നിധിൻ വി. എൻ
ഇന്ന് മുകേഷ് ഖന്നയുടെ 67-ാം ജന്മദിനമാണ്. എന്റെ തലമുറയും എനിക്കു മുമ്പുള്ള തലമുറയും മുകേഷ് ഖന്ന എന്ന നടനെ അറിയുന്നത് ദൂരദർശനിൽ അവതരിപ്പിച്ച ശക്തിമാൻ എന്ന സീരിയളിലൂടെയാണ്. മറ്റ് സൂപ്പർ ഹീറോകൾ വന്ന് മനസ്സ് കീഴടക്കും മുമ്പ് മുകേഷ് ഖന്നയുടെ ശക്തിമാന് അതിനായി എന്നതാണ് സത്യം. അനീതികൾക്കെതിരെ പ്രതികരിക്കാൻ, അപകടത്തിൽ പെടുമ്പോൾ രക്ഷിക്കാൻ നമുക്ക് ഒരു സൂപ്പർ ഹീറോയെ എന്നെന്നും വേണമായിരുന്നു. നമ്മുടെ നായക സങ്കല്പങ്ങളെല്ലാം അത്തരത്തിൽ ഉരുത്തിരിഞ്ഞതാണ്. ഇവിടെയും സംഭവിച്ചത് അതു തന്നെ. ശക്തിമാന് പുറമേ ആര്യമാൻ എന്നൊരു സീരിയിലുമായി അദ്ദേഹം വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചടക്കുന്നതിനുള്ള വേട്ട ആരംഭിച്ചു. ഞങ്ങൾ കുട്ടികൾ, അറിയാതെ തന്നെ ഇരകളാവുകയായിരുന്നു. ഓരോ സൂപ്പർ ഹീറോയും അവരുടെ ഇരകളാക്കി ഞങ്ങളെ ഭരിക്കുകയായിരുന്നു.
1951 ജൂലൈ 22ന് ഇന്ത്യയിലെ മുംബൈ നഗരത്തിലാണ് മുകേഷ് ഖന്ന ജനിച്ചത്. 1982-ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും ബിരുദം എടുത്ത ശേഷം ആണ് സിനിമ രംഗത്ത് വരുന്നത്. ശക്തിമാൻ എന്ന സീരിയലിന് ഇപ്പോൾ തുടർച്ചകളില്ലെങ്കിലും അതിനോടുള്ള ഇഷ്ടം വിട്ടൊഴിയാതെ നിൽക്കുന്നു. മമ്മുട്ടി നായകനായ രാജാധിരാജ എന്ന ചിത്രത്തിൽ ശക്തിമാൻ എന്ന ലോറിയോടിച്ചു വന്ന മുകേഷ് ഖന്ന പഴയ സ്മരണകളെ ഉണർത്തി വിട്ടു. ബാല്യം, ഭൂതകാലത്തു നിന്നും വർത്തമാന ഭാവികാലങ്ങളെ വേട്ടയാടുന്നത് ഇങ്ങനെയൊക്കെയാണ്…