നിധിന്‍ വി.എന്‍.
ശ്രീവിദ്യ തെന്നിന്ത്യയുടെ ശ്രീ തന്നെയായിരുന്നു. ആരെയും അസൂയപ്പെടുത്തുന്ന സൗന്ദര്യം, അഭിനയശേഷി. കാമുകിയായി, ഭാര്യയായി, അമ്മയായെല്ലാം മലയാളി അവരുടെ സങ്കല്പങ്ങളിലേക്ക് എടുത്തണിഞ്ഞത് ശ്രീവിദ്യയെ ആയിരുന്നു. 53 വര്‍ഷം നീണ്ടുനിന്ന ജീവിതത്തില്‍ 800-ലധികം ചിത്രങ്ങള്‍. ഗായിക, നര്‍ത്തകി എന്നീ നിലകളില്‍ പ്രശസ്ത.
ആർ. കൃഷ്ണമൂർത്തിയുടെയും കര്‍ണാടിക് സംഗീതജ്ഞ എം.എൽ. വസന്തകുമാരിയുടേയും മകളായി തമിഴ്‌നാട്ടിലെ മദ്രാസിലാണ് ശ്രീവിദ്യ ജനിച്ചത്. ചെറുപ്പം മുതൽക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത്. 13 -ാം വയസ്സിൽ ‘തിരുവരുള്‍ ശെല്‍വന്‍’ എന്ന തമിഴ് ചിത്രത്തിലെ ശിവപാര്‍വതി നൃത്തത്തില്‍ പാര്‍വതിയായി നൃത്തം ചെയ്തുകൊണ്ടാണ് വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. ‘അമ്പലപ്രാവ്’ എന്ന ചിത്രത്തില്‍ ഒരു നൃത്തരംഗത്തിൽ മാത്രം അഭിനയിച്ചുകൊണ്ട് മലയാളത്തിലും അവര്‍ അരങ്ങേറ്റം കുറിച്ചു. കെ,. ബാലചന്ദ്രന്റെ ‘നൂറുക്ക് നൂറ്’ എന്ന ചിത്രത്തിലായിരുന്നു ശ്രീവിദ്യയുടെ ശ്രദ്ധിക്കപ്പെട്ട ആദ്യവേഷം. പ്രൊഫസറുമായി പ്രേമബന്ധത്തിലാകുന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷമായിരുന്നു അത്. തുടര്‍ന്ന് “വെല്ലിവിഴാ, സൊല്ലാതേൻ നിന്നെക്കുറേൻ, അപൂർവ്വരാഗങ്ങൾ” തുടങ്ങി ബാലചന്ദ്രന്റെ ചിത്രങ്ങളിലൂടെ തമിഴിൽ ശക്തമായ സാന്നിധ്യമായി അവർ മാറി.
എൻ. ശങ്കരൻനായർ സത്യനെ നായകനാക്കി ഒരുക്കിയ ചട്ടമ്പിക്കവലയാണ് ശ്രീവിദ്യയുടെ മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട ചിത്രം. ചട്ടമ്പിക്കവലയിൽ അച്ഛനായി അഭിനയിച്ച തിക്കുറുശ്ശിയാണ് അവരെ ഭാഷ പഠിപ്പിച്ചത്. മലയാളം തമിഴ് എന്നിവയ്ക്ക് പുറമേ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
70-കളുടെ അവസാനമായപ്പോഴേക്കും മലയാളം അവരെ ദത്തെടുത്തു. വർഷത്തിൽ പതിനേഴും പതിനെട്ടും വരെ ചിത്രങ്ങൾ അവർ ചെയ്തു. 1981-ൽ 20 ചിത്രങ്ങളിൽ അവരഭിനയിച്ചു. 1973-ൽ പുറത്തിറങ്ങിയ ചെണ്ടയായിരുന്നു മലയാളത്തില്‍ ശ്രീവിദ്യയുടെ ഉയരങ്ങള്‍ അടയാളപ്പെടുത്തിയ ചിത്രം. ‘എനിക്ക് അഭിനയിക്കാന്‍ കഴിവുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു ചെണ്ട. 18 വയസ്സിലേക്ക് തിരിച്ചുപോവാന്‍ ഞാന്‍ ഇന്നും ആഗ്രഹിക്കുന്നത് ചെണ്ടയിലെ സുമതിയവനാണ്’ എന്ന് ശ്രീ പറയുന്നു.
പുഴയിലെ മന്ദബുദ്ധിയായ യുവതി, ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച എന്ന ചിത്രത്തിലെ കവിയത്രി രോഷിണി, ജീവിതം ഒരു ഗാനത്തിലെ ത്രേസ്യ, ഇരകള്‍ എന്ന ചിത്രത്തിലെ ഭര്‍ത്താവിനെ വകവെക്കാത നടക്കുന്ന ഭാര്യ, ദൈവത്തിന്റെ വികൃതികളിലെ മാഗി മദാമ്മ, രചന എന്ന ചിത്രത്തില്‍ നെടുമുടി വേണുവിനെ പ്രേമം നടിച്ച് കുരങ്ങുകളിപ്പിക്കുന്ന ശാരദ, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തില്‍ ഭര്‍ത്താവിനെ അമിതമായി സംശയിച്ച് വല്ലാത്തൊരു മാനസികാവസ്ഥയില്‍ ജീവിക്കുന്ന ക്ലാര, നൊന്തു പ്രസവിച്ച മകളെ മകളായി അംഗീകരിക്കാന്‍ കഴിയാതെ മനമുരുകി ജീവിക്കുന്ന എന്റെ സൂര്യപുത്രിയിലെ അമ്മ, ആദാമിന്റെ വാരിയെല്ലിലെ ആലീസ്, വില്‍ക്കാനുണ്ട് സ്വപനങ്ങളിലെ മാലതി അങ്ങനെ ശ്രീവിദ്യ അനശ്വരമാക്കിയ വേഷങ്ങള്‍ ഒട്ടനവധിയാണ്.
അയലത്തെ സുന്ദരി, ഒരു പൈങ്കിളിക്കഥ, നക്ഷത്ര താരാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രീവിദ്യ എന്ന ഗായികയെ മലയാളി തിരിച്ചറിഞ്ഞു. 2006 ഒക്ടോബര്‍ 19-ന് അമ്മയെ കൊണ്ടുപോയ അര്‍ബുദം അവരെയും വേദനയുടെ ലോകത്തുനിന്നും കൂട്ടിക്കൊണ്ടുപോയി. 2008-ല്‍ പുറത്തിറങ്ങിയ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിരക്കഥ ശ്രീവിദ്യയുടെ ജീവിതത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു.