സോമൻ പൂക്കാട്
”എന്റെ ഏറ്റവും വലിയ ആഗ്രഹം കോഴിക്കോട് ബീച്ചിൽ സീക്വീനിനു മുന്നിലെ കടലിലേക്ക് മെല്ലെ മെല്ലെ നടന്നു പോയി തിരമാലകളിൽ ഊളിയിടുകയാണ് ആ സമയത്തു ശ്വാസം മുട്ടുന്പോൾ ജനനം മുതൽ കാണാമല്ലോ”
തന്റെ മരണത്തെക്കുറിച്ചു ഇങ്ങനെ പ്രത്യാശിച്ച സ്മാരക ശിലകളുടെ ശില്പി സംസാരസാഗരത്തിലേക്കു ഊളിയിട്ടിരിക്കുന്നു ‘മരുന്ന്’ ‘സ്മാരക ശിലകൾ’ എന്നീ രണ്ടു ക്ലാസിക് കൃതികൾ മതി പുനത്തിലിനെ മലയാള സാഹിത്യലോകം എക്കാലവും ഓർമ്മിക്കുവാൻ.
വായനയിലൂടെ വിസ്മയം തീർത്ത കൃതിയായിരുന്നു ‘മരുന്ന്’ യാഥാർഥ്യവും ഫാന്റസിയും ഇടകലർന്നു വായനക്കാരനെ അപരിചിതമായൊരു വഴിലൂടെ ദൃശ്യങ്ങളിലൂടെ അപരിചിതമായ മുഗ്‌ദതയിലൂടെ തെല്ലും വൈരസ്യമില്ലാതെ കൊണ്ടുപോകാൻ കഴിഞ്ഞ നോവലാണ് മരുന്ന് ..
ഒരു രംഗം ഏതാണ്ട് ഇങ്ങനെ ഓർത്തെടുക്കാം.
ആശുപത്രിയാണ് പശ്ചാത്തലം…
അവിടെത്തെ ഹെഡ് നേഴ്‌സാണ് നാല്പതിനോടടുത്തു പ്രായമുള്ള സുന്ദരിയും മദാലസയുമായ ഹെലൻ സിംഗ് അവർ ഏകയാണിപ്പോൾ. അവർക്കാകട്ടെ റിട്ടയേർഡ് പട്ടാള മേധാവിയായിരുന്ന തിവാരി ബാബുവിനോട് കടുത്ത പ്രണയവും
ഒരു നാൾ ആശുപത്രി ഔട്ട് ഔസ്സിൽ വിശ്രമ വേളയിൽ കഴിഞ്ഞിരുന്ന ഹെലെൻസിംഗിന്റെ മുറിക്കു പുറത്തു ഒരു മോട്ടോർ ബൈക്ക് വന്നു നിന്നു. രാത്രിയാണ് പുറത്തു കനത്തു മഴ തിമിർത്തു പെയ്യുന്നുണ്ട് ഏകാന്തതയിൽ പ്രണയുതുരമായ ഓർമ്മയിൽ കട്ടിലിൽ ശയിക്കുകയാണ് അവർ. തൊട്ടടുത്തുനിന്നും ഒഴുകിയെത്തിയ ഏതൊരു ഗസലിന്റെ മനോഹരമായ വരികൾ അവരുടെ വികാരവിചാരങ്ങളുടെ വീര്യം കൂട്ടികൊണ്ടിരുന്നു. വാതിലിൽ ആരോ മുട്ടുന്നു
ഹെലെൻ സിംഗ് തന്റെ നൈറ്റ് ഗൗണിന്റെ ബട്ടൺ നേരെയാക്കി വാതിൽ തുറന്നു. അരണ്ട വെളിച്ചത്തിൽ അവർ ആ കാഴ്ചകണ്ടു റയിൻകോട്ട് മാറ്റി തലതുടച്ചു നിൽക്കുന്ന തിവാരി ബാബു: ” ക്ഷമിക്കണം മറ്റു മാർഗ്ഗങ്ങലൊന്നു മില്ലാഞ്ഞിട്ടാണ്”
അത്ഭുതമോ വിഭ്രമമോ എന്നൊന്നും തിരിച്ചറിയാനാകാത്ത വല്ലാത്തൊരവസ്ഥയിലായിന്നു ഹെലൻ സിംഗ്” വരൂ അകത്തേക്ക് വരൂ”
“നേരമില്ല ഒരത്യാവിശ്യം കാര്യം അറിയിക്കാനായി വന്നതാണ് എന്ന് തിവാരി പറഞ്ഞെങ്കിലും പ്രണയം പൂത്തു നിന്ന ഹെലൻ സിംഗ് അയാളെ അകത്തേക്ക് ആനയിച്ച് കൊണ്ടുപോയി.
അവർ സൗഹൃദ സംഭാഷണം തുടരുന്നു ഹൃദയം കൈമാറിയ അവർ അവർക്കിടയിലെ പ്രണയത്തിന്റെ ശക്‌തിയും ചൈതന്യവും വാക്കുകളിലൂടെ ഒഴുക്കിവിടുകയാണ്. പ്രണയം കൈ മാറുക മാത്രമല്ല വിവാഹ വാഗ്‌ദാനമായി മാറിയ ആ ദിനത്തെ ഹെലൻ അവരുടെ ആദ്യ രാത്രിയായി ആഘോഷിക്കുവാനും തീരുമാനിച്ചു.
പഴയ വിരിപ്പും തലയിണയും മാറ്റി പുതിയത് ഉപയോഗിച്ചു മണിയറ ഒരുക്കി. പനിനീർ തളിച്ച് സുഗന്ധ പൂരിതമാക്കി.
ശേഷം ഒരു ഗ്ലാസ് പാലുമായി വന്നു തിവാരിയെ കിടപ്പറയിലേക്ക് ക്ഷണിച്ചു നവവധൂവരന്മാരെപോലെ ഇരുവരും കിടക്കയിലേക്ക് അമർന്നു. കാമാർത്ഥമായ മഴ അവരിലേക്ക് വികാരങ്ങളും കുത്തി ഒഴുകിക്കൊണ്ടിരുന്നു. നേരം പോയതറിയാതെ ഇരുവരും ഗാഢ നിദ്രയിലേക്ക് ആണ്ടിരിങ്ങി.
നേരം പുലർന്നതറിയാതെ ഹെലൻ എന്തോ ശബ്ദം കേട്ട് ഞട്ടിയുണർന്നു. പുറത്തു ആരോ വാതിലിൽ മുട്ടുന്ന ശബ്ദമാണ്. എഴുന്നേറ്റു വാതിൽ തുറന്നു നോക്കിയപ്പോൾ മുന്നിൽ തന്റെ ജൂനിയറായ നേഴ്‌സാണ്. അവൾ കിതക്കുന്നുണ്ട് വിതുന്പുന്നുമുണ്ട്.
വാക്കുകൾ മുറിഞ്ഞവൾ ‘മിസ്സിസ് തവാരിയെ വിഷം കഴിച്ച നിലയിൽ കൊണ്ട് വന്നിട്ടുണ്ട്”എങ്ങനെയോ പറഞ്ഞൊപ്പിക്കുകയായിരുന്നു.
ഹെലൻ: അവരവിടെ?
നേഴ്‌സ്: “എമർജൻസിയിലുണ്ട് അവരുടെ ഭർത്താവായ തിവാരിയെ മോർച്ചറിയിൽ കൊണ്ട് വെച്ചിട്ടുണ്ട്”
ഹെലൻ: ‘എന്ത് അസംബദ്ധമാണ് നീ പറയുന്നത്’ ഹെലന്റെ തല പെരുകുന്നത് പോലെ തോന്നി
നേഴ്‌സ്: ഇന്നലെ രാത്രി കനത്ത മഴയിലും കാറ്റിലും ഒരു സുഹൃത്തിന്റെ പാർട്ടി കഴിഞ്ഞു ബൈക്കിൽ കുതിച്ചു വരികയായിരുന്നു തിവാരി ബാബു ഒരു കിടങ്ങിലേക്കു…..അവിടെവെച്ചു തന്നെ മരണം സംഭവിച്ചിരുന്നു. വർത്തയറിഞ്ഞ മിസ്സിസ് തിവാരി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
നടന്നതെന്തെന്നു അറിയാതെ ഹെലൻ ഒരു നിമിഷം അത്ഭുതവും സങ്കടവും അങ്കലാപ്പും അരിശവും എല്ലാം ചേർന്നൊരു സമ്മിശ്ര വികാരത്തിൽ അകപ്പെട്ടുപോയി.
ഹെലൻ: ശരി നിങ്ങൾ പൊയ്ക്കോളൂ ഞാൻ പിറകെയെത്താം
അവൻ വാതിലടച്ചു പിന്നെ ഹൃദയം തുറന്നു ചിരിച്ചു
‘തിവാരി മരിച്ചുപോലും ഹഹഹഹ ആ വാർത്ത കേട്ടിട്ട് എനിക്കുപോലും വിശ്വസിക്കാൻ ആകുന്നില്ല’
അവൾ കിടപ്പറയിലേക്ക് നടക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു “തിവാരി ബാബു നിങ്ങളോടു ഇതെങ്ങനെ ഞാൻപറയും നിങ്ങൾ മരിച്ചുപോലും”
അവൾ ബെഡ് റൂമിന്റെ തിരശ്ശീല നീക്കി അകത്തേക്ക് കടന്നു അവിടെയാകെ പരാതി. അത്ഭുതം.. അവൾ ഒരു പകപ്പോടെ നിന്നു. തിവാരിയുടെ പൊടിപോലും അവിടെയെങ്ങും കണ്ടില്ല.
പിന്നെ കണ്ണിൽ നിന്നും ധാരയായി പ്രണയം ഒഴുകി.
കിടക്കയിൽ ചുളിവീണിട്ടില്ല.
അപ്പോൾ തലേന്ന് രാത്രിയിൽ…
തലകറങ്ങിയ ഹെലൻ മണിയറയിൽ കുഴഞ്ഞു വീണു നിശ്ചലമായി.
ഇതാണ് മരുന്നിലെ ഒരു മനോഹരമായ രംഗം മലയാള സാഹിത്യത്തിൽ മറ്റാർക്കും സൃഷ്ടിക്കാൻ സാധിക്കാത്ത മനുഷ്യരും മനുഷ്യ ബന്ധങ്ങളും കൊണ്ട് യാഥാർഥ്യമോ ഭ്രമാത്മകതയോ എന്ന് തിരിച്ചറിയാനാകാത്ത വിചിത്രകല്‍പനകാൾകൊണ്ടു വായനക്കാരുടെ അഭിരുചികളുടെ ദിശമാറ്റിയ മാന്ത്രികനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള.
അദ്ദേഹത്തിന്റെ ദേഹ വിയോഗത്തിൽ അതിയായി ദുഃഖം രേഖപ്പെടുത്തുന്നു.