ജിപ്സിപ്പെണ്ണ്

0
705
gypsyppennu-kavitha-kalasajeevan-athmaonline

കവിത

കല സജീവൻ

കയ്യിൽ ഒരു പൂങ്കുലയുമായാണ്
ജിപ്സിപ്പെണ്ണിനെ ആദ്യം കണ്ടത്.
അവളുടെ പുറത്തു തൂക്കിയിട്ട കൂടയിൽ നിന്ന്
പിന്നെയും പൂക്കൾ എത്തി നോക്കുന്നുണ്ടായിരുന്നു.
മേൽകുപ്പായം ഇട്ടിരുന്നില്ല അവൾ.
കുഞ്ഞു ഞാവൽപഴം വെച്ച്
അലങ്കരിച്ച് പോലുള്ള മുലകൾ
അവളെ അഹങ്കാരിയാക്കി.
പല രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന
പതാകകൾ ചേർത്തു തുന്നിയ
അവളുടെ അവളുടെ വിചിത്രവർണ്ണപ്പാവാട,
കാണാത്ത ദേശങ്ങളെ കുറിച്ചുള്ള
യാത്രാവിവരണക്കുറിപ്പ് പോലെ
ആഹ്ലാദം തുളുമ്പുന്നതായിരുന്നു.



ചിറകുണ്ടായിരുന്നെങ്കിലും
മറ്റുള്ളവർ കാൺകെ
പറക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല.
ചിറകുകൾ എന്നത് എക്കാലത്തെയും
പെണ്ണുങ്ങളുടെ മാത്രം രഹസ്യമാണ്.
പുരുഷന്മാർ കാണാനാവില്ല.
നിത്യ രതി യാൽ കടഞ്ഞെടുത്ത
ശില്പം പോലെ, ജിപ്സിയുടൽ.
പല നാടുകളിലെ പുരുഷന്മാരെ
കാമിച്ചിരുന്നതിനാൽ
അവൾ എക്കാലത്തും
യുവതിയായി കാണപ്പെട്ടു.
കളിക്കാനാരും കൂട്ടില്ലാത്ത
ഉച്ചമയക്കനേരത്താണ്
ഞാനവളെ പരിചയപ്പെടുന്നത്.
എണ്ണ മിനുപ്പുള്ള ഇടനാഴിയിലെ
തണുത്ത നിലത്ത്
മുഖമമർത്തി കിടന്നു ഞങ്ങൾ കിന്നാരം പറഞ്ഞു.
അവളുടെ ഞാവൽപ്പഴങ്ങൾ കടം ചോദിച്ചു.
കൂടയിലെ പൂക്കൾ മണത്തുനോക്കി.



സ്വപ്നം കണ്ടു കണ്ടാണ്
കണ്ണുകൾ വിരിഞ്ഞ താമരയിതൾ പോലെ നീളുന്നത്,
പനിനീർപൂവിന്റെ ഇതൾ ചവച്ചാൽ
കവിൾ തുടുക്കുമെന്നൊക്കെ
ജിപ്സ പെണ്ണ് സാക്ഷ്യം പറഞ്ഞു.
ഒറ്റക്കിരുന്നു സംസാരിക്കുന്ന കുട്ടികൾ
വലുതാകുമ്പോൾ കവിതയെന്ന പേരിൽ
പലതും പറഞ്ഞു നടക്കാറുണ്ട്.
ഇപ്പോൾ ജിപ്സിപ്പെണ്ണിനെ കാണാനില്ല.
ഒരു കൂട നിറയെ അവൾ മറന്നു വച്ച യാത്രകൾ .
ഒരു കൂട നിറയെ അവൾ മറന്നു വച്ച യാത്രകൾ .
നിൽക്കപ്പൊറുതി ഇല്ലാതായത് എനിക്കാണെന്ന് മാത്രം അറിയാം.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here