ഗോത്രകലായാത്രയ്ക്ക് തുടക്കമായി

0
367

കലാസമൂഹത്തിന് കൈത്താങ്ങൊരുക്കുന്ന മഴമിഴി മൾട്ടീമീഡിയ മെഗാസ്ട്രീമിംങിന്റെ ഗോത്രയാത്രയ്ക്ക് അഗസ്ത്യവനത്തിൽ തുടക്കമായി. കേരളീയ കലാരൂപങ്ങളുടെ അവതരണങ്ങൾക്കൊപ്പം സംസ്ഥാനത്തെ വിവിധ  ആദിവാസി ഊരുകളിൽ ചെന്ന് ഗോത്രകലകൾ തനിമയോടെ ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് അഗസ്ത്യവനത്തിലെ ഊരുകളിൽ ഗോത്രകലകളുടെ ചിത്രീകരണം നടന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാത്രിയും പകലുമായി നടന്ന ചിത്രീകരണത്തിൽ പൂപ്പടതുള്ളൽ, വിളക്ക്കെട്ടിക്കളി, മണ്ണയച്ച്ചാറ്റ്, പിണിചാറ്റ്, ചാവ്പാട്ട്, കുങ്കുമത്തിൻതെയ്യനാർപാട്ട്, ഗോത്രഗീതങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കലാരൂപങ്ങൾ മഴമിഴിക്കുവേണ്ടി  ചിത്രീകരിച്ചു.

ചാറ്റ് പാട്ട് അവതരിപ്പിച്ച അരുവിയമ്മയെയും ആദിച്ചൻ കാണിയെയും മഴമിഴിക്കുവേണ്ടി ഫെസ്റ്റിവൽ ഡയറക്ടർ പ്രമോദ് പയ്യന്നൂർ ആദരിച്ചപ്പോൾ.
    
ചിത്രീകരണത്തിന് മുന്നോടിയായി ഗോത്ര അനുഷ്ഠാന കലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു. മാദൻ കാണി, ചന്ദിരൻ കാണിമൂപ്പൻ, അരുവിയമ്മ, ആദിച്ചമ്മ, ചീതങ്കൻ കാണിമൂപ്പൻ എന്നിവരെ കേരള സാംസ്കാരിക വകുപ്പിനു വേണ്ടി മഴമിഴി ഫെസ്റ്റിവൽ ഡയറക്ടർ പ്രമോദ് പയ്യന്നൂർ പൊന്നാട ചാർത്തി ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഗോത്രഗായിക കൂടിയായ ഉത്തര സുരേഷിനെ ഭാരത് ഭവൻ നിർവ്വാഹക സമിതി അംഗം റോബിൻ സേവ്യർ പൊന്നാടയണിയിച്ചു. വൈവിധ്യമാർന്ന കലാവതരണങ്ങളിലൂടെ ഇതിനകം നാൽപ്പത്തിയഞ്ച് ലക്ഷത്തോളം പ്രേക്ഷകരിലേയ്ക്ക് മഴമിഴി എത്തിയിട്ടുണ്ട്. പുതുതലമുറയ്ക്ക് വേണ്ടി ഡിജിറ്റൽ ആർക്കേവ് ചെയ്യുന്ന മഴമിഴി എല്ലാ ദിവസങ്ങളിലും വൈകിട്ട് 7 മണി മുതലാണ് വെബ്കാസ്റ്റ് ചെയ്തു വരുന്നത്. നവംബർ 1 വരെ നീണ്ടു നിൽക്കുന്ന ഈ ദൃശ്യവിരുന്ന് samskarikam.org എന്ന പേരിലും കേരള സർക്കാരിന്റെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ പേജുകളിലും ലോക മലയാളി സംഘടനകളുടെ ഫേസ്ബുക്ക് പേജുകളിലുമായാണ് പ്രദർശിപ്പിച്ചു വരുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here