ഹരിദ്വാര്‍; ലക്ഷ്യബോധം നഷ്ടപ്പെട്ട യുവത്വത്തിന്റെ കഥ

0
1270

പോൾ സെബാസ്റ്റ്യൻ

ലക്ഷ്യബോധം നഷ്ടപ്പെടുന്ന യുവത്വത്തിന്റെ ആത്മാന്വേഷണത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ കഥയാണ് എം മുകുന്ദൻ എഴുതിയ നോവൽ, ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’. നാശത്തിലേക്ക് കുതിക്കുന്ന ഒരു രാജ്യത്തിൻറെ സത്താന്വേഷണം കൂടിയാണ് ഈ നോവൽ.

ഡൽഹിയിലെ കോൺക്രീറ്റ് വനത്തിന്റെ ഏകാന്തതയിൽ ജോലിയുടെ ഇരുട്ടിൽ ഒളിച്ചിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന രമേശൻ. അവന് എല്ലാറ്റിനോടും വിരക്തിയാണ്. “നാട്ടിൽ കോൺക്രീറ്റില്ല. പകരം എങ്ങും തെങ്ങുകളാണ്. നോക്കുന്നിടത്തെല്ലാം തെങ്ങുകൾ. തെങ്ങുകൾ അവനെ അസ്വസ്ഥനാക്കി. അസ്വസ്ഥത അവന്റെ കൂടെ എന്നുമുണ്ട്. നാട്ടിലായിരുന്നപ്പോൾ തെങ്ങുകൾ അവനെ അസ്വസ്ഥനാക്കി. നഗരത്തിൽ കോൺക്രീറ്റും.” ഞാനീ ലോകത്തിൽ സ്ഥിരമായി ഇഷ്ടപ്പെടുന്ന എന്തെങ്കിലുമുണ്ടോ? എന്നവൻ ചിന്തിക്കുന്നുമുണ്ട്.

ഡൽഹിയിൽ ഇംഗ്ലീഷ് അറിയാത്ത സായിപ്പിന്റെ കമ്പനിയിൽ പരിഭാഷിയാണ് അവൻ. “തർജ്ജിമക്കാരനില്ലെങ്കിൽ സായിപ്പിന് ആപ്പീസിൽ അസ്തിത്വമില്ല. രമേശൻ സായിപ്പിന്റെ ജിഹ്വയാണ്‌. അദ്ദേഹത്തിന്റെ നാക്ക് നായയുടേത് പോലെ ചുവന്നിട്ടാണ്. ആ നാക്കാണോ രമേശൻ? അവന്റെ ശരീരം ഉമിനീരിൽ കുതിർന്നതാണ്. സെൻഞ്ഞ്യോർ ഹിറോസിയുടെ പുകയിലക്കറ പിടിച്ച പല്ലുകളുടെയും ചെറുനാക്കിന്റെയും ഇടയിൽ, അദ്ദേഹത്തിന്റെ വായിൽ, രമേശൻ ബന്ധനസ്ഥനായി കിടക്കുകയാണ്”. “സായിപ്പ് രമേശന് വിസ്ക്കിയും സിഗരറ്റും മാത്രമല്ല കൊടുക്കുന്നത്. മറ്റു പലതും കൊടുക്കുന്നുണ്ട്. പല തവണ ഒരേ പെണ്ണിന്റെ അപ്പുറത്തും ഇപ്പുറത്തും കിടന്ന് അവർ ഉറങ്ങിയിട്ടുണ്ട്”. പക്ഷെ, “അയാളെ ഭംഗ് കഴിച്ചു പഠിപ്പിച്ചത് മറ്റാരുമല്ല, രമേശൻ തന്നെയാണ്.”

“വെള്ളിയാഴ്ച സ്വാതന്ത്ര്യദിനമായതു കൊണ്ട് ഒഴിവാണ്. ശനിയാഴ്ചയും ഞായറാഴ്ചയും പതിവു പോലെ ആപ്പീസില്ല. മൂന്ന് ഒഴിവു ദിവസങ്ങൾ. സന്തോഷമല്ല, പേടിയാണ് രമേശന് തോന്നുന്നത്.” മുടക്കു ദിവസങ്ങളിൽ ആപ്പീസിൽ പോയിരുന്നാണ് രമേശൻ ബോറടി മാറ്റുക പതിവ്. ഇതിപ്പോൾ മൂന്നു ദിവസം. ഭൂമിക്കു മുകളിൽ മൂന്നു ദിവസം ചിലവിടാൻ ഒരു സ്ഥലം തേടുകയാണവൻ. ധനികനും സുഖലോലുപനുമായ രമേശൻ. ഹരിദ്വാരാണ് അവൻ തിരഞ്ഞെടുക്കുന്നത്.

പഞ്ചപാണ്ഡവന്മാർ സ്വർഗ്ഗത്തിലേക്കു യാത്ര ചെയ്ത വഴി ഹരിദ്വാറിലൂടെയാണ്. സപ്തർഷികൾ ഗംഗയെ തടവിലാക്കിയപ്പോൾ ഏഴു കൈവഴികളായി പിരിഞ്ഞ ഗംഗ ശാപമോക്ഷം കിട്ടി വീണ്ടും ഒന്നായി കൂടിച്ചേരുന്ന സ്ഥലം. സ്വർഗ്ഗത്തിന്റെ കവാടം. പുണ്യഗംഗയിൽ മുങ്ങി നിവർന്ന് പാപങ്ങളുടെ ദുർഭൂതങ്ങളെ ഉപേക്ഷിച്ചു വിശുദ്ധിയുടെ വെള്ളപ്പശുവിനെ തേടുന്ന തീർത്ഥാടകരുടെ അഭയകേന്ദ്രം.

യാത്രകളിൽ അവനോടൊപ്പം എന്നും സുജയുണ്ടാവും. അത്ര ധനികയല്ലാത്ത, എന്നാൽ വീട്ടുകാരെ എതിർത്തും രമേശനോടൊപ്പം യാത്ര പോകാൻ മടിക്കാത്ത, അത്രമേൽ രമേശനെ ഇഷ്ടപ്പെടുന്ന സുജ. രമേശന്റെ ചുവടുകളിൽ സുജയുടെ കരുതലുണ്ട്. “മേരിയേജ് എന്ന ഇൻസ്റിറ്റ്യൂഷന് എതിരാണു ഞാൻ.” രമേശൻ പറയാറുണ്ട്. വിവാഹം എന്ന മൂന്നക്ഷരങ്ങളുടെ ഇടയിലെ ബന്ധനം അവൻ ഇഷ്ടപ്പെടുന്നില്ല. “ഫ്രീ സെക്സ് അനുവദിക്കുന്ന ഒരു സൊസൈറ്റിയാണ്” രമേശന്റെ കണ്ണിലെ സ്വർഗ്ഗം.” “ചുംബനം മലയാളം പോലെയോ ഇംഗ്ലീഷ് പോലെയോ ഉള്ള ഭാഷയാണ്.” എന്നാണ് രമേശന്റെ അഭിപ്രായം. “സുജേ, ഇൻ ദി ലാസ്റ്റ് കൗണ്ട് അച്ഛനും അമ്മയുമില്ല. ആണും പെണ്ണുമെയുള്ളൂ. അതായത് നീയും ഞാനും.” എങ്കിലും എന്നെങ്കിലും അവൻ തന്നെ ജീവിതസഖിയാക്കി വിളിക്കും എന്ന ശുഭപ്രതീക്ഷ അവൾക്കുണ്ട്.

ആദ്യ കാഴ്ചയിൽ ഹരിദ്വാർ രമേശനെ നിരാശപ്പെടുത്തുന്നുണ്ട്. “ഇതാണോ ഹരിദ്വാർ? രമേശൻ സ്വയം ചോദിച്ചു. പ്രേതങ്ങളെപ്പോലെ പിന്തുടരുന്ന ഈ ദല്ലാളന്മാർ, നാലു വശത്തു നിന്നും മോങ്ങുന്ന ഈ റിക്ഷാവലകൾ, ഈ ഇടുങ്ങിയ പീടികകൾ, ഈ വ്രണങ്ങൾ നിറഞ്ഞ നിരത്ത്…ഇതാണോ ഹരിദ്വാർ?” അവൻ ചോദിക്കുന്നു. ദൈവങ്ങളുടെ ചിത്രങ്ങളേക്കാൾ സിനിമാ താരങ്ങളുടെ ചിത്രങ്ങൾ നിറഞ്ഞ നിരത്ത് അവനെ അതിശയിപ്പിക്കുന്നു. “ദൈവങ്ങളെക്കാൾ നമുക്കിന്നാവശ്യം സിനിമാതാരങ്ങളെയാണ് രമേശ്. അവർ നമ്മെ രസിപ്പിക്കുന്നു. ദൈവങ്ങൾ നമ്മെ പേടിപ്പിക്കുകയല്ലേ ചെയ്യുന്നത്?” എന്ന് സുജ അവന്റെ ചിന്തയെ പരിഹസിക്കുന്നുണ്ട്. എങ്കിൽ പോലും കഞ്ചാവിന്റെ ലഹരിയിൽ അവൻ ഒരു തിരിച്ചു പോക്ക് നടത്തുകയാണ്. തന്റെ വീടും വീട്ടുകാരുമായും സുജയുമായും ഉള്ള അവന്റെ ബന്ധവും ആപ്പീസിലെ കാര്യങ്ങളും മാത്രമല്ല മനുഷ്യന്റെ അസ്തിത്വവും, ആത്മീയതയും മാനവികതയും എല്ലാം അവൻ ചിന്തക്ക് വിധേയമാക്കുന്നുണ്ട്.

നല്ല എഴുത്തിന്റെ മികച്ച ഉദാഹരണമാണ് എം മുകുന്ദൻ എഴുതിയ ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു. പത്തു നാൽപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് എഴുതിയിട്ടു പോലും ഇന്നും ഇതിലെ ഒരു വരി പോലും അപ്രസക്തമാകുന്നില്ല എന്നത് തന്നെയാണ് ഈ നോവലിന്റെ ഏറ്റവും വലിയ മികവ്. ആത്മാന്വേഷണത്തിന്റെ വഴികൾ എന്നും ഒന്ന് തന്നെയായിരുന്നു. ആ വഴിയിൽ എന്നും പച്ചപ്പുണ്ടാവും എന്ന് പ്രതിഭാശാലിയായ മുകുന്ദന് അന്നേ അറിയാമായിരുന്നു. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി മലയാളത്തിൽ പുറത്തു വന്നു കൊണ്ടിരിക്കുന്ന ഏത് ഉത്തരാധുനിക നോവലുകളെക്കാളും പ്രമേയത്തിലും അവതരണത്തിലും അത്യന്താധുനികമാണ് ഈ നോവൽ.

ഹരിദ്വാറിന്റെ ദൃശ്യപരിസരം നൽകി വായനക്കാരന്റെ ഭാവനയിൽ പുതുമ നില നിർത്തുന്ന എഴുത്തുകാരൻ ചിന്തയുടെ ആഴക്കടലിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. കൃത്യം നൂറു പേജിൽ ഒതുങ്ങുന്ന ഒരു ചെറുനോവലിൽ എത്ര വിശാലമായ ലോകത്തെയാണ് എഴുത്തുകാരൻ വായനക്കാർക്ക് പരിചയപ്പെടുത്തുന്നത് എന്ന് നാം വിസ്മയിക്കും. ഒരു വരി പോലും അനാവശ്യമായില്ലാത്ത…ഒരു വാക്കു പോലും അസ്ഥാനത്തില്ലാത്ത കാച്ചിക്കുറുക്കിയ മികച്ച എഴുത്ത്. ഒപ്പം നല്ല ഭാഷയും. സുഖവും അനുഭൂതിയും പകർന്നു തരുന്ന നല്ല വായന. മലയാളത്തിലെ ക്ലാസ്സിക്കുകളിൽ ഒന്ന്. എം മുകുന്ദന്റെ മികച്ച രചനകളിലൊന്ന്.

രമേശൻ സ്വതന്ത്രമായ യുവത്വത്തിന്റെ പ്രതീകമാണ്. ഒരു പരിധി വരെ സുഖ ലോലുപതയിൽ മുങ്ങി വഴി തെറ്റിക്കൊണ്ടിരിക്കുന്ന യുവത്വത്തിന്റെ നേർപ്പകർപ്പ്. സിഗരറ്റ് കൊളുത്തി അമ്മയുടെ മുഖത്തേക്ക് പുകയൂതി വിടുന്ന, സ്വന്തം കാമുകിയെ സായിപ്പ് ബലാൽസംഗം ചെയ്യുന്നതായി ഭാവന കണ്ടു രസിക്കുന്ന രമേശന്റെ നന്മയിലേക്കുള്ള തിരിച്ചു പോക്ക് ഒരത്യാവശ്യം എന്ന നിലയിലേക്ക് വായനക്കാർക്ക് അനുഭവപ്പെടും. സ്വതന്ത്ര ഇന്ത്യയുടെ പ്രതീകം കൂടിയാണ് രമേശൻ. ഒരു സ്വാതന്ത്ര്യദിനത്തിലാണ് രമേശന്റെ തിരിച്ചുപോക്ക് എന്നത് ശ്രദ്ധിക്കപ്പെടാതെ പോകേണ്ട ഒന്നല്ല. “ആകാശത്തെ എത്തിപ്പിടിച്ചു നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങളുടെ ഇടയിലൂടെ രമേശൻ നടന്നു. ഗർഭപാത്രത്തിൽ നിന്ന് തുടങ്ങി ചിതയിലേക്കുള്ള നടത്തം. ഈ ഭൂമിയുടെ മുകളിൽ എവിടെയോ തനിക്കു വേണ്ടി ഒരു ചിത ഒരുങ്ങുന്നില്ലേ? ഒരു കെട്ടു വിറകും ഒരു തീപ്പെട്ടിക്കോലും തനിക്കു വേണ്ടി കാത്തിരിക്കുന്നില്ലേ?” ഇവിടെ രമേശൻ എന്ന വ്യക്തിയുടെ യാത്ര മാത്രമല്ല, ഇന്ത്യ എന്ന രാജ്യത്തിൻറെ യാത്ര കൂടി വിഷയമാവുന്നുണ്ട്. അമ്മ ഭാരതാംബ തന്നെയാണ്. ആ ‘അമ്മക്ക് ലഭിച്ച സ്വാതന്ത്ര്യം എന്ന ശിശുവാണ് രമേശൻ. “ചരസ്സിന്റെ വിളറിയ പുകയ്ക്കിടയിൽ ഇരിക്കവേ രമേശൻ ഭൂതകാലത്തിലേക്കു യാത്ര ചെയ്തു. ഇരുപത്തിയാറു വർഷങ്ങൾക്കപ്പുറം എത്തിയപ്പോൾ അമ്മയുടെ ഗർഭപാത്രം മുമ്പിൽ കണ്ടു. ഈർപ്പമുള്ള ഞരമ്പുകൾ പടർന്നു കിടക്കുന്ന ചുവന്ന ചുമരുകൾ, നനവാർന്ന ചുവന്ന ഇരുട്ട് അവനെ വലയം ചെയ്തു. ആ ഇരുട്ടിൽ തല കീഴായി അവൻ ചുരുണ്ടു കിടന്നു.” ഇവിടെ, ഇരുപത്തിയാറ് വർഷം എന്നത് സ്വാതന്ത്ര്യത്തിൽ നിന്ന് നോവലിന്റെ പിറവിയിലേക്കുള്ള സമയം കൂടിയാണ്. ഇരുട്ടിൽ തല കീഴായി കിടക്കുന്ന രമേശൻ അടിമത്വത്തിൽ അകപ്പെട്ട ഭാരതീയർ തന്നെയാണ്.

രമേശൻ പുരുഷനാണെങ്കിൽ അവന്റെ സ്ത്രീയാണ് സുജ. രമേശൻ ജീവിതമാണെങ്കിൽ മരണമാണ് സുജ. “സുജേ, മരണത്തിന്റെ കാലൊച്ചകൾ കേൾക്കുന്നു ഞാൻ.” എന്ന് രമേശൻ പറയുമ്പോൾ അവൾ പറയുന്നു. “അത് എന്റെ കാലൊച്ചയാണ്.” ജീവിക്കാനാഗ്രഹിക്കുന്ന രമേശനിലെ മരണവാഞ്ഛയാണ് അവൾ. രമേശൻ നൈര്മല്യമുള്ള വിശ്വാസിയാണെങ്കിൽ വിശ്വാസിന്റെ കച്ചവടക്കാരിയാവാൻ സുജക്ക് മടിയില്ല. “അമൃത്‌സറിലെ ഗോൾഡൻ ടെമ്പിളിൽ അയ്യായിരത്തിയൊന്നു രൂപ നേർച്ച നേർന്നിട്ടാണ് അവൾ പിറന്നത്. പണം കൊടുത്തിട്ടാണ് അവളെ വാങ്ങിയത്.” രമേശൻ യാഥാസ്ഥികതയാണെങ്കിൽ മാറ്റമാണ് സുജ. വിപ്ലവമാണ് സുജ. “അവൾ ഹിപ്പികൾ ജനിക്കുന്നതിന് മുമ്പു ഹിപ്പിയായി, ചെഗുവാരയെ മരിക്കുന്നതിന് മുമ്പു തന്നെ ഹീറോയാക്കി. ഇപ്പോൾ അവളുടെ ചെ ഭ്രമം അവസാനിച്ചിരിക്കുകയാണ്. ഒരു സൂപ്പർ ചേയുടെ അവതാരവും കാത്തിരിക്കുകയാണവൾ, ഇപ്പോൾ.” വളർച്ചയുടെ പടവിൽ രമേശൻ ദുശ്ശീലങ്ങൾക്ക് അടിമപ്പെട്ടെങ്കിൽ സുജ അതിന് നേരെ തിരിച്ചാണ്. അവളുടെ ബാല്യം തന്നെ നശീകരണ ത്വരയുള്ളതായിരുന്നു. “സിംഹത്തിന്റെ മുഖരൂപത്തിലുള്ള വായോടു കൂടിയ ഒരു സുരായി സുജ തിരഞ്ഞെടുത്തു. “പൈസ കൊടുക്കൂ രമേശ്.” അവൻ പണം കൊടുത്തു. അവൾ ഒരു നിമിഷം സുരായിയുടെ ഭംഗി ആസ്വദിച്ചു നിന്നു. പിന്നീടു തിരക്ക് കുറഞ്ഞ ഒരു ഭാഗത്തു ചെന്ന്, മൺകുടം നിലതെറിഞ്ഞ് ഉടച്ചു. ചിതറിക്കിടക്കുന്ന സുരായിയുടെ നിരവധി തുണ്ടുകളിൽ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. “ഞാനെന്റെ ശൈശവത്തിലേക്ക് തിരിച്ചുപോവുകയാണ്.”” രമേശൻ അക്ഷമനും ആശയറ്റവനുമാണെങ്കിൽ ക്ഷമയോടെയുള്ള കാത്തിരിപ്പും പ്രതീക്ഷയുമാണ് സുജ. രമേശനും സുജയും രണ്ടല്ല. ഒന്നാണ്. പരസ്പര പൂരകം. നാനാത്വത്തിൽ ഏകത്വം. രണ്ടു പേർക്കും മാറി നിന്ന് ഒരു അസ്തിത്വമില്ല.


ഹരിദ്വാറില്‍ രമേശനും സുജയും കണ്ടു മുട്ടുന്ന ഹനുമാൻ എന്ന റിക്ഷാക്കാരൻ ഇന്ത്യയുടെ നിഷ്കളങ്കമായ ആത്മാവാണ്. വലിയ കൊട്ടാരവും അതിൽ രാജ്ഞിയെപ്പോലെ ഒരു ഭാര്യയുമുണ്ടായിട്ടും അത്യാർത്തിയുടെ പിറകെ പോകുന്ന അവിനാശ് സ്വാർത്ഥതയാൽ വ്യഭിചരിക്കപ്പെട്ട ആണും പെണ്ണും കേട്ട രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ്.

ആത്മാവിനെയും രാജ്യത്തെയും നശിപ്പിക്കുന്ന തിന്മകളെ ഇല്ലായ്മ ചെയ്ത് നന്മയുടെയും വിശുദ്ധിയുടെയും വഴിയിലേക്ക് വ്യക്തികളോടും രാജ്യത്തിനോടും എഴുത്തുകാരൻ നടത്തുന്ന ശക്തമായ ആഹ്വനമാണ് ഈ നോവലിന്റെ കാതൽ.

“എന്നിലെ എല്ലാ പാപങ്ങളും കത്തിയെരിയുകയാണ് സുജേ. ഈ അഗ്നിയുടെ ചൂട് എനിക്കു താങ്ങാൻ വയ്യ.” എന്ന് രമേശൻ പറയുമ്പോൾ വായനക്കാർ രമേശൻ ചെയ്ത തെറ്റുകളെന്ത് എന്ന് ഒരു കണക്കെടുപ്പിനായി ചിന്തിക്കും. “അവന് കുളിക്കാൻ വയ്യ. അവന് വസ്ത്രം മാറാൻ വയ്യ.” “വിഷജ്വരം ബാധിച്ച ഒരു രോഗിയെപ്പോലെയായിരിക്കുന്നു അവൻ _ കാഴ്ചയിൽ.” ഇതൊക്കെ സ്വതന്ത്രാനന്തര ഇന്ത്യയുടെ അലസതയുടെ ചിത്രങ്ങളാണ്. ഹരിദ്വാറിൽ രമേശൻ കണ്ടെത്തുന്ന ചുടേൾ മനുഷ്യന്റെയും രാജ്യത്തിന്റെയും പുരോഗതിയെ കാർന്നു തിന്നു നശിപ്പിക്കുന്ന അജ്ഞതയും ദാരിദ്ര്യവുമാണ്. തിന്മകളാണ്. “പാപത്തിന്റെ എംബോഡിമെന്റാണ് ഈ സത്വം. ഹരിദ്വാറിൽ മനുഷ്യർ നിത്യേന വന്നു കഴുകിക്കളയുന്ന പാപം മനുഷ്യരൂപം കൊണ്ടതാണ് ഈ ചുടേൾ.” എന്ന് പറയുമ്പോഴും ഒരു രൂപ കിട്ടുന്ന ചുടേൾ നന്ദിയോടെ തിരിച്ചു പോകുന്നുണ്ട്. “ദേവന്മാരുടെ നാടായ ഈ ഹരിദ്വാരിൽ, സ്വർഗ്ഗത്തിന്റെ കവാടനാടായ ഈ ഹരിദ്വാരിൽ, ദൈവങ്ങളോടൊപ്പം ഒരു ഭൂതവും സഞ്ചരിക്കുന്നു. ദൈവങ്ങൾ തണുത്തുറഞ്ഞ വിഗ്രഹങ്ങളാണ്. ഭൂതമാകട്ടെ, രക്തത്തിലും മാംസത്തിലും ജീവിക്കുകയും ഭക്ഷണത്തിനു വേണ്ടി ഇരക്കുകയും ചെയ്യുന്നു. തണുത്തുറഞ്ഞ പ്രതിമകളേക്കാൾ ഇവൻ ജീവനുള്ള ഭൂതത്തെ ഇഷ്ടപ്പെടുന്നു…” എന്ന എഴുത്തു വിശ്വാസത്താൽ അന്ധരാകാതെ നമ്മുടെ രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ആഹ്വാനമാണ്. പ്രാർത്ഥിക്കാൻ കണ്ണടയ്ക്കുന്ന രമേശൻ അവനിലെ പ്രശ്നങ്ങളോ രാജ്യത്തെ പ്രശ്നങ്ങളോ കാണുന്നില്ല. മറിച്ച്, “ദേവീ, വിയറ്റ്നാമിലെയും ബയാഫ്രായിലെയും രക്തച്ചൊരിച്ചലുകൾ അവസാനിപ്പിച്ചാലും!” എന്ന് പ്രാർത്ഥിക്കുമ്പോൾ എഴുതിയ കാലത്തെ ഓർമപ്പെടുത്തുന്ന ഒരു കുറിപ്പിനപ്പുറം, ആർക്കെങ്കിലും ‘ലോകം’ ഞങ്ങളെന്നവകാശപ്പെടുന്ന പടിഞ്ഞാറിന്റെയും യു എന്നിന്റെയും ഇന്നത്തെ ചിത്രങ്ങൾ ഓർമ്മ വന്നാൽ തെറ്റു പറയാൻ പറ്റില്ല.

“ഹരിദ്വാറിന്റെ ആത്മാവായ വെള്ളപ്പശു കഴുത്തിൽ അണിഞ്ഞ പൂജാമണികൾ കിലുക്കിക്കൊണ്ടു രാത്രിയിലൂടെ സഞ്ചരിക്കുകയാണ്.” “അത് പശുവല്ല. നന്മയുടെ എംബോഡിമെന്റാണ്.” “സന്ന്യാസികളുടെയും തീർത്ഥാടകരുടെയും ഇടയിലൂടെ മണികിലുക്കിക്കൊണ്ട് വെള്ളപ്പശു മേഞ്ഞു നടക്കുകയാണ്….പാപമോക്ഷം ലഭിച്ച ആത്മാവു പോലെ.” വ്യക്തി ജീവിതത്തിലും രാജ്യത്തിലും കാത്തു സൂക്ഷിക്കേണ്ട വിശുദ്ധിയും പ്രതീക്ഷയും മുന്നറിയിപ്പും…അതാണ് ഹരിദ്വാരിന്റെ സന്ദേശം.

“ഈ ദീപശിഖകളിൽ നിന്നും ഈ മണിനാദത്തിൽ നിന്നും രമേശനു മോചനമില്ല. ഒരിക്കലും.” എന്നെഴുതി എം മുകുന്ദൻ നോവൽ അവസാനിക്കുമ്പോൾ ഒന്നുറപ്പ് ഈ വായനാനുഭവത്തിൽ നിന്ന് വായനക്കാർക്കും മോചനമില്ല. കാരണം രമേശനെയും സുജയെയും ഹരിദ്വാറിനെയും എല്ലാം അവർ വായിച്ചല്ല, അനുഭവിച്ചറിയുകയായിരുന്നു. ചിന്തയുടെ ഹോമകുണ്ഡങ്ങളിൽ അവർ സ്വയം ഉരുകുകയായിരുന്നു. ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’ എന്ന നോവൽ നൽകുന്ന നവീകരണത്തിന്റെയും പ്രതീക്ഷയുടെയും മുന്നറിയിപ്പിന്റെയും മണിനാദങ്ങൾ കാലം എത്ര മുന്നോട്ടു പോയാലും മലയാള ഭാഷ ഉള്ളിടത്തോളം മുഴങ്ങിക്കൊണ്ടിരിക്കും എന്നുറപ്പ്.

 

LEAVE A REPLY

Please enter your comment!
Please enter your name here