ന്യൂഡൽഹി : വിഖ്യാത കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണക്ക് ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം. ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനമായ 31ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പുരസ്കാരം സമ്മാനിക്കും.
ദേശീയോദ്ഗ്രഥനത്തിന് നൽകിയ സംഭാവനകളുടെ പേരിലാണ് 10 ലക്ഷം രൂപയുടെ പുരസ്കാരത്തിന് അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മറ്റി (എ.ഐ.സി.സി) കൃഷ്ണയെ തെരഞ്ഞെടുത്തത്. ആക്ടിവിസ്റ്റ് കൂടിയായ കൃഷ്ണ 2016 ൽ റമൺ മാഗ്സസെ പുരസ്കാരം നേടിയിരുന്നു.
ജാതിവിവേചനങ്ങൾക്കും സാമൂഹിക-സാംസ്കാരിക വേർതിരിവുകൾക്കും അതീതമായ സംഗീതത്തിനു വേണ്ടി വാദിക്കുന്ന ടി.എം.കൃഷ്ണ അറിയപ്പെടുന്ന കോളമിസ്റ്റ് കൂടിയാണ്. ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ മേഖലകളിലെ ശാസ്ത്രീയസംഗീതപാരന്പര്യം വീണെടുക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നൂരിലെ പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് ശ്രദ്ധ കഷണിച്ചുള്ള പുറന്പോക്കു പാടലും മത്സ്യത്തൊഴിലാളികളേയും ട്രാൻസ്ജെന്രേഴ്സിനെയും ഉൾപ്പെടുത്തിയുള്ള നാടൻ സംഗീതോത്സവങ്ങളും ശ്രദ്ധേയമാണ്.
1976 ജനുവരി 22 നു ചെന്നൈയിലാണ് കൃഷ്ണയുടെ ജനനം. പാലക്കാടിനടുത്ത് ആനക്കട്ടിയിൽ വിദ്യാവനം എന്ന ട്രൈബൽ സ്കൂൾ നടത്തുന്ന അമ്മ പ്രേമ രംഗാചാരി മലയാളിയാണ്. കൃഷ്ണയുടെ ഭാര്യ പ്രശസ്ത കർണാടക സംഗീതജ്ഞ സംഗീതശിവകുമാറും മലയാളിയാണ്.
രാജീവ് ഗാന്ധി, സ്വാമി രംഗനാഥാനന്ദ, അരുണ ആസിഫലി, എം.എസ്.സുബ്ബലക്ഷ്മി, ഡോ.എ.പി.ജെ. അബ്ദുൾകലാം, എ.ആർ റഹ്മാൻ, ഡോ.എം.എസ്.സ്വാമിനാഥൻ, പി.വി.രാജഗോപാൽ, ശ്യാം ബെനഗൽ തുടങ്ങിയവർ മുൻവർഷങ്ങളിൽ ദേശീയോദ്ഗ്രഥന പുരസ്കാരം നേടിയ പ്രമുഖരിൽ പെടുന്നു.