മൂധേവി പുറത്ത്….

0
458

നന്ദിനി മേനോൻ

കുറച്ചു വർഷങ്ങളായി നാട്ടിൽ ചെല്ലുമ്പോൾ പാതയരുകിൽ ഇവരെ കാണാറുണ്ട്. കല്യാണ മണ്ഡപത്തിനും ഉച്ചി മഹാളി കോവിലിനും ഇടക്കുള്ള മൂന്നോ നാലോ കിലോമീറ്ററിനകത്ത് എവിടേയെങ്കിലും. ചുട്ടു പഴുത്ത വാൾത്തലപ്പു പോലുള്ള മുഖവുമായി വലിയൊരു തുണി മാറാപ്പ് മുതുകിലേറ്റി പാവാടയും ഷർട്ടും സാരിക്കഷണങ്ങളും വാരിച്ചുറ്റി പല്ലെല്ലാം അടർന്ന വാ നിറയെ തെറ്റും മാപ്പും ക്ഷമാപണങ്ങളുമായി ഒരു പെൺകോലം. റോഡരുകിലൂടെ ആർക്കും ഒരുപദ്രവവുമില്ലാതെ അവർ ഒതുങ്ങി നടക്കും. ഇടക്കിടെ ഭാണ്ഡക്കെട്ട് നിലത്ത് ചൊരിയും. ധരിച്ചിരിക്കുന്ന വസ്ത്രങ്ങളെല്ലാം ശ്രദ്ധയോടെ അഴിക്കുന്നതായി അഭിനയിക്കും. പിന്നീട് മൂക്കു പിടിച്ച് മുങ്ങിക്കുളിയാണ്. കുറെയേറെ മുങ്ങലുകൾക്കൊടുവിൽ മുഖമുയർത്തി നിവർന്ന് അവരൊരു ദീർഘശ്വാസം വിടും. ജടകുത്തി പിൻ കഴുത്തിലെവിടേയോ പുറ്റു പോലിരിക്കുന്ന തലമുടി വാരിക്കോതി നെറുകയിൽ കെട്ടുന്നതായും ഭസ്മം പൂശുന്നതായും ആംഗ്യങ്ങൾ കാണിക്കും. പിന്നീട് തലക്കു മുകളിലേക്ക് കൂപ്പുകയ്യുയർത്തി സകല ദൈവങ്ങളേയും വിളിച്ച് ഒരു മാപ്പപേക്ഷയാണ്. ‘അമ്മേ തായേ… തെറ്റു പൊറുക്കണേ… തായേ പഗോതി മാപ്പാക്കിത്തരണേ…’ അതങ്ങിനെ നീണ്ടു നീണ്ട വിളികളാവും. കാലു പിണച്ച് ചെവിയിൽ വിരൽ കോർത്ത്‌ കുനിഞ്ഞ് ഏത്തമിടും. കൈകൾ കൊണ്ട് കവിളത്താഞ്ഞടിച്ച് തെറ്റേറ്റു പറയും. പാതവക്കിൽ സാഷ്ടാംഗം നമസ്കരിച്ചു കിടക്കും. പിന്നെ പതുക്കെ എഴുന്നേറ്റ് ചോർന്നു പോയ പാഴ് വസ്തുക്കളെല്ലാം കൂട്ടിക്കെട്ടി ഭാണ്ഡമാക്കി മുതുകിലേറ്റി നടക്കും, കുറച്ചപ്പുറത്ത് ചെന്ന് വീണ്ടും മുങ്ങിക്കുളിയും മാപ്പു പറയും ക്ഷമായാചനവും… ചിലപ്പോൾ ഒരിടത്തു തന്നെ മണിക്കൂറുകൾ നിന്ന് അവർ കുമ്പിടും. തീക്കനൽ പോലെ ചുവന്ന മുഖമുയർത്തി വള്ളി പോലുള്ള കൈകൾ തലക്കു മുകളിലേക്കു നീട്ടി മാപ്പപേക്ഷിച്ചു നില്ക്കുന്ന ആ സ്ത്രീരൂപം വല്ലാത്തൊരു കാഴ്ചയാണ്. നാട്ടിൽ ചെല്ലുമ്പോൾ ഓവുപാലത്തിനരികിലോ പുളിമരച്ചോടിലോ പൊതുശ്മശാന മതിലരികിലോ മാരിയമ്മൻ കോവിലിന്റെ വക്കു പൊട്ടിയ ശൂലത്തറക്കരികിലോ ഇവരെ എന്റെ ഓരോ യാത്രയിലും കാണും. ബജ്ജി ബോണ്ടകൾ നിരത്തി വെച്ച കണ്ണാടിക്കൂടുകൾക്കു മുന്നിലോ നിലക്കടല പുഴുങ്ങുന്ന ഉന്തുവണ്ടി ക്കരികിലോ കൊതിയോടെ അവർ കൈ നീട്ടി നില്ക്കുന്നതു കണ്ടിട്ടില്ല. ഒരാൾക്കു മുന്നിലും ചെന്ന് യാചിക്കുന്നതായി കണ്ടിട്ടില്ല. വഴിയോരത്തെ തുണിക്കഷണങ്ങളും പ്ലാസ്റ്റിക് കവറുകളും ഭാണ്ഡത്തിലാഴ്ത്തി വിഷമിച്ച് മുതു കുനിഞ്ഞ് ചുമടേറ്റി നടക്കുന്നതായും, നിർത്താത്ത നീണ്ട നീണ്ട പ്രാർത്ഥനകളിൽ മുഴുകുന്നതായും മാത്രമെ അവരെ കാണാറുള്ളു. ഓരോ നാട്ടിൻപുറത്തിനും അവരുടേതു മാത്രമായ ഒരു ഭ്രാന്തനോ ഭ്രാന്തിയോ എക്കാലത്തും കാണും. വളരെ വിചിത്രമായൊരു വിളിപ്പേരുണ്ടായിരുന്ന ഈ സ്ത്രീ ഞങ്ങളുടെ നാടിന്റെ സ്വന്തം ഭ്രാന്തിയാണ്.

അതെനിക്ക് വളരെ വിചിത്രമായ ഒരു പേരായി തോന്നി, കാരണം ഞാനന്നു കുട്ടിയായിരുന്നല്ലോ. നിലത്തിഴയുന്ന പാവാടയും ദാവണിയും തീരെ ഇറക്കം കുറഞ്ഞ ജാക്കറ്റുമായി അവളങ്ങിനെ അന്തസിൽ നടന്നു വരുന്നത് കാണാറുണ്ട്. പൊക്കിക്കെട്ടിയ വലിയ മുടിക്കെട്ടിൽ ചെണ്ടുമല്ലി പൂ പോലെ ഒരെണ്ണം എന്നും തിരുകി വെക്കാറുണ്ട്. സൈക്കിളിൽ എന്നെ സ്ക്കൂളിലേക്കു കൊണ്ടു പോകുന്ന ചെന്താമര, വഴിയരികിൽ ഇവളെക്കണ്ടാൽ ലേറ്റസ്റ്റ് തമിഴ് സിനിമാ പാട്ടുകൾ ഉറക്കെ പാടാൻ തുടങ്ങും. പക്ഷെ അവൾക്കരികിലെത്തിയാൽ അയാളുടെ വായ തുന്നൽ വിട്ട കുപ്പായക്കീശ പോലെ കീഴോട്ടു തൂങ്ങുന്നതും തമിഴും മലയാളവും കലർന്നൊരു മണിപ്രവാള ശബ്ദം പുറത്തേക്കു വീഴുന്നതും സൈക്കിളിന്റെ പെഡലിൽ നിന്ന് കാലുകളൂർന്നു പോകുന്നതും പുറകിൽ കുഞ്ഞിത്തവള പോലെ ഇരിക്കുന്ന ഞാനറിയാറുണ്ടായിരുന്നു. സിംഹിണിയുടെ ഊറ്റത്തോടെ നില്ക്കുന്ന അവളുടെ കൂർത്ത നോട്ടങ്ങൾക്കിടയിലമരുന്ന ചെന്താമരയുടെ പാട്ട് ഒരുപാടു പരുക്കുകളോടെ പുറത്തു വരുമ്പോഴേക്കും ഞങ്ങൾ മൈലാഞ്ചിച്ചെടികൾ അതിരിടുന്ന ‘ടാർപാത’യൊക്കെ പിന്നിട്ട് ബൊമ്മിയുടെ അമ്മയുടെ മിഠായിക്കടക്കടുത്തെത്താറാവും . വലിയ കൂറ്റൻ ഗേറ്റിനടുത്ത് ഇടുപ്പിൽ കൈ കുത്തി കുലവാഴ പോലെ നില്ക്കുന്ന അവളെ പലപ്പോഴും കണ്ടിട്ടുണ്ട് എന്നല്ലാതെ അതാരാണ് എന്നൊന്നും എനിക്കറിയില്ലായിരുന്നു. വളരെ ഉദാരമായി ശരീരം പ്രദർശിപ്പിച്ചു കൊണ്ടുള്ള അവളുടെ വസ്ത്രധാരണം സിൽക് സ്മിതയെ ഓർമിപ്പിച്ചിരുന്നു എന്നല്ലാതെ വേറൊന്നും ശ്രദ്ധിച്ചതായി ഓർക്കുന്നില്ല. അല്പം തടിച്ച ശരീരമാണെങ്കിലും നീണ്ടു നിവർന്ന് തെല്ലഹങ്കാരത്തോടെ ആരെയും ശ്രദ്ധിക്കാത്ത പോലുള്ള ആ നില്പും കൗതുകമായിരുന്നു എന്ന് ഇന്നെനിക്കു തോന്നുന്നു.

വലിയ പണക്കാരനായ ഒരു മുതലാളിയുടെ ജീവിതം ഇവൾ കയറിട്ടു മുറുക്കിയതും പണപ്പെട്ടി ചങ്ങലയിട്ടു പൂട്ടിയതും അടഞ്ഞ വാതില്ക്കൽ ഭാര്യക്കു കാത്തു നില്ക്കേണ്ടി വന്നതും കുട്ടികൾ സമൃദ്ധികൾക്കു നടുവിൽ പട്ടിണി കിടന്നതും അയാളോടടുക്കുവാനാവാതെ മാതാപിതാക്കൾ പിൻവലിഞ്ഞതും, നല്ല കുട്ടികൾ കേൾക്കാൻ പാടില്ലാത്ത കഥകളായിരുന്നതിനാൽ ഞാൻ കേട്ടിട്ടേയില്ല. എന്നിട്ടാണ്, തലയിൽ താളിതേച്ച് പതപ്പിച്ച് തരുമ്പോഴോ നിത്യ കല്യാണിച്ചെടികൾക്ക് വെള്ളമൊഴിക്കുമ്പോഴോ തങ്കമണി എന്തോ പാതി പറഞ്ഞതിൻ മേലുള്ള കൗതുകത്തിൽ, അവളുടെ വിചിത്ര പേരിന്റെ അർത്ഥമെന്താണമ്മേ എന്നു ഞാൻ ചോദിച്ചതും, ചൂരലു വീശിയതുപോലുള്ള അമ്മയുടെ ഒരൊറ്റ നോട്ടത്തിന്റെ ചുവന്ന തിണർപ്പു വീണ് എന്റെ തുട നീറിയതും….. പക്ഷെ ആ കുടുംബം പുഴുങ്ങാനിട്ട നെല്ലു പോലെ വിങ്ങിയതും കെട്ട വെള്ളത്തിന്റെ ആവി പോലെ ദുർഗന്ധം പരന്നതും എല്ലാവരുമറിഞ്ഞിരുന്നു. കടുത്ത രക്ത സമ്മർദത്താൽ ആ വീട്ടമ്മയുടെ കാഴ്ച നഷ്ടപ്പെട്ടതും വലിയ വീടിനകത്ത് അവർ തപ്പിത്തിരഞ്ഞ് നടന്നതും മധ്യവയസെത്തും മുന്നെ മരണപ്പെട്ടതും ഒട്ടും രഹസ്യവുമല്ലായിരുന്നു. വിചിത്രമായ അവളുടെ പേരുണർത്തിയ ഒരു കൗതുകം എന്നതിൽ കവിഞ്ഞ് അവളെക്കുറിച്ച് ഒരോർമയും ബാക്കി നിർത്താതെ ഞാൻ പുതിയ കഥകളിലേക്കും കാഴ്ചകളിലേക്കും കയറിപ്പോയിക്കഴിഞ്ഞിരുന്നു.

വളരെയേറെ വർഷങ്ങൾക്കു ശേഷം, നാട്ടിൽച്ചെല്ലുമ്പോൾ എന്നെ കാണാനെത്തുന്ന പാറു അമ്മ, രണ്ടു വെറ്റില തലയും വാലും നുള്ളി നാരടർത്തി നൂറും ചതച്ച അടക്കയും വെച്ചു തെരുക്കും പോലെ പറഞ്ഞ ചില സത്യങ്ങളിൽ നിന്നും തത്വങ്ങളിൽ നിന്നുമാണ് ഞാനവരെക്കുറിച്ച് പിന്നീടോർക്കുന്നത്. വലിയ മതിലിനു നടുവിലെ കൂറ്റൻ ഗേറ്റിന് പുറത്തേക്കവരെ ഇറക്കിയതാരാണെന്നറിയില്ല, സ്വന്തം വീട്ടിൽ നിന്നവർ പുറത്തായതെങ്ങനെയെന്നും ഞാനന്വേഷിച്ചില്ല. മേടമാസ രാവുകളിൽ പായും ചുരുട്ടി റാന്തലും തൂക്കി കോവിലൻ ചരിതവും ശീലാവതി നാടകവും നല്ല തങ്കാൾ കഥയും സ്ഥിരമായി കാണാൻ പോയിരുന്ന പാറു അമ്മ സംശയമേതുമില്ലാതെ ഉറപ്പിച്ചു പറഞ്ഞു, ‘അവൾക്കു കിട്ടേണ്ടതു കിട്ടി. പെരുവഴി തെണ്ടണത് കണ്ടില്ലേ? ഇനീം അനുഭവിക്കാൻ കിടക്കണേയുള്ളു. ഇതു പോലുള്ള മൂതേവികളെയെല്ലാം ഉച്ചി മഹാകാളി പാതച്ചാലിലിറക്കും മകളേ…..’

നല്ല തങ്കാള് ജീരകം തൊലി കളഞ്ഞ് പെൺമാനം കാത്തതും മദനോത്സവത്തിന് ഭർത്താവിനെ കൊട്ടയിലെടുത്ത് ശീലാവതി ചുമന്നതും രത്നം പതിച്ച താലിയഴിച്ച് ചൂതുകളിക്കാരൻ ഭർത്താവിന്റെ കാല്ക്കൽ വെച്ച് മഞ്ഞൾ തുണ്ട് ചരടിൽ കോർത്ത് കണ്ണകി കഴുത്തിലണിഞ്ഞതും കുട്ടിക്കാലത്ത് പാതി ഉപദേശവും പാതി ഭക്തിയും കൂട്ടിക്കുഴച്ചു പറഞ്ഞു തന്നിരുന്ന എന്റെ അമ്മയുടെ പ്രായമുള്ള അവരോട് ഞാൻ ചോദിച്ചു, അപ്പൊ കൂട്ടുപ്രതിയായ അയാളോ…? ‘അയാൾക്ക് ഒരു തെറ്റ് പറ്റീതല്ലേ മകളേ… ഇപ്പൊ ഒതുങ്ങി. മക്കളിപ്പൊ പുറത്തിറങ്ങാൻ വിടിണില്ല. എല്ലാ സൗകര്യോം ചെയ്ത് കൊട്ത്തിട്ട്ണ്ട്. മര്ന്നിന് മര്ന്ന്… ആള്ക്ക് ആള്….’

മരുന്നും മന്ത്രോം സുഖോം സൗകര്യോം ആയി മക്കൾ വീട്ടിലടക്കിയിരുത്തിയിരിക്കുന്നത് എങ്ങനെ ഉച്ചി മഹാകാളിയുടെ ശിക്ഷയാവും എന്ന എന്റെ മന്ദബുദ്ധിയിലേക്ക് രണ്ടു വിരലിനിടയിലൂടെ വെറ്റിലച്ചാറ് ഊക്കോടെ തുപ്പിയിട്ട് അവർ പറഞ്ഞു ‘പിന്നല്ലാതെ..? ആണ്ങ്ങൾക്ക് വീട്ടിലങ്ങനെ ഒതുങ്ങിയിരിക്കണത് ശിക്ഷ തന്നെ . മിന്റ്റിന് മിന്റ്റിന് വണ്ടീം എട്ത്ത് പാഞ്ഞിര്ന്ന ആളല്ലേ …?’

പാറു അമ്മയുടെ അതു പോലെ കുറെപേരുടെ കോടതിയിൽ ആലിഞ്ചോട്ടിലെ കരുമാരി ശരിയായി വിധിച്ചിരിക്കുന്നു. ആണൊരുത്തന് ശിക്ഷ വീട്ടു കോലായയിൽ, ഒരുമ്പെട്ടോൾക്ക് ശിക്ഷ പെരുവഴിയിൽ. തരവഴികേട് കാട്ടി കുടുംബം കലക്കിയ മഹാപാപിപ്പെണ്ണ് പെരുവഴിയിലൂടെ മുത്തുമാരിയേയും ഇളയഭഗോതിയേയും വിളിച്ച് തെറ്റും മാപ്പും ഇരന്നിരന്ന് നടക്കുന്നു. എത്ര മുങ്ങിയിട്ടും ഇളകാത്ത അഴുക്കു മണത്തു മണത്ത് വലിയ വായിൽ കേണു കാലു പിടിക്കുന്നു. കാണാത്ത സത്യങ്ങൾക്കു മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്നു. കൂടെയുണ്ടായിരുന്നവൻ തെറ്റു’മനസിലാക്കി’ കുടുംബത്തിന്റെ തണലിലേക്കു കയറിക്കിടക്കുന്നു. പൊള്ളിയ കാലുകൾ വലിച്ചിഴച്ച് അവൾ നടുപ്പാതയിൽ ചളുങ്ങിയ മുഷിഞ്ഞ കീറിയ ഓർമകൾ ചൊരിഞ്ഞിടുന്നു, ആരെങ്കിലും ചികയും മുന്നെ വാരിയെടുത്ത് ഭാണ്ഡത്തിലിടുന്നു. വീണ്ടുവിചാരത്തിന്റെ പാദങ്ങളിൽ അനുസരണ തടവി അയാൾ പൂമുഖത്ത് പ്രതിഷ്ഠയാവുന്നു.

പല്ലുകൾ പോയി മുഖം കോടി കാലക്രമേണ അവർ നമ്മളുദ്ദേശിക്കുന്ന തരത്തിലുള്ള ഒരു ഭ്രാന്തിയുടെ രൂപം കൈക്കൊണ്ടു. നാട്ടിലേക്ക് ഇക്കഴിഞ്ഞ പോക്കിലും ഞാനവരെ വഴിയരികിൽ കണ്ടു. പൊട്ടച്ചട്ടിയിലെ ചാണകവെള്ളം തളിച്ച് ഞങ്ങളവരെ ആട്ടിവിട്ടതാണ്, ‘ചേട്ടേ പോ മൂട്ടേ പോ… പശ്ചാത്താപക്കാരൻ അകത്തു വാ… മൂധേവിപ്പെണ്ണ് പുറത്തു പോ…..’

(വനിതാ ദിനത്തിൽ വെറുതെ അവരെക്കുറിച്ചോർത്തെന്നു മാത്രം. പാപം ചെയ്യുന്നവൾ പുറത്തേക്കും കൂട്ടുപ്രതികൾ അകത്തേക്കും പായുന്നതിനെക്കുറിച്ചല്ലേയല്ല)

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 

LEAVE A REPLY

Please enter your comment!
Please enter your name here