മാധ്യമപ്രവര്‍ത്തകനായ രാജേഷ് ആര്‍ നാഥ് തിരക്കഥ ഒരുക്കി അഖില്‍ കോന്നി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പവിഴമല്ലി’. കാടിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. 2019 ല്‍ ‘പവിഴമല്ലി’ തീയറ്ററുകളിലെത്തും.
ഗോപി സുന്ദര്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്
പൂര്‍ണമായും കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു മലയാള സിനിമ കൂടി അണിയറയില്‍ ഒരുങ്ങുന്നു. മാധ്യമപ്രവര്‍ത്തകനായ രാജേഷ്.ആര്‍ നാഥ് എഴുതി നവാഗതനായ അഖില്‍ കോന്നി സംവിധാനം ചെയ്യുന്ന പവിഴമല്ലിയെന്ന പുതിയ മലയാള ചിത്രമാണ് കാടിന്റെ കഥ പറയുന്നത്..
മൂന്നാറിലെ കൊടുംകാടിനുള്ളിലുള്ള ഇടമലക്കുടിയെന്ന ആദിവാസി ഊരില്‍ നടക്കുന്ന അവശ്വസിനീയമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ‘പവിഴമല്ലി” ഒരുങ്ങുന്നത്. ആദിവാസി ഊരിലെ ഏകാധ്യാപക വിദ്യാലയത്തില്‍ പഠിപ്പിക്കാനെത്തിയ മൂന്നാര്‍ സ്വദേശിയായ ഒരു അധ്യാപികയുടെ യഥാര്‍ത്ഥ ജീവിതമാണ് പവിഴമല്ലിയ്ക്ക് പ്രചോദനമായത് .
പ്രണയവും പകയും നിഗൂഢതയും നിറഞ്ഞ നെഞ്ചുലയ്ക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയ ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രമാണ് പവിഴമല്ലി. കാടും കാട്ടാറും മഞ്ഞും മഴയുമൊക്കെ ദൃശ്യചാരുത പകരുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു നവ്യാനുഭവമായിരിക്കും.
മലയാളം-തമിഴ് സിനിമാ രംഗത്തെ ജനപ്രിയ താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്ന പവിഴമല്ലിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദില്‍വാലെ , ചെന്നൈ എക്‌സ് പ്രസ്സ്, സിങ്കം തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് പെരുമാള്‍ ആണ്. സംഗീതം: ഗോപി സുന്ദര്‍, ചിത്രസംയോജനം: സാഗര്‍ ദാസ്, പശ്ചാത്തല സംഗീതം: സുഷിന്‍ ശ്യാം, കലാസംവിധാനം: അനീഷ് നാടോടി, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍.
ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന പവിഴമല്ലി 2019 പകുതിയോടെ തിയേറ്ററുകളില്‍ എത്തും.