്വം എന്ന ക്ലീഷേ ആയ വാക്ക് കേട്ട് കേട്ട് അത് സ്ത്രീകളുടെപ്രശ്നം മാത്രം ആയി കണക്കാക്കുന്നു, അത് സ്ത്രീകളെ ഫോക്കസ് ചെയ്തുകൊണ്ടുള്ളത് മാത്രമല്ല. ലിംഗസമത്വം ഉറപ്പാക്കാൻ കഴിവുള്ള ഗവൺമെൻറ്, തൊഴിലിടം സ്ത്രീയോ പുരുഷനോ എന്ന തരംതിരിക്കാതെ യുള്ള മാധ്യമശ്രദ്ധ സ്ത്രീകളെ താഴയാത്ത കായികമേഖല… ഇവയെല്ലാം ലോകത്തിന്റെ സാമൂഹ്യ സാമ്പത്തിക വളർച്ചക്ക് മുതൽക്കൂട്ടാണ്.
ക്യാമ്പയിനുകൾ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ എന്നിവ കൊണ്ട് പെട്ടെന്നൊരു അല മാത്രമേ തീർക്കാൻ പറ്റൂ. പെട്ടെന്ന് തന്നെ ആ അല അടങ്ങുകയും ചെയ്യും. സ്‌ഥിരമായ മാറ്റം ആണ് നമുക്ക് വേണ്ടത്. അതിനു നമ്മൾ തന്നെ നേരിട്ട് മുൻകൈയെടുക്കണം. നമ്മുടെ കുടുംബത്തിൽ തന്നെ ഉള്ള മാനസികമായ സ്വാതന്ത്ര്യമില്ലാത്ത സ്ത്രീകളെ കണ്ടെത്തി അവർക്ക് പ്രചോദനം കൊടുക്കുക. അവരുടെ ജീവിതപങ്കാളിയുടെയും അവർക്ക് ചുറ്റുമുള്ളവരുടെയും കണ്ണ് തുറപ്പിക്കുക. സ്ത്രീ സമത്വത്തിനായി സ്ത്രീകളെ മാത്രം പഠിപ്പിച്ചത് കൊണ്ടോ പ്രചോദിപ്പിച്ചത് കൊണ്ടോ കാര്യമില്ല. അവർക്ക് ചുറ്റുമുള്ള വരെയാണ് ആദ്യം മാറ്റേണ്ടത്, അവരുടെ കാഴ്ചപ്പാടുകൾ മാറ്റണം. ചുറ്റുമുള്ള തടസ്സങ്ങൾ നീക്കാതെ എത്ര ചിറകുകൾ വച്ചു കൊടുത്തിട്ടും കാര്യമില്ല എന്ന് സ്ത്രീ-പുരുഷ സമത്വത്തിനുവേണ്ടി മുറവിളികൂട്ടുന്നവർ മനസ്സിലാക്കണം.
ഓരോ വനിതാ ദിനത്തിലും വനിതകളുടെ ഉന്നമനത്തെ പറ്റി സ്വാതന്ത്ര്യത്തെ പറ്റി സംസാരിക്കുമ്പോൾ അതിന് വിപരീതമായാണ് സമൂഹത്തിൽ നടക്കുന്നത് .അതിനുദാഹരണമാണ് സോഷ്യൽമീഡിയയെ ഇളക്കിമറിച്ച മീറ്റു ക്യാമ്പയിനുകൾ .തങ്ങൾക്കുണ്ടായ ലൈംഗികചൂഷണം ധൈര്യമായി തുറന്നുപറയാൻ മീ റ്റു എന്ന ഹാഷ്ടാഗ് സോഷ്യൽമീഡിയയിൽ ആയുധമാക്കി .തങ്ങളുടെ ഇച്ഛാശക്തിയെ തുറന്നു കാണിക്കുമ്പോഴും സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന സ്ത്രീ ചൂഷണങ്ങളെ പുറത്തുകൊണ്ടുവന്നു. സെലിബ്രിറ്റി എന്നോ വീട്ടമ്മ എന്നോ വിദ്യാർത്ഥി എന്നോ വ്യത്യാസം ഇല്ലാതെ പ്രായഭേദമന്യേ അനുഭവിക്കുന്ന ഈ ചൂഷണങ്ങൾ ഇന്നും നിലനിൽക്കുമ്പോൾ വെറും സന്ദേശങ്ങളോ ക്യാംപെയ്ന് കൊണ്ട് ഫലം ഉണ്ടോ
ലോകത്ത് ഇപ്പോഴും സംഭവിക്കുന്ന ഒന്നാണ് ബാലവിവാഹം 18 വയസിന് മുൻപ് തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നു.അവരെ ചിന്തിക്കാൻ,വിദ്യാഭ്യാസം നൽകാൻ സ്വതന്ത്രമായി അവരുടെ ജീവിതം എന്തായിരിക്കണമെന്ന് തീരുമാനിക്കാൻ പ്രാപ്തിയില്ലാത്തവളായി കുടുംബാംഗങ്ങൾ അവളെ വളർത്തുന്നു.
ഇന്ന് ലോകത്തിൽ ജീവിച്ചിരിക്കുന്ന 650 മില്യൺ സ്ത്രീകളും പ്രായപൂർത്തിയാവുന്നതിന് മുന്നേ വിവാഹിതരായവരാണ് .എന്താണ് ഈ ബാല വിവാഹത്തിൽ എന്താണ് നടക്കുന്നതെന്ന് മാതാപിതാക്കൾ ചിന്തിക്കാറുണ്ടോ ….വിവാഹജീവിതം എന്തെന്ന് പോലുമറിയാതെ ,ഒരു കുടുംബത്തിന് മൊത്തം ഉത്തരവാദിത്തം പെൺകുട്ടികളെ കൊണ്ട് ഏറ്റെടുപിക്കുന്നു, ചെറുപ്രായത്തിൽതന്നെ മാനസിക വികാസം വന്നിട്ടില്ലാത്ത പെൺകുട്ടിയെ ലൈംഗികബന്ധത്തിന് വിധേയമാക്കുന്നു,പിന്നീട് ശാരീരികമായി വളർച്ചയെത്താത്ത പിഞ്ചു ശരീരത്തിലെ മറ്റൊരു ജീവൻ എന്ന ഭാരം ഏൽപ്പിക്കുന്നു ഒടുവിൽ പ്രസവസമയത്ത് ആരോഗ്യപ്രശ്നങ്ങൾ കാരണം ആർക്കെങ്കിലും ഒരാൾക്ക് അല്ലെങ്കിൽ രണ്ടുപേർക്കും ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെടുന്നു .അതല്ലെങ്കിൽ മക്കളെ ലഭിച്ചതിനുശേഷം ഒരു കുഞ്ഞിനെ എങ്ങനെ വളർത്തിക്കൊണ്ടുവരണം എന്നുപോലും അറിയാത്ത അവസ്ഥ. ചെറുപ്രായത്തിൽ അമ്മയാകുമ്പോൾ അമ്മയും കുഞ്ഞും ഒരുമിച്ച് വളരുകയാണ്.പുരുഷ സമൂഹം മാത്രമല്ല ഇതിനൊക്കെ കൂട്ടു നിൽക്കുന്നത്.സ്ത്രീകളും കൂടിയാണ്..അറിഞ്ഞോ അറിയാതെയോ ചിലയിടങ്ങളിൽ സ്ത്രീകൾ സ്ത്രീകളെ തന്നെ അടിച്ചമർത്തുന്നു.. പെണ്മക്കൾക്ക്അമ്മ എന്തെല്ലാം പറഞ്ഞുകൊടുക്കും….അപരിച്ചതാരായ ആണ്കുട്ടികളോട് മിണ്ടരുത്.. ഒറ്റക്ക് എവിടെയും പോകരുത്.. ഇരുട്ടുന്നതിന് മുൻപ് വീട്ടിൽ എത്തണം..ആണുങ്ങളെ സൂക്ഷിക്കണം.. ആക്രമണം മുന്നിൽ കണ്ട് ശ്രദ്ധയോടെ നിൽക്കണം…ഇതെല്ലാം കേട്ട് പുരുഷന്മാരെ പെണ്കുട്ടികൾ പേടിയോടെ കാണാൻ തുടങ്ങും..അവരോട് അകൽച്ച തോന്നും..പിന്നീട് പുറത്തിറങ്ങിയാലും,എന്തിന്, വിവാഹ ജീവിതത്തിലും ഭർത്താവിനോടുള്ള ഈ പേടിയാണ് സ്ത്രീയെ മുന്നോട്ട് നയിക്കുന്നത്. അതേസമയം ആണ്മക്കാൾക്ക് അമ്മമാർ എന്താണ് പറഞ്ഞുകൊടുക്കാര്..
സ്ത്രീകളെ അംഗീകരിക്കുന്നതിലും സമൂഹത്തിന് ഒരു ബുദ്ധിമുട്ടുണ്ട്.. സിനിമയായാലും കായികം രാഷ്ട്രീയമായാലും പ്രധാനപ്പെട്ട അവാർഡുകൾ, സ്ത്രീകൾക്ക് ലഭിക്കാറില്ല .കാരണം സ്ത്രീകൾ എന്ത് തന്നെ ചെയ്താലും അത് ഒരു സ്ത്രീ ചെയ്തതല്ലേ അതുകൊണ്ട് അത് എളുപ്പം ഉള്ളതായിരിക്കും എന്നാൽ പുരുഷൻ ചെയ്യുമ്പോൾ അത് കഠിനമായ പ്രവൃത്തി യും വലിയൊരു അച്ചീവ്മെന്റും ആയി കണക്കാക്കും.
ലിംഗ സമത്വം എന്നത് ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെ കൈവരിക്കാൻ കഴിയുന്നതാണ്.ഏവരുടെയും പങ്കാളിത്തത്തോടെ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ്. സ്ത്രീകൾ മുഖ്യധാരയിലേക്ക് വരണമെന്ന് പറയുമ്പോൾ നമ്മൾ ചിന്തിച്ചേക്കാം ഇന്ന് മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്നത് വാർത്തകളിൽ ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്നത് സ്ത്രീകൾതന്നെയാണ് അപ്പോൾ സ്ത്രീകൾ മുഖ്യധാരയിലേക്ക് വന്നുകഴിഞ്ഞു . സ്വാതന്ത്ര്യം നേടിയെടുത്തു എന്ന് കുറെയെങ്കിലും സ്ത്രീകൾ ചിന്തിക്കുന്നുണ്ടാകും പക്ഷേ സമൂഹത്തിലെ ന്യൂനപക്ഷം സ്ത്രീകളെ മാത്രമാണ് മുഖ്യധാരയിൽ കാണുന്നത്.കാരണം അവർക്ക് ചുറ്റും നിൽക്കുന്ന കുറച്ച് ആളുകൾ മാത്രമേ സ്ത്രീ സമത്വം എന്താണെന്ന് തിറിച്ചറിഞ്ഞിട്ടുള്ളൂ.നമ്മുടെ ചുറ്റുവട്ടത്ത് ഒന്ന് കണ്ണോടിച്ചാൽ മതി മാനസികമായി അവരുടെ ഉള്ളിൽ ആരൊക്കെയോ കെട്ടിയ വേലികൾക്കിടയിൽ ശ്വാസം മുട്ടി കഴിയുന്നവർ..എന്നാൽ ചിലർ അതിനുള്ളിൽ സന്തുഷ്ടരാണ് താനും.കാരണം അവർ വിചാരിക്കുന്നത് ആ വേലിക്കപ്പുറം വേറെ ലോകം ഇല്ലെന്നാണ്. അത്തരം സ്ത്രീകൾ അവരെയാണ് നമ്മൾ കൈപിടിച്ച് കയറ്റേണ്ടത് ഇതിന് മുൻകൈയെടുക്കേണ്ടത് മുഖ്യധാരയിൽ എത്തിയ സ്ത്രീകൾതന്നെയാണ്.
ഒരു തിരക്കിനിടയിൽ പെട്ടാൽ അതിൽ നിന്ന് പുറത്തേക്ക് കടക്കണമെങ്കിൽ നമ്മൾ ഒറ്റയ്ക്ക് വിചാരിച്ചാൽ കഴിയില്ല നമ്മുടെ മുൻപിലുള്ളവർ കുറച്ചൊന്ന് മാറി തരണം,നമ്മുടെ ഒപ്പമുള്ളവർ നമ്മളെ വീഴാതെ നോക്കണം, പിറകിൽ ഉള്ളവർ നമ്മളെ മുൻപിലേക്ക് തള്ളണം. അങ്ങനെ നമുക്ക് പുറത്തേക്ക് സുരക്ഷിതമായി എത്താനാകും.ഇതു തന്നെയാണ് ഇപ്പോൾ സമൂഹത്തിലും വേണ്ടത്. സ്ത്രീകളുടെ ഒപ്പം നിൽക്കുന്നവരുടെ ഒരു മനസ്സാണ്, പിന്തുണയാണ് അവർക്ക് വേണ്ടത്..ഒരു പെൺകുട്ടി കൂട്ടുകാരുടെ കൂടെ പുറത്ത് പോയാലോ,വീട്ടിൽ സമയം വൈകി എത്തിയലോ..എന്തിന് ഒരു സിനിമ കാണാൻ പോയാലോ വരെ നെറ്റി ചുളിക്കുന്ന ,കണ്ണുരുട്ടുന്ന നാട്ടുകാരും വീട്ടുകാരും ഇപ്പോഴും നിലനിൽക്കെ തന്നെയാണ് മലയാളികളും വനിതാ ദിനം ആഘോഷിക്കുന്നത്.
ഒരു പെൺകുട്ടി വളർന്നുവരുമ്പോൾ തന്നെ അവളെക്കൊണ്ട് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പഠിപ്പിക്കുക ആദ്യം ചെറിയ ചെറിയ കാര്യങ്ങളിൽ… അപ്പോൾ അവൾക്ക് അവളെ കുറിച്ച് തന്നെ ഒരു ബോധ്യം ഉണ്ടാകുന്നു..തനിക്ക് എത്രത്തോളം കഴിവ് ഉണ്ടെന്ന് മനസിലാക്കുന്നു പിന്നീട് വലിയ കാര്യങ്ങളിൽ നിർഭയം അവൾക്ക് തീരുമാനം എടുക്കാം.ആ കഴിവ് നാളെ അവളുടെ മക്കൾക്ക് , കുടുംബത്തിന്,അവൾക്കുചുറ്റും ഉള്ളവർക്ക് വേണ്ടിയും പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കും.അങ്ങനെ കഴിഞ്ഞെങ്കിൽ അതാണ് സ്ത്രീകളുടെ പുരോഗതി…അതാവണം സമൂഹത്തിന്റെ ,ലോകത്തിന്റെ ലക്ഷ്യം…