അന്താരാഷ്ട്ര പുസ്തക സാഹിത്യോത്സവം മാര്‍ച്ച്‌ ഒന്ന് മുതല്‍ കൊച്ചിയില്‍

0
536

കൊച്ചി:  വാര്‍ഷിക പരിപാടിയായി കേരള സര്‍ക്കാര്‍ തുടക്കം കുറിക്കുന്ന അന്താരാഷ്ട്ര പുസ്തക- സാഹിത്യോത്സവത്തിന്റെ ആദ്യ പതിപ്പ് കൊച്ചിയില്‍ നടക്കും. സ്ഥിരം വേദിയായി കൊച്ചിയെ തന്നെ ആലോചിക്കുന്നുണ്ട്. സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് അന്താരാഷ്ട്ര പുസ്തക- സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.

പുസ്തകോത്സവം (International Book Fair 2018) മാര്‍ച്ച് 1 മുതല്‍ 11 വരെ മറൈന്‍ ഡ്രൈവിലും സാഹിത്യ-വിജ്ഞാനോത്സവം (International Festival of Books and Authors 2018) മാര്‍ച്ച് 6 മുതല്‍ 10 വരെ ബോള്‍ഗാട്ടി പാലസിലുമാണ് സംഘടിപ്പിക്കുക.

എം ടി വാസുദേവന്‍ നായരാണ് മേളയുടെ ഡയറക്ടര്‍. ഷാജി എന്‍. കരുണ്‍ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ് ആയും പ്രവര്‍ത്തിക്കുന്നു. എസ് രമേശനാണ് സ്വാഗതസംഘം ജനറല്‍  കണ്‍വീനര്‍. മുഖ്യമന്ത്രി ചെയര്‍മാനും സഹകരണവകുപ്പുമന്ത്രി വൈസ് ചെയര്‍മാനുമായ മേളയുടെ സംഘാടക സമിതിയില്‍ ജനപ്രതിനിധികളും ജില്ലാ കളക്ടറും എഴുത്തുകാരും പൗരപ്രമുഖരുമടങ്ങുന്നു.

ബോള്‍ഗാട്ടിയില്‍ നടക്കുന്ന സാഹിത്യ-വിജ്ഞാനോത്സവത്തില്‍ 200ലധികം പ്രഭാഷകര്‍ പങ്കെടുക്കും. അഞ്ച് വേദികളിലായി അമ്പതിലധികം സെഷനുകളുണ്ടാകും. അന്താരാഷ്ട്ര പ്രശസ്തരായ എഴുത്തുകാരും ചിന്തകരും പങ്കെടുക്കും.

 മറൈന്‍ ഡ്രൈവിലെ പുസ്തകമേളയില്‍ ലോകത്തിലെ പ്രമുഖ പ്രസാധകരടക്കം നൂറിലധികം പേര്‍ പങ്കെടുക്കും.  ചെറുകിടപ്രസാധകര്‍ക്കും തുല്യഅവസരം ലഭിക്കും. മേളയുടെ ഭാഗമായി കുട്ടികളുടെ വായന മെച്ചപ്പെടുത്താന്‍ ബുക്ക് കൂപ്പണ്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ട്.  സ്‌കൂളുകള്‍ വഴി കുട്ടികള്‍ക്ക് നിശ്ചിത തുകയുടെ കൂപ്പണ്‍ വിതരണം ചെയ്യുകയും മേളയില്‍ കൂപ്പണ്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് പുസ്തകം കൈപ്പറ്റാന്‍ അവസരം നല്കുകയും ചെയ്യുന്നതാണ് പദ്ധതി. 1500- ഓളം ഡെലിഗേറ്റുകളെ മേളയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നു.

ആഗോള എഴുത്തുകാര്‍ക്ക് അതിരുകളില്ലാതെ ഇടപഴകാനും നവരചയിതാക്കളെ വിശ്വസാഹിത്യത്തിന്റെ ചക്രവാളങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താനും വായന പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാധാരണക്കാരന്റെ അഭിരുചികളെ പുരോഗമനപരമായി സ്വാധീനിക്കുന്നതിനും ലക്ഷ്യമിട്ടാണ് കേരള സര്‍ക്കാര്‍ മേള സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ സാഹിത്യോത്സവങ്ങളുടെ പുതിയൊരു സംസ്കാരം മൂന്ന് വര്‍ഷം കൊണ്ടാണ് ഇത്ര വ്യാപകമായത്. ഡി സി ബുക്സിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് മൂന്ന് വര്‍ഷമായി നടത്തുന്ന KLF, മാധ്യമം തുഞ്ചന്‍പറമ്പില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ MLF, മാതൃഭൂമി തിരുവനന്തപുരത്ത് നടത്തിയ ‘ക’ തുടങ്ങിയവ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ അന്താരാഷ്ട്ര സാഹിത്യോത്സവം നടത്താന്‍ ഉദേശിക്കുന്നത് സാഹിത്യ പ്രേമിക്കള്‍ക്ക് നല്ല വാര്‍ത്ത‍യാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here