നിധിന്‍.വിഎന്‍
ജൂൺ 21 ലോക സംഗീത ദിനം. 1976-ല്‍ അമേരിക്കന്‍ സംഗീതജ്ഞനായ ജോയല്‍ കോയനാണ് ആദ്യമായി സംഗീതദിനം എന്നാ ആശയം കൊണ്ടുവന്നത്. ഈ ദിനത്തില്‍ എവിടെയും ആര്‍ക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയല്‍ കോയന്റെ ഈ ആശയം അമേരിക്കയില്‍ നടപ്പിലായില്ല. എന്നാല്‍ ആറു വര്‍ഷങ്ങള്‍ക്കുശേഷം ഫ്രാന്‍സില്‍ ഈ ആശയം നടപ്പിലാക്കി. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ജൂണ്‍ 21 സംഗീതദിനമായി നിര്‍ദ്ദേശിച്ചു. 1982 ജൂണ്‍ 21-ന് ഫ്രാന്‍സില്‍ സംഗീതദിനം ആഘോഷിച്ചു. ഫെറ്റെ ഡെ ല മ്യൂസിക് എന്ന പേരിലാണ് ഫ്രാന്‍സില്‍ സംഗീതദിനം അറിയപ്പെടുന്നത്. 121 രാജ്യങ്ങള്‍ അവരുടേതായ രീതിയില്‍ സംഗീതദിനം ആഘോഷിക്കുന്നു.
സംഗീതം
ശ്രവണ സുന്ദരങ്ങളായ ശബ്ദങ്ങള്‍ കൊണ്ട് മനസ്സില്‍ വികാരങ്ങള്‍ സൃഷ്ടിച്ചു രസിപ്പിക്കുന്ന കലയാണ്, വികാരങ്ങളുടെ ഭാഷയാണ്. സ്വരങ്ങളുടെ സഹായത്തോടെ ആശയപ്രകടനം നടത്തുന്ന നാദഭാഷയാണ്. “സമ്യക് ഗീതം” (ശ്രേഷ്ഠമായ ഗീതം) എന്നതിൽ നിന്നാണ് സംഗീതം എന്ന വാക്കുണ്ടാകുന്നത്. ഒരു ഗീതം ശ്രേഷ്ഠമാകണമെങ്കിൽ അതിന് ശ്രുതിയും താളവും ഉണ്ടായിരിക്കണം
“ശ്രുതിർമാതാ:
ലയ പിതാ:” എന്നാണ് സംഗീത ശാസ്ത്രകാരന്മാർ പറഞ്ഞ് വെച്ചിരിക്കുന്നത്. ശ്രുതി മാതാവിനേപ്പോലെയും താളം പിതാവിനേപ്പോലെയും ആണെന്നർത്ഥം. നല്ല അച്ഛനും അമ്മക്കും നല്ല കുട്ടികളുണ്ടാകും എന്ന തത്വപ്രകാരം ശ്രുതിയും താളവും ചേരുമ്പോൾ നല്ല മകൾ അഥവാ “സംഗീതം” ഉണ്ടാകുന്നു എന്ന് സാരം.
മനുഷ്യ സംസ്കാരത്തോളം പഴക്കമുണ്ട് സംഗീതത്തിന്. ശബ്ദങ്ങള്‍ ഉപയോഗിച്ച് ഇണയെ ആകര്‍ഷിക്കാനും, മറ്റ് ആശയവിനിമയത്തിനും ആദിമമനുഷ്യന് കഴിഞ്ഞിരുന്നു. പിന്നീട് കൂട്ടമായി ജീവിക്കാന്‍ തുടങ്ങിയതോടെ വിരസത അകറ്റാനും, ഉന്മേഷത്തിനും വേണ്ടി സംഗീതം ഒരു കലയായി വികസിപ്പിച്ചതായിരിക്കണം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ കിഴക്കന്‍ സംഗീതം, പടിഞ്ഞാറന്‍ സംഗീതം എന്നിങ്ങനെ സംഗീതത്തെ രണ്ടു വിഭാഗങ്ങളായി കാണുന്നു. നിരന്തരമായ കൊടുക്കല്‍ വാങ്ങലുകളിലൂടെ ഫ്യൂഷന്‍ സംഗീതം എന്നൊരു വിഭാഗം കൂടി രൂപപ്പെട്ടിരിക്കുന്നു.