ബിനീഷ് പുതുപ്പണം
ഹിന്നൂ, മരങ്ങളെ തൊട്ടുതലോടി നടന്ന കാലമോർക്കുന്നുണ്ടോ? ബസ്സിറങ്ങി വരുമ്പോൾ ആകാശത്തിന്റെ അനന്തതയിലേക്ക് കൈകൾ നീട്ടിനിൽക്കുന്ന, നിറയെ പച്ചിലകളുള്ള, തായ്ത്തടിക്കു മുകളിൽ കാടുകൾ സൂക്ഷിക്കുന്ന ഒരു മഹാവൃക്ഷത്തെ ദൂരെ നിന്നും നമ്മൾ കണ്ടു. എത്ര ഓർമകളുടെ ഋതുക്കളാവും പ്രായമേറെ ചെന്ന ആ ജീവൻ പേറുന്നുണ്ടാവുക എന്നോർത്ത് അതിശയിച്ചു നിൽക്കുകയായിരുന്നു നമ്മൾ.
ആയിരം പൂർണചന്ദ്രന്മാരുദിച്ചുയർന്നതും അസ്തമിച്ചതും തുരുതുരെ പൂത്ത നക്ഷത്രങ്ങളുടെ കൺചിമ്മലുകളും കാറ്റിന്റെ ചൊടിപ്പും തുടിപ്പുമെല്ലാം മനസിലും ശരീരത്തിലും ആവോളം അറിഞ്ഞ ഓർമകളുടെ ചരിത്രജീവിതമാണ് നമുക്ക് മുന്നിൽ പന്തലിച്ചു നിൽക്കുന്നതെന്നറിഞ്ഞ് ഇമവെട്ടാതെ നമ്മൾ ആ മരത്തെ തന്നെ നോക്കി നിന്നതോർമ്മയില്ലേ?
ഹിന്നൂ, അടുത്തുചെന്ന് തൊടുംവരെ, സൂക്ഷ്മതയാൽ കണ്ണുനടുംവരെ നമുക്ക് അതൊരു വൻമരം മാത്രമായിരുന്നു. എന്നാൽ ഓരോ നിമിഷവും അതിൽ അധിവസിക്കുന്ന ജീവിതങ്ങളെ കണ്ട് നമ്മൾ അനന്തമായ പ്രപഞ്ചത്തെ ഓർത്തു. ഇലഞരമ്പുകളിൽ പുള്ളികുത്തുന്ന ചെറുവണ്ടുകൾ, കൂടു കൂട്ടിപ്പാർക്കുന്ന ഉറുമ്പുകൾ. എത്ര സൂക്ഷിച്ചാണ് അവ കൂടൊരുക്കുന്നത്. ഇലകളെ പലതായി മടക്കി, ഉള്ളിൽ വെള്ളപ്പട്ടുകൾ വിരിച്ച അവയുടെ സൗധങ്ങൾ കാറ്റിൽ ഇടക്കിടെ തൊട്ടിലുകളായി മാറുന്നു. തൊട്ടടുത്തു തന്നെ വായുവിന്റെ ശൂന്യഭിത്തിയിൽ നാരുകൾ കോർത്തുകെട്ടി വലനെയ്യുന്ന എട്ടുകാലികൾ. അവരുടെ കാത്തിരിപ്പിൻ വിരസതകൾ.. ഇതൊന്നുമറിയാതെ പൂക്കളിലേക്ക് ചിറകുവിരിച്ചു പറന്നടുക്കും ശലഭപുഞ്ചിരിതൻ ശ്വാസപ്പിടച്ചിലുകൾ. നാവു നീട്ടിനീട്ടി സൂര്യനെ കളിയാക്കുന്ന ഓന്തുകൾ. തടിയുടെ അതേ നിറത്തിൽ മരത്തൊലിയിൽ ശയിക്കുന്ന പുല്ലാങ്കുഴൽപ്പുഴുക്കൾ. ചിതലുകൾ കൊട്ടാരങ്ങൾ പണിയുന്ന വേരിനോരങ്ങൾ. ആകാശത്തിനും ഭൂമിക്കും മധ്യേ ചില്ലകളിൽ കൂടൊരുക്കി പ്രഭാതത്തെ /പ്രദോഷത്തെ കാത്തിരിക്കുന്ന കാക്കൾ… പക്ഷിച്ചിലയ്ക്കലുകൾ… ഓരോ ചില്ലയിലും ഓരോ ഇലയിലും ഓരോ വേരിലും എത്രയെത്ര ജീവനുകൾ.. ജീവിതങ്ങൾ..
വേട്ടക്കാരനും ഇരയും, പ്രണയവും വിരഹവും, ജനനവും മരണവും, തളിർക്കലും കൊഴിയലുമെല്ലാം ആദിയിലുമാദിയായി അലയടിക്കുന്ന മരം ഒരു മഹാപ്രപഞ്ചമാണെന്ന തിരിച്ചറിവിൽ നമ്മളതിനെ വണങ്ങുന്നു. എന്റെ പ്രപഞ്ചമേ.. പ്രപഞ്ചമേ എന്നു വിളിച്ച് മുത്തുന്നു.
ഹിന്നൂ, നീയറിഞ്ഞോ? നമ്മൾ മരത്തെ മുത്തുന്ന നേരം മറ്റൊരിടത്ത് ഒരുപാടു മരങ്ങളെ, കാടുകളെ ,ഒരായിരം പ്രപഞ്ചങ്ങളെ വെട്ടിമുറിച്ച് മുറിച്ച് ചിലർ യാന്ത്രികതയുടെ അന്ധ നേരങ്ങളെ പുണരുകയായിരുന്നു പോലും. ഒരു മരം കാടായിത്തീരാനുള്ള കാലങ്ങളെത്രയെന്നോർത്ത് അന്നേരം നമുക്ക് കരച്ചിൽ വന്നു. അതു കണ്ടിട്ടാവണം ആകാശത്തു നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ചില്ല കാറ്റിൽ ചാഞ്ഞ് വന്ന് നമ്മെ മുറുകെ തലോടിയത്.