ബിലാൽ ശിബിലി
‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’ തിയറ്ററിൽ പരാജയമായിരുന്നു. പക്ഷെ, രോഹിത്ത് എന്ന സംവിധായകനെ നമ്മളന്ന് ശ്രദ്ധിച്ചിരുന്നു. അതേ രോഹിത്താണ് ഇപ്പോൾ ഇബ്‌ലീസും കൊണ്ട് എത്തിയത്.
ടിപ്പിക്കൽ ക്ളീഷേ സിനിമയല്ല, പരീക്ഷണ ചിത്രമാണ്. റിയലിസം അല്ല, ഫാന്റസിയാണ്. കോമഡിയാണ്. ചിരിക്കാൻ മാത്രമല്ല, പക്ഷെ. നമ്മുടെയൊക്കെ ഉള്ളിൽ വന്നൊരു ചിന്തയാകും, മരിച്ചു കിടക്കുമ്പോൾ ആരൊക്കെ കാണാൻ വരുമെന്ന്. മരണത്തെ ഇതിനു മുൻപും സിനിമകൾ പ്രമേയം ആക്കിയിട്ടുണ്ട്. വെള്ള വസ്ത്രമിട്ട പ്രേതങ്ങളെ നമുക്ക് പരിചയവുമാണ്. പക്ഷെ, ഇബ്‌ലീസില്‍ വ്യത്യസ്തയുണ്ട്.
കഴിഞ്ഞ മാസം ഇറങ്ങിയ ‘കൂടെ’ പറയുന്നുണ്ട്, ജീവിച്ചിരിക്കുമ്പോൾ നമ്മൾ പിടിക്കുന്ന മസിലുകളെ കുറിച്ച്. ‘കൂടെ’ നിർത്തിയ ഇടത്ത് നിന്ന് ‘ഇബ്‌ലീസ്’ തുടരുന്നു. നമ്മൾ ജീവിച്ചിരിക്കുന്നവരുടെ പോരായ്മകളെ കുറിച്ച്. മരണം കൊണ്ട് നേടുന്ന സ്വാതന്ത്ര്യത്തെ കുറിച്ച്. മരണത്തിന് പോലും തോൽപ്പിക്കാൻ പറ്റാത്ത പ്രണയത്തെ കുറിച്ച്. മരണത്തെ തന്നെ പ്രണയിക്കാനും തോന്നും, ചിലപ്പോൾ.
സംഗീതവും ക്രാഫ്റ്റ് വർക്കുകളും മനോഹരമായ ദൃശ്യങ്ങളും കണ്ണിനും കാതിനും കുളിരേകുന്നുണ്ട്. പലഹാരങ്ങൾ കഥ പറയുമ്പോൾ നാവിനും രുചിയേകുന്നു. ഡോണ്‍ വിന്‍സെന്റ് ആണ് പാട്ടുകള്‍ ഒരുക്കിയത്. അഖില്‍ ജോര്‍ജ്ജിന്റെ ദൃശ്യങ്ങള്‍. ചിരിയിലൂടെ ചിന്തിക്കാൻ കഴിയുന്നവർക്ക് രണ്ട് മണിക്കൂർ ആസ്വദിക്കാൻ ഏറെയുണ്ട് സിനിമയിൽ.
പക്ഷെ, എല്ലാവർക്കും സിനിമ ഇഷ്ടപ്പെടില്ല. വല്യ സംഭവം സിനിമയല്ല. റിയലിസവും ബ്രില്യൻസും മാത്രം പോരല്ലോ, ഇടക്ക് കുറച്ചു ഫാന്റസിയും മലയാള സിനിമയിൽ വരട്ടെ. ആ മൂഡിൽ സിനിമയെ സമീപിക്കുന്നവർക്ക്, ടോറന്റിൽ വന്ന ശേഷം കുറ്റബോധം ഉണ്ടാവില്ല. അമര്‍ ചിത്രകഥയൊക്കെ ഇഷ്ടപ്പെട്ടവര്‍ക്ക് തീര്‍ച്ചയായും. അല്ലാത്തവർക്ക് സിനിമ ഒന്നും നൽകുന്നില്ല. റിയാലിറ്റി തന്നെയൊരു തമാശയാണെന്നാണ് സിനിമ പറയുന്നത്.
ആസിഫ് അലി തന്റെ റോൾ ഭംഗിയായി ചെയ്തു. കൂടുതൽ വെല്ലുവിളികൾ ആ കഥാപാത്രം ആവശ്യപ്പെടുന്നില്ല. അവസാനത്തിൽ സംഭാഷണങ്ങൾ പോലുമില്ലാതെ നായികാ കഥാപാത്രം ചെയ്ത മഡോണ നമ്മളിലേക്ക് ഇറങ്ങി വരുന്നുണ്ട്. ഒരു ഫെയ്റി ടെയിലിലെ നായികയെ പോലെ.
എപ്പോഴുമുള്ള പോലെ, ലാലും സിദ്ധീക്കും ഗംഭീരമാക്കി. ശ്രീനാഥ് ഭാസിയും മറ്റുള്ളവരും. ആവർത്തിക്കുന്നു, കൂടുതൽ വെല്ലുവിളികൾ ഒരു കഥാപാത്രത്തിനും ഇല്ലായിരുന്നു. നമ്മളെ ചിരിപ്പിക്കാൻ അവർക്കൊക്കെ കഴിഞ്ഞിട്ടുണ്ട്.
കല ആസ്വദിക്കാനുള്ളത് കൂടിയാണ്. ഒപ്പം ചിലത് ചിന്തിപ്പിക്കാനും. ഒരു സിമ്പിൾ സിനിമ ആസ്വദിക്കാൻ ഇഷ്ടമുള്ളവർ ചെന്ന് കാണൂ. സിനിമ വിജയിപ്പിക്കൂ. കാരണം, ഒരു സാമ്പത്തിക പരാജയം മണക്കുന്നുണ്ട്. ടോറൻറ്റിൽ വന്ന ശേഷമുള്ള പ്രതികരണങ്ങളും ഊഹിക്കാവുന്നതാണ്.