അലിവായ് പെയ്‌ത ജീവിതം

0
337
athmaonline-idavazhiyile-kalpadukal-thumb

ഇടവഴിയിലെ കാൽപ്പാടുകൾ

സുബൈർ സിന്ദഗി

വ്യത്യസ്തമായ ജീവിതം നയിച്ച, തന്റെ പ്രവർത്തനങ്ങൾ കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ വ്യക്തികളെയാണ് ഇടവഴിയിലെ കാൽപ്പാടുകൾ എന്ന ഈ പംക്തിയിൽ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വിസ്മയകരമായ കഴിവുകളുള്ള പ്രതിഭകളുള്ള നിരവധി പേരെ നമുക്കറിയാം. എന്നാൽ ഇവിടെ പ്രതിപാദിക്കുന്നത് ഒരു സാധാരണക്കാരനെയാണ്. തന്റെ ജീവിതം കൊണ്ട്, കർമ്മം കൊണ്ട്, വാക്കുകൾ കൊണ്ട് സാധാരണക്കാർക്കിടയിൽ മാതൃകാപരമായ ജീവിതം ജീവിച്ചു കാണിക്കുകയും യുവത്വത്തിൽ തന്നെ ഈ ലോകത്തോട് വിട പറയുകയും ചെയ്ത ഒരു വ്യക്തിയേയാണ്.

subair-zindagi-athmaonline-wp
സുബൈർ സിന്ദഗി

കേവലം തന്റെയും കുടുംബത്തിന്റെ കാര്യം നോക്കി ജീവിക്കുക എന്ന രീതിയിൽ ആയിരുന്നില്ല കിഴിക്കര സൈതുമോൻ ജീവിച്ചത്. അദ്ദേഹത്തിന്റെ ചുറ്റുമുള്ള പരിചിത മുഖങ്ങളുടെ പ്രയാസങ്ങളെ, അതെന്തു തന്നെയാവട്ടെ, സ്വന്തം പ്രയാസം ആയിക്കണ്ട് ഏറ്റെടുത്ത് പരിഹാരം കാണുവാൻ സമയവും അർഥവും കണ്ടെത്തുന്ന മഹത്തായ ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു കിഴിക്കര സൈതുമോൻ.

അതി സമ്പന്നയായിരുന്നില്ല അദ്ദേഹം. എന്നാൽ സൗഹൃദ വലയം കൊണ്ടും, സ്നേഹവും സന്തോഷവും പങ്കുവെക്കപ്പെട്ട ഹൃദയങ്ങളുടെ ബാഹുല്യത്താൽ അദ്ദേഹം കോടീശ്വരൻമാരിൽ കോടീശ്വരൻ ആയിരുന്നു.

അദ്ദേഹം ജനിച്ചു ജീവിച്ചു വളർന്ന നാടിന്റെ പുരോഗതി, സ്വപ്നം കണ്ട മനുഷ്യൻ. അതൊരു പ്രാദേശിക വികസനം മാത്രമായിരുന്നില്ല, വിദ്യ കൊണ്ടും, സമ്പത്ത് കൊണ്ടും, മാനുഷിക മൂല്യങ്ങൾ കൊണ്ടും ഏറെ പുരോഗതി വേണമെന്ന് സ്വപ്നം കണ്ടുകൊണ്ട് പ്രവർത്തിച്ചതിന്റെ പല അടയാളങ്ങളും നാട്ടിലും നാട്ടുകാരിലുമായി എഴുത്തപ്പെടാത്ത ചരിത്രമായി പലരും ഓർമ്മയുടെ സൂക്ഷിപ്പായി നില നിർത്തുന്നുണ്ട്.



മദ്യപാനമെന്ന പൈശാചികശീലത്തിലകപ്പെട്ട് അലസജീവിതം നയിച്ച, തൊഴിലില്ലാതിരുന്ന പലകുടുംബനാഥന്മാരെയും സ്വന്തം സമയവും പണവും ചിലവഴിച്ച് പുനരധിവാസവും തൊഴിലവസരങ്ങളും ഒരുക്കിക്കൊടുത്ത് , ജീവതത്തിലേക്ക് നയിക്കാൻ ആ ചെറുപ്പക്കാരൻ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.

ചെറുപ്പക്കാരൻ എന്നത് ശ്രദ്ധേയമാണ്. നിറയൗവനത്തിലാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മാതൃക തന്നെയാണ് അനിയൻ റഫീഖ് പിൻപറ്റുന്നത് . സൈതുമോൻക്കയുടെ അനിയൻ റഫീഖ് എന്നറിയപ്പെടുന്നതാണ് എനിക്കിഷ്ടം എന്ന് അദ്ദേഹം പറയുന്നതിൽത്തന്നെ സൈതു മോൻ എന്ന പേര് മനുഷ്യരുടെ മനസ്സിൽ അത്രമേൽ മനോഹരമാക്കി രേഖപ്പെടുത്തിയാണ് അദ്ദേഹം വിട പറഞ്ഞത് എന്ന് മനസ്സിലാക്കാം.

നമ്മിൽ പലർക്കും പല ദിക്കുകളിലെയും മനുഷ്യരുടെ യഥാർത്ഥ ചരിത്രങ്ങൾ കേൾകുമ്പോഴും, വായിക്കുമ്പോഴും ഒരിക്കലും നമ്മിലൊരാളായി ജീവിച്ച മനുഷ്യനെ സ്വാഭാവികമായും ഓർക്കാൻ സാധിക്കില്ല. കാരണം അവർ നമുക്കിടയിൽ അത്രമേൽ ആഴത്തിൽ സ്വാധീനം ചെലുത്തിയിരുന്നു എന്നതാണ്. അത്തരത്തിൽ കിഴിക്കര എന്ന ഗ്രാമത്തിൽ ജനിച്ചു ജീവിച്ച മനുഷ്യൻ പല ദേശങ്ങളിൽ പലർക്കും പല തരത്തിലുള്ള അനുഭവങ്ങൾ സമ്മാനിച്ചു.

athmaonline-kizhikkara-saidumon
കിഴിക്കര റഫീക്കും സെയ്തുമോനും

ഏറെ പ്രായസകരമായ സാഹചര്യത്തിലൂടെ പോകുന്ന സമയത്തും മുന്നിൽ വന്നു മറ്റൊരുത്തന്റെ പ്രയാസം പറഞ്ഞാൽ തന്റെ ആവശ്യം മാറ്റിവെച്ചു കൊണ്ട് അവരുടെ ആവശ്യം പൂർത്തീകരിച്ചു കൊടുക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കടബാധ്യത്യയടക്കമുള്ള സാമ്പത്തിക പ്രശ്നങ്ങളിൽ പ്രയാസമനുഭവിക്കുന്നവരടക്കം നിരവിധി പേർക്ക് അദ്ദേഹം ആശ്വാസമായി.

മറുചെവിയറിയാതെ അദ്ദേഹം ചെയ്തിരുന്ന പല പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ മരണശേഷമാണ് സ്വന്തക്കാർ പോലും അറിയുന്നത്. ജാതി മതഭേദമന്യേ അനാഥകുട്ടികളുടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു വേണ്ടിയുള്ള സഹായങ്ങളും പ്രവർത്തനങ്ങളുമാണ് അതിൽ പ്രധാനം.

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരെ ഓട്ടോമൊബൈൽ, എസി. ടെക്നിഷ്യൻ, ടൈപ് റൈറ്റിംഗ് തുടങ്ങി വിവിധ കൈത്തൊഴിലുകളിലേക്ക് നിർബന്ധപൂർവ്വം അദ്ദേഹം കൈപിടിച്ചു നയിച്ചു. വീട്ടിലുണ്ടായിരുന്ന വാഹനങ്ങൾ പ്രതിഫലേച്ഛ കൂടാതെ പലരുടെയും ജീവിതമാർഗമായി അദ്ദേഹം വിട്ടു കൊടുത്തിരുന്നു.



ഒരു ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് അദ്ദേഹത്തിന് കൊടുക്കുന്ന യാത്രയയപ്പ് അഥവാ മയ്യിത്ത് നമസ്കാരം. അതു വരെയുള്ള അവന്റെ ജീവിതത്തിന്റ പ്രതിഫലനമാവും മയ്യിത്തു നമസ്കാരത്തിലെ ജന പങ്കാളിത്തം. കിഴിക്കര ജുമുഅത്തു പള്ളിയുടെ ചരിത്രത്തിൽ ആദ്യമായി പള്ളിയുടെ മുകൾ ഭാഗം ജനങ്ങൾക്ക് വേണ്ടി മയ്യിത്ത് നിസ്കാരത്തിനു തുറന്നു കൊടുക്കേണ്ട സാഹചര്യം ഉണ്ടായത് സൈതുമോന്റെ മയ്യിത്ത് നമസ്കാരത്തിനാണ്. അതും രണ്ടു തവണയായിട്ട്. അമുസ്ലിം സഹോദരന്മാർ ചിലപ്പോൾ മയ്യിത്ത് നിസ്കാരമെന്ന കർമ്മത്തിനെ അറിയാത്തവർ ഉണ്ടാവും. മയ്യിത്ത് നിസ്കാരം എന്നത് നിന്നു മാത്രം നിർവഹിക്കുന്ന കർമ്മമാണ്. സാധാരണ നിസ്കാരത്തിനു വേണ്ടി ഒരു വരിയുടെ പിറകിലായി മറ്റൊരു വരി നിൽക്കാനുള്ള ഒഴിവിൽ രണ്ടൊ മൂന്നോ വരി ആളുകൾക്കു കൂടി നിൽകാം. അത്തരത്തിലുള്ള സൗഹൃദം സമ്പാദിച്ച മനുഷ്യൻ ഒരു പഞ്ചായത്ത്‌ മെമ്പർ പോലും ആയിട്ടില്ല. അവസാനമായി ഒരു നോക്ക് കാണുവാനും മയ്യിത്ത് നിസ്കാരത്തിൽ പങ്കു കൊള്ളുവാനും രാഷ്ട്രീയ സാംസ്കാരിക മതരംഗത്തെ സംസ്ഥാന നേതാക്കൾ അടക്കം എത്തിച്ചേർന്നു എന്നത് അദ്ദേഹത്തിന്റെ മത, രാഷ്ട്രീയ സാമൂഹിക രംഗത്തെ ഇടപെടലുകൾ എത്ര ആത്മാർത്ഥമായിരുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അക്ഷരാർത്ഥത്തിൽ സൈതു മോൻ എന്ന വ്യക്തിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്കാരം.

സഹോദരൻ കിഴിക്കര റഫീക്കും ഇക്കയുടെ അതേ പാതയിലാണ്. സാധാരണജനങ്ങളുടെ സാമ്പത്തിക, സാമൂഹ്യ, വിദ്യാഭ്യാസ പുരോഗതിക്കായി നിരവധി പ്രവർത്തനങ്ങൾ ഒരു ആക്സിഡന്റിലൂടെ ഇഹലോകവാസം വെടിഞ്ഞ സഹോദരന്റെ ഓർമകളെ സാക്ഷിയാക്കി റഫീഖ് ചെയ്തു വരുന്നു. ഇത്തരം മനുഷ്യരാൽ ലോകം നിറയട്ടെ എന്ന് നമുക്ക് ആത്മാർത്ഥമായി ആഗ്രഹിക്കാം.. പ്രാർത്ഥിക്കാം…

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here