കോഴിക്കോട്: കേരളാ സ്വതന്ത്ര – പരീക്ഷണ സിനിമ മേള (ഇൻറിപ്പെൻറ് ആൻറ് എക്സിപിരിമെന്റല്‍ ഫിലിം ഫെസ്റ്റിവല്‍ കേരള) ജനവരി 13, 14 തീയ്യതികളില്‍ കോഴിക്കോട് ഓപ്പണ്‍ സ്കീനില്‍ വെച്ച് നടക്കും. സ്വതന്ത്ര- പരീക്ഷണ സിനിമകൾക്കുവേണ്ടി മാത്രമായുള്ള മലയാള സിനിമയുടെ ചരിത്രത്തിലെതന്നെ ആദ്യത്തെ ഫിലിം ഫെസ്റ്റിവലാണ് മിനിമല്‍ സിനിമയുടെ നേതൃത്വത്തില്‍ നടക്കുന്നത്. സ്വതന്ത്രവും പരീക്ഷണാത്മകവുമായ സിനിമകളുടെ നിര്‍മ്മാണത്തിനും പ്രദര്‍ശനത്തിനും സഹായിക്കുന്നതിനുള്ള കൂട്ടായ പരിശ്രമമാണ് മിനിമല്‍ സിനിമ.
ക്രൈം നന്പർ 89 ലൂടെ 2013 ലെ മലയാളത്തിലെ മികച്ച സിനിമയുടെ സംവിധായകനായി മാറിയ സുദേവന്റെ പുതിയ സിനിമ ‘അകത്തോ പുറത്തോ’, മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ജിയോ ബേബിമ്യൂസിക്കിന്റെ ‘കുഞ്ഞുദൈവം’, സമീപകാലത്തെ ഏറ്റവും ശ്രദ്ധേയമായ സിനിമ ജീവ കെ.ജെ. യുടെ ‘റിക്റ്റർ സ്കെയിൽ 7.6’, ഫൗസിയ ഫാത്തിമയുടെ മാജിക്കൽ റിയലിസ്റ്റിക് സിനിമ ‘നദിയുടെ മൂന്നാംകര’, നിരവധി അന്താരഷ്ട്ര ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെട്ട റഹ്മാൻ ബ്രദേഴ്സിന്റെ ‘കളിപ്പാട്ടക്കാരൻ’ എന്നീ മുഴുനീള സിനിമകൾ ഫെസ്റ്റിവലിലുണ്ട്.
ഫെസ്റ്റിവലിന്റെ ഡയറക്റ്റർ ഫോക്കസ് വിഭാഗത്തിൽ മലയാളത്തിലെ ഏറ്റവും ചെറുപ്പക്കാരനായ സംവിധായകൻ ഡോണ്‍ പാലത്തറയുടെ ‘വിത്ത്, ശവം, തിരികെ, പുളിക്കൽ മത്തായി എന്നീ സിനിമകൾ പ്രദർശ്ശിപ്പിക്കുന്നു.
ഡോക്യുമെന്ററി വിഭാഗത്തിൽ കെ.ജി.ജോർജ്ജിനെക്കുറിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്ത് ഈ വർഷത്തെ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘8 1/2’ ഇന്റർകട്ട്‌സ്’എന്ന സിനിയും വയനാട്ടിലെ പണിയ ജനവിഭാഗത്തെക്കുറിച്ചുള്ള അനീസ് കെ. മാപ്പിള യുടെ ‘ദി സ്ലേവ് ജെനിസിസ്’ എന്ന സിനിമയും പ്രദർശ്ശിപ്പിക്കുന്നു.
ഡെലിഗേറ്റ് പാസുകള്‍ രജിസ്റ്റര്‍ ചെയ്യാനായി സന്ദര്‍ശിക്കുക: www.minimalcinema.in