ഋത്വിക് പ്രവീണ്‍
ലോകമെമ്പാടും മാര്‍ച്ച് 8 വനിതാദിനമായി ആഘോഷിക്കുന്നു. എന്നാല്‍ എന്തുകൊണ്ട് മാര്‍ച്ച് 8 എന്നത് അധികം ചര്‍ച്ച ചെയ്യപ്പെടാത്ത കാര്യമാണ്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന അവകാശപോരാട്ടങ്ങളുടെ ചരിത്രമുണ്ട് ഈ ദിനത്തിന് പിന്നില്‍. അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് 1909 ഫെബ്രുവരി 28-നു ലോകത്തില്‍ ആദ്യമായി വനിതാദിനാചരണം നടത്തിയത്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 1910 ആഗസ്റ്റില്‍ കോപ്പന്‍ഹേഗനില്‍ വച്ച് നടന്ന “International Socialist Women’s Conference”ല്‍ വനിതാദിനം എല്ലാ വര്‍ഷവും ആഘോഷിക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.
ജര്‍മ്മന്‍ സോഷ്യലിസ്റ്റ് ലൂയിസ് സീറ്റ്സും ജര്‍മ്മന്‍ കമ്മ്യുണിസ്റ്റ് നേതാക്കള്‍ ക്ലാര സെറ്റ്കിനും കെയിറ്റ് ഡാന്കറുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. സ്ത്രീകള്‍ക്ക് തുല്യനീതിയും വോട്ടവകാശവും നേടുന്നതിനായുള്ള സമരമാര്‍ഗ്ഗമായാണ് ലോകവനിതാദിനം എന്ന ആശയത്തിനു പ്രചാരം ലഭിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും, ത്സാര്‍ ഭരണത്തിനു കീഴില്‍ ദുരിതം പേറിയിരുന്ന റഷ്യയിലും വോട്ടവകാശത്തിനും തുല്യനീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്‍റെ സന്ദേശം വഹിച്ചുകൊണ്ട് വനിതാദിനം ആചരിക്കപ്പെട്ടു.
ഇതിനെ തുടര്‍ന്ന് 1917 മാര്‍ച്ച് 8ന് റഷ്യന്‍ നഗരവീധികളിലൂടെ ആയിരക്കണക്കിന് സ്ത്രീതൊഴിലാളികള്‍ നടത്തിയ അവകാശസമരം, റഷ്യന്‍ ഭരണാധികാരി ത്സാര്‍ നിക്കോളാസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കിയ ഫെബ്രുവരി വിപ്ലവത്തിനു കാരണമായിതീര്‍ന്നു. പിന്നീട് ഒക്ടോബര്‍ വിപ്ലവത്തിലൂടെ റഷ്യയിലെ സ്വേഛാധിപതി ഭരണത്തിന്‍റെ അവസാനം കുറിച്ച് സഖാവ് വ്ലാഡിമിര്‍ ലെനിന്‍റെ നേതൃത്വത്തില്‍ കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. സ്ത്രീതൊഴിലാളികളുടെ ഐതിഹാസിക സമരത്തെ ആദരിച്ചു കൊണ്ട് മാര്‍ച്ച് 8 റഷ്യയില്‍ ഔദ്യോഗിക വനിതാദിനമായി ആചരിച്ചു തുടങ്ങി. ലോകമൊട്ടാകെ കമ്മ്യുണിസ്റ്റ് രാജ്യങ്ങള്‍ റഷ്യയുടെ പാത പിന്തുടര്‍ന്ന് മാര്‍ച്ച് 8 വനിതാദിനമായി പ്രഘ്യാപിച്ചു.
1975ലാണ് UN അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു തുടങ്ങിയത്. 1977ല്‍ യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസ്സംബ്ലി, മാര്‍ച്ച് 8 വനിതാവകാശദിനമായി പ്രഘ്യാപിച്ചു. തുല്യനീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി പോരാടിയ ധീരവനിതകളുടെ ഓര്‍മ്മകളുമായി മാര്‍ച്ച് 8. അന്താരാഷ്ട്ര വനിതാദിനം.