ഹാപ്പി 2019

0
393

കെ എസ്‌ കൃഷ്ണകുമാർ

മില്ല്യേനിയം എന്ന രണ്ടായിരമാണ്ടായിരുന്നു ജീവിതത്തിൽ ഏറെ ഉത്കണ്ഠയോടെ കാത്തിരുന്ന പുതുവർഷം. അന്നുവരെ 19 എന്നക്കങ്ങളിൽ ശീലിച്ച കൊല്ലമെഴുത്തിൽ രണ്ടും കുറെ പൂജ്യങ്ങളും ആദ്യമായി എഴുതുമ്പോൾ ചില തട്ടും തടവുകളും അനുഭവപ്പെട്ടിരുന്നു. നൂറ്റാണ്ടുകളുടെ ചെക്ക്‌ പോസ്റ്റിലൂടെ കടന്നുപോകുന്നതിന്റെ സുഖമുണ്ടായിരുന്നു ആ പുതുവർഷാഘോഷങ്ങൾക്ക്‌. രണ്ടായിരത്തിൽ ലോകം അവസാനിക്കും എന്ന വചനവും ഉൾഭീതി നിറച്ചിരുന്നു. ആരോടും പറഞ്ഞില്ലെന്നു മാത്രം. ആ കാലത്ത്‌ നിന്നോർക്കുമ്പോൾ ഒരു അന്യഗ്രഹം പോലെയായിരുന്നു അടുത്ത ദിവസം എത്തുന്ന 2019. 2020 എന്ന് അക്കാലങ്ങളിൽ ഏ പി ജെ അബ്ദുൾ കലാം സാറിന്റെ ലേഖനകളിൽ വായിക്കുമ്പോൾ ഒരിക്കലും മൂർത്തമാകാത്ത ആത്മീയത ആ ഭൗതികത അനുഭവിപ്പിച്ചിരുന്നു.

തീരുന്ന ഈ 2018നോളം സാന്ദ്രമായ ദിവസങ്ങൾ വേറെയുണ്ടായിട്ടില്ല എന്നു പറയാൻ തോന്നുന്നു. വല്ലാത്ത വർഷം തന്നെയായിരുന്നു 2018. വർഷമെന്നാൽ അതിൽ മഴയെന്നും വായിക്കാം. എത്ര ജീവിതങ്ങളെ വെള്ളത്തിൽ കുതിർത്ത്‌ തകർത്ത വർഷം. ഈ പതിനെട്ടാം വർഷം തന്നെയാണ് പതിനെട്ട്‌ പടികളെക്കുറിച്ച്‌ ചർച്ചയും തർക്കവും വിധിയും താക്കീതും യുദ്ധവും നിയമവുമൊക്കെയായത്‌. വിശ്വാസത്തിനപ്പുറം യുക്തി ചിന്തകളുടെ പടർച്ച. എന്നാൽ പലയിടങ്ങളിലും പാരമ്പര്യത്തെയും സംസ്കൃതിയെയും വാരിപ്പുണരലും. വിപരീതങ്ങളുടെയും ബഹുസ്വരതകളുടെയും പൂക്കാലങ്ങൾ. തൊണ്ണൂറ്റിയാറെന്ന തമിഴ്‌ സിനിമയാണു ഈ കൊല്ലം തന്ന നല്ല ചുംബനങ്ങളിൽ ഒന്ന്. വേണ്ടപ്പെട്ട പല പ്രധാനജീവിതങ്ങളും കൊഴിഞ്ഞുപോയ വർഷം കൂടിയായിരുന്നു പതിനെട്ട്‌. സാമൂഹികമായും വ്യക്തിപരമായും വളരെ അടുത്തുനിന്ന എത്രയോ പേർ പിരിഞ്ഞുപോയ വർഷമാണിപ്പോൾ പിരിയുന്നത്‌. മരണങ്ങളും ജനനങ്ങളും കൊണ്ട്‌ എല്ലാ കൊല്ലവും ഇങ്ങനെയൊക്കെയാണ്. ഹർത്താലുകളുടെ ബാഹുല്യങ്ങൾ ഈ വർഷവും ശ്രദ്ധേയമായി. എന്തായാലും കലങ്ങി മറയലിന്റെ വർഷമായിരുന്നു ഈ കൊഴിഞ്ഞുപോകുന്ന കലണ്ടർ. പരിചയത്തിലുള്ള പലർക്കും പല വലിയ നേട്ടങ്ങളും ആഘാതങ്ങളും ഒരുപോലെ സംഭവിച്ച ഒരു വർഷമായി ഇത്‌ മാറി. വായിക്കാൻ ലഭിച്ച പുതിയ പുസ്‌തകങ്ങളും കാണാൻ കിട്ടിയ സിനിമകളും ഇക്കുറിയും ഗുണദോഷമിശ്രിതങ്ങളായിരുന്നെങ്കിലും അടുത്ത കുറെ സുഹൃത്തുക്കൾ കൂടുതൽ വെളിച്ചപ്പെട്ട ഒരു കൊല്ലമാണീ തീരുന്നത്‌. ഇനിയും പ്രതീക്ഷകളുടെ നാമ്പുകൾ കൈകളിൽ പേറി അടുത്ത പടവുകളിലേക്ക്‌ നീങ്ങുന്നവർ. തുടർച്ചകളാണ് സർവ്വത്ര. എത്ര ദൂരങ്ങൾ താണ്ടിയാലും ജന്മഭൂമിയായ കേരളം തന്നെ മുഴുവനും കണ്ടുതീരില്ലെന്ന തോന്നൽ തുടരുന്നു. പഠിക്കും തോറും പഠിച്ചിട്ടേയില്ലെന്ന അപകർഷതയുടെ തുടർച്ച. ഓരോ ജന്മങ്ങളെ പരിചയപ്പെടുമ്പോൾ അവരെയെല്ലാം കണ്ടുമുട്ടാൻ ഏറെ വൈകിയെന്ന വിസ്മയങ്ങളുടെ തുടർച്ച. വിവരണാതീതമായ ഇനിയും ലഭിക്കാത്ത എന്തിന്റെയോ ഒരു വിടവ്‌, ഒരു ശൂന്യത. അതെല്ലാം തുടരുകയാണ്.

തുടരാം നമുക്ക്‌, കൂടുതൽ മികവാർന്ന നമ്മളായി. മികവ്‌ എന്നതെന്ത്‌ എന്ന ചോദ്യം ബാക്കിയാകുന്നു. എനിക്ക്‌ മികച്ച ഒന്ന് നിങ്ങൾക്ക്‌ അനാവശ്യമാകും. എന്റെ നേട്ടങ്ങൾ നിങ്ങൾക്ക്‌ അപ്രസക്തമാകാം. ആപേക്ഷികമാകുന്നു മികവ്‌ എന്ന ആശയം. നന്മയുള്ളതെന്ന് മികവിനെ ചുരുക്കി വ്യാഖ്യാനിക്കുക. നിങ്ങൾക്ക്‌ മികച്ച നന്മയുടെ കാലമാകട്ടെ രണ്ടായിരത്തി പത്തൊമ്പത്‌ എന്നാശംസിക്കുന്നു. പതിനട്ടടവുകൾക്കപ്പുറം പത്തൊമ്പതാമത്തെ പുതിയ ഒരു ജീവിതയടവ്‌ അത്‌ നിങ്ങളെ പഠിപ്പിക്കട്ടെ!

LEAVE A REPLY

Please enter your comment!
Please enter your name here