സിനിമ
മുഹമ്മദ് സ്വാലിഹ്
മുഹ്‌സിന്‍ പരാരിയുടെ തിരക്കഥയില്‍ സുഡാനി ഫ്രം നൈജീരിയിലൂടെ പ്രശസ്തനായ സക്കരിയ സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമിലൂടെ പുറത്തിറക്കിയ സിനിമയാണ് ഹലാല്‍ ലവ് സ്റ്റോറി. മുസ്ലിം ജീവിതപരിസരത്തില്‍, ഒന്നുകൂടി സ്പഷ്ടമായി പറഞ്ഞാല്‍ ജമാഅത്തെ ഇസ്ലാമി സംഘടനയുടെ പ്രവര്‍ത്തനം പശ്ചാത്തലമാക്കിക്കൊണ്ടാണ് സിനിമ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ഇത്തരം സിനിമകള്‍ മലയാളത്തില്‍ അപൂര്‍വമാണ്. മതപ്രബോധനത്തിനുള്ള ഉപാധി എന്ന നിലക്ക് ഒരു ടെലി-സിനിമ എടുക്കാനാരംഭിക്കുന്ന ഏതാനും സംഘടനാപ്രവര്‍ത്തകരുടെ കഥയാണ് ഹലാല്‍ ലവ് സ്റ്റോറി. ടെലി-സിനിമകളെന്നാല്‍ ഒരുകാലത്ത് മലബാര്‍ മേഖലയില്‍ വലിയ ജനപ്രീതിയുണ്ടായിരുന്ന സിനിമാമേഖലയായിരുന്നു. പരേതന്റെ തിരിച്ചുവരവ് തുടങ്ങിയ സിനിമകളും ലീക്ക് വീരാന്‍ തുടങ്ങിയ കഥാപാത്രങ്ങളും അന്ന് മലബാറുകാരന്റെ നാവില്‍ എപ്പോളും തങ്ങിനിന്നിരുന്നു. ഈ സിനിമകള്‍ ഹറാം(നിഷിദ്ധം), ഹലാല്‍ (അനുവദനീയം) എന്നീ ദ്വന്ദങ്ങളുടെ നടുവില്‍ ഫലപ്രദമായി നിലകൊണ്ടു. ഈ കാലഘട്ടമാണ് ഹലാല്‍ ലവ് സ്റ്റോറി എന്ന സിനിമയുടെയും പശ്ചാത്തലം. ആദ്യഘട്ടത്തില്‍ സിനിമ എന്ന ആശയം ഉരുത്തിരിഞ്ഞുവരുന്നതും അതിനുവേണ്ട വിഭവങ്ങളും അനുമതികളും നേടിയെടുക്കുന്നതും ഷൂട്ടിംഗ് ആരംഭിക്കുന്നതും, ഇതുവരെ സിനിമ അനുഭവിച്ചിട്ടില്ലാത്ത മനുഷ്യന്മാരെക്കൊണ്ട് അഭിനയിപ്പിക്കുന്നതിലെ തമാശകളുമെല്ലാം കാണിച്ച് മുന്നോട്ടുപോകുന്നു. എന്നാല്‍ പിന്നീടൊരിക്കല്‍ സിനിമയുടെ ദിശമാറി കുടുംബബന്ധങ്ങളിലേക്കും മറ്റും ശ്രദ്ധകേന്ദ്രീകരിക്കുന്നു.
വിശ്വാസവും സിനിമയും
സിനിമ എന്ന കലയോടുള്ള രണ്ട് സമീപനങ്ങളെ പറ്റിയാണ് ഹലാല്‍ ലവ് സ്റ്റോറി പറയുന്നത്. ഒന്ന് മുഖ്യധാരാ സിനിമാ സങ്കല്‍പം. രണ്ടാമത്തേത് ഇസ്ലാമിക സിനിമ അല്ലെങ്കില്‍ ഹലാല്‍ സിനിമ. ആദ്യത്തേതിനെ സിറാജ് എന്ന സംവിധായകന്‍ പ്രതിനിധീകരിക്കുമ്പോള്‍ രണ്ടാമത്തേതിനെ തൗഫീഖ് എന്ന തിരക്കഥാകൃത്തും റഹീമിക്ക എന്ന സംഘടനാനേതാവും മറ്റനേകം പേരും പ്രതിനിധീകരിക്കുന്നു. ഈ രണ്ട് ആശയദ്വന്ദങ്ങള്‍ തമ്മിലുള്ള സംവാദത്തില്‍ ഒരു വിധിപറയാന്‍ സിനിമ സ്വയം മുതിരുന്നില്ല എന്നത് പ്രധാനമാണ്. അത് പ്രേക്ഷകന് വിട്ടുനല്‍കുകയാണ് ചെയ്യുന്നത്. തൗഫീഖിന്റെ തിരക്കഥ മതപരമായ ഫ്രെയിംവര്‍ക്കിനകത്ത് നില്‍ക്കുന്നതാണ്. എന്നാല്‍ സംവിധായകനായ സിറാജ് അതിന് പുറത്താണ്. മുസ്ലിം സമൂഹത്തിലെ വലിയൊരു വിഭാഗം സിനിമ ഹറാം ആണെന്നാണ് വിശ്വസിക്കുന്നത്. അതില്‍ നിന്ന് മാറി സിനിമയെ സ്വീകരിക്കുകയും അതേസമയം ആ സിനിമ ഇസ്ലാമിക ചട്ടക്കൂടിനകത്ത് കഷ്ടപ്പെട്ട് ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുകയാണ് തൗഫീഖ് ചെയ്യുന്നത്. ഇതാണ് സംവാദത്തിലെ ആദ്യത്തെ പക്ഷം. ഇവരുടെ പക്ഷം പറയാനാണ് സിനിമ കൂടുതല്‍ സമയവും ഊന്നലും നല്‍കുന്നത്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പരിസരം എന്ന നിലക്ക് അതിന് ന്യായവുമുണ്ട്.
രണ്ടാമത്തേത് പരമ്പരാഗത മലയാള സിനിമയുടെ പക്ഷം തന്നെയാണ്. അതിനെയാണ് സിറാജ് പ്രതിനിധീകരിക്കുന്നത്. സിനിമയില്‍ ഒരിടത്ത് കുട്ടികള്‍ക്ക് വേണ്ടി തൗഫീഖ് ടൊര്‍ണാറ്റോറിന്റെ സിനിമാ പാരഡൈസോ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സിനിമാ പാരഡൈസോയിലേത് പോലെ തന്നെ നമ്മുടെ ഹലാല്‍ സിനിമയിലും കാണാനോ കേള്‍ക്കാനോ പറ്റാത്ത ചില കാര്യങ്ങളുണ്ട്. അതിനുവേണ്ടി തൗഫീഖ് വാദിക്കുന്നു. അതിനെ അവകാശപ്രഖ്യാപനമായോ പിന്തിരിപ്പന്‍ നിലപാടായോ പ്രേക്ഷകന് കാണാം. എന്നാല്‍ സിറാജ് ചിലതൊക്കെ കാണിക്കേണ്ടിവരും എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഈ രണ്ട് വാദഗതികള്‍ അല്ലെങ്കില്‍ കലാസങ്കല്‍പ്പങ്ങള്‍ അവസാനം സമരസപ്പെടുന്നത് ച്ഛായാഗ്രാഹകന്റെ ഇടപെടലിലൂടെയാണ്. സിനിമ, സംവിധായകന്റെ കലക്കപ്പുറം ച്ഛായാഗ്രാഹകന്റെ കല കൂടിയായി മാറുന്നുണ്ട് എന്നുകൂടി ഇവിടെ പറഞ്ഞുവെക്കുന്നുണ്ട്. കാരണം എഴുത്തുകാരന്റെയും സംവിധായകന്റെയും ചിന്തകള്‍ കൂടിച്ചേരുന്നതും പ്രായോഗികവല്‍ക്കരിക്കപ്പെടുന്നതുമായ ഇടമാണ് ക്യാമറാക്കണ്ണുകള്‍. പാരഡൈസോയിലെ പാതിരിമാര്‍ ഫിലിം മുറിച്ചുകളയുന്നതുപോലെ ഭാര്യയും ഭര്‍ത്താവും കെട്ടിപ്പിടക്കുന്നതിന് തൊട്ടുമുന്നെ ക്യാമറ കട്ട് ചെയ്ത് കളയുന്നു. ഇറാനിയന്‍ ഭരണകൂടം മുറിച്ചുകളയാതിരിക്കാനായി മനുഷ്യസ്ത്രീക്ക് പകരം നാല്‍ക്കാലിയെ പ്രസവിപ്പിച്ച മക്മല്‍ബഫിനെ ഓര്‍ക്കുന്നു. പക്ഷേ ഇവിടെ കലാകാരന് ഭയം സ്വന്തത്തെത്തന്നെയാണ്. അതേസമയം ഹലാല്‍ സിനിമയാവാം എന്ന് വിശ്വസിക്കുന്നവരെപ്പോലെ തന്നെ സിനിമ ഹറാം ആണെന്ന് വിശ്വസിക്കുന്നവര്‍ക്കും അതിനുള്ള ഇടം സിനിമക്ക് വകവെച്ചുനല്‍കാമായിരുന്നു. സിനിമയിലൊരിടത്ത് ഒരു നടന്റെ സിനിമയോടനുകൂലനിലപാടെടുക്കാത്ത ഭാര്യയെ തമാശയായി ചിത്രീകരിക്കുന്നുണ്ട്.
കഥയുടെ ഉള്ളും പുറവും
സിനിമയിലെ നടനും ഉള്ളിലെ കലയിലെ കഥാപാത്രവും തമ്മിലുള്ള സംഘര്‍ഷത്തിന്റെയും സമരസപ്പെടലിന്റെയും സാധ്യതകള്‍ തിരഞ്ഞ സിനിമകള്‍ ഏറെയാണ്. അരോണോഫ്‌സ്‌കിയുടെ ബ്ലാക്ക് സ്വാന്‍, ഇനാരിറ്റുവിന്റെ ബേഡ്മാന്‍ ഒക്കെ ഉദാഹരണം. ഹലാല്‍ ലവ് സ്‌റ്റോറി പുരോഗമിക്കവെ ഇങ്ങനൊരു സാധ്യത ഉരുത്തിരിഞ്ഞുവരുന്നു. ക്രമേണ ആ സാധ്യത സിനിമയുടെ തൊണ്ണൂറുശതമാനം ഇടത്തെയും കയ്യടക്കുന്നു. അഭിനേതാക്കളുടെ മാനസികസംഘര്‍ഷത്തിന്റെ പ്രതിബിംബങ്ങളും വിപരീതപ്രതിബിംബങ്ങളും കഥക്കകത്ത്, കഥാപാത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ഇത് സംഭവിക്കുന്നത് അഭിനേതാവ്-കഥാപാത്രം ബന്ധത്തില്‍ മാത്രമാണ്. സംവിധായകനായ സിറാജിന്റെ കലുഷിതമായ ജീവിതം ഒരിക്കലും സിനിമക്കകത്തേക്ക് കടക്കുന്നില്ല. സിറാജ് ഏറിയകൂറും സിനിമയുമായി വേര്‍പ്പെട്ട്, ക്യാമറക്ക് പിന്നില്‍ തന്നെ നില്‍ക്കുന്നു. ‘പൊതു’ സിനിമയുടെ വക്താവായ സിറാജിനെ ഹലാല്‍ സിനിമക്കകത്തേക്ക് കയറ്റിവിടാതിരുന്നത് മനപൂര്‍വമാണോ എന്ന ചോദ്യം സംവാദാര്‍ഹമാണ്.
ആഗോളരാഷ്ട്രീയം പറയുമ്പോള്‍ തന്നെ സാധാരണക്കാരന് ഒരുതരി മനസിലാവാത്ത രീതിയില്‍ സംസാരിക്കുന്ന വിവരവരേണ്യതയെ പരിഹസിക്കാനും സിനിമ സമയം കണ്ടെത്തുന്നുണ്ട്. സാങ്കേതികവശവും അഭിനേതാക്കളും മികച്ചുനില്‍ക്കുമ്പോഴും നരേറ്റീവ് ഒഴുക്കില്‍ സംഭവിക്കുന്ന തടസങ്ങൾ ചിലപ്പോഴെങ്കിലും കല്ലുകടിയാവുന്നുമുണ്ട്. സിനിമയും കാഴ്ചയുമുയര്‍ത്തുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ പ്രേക്ഷകനെ ഏല്‍പ്പിച്ചുകൊണ്ടാണ് ഹലാല്‍ ലവ് സ്റ്റോറി അവസാനിക്കുന്നത്. സിനിമയോടുള്ള പിന്തിരിപ്പന്‍ കാഴ്ച്ചപ്പാടിനെതിരെയുള്ള പരിഹാസമാണോ അതോ ഇതും സിനിമയാണ് എന്ന കലാപരമായ പ്രഖ്യാപനമാണോ സിനിമ നടത്തിയത് എന്ന ചോദ്യം അവയില്‍ പ്രധാനമാണ്.
…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.