സുബൈര്‍ സിന്ദഗി
ഇന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നുന്ന കുറെ മനുഷ്യരില്‍ ഒരാളായിരുന്നു അയ്യൂബ് ഇക്ക. അലസമായി ഉടുത്ത ലുങ്കിയും, ബട്ടണ്‍സുമിടാതെ കുപ്പായത്തിന്റെ കൈ തിരുകി കയറ്റി കാജാ ബീഡിയും ചുണ്ടില്‍ വെച്ച് ഒറ്റയാനെ പോലെ പാവിട്ടപ്പുറത്ത് എല്ലാവര്‍ക്കും മിത്രമായി തല ഉയര്‍ത്തി നടക്കുന്ന ഒരു മനുഷ്യന്‍.
പാമ്പ് പിടുത്തക്കാരുടെ പല സാഹസിക കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നാമിന്നറിയുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇത്ര വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത കാലത്ത് ജീവിച്ചിരുന്ന അയ്യൂബുക്ക പാമ്പുപിടുത്തത്തില്‍ അഗ്രഗണ്യനായിരുന്നു. സ്വയം രക്ഷാസംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് ധൈര്യം ഒന്നുമാത്രം കൈമുതലാക്കിയാണ് അദ്ദേഹം പമ്പുപിടിക്കാന്‍ ഇറങ്ങുക. ഏത്ര വലിയ പാമ്പായാലും അയ്യൂബ് ഇക്കയുടെ മുന്നില്‍ പത്തിതാഴ്ത്തും. കൊച്ചുകുട്ടികളെ കൈവള്ളയിലെടുക്കുന്നതുപോലെ പാമ്പിനെയും പിടിച്ചുള്ളവരവിന് ഗര്‍വ്വിന്റെ മുഖമുണ്ട്.
പൊതുസമൂഹവും സര്‍ക്കാരും കൃഷിയെ പ്രോത്സാഹിപ്പിക്കുകയും, ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ കൃഷിയ്ക്ക് യോഗ്യമാക്കണം എന്ന് പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതാക്കളെ പോലെയല്ല അയ്യൂബ് ഇക്ക. മണ്ണിന്റെ മണമറിഞ്ഞ കര്‍ഷകമായിരുന്നു അദ്ദേഹം. കൃഷി പ്രാവര്‍ത്തികമാക്കി കാണിക്കുകയായിരുന്നു അദ്ദേഹം.
ഒരു തലമുറയെ ചിന്തിപ്പിച്ച വ്യക്തി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പാവിട്ടപ്പുറത്തെ ഹൈവേ റോഡിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കൃഷിയിറക്കിക്കൊണ്ട് സ്ഥലപരിമിതിയെ മറികടന്നിരുന്നു അദ്ദേഹം. കൃഷി ചെയ്യാന്‍ മനസ്സുണ്ടാവുക എന്നതാണ് ഏറ്റവും വലിയകാര്യമെന്ന് അദ്ദേഹം പറയാതെ പറയുന്നുണ്ട്. മനസ്സുണ്ടായാല്‍ ബാക്കിയെല്ലാം പിന്നാലെ വന്നുകൊള്ളും.
അരെയും അനുകരിച്ചു പഠിക്കേണ്ടതില്ല. എന്നാല്‍ തലമുറകള്‍ കൈമാറുന്ന പാഠം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
[…] അയ്യൂബ് ഇക്ക […]