സച്ചിന്‍ എസ് എല്‍
പഴയ നിർവ്വചനങ്ങൾ തകർത്തും, പുതിയ നിർവ്വചനങ്ങളെ അനിവാര്യമാക്കുകയും ചെയ്യുമ്പോഴാണു ഏതൊരു കലയിലും മാറ്റമുണ്ടാകുന്നത്. അനിവാര്യമായ ആ മാറ്റം പുതിയ പ്രേക്ഷകരെ സൃഷ്ഠിക്കുന്നു. അങ്ങനെയുള്ള പ്രേക്ഷകർ പുതിയ നായകരെ സ്വീകരിക്കുന്നു.
ഫഹദ് എന്ന നായക നടന്റെ മലയാളയവനികയിലേക്കുള്ള രംഗപ്രവേശം ഇപ്രകാരമായിരുന്നു. 2002 ൽ കയ്യെത്തും ദൂരത്ത് എന്ന ഒരു അള്‍ട്രാ – ക്ലീഷേ സിനിമയിലൂടെയുള്ള സിനിമാപ്രവേശം പക്ഷേ ഒരിക്കലും സുഖകരമായിരുന്നില്ല ഈ നടന്. പൈതൃക ഗര്‍വ്വിലൂടെ കയ്യകലത്തില്‍ എത്തിപ്പിടിച്ച നായകപരിവേഷം പക്ഷേ പിന്നീട് അകലത്തിലാവുകയായിരുന്നു. ഏഴു വര്‍ഷത്തിനു ശേഷം കേരള കഫേയിലൂടെ വീണ്ടും പുനപ്രവേശനം നടത്തിയ ഫഹദില്‍ പിന്നീട് മലയാള സിനിമ കണ്ടത് സ്വതസിദ്ധമായ ശൈലിയില്‍ തീര്‍ത്തും സാമ്പ്രദായികമല്ലാത്ത നായകരൂപങ്ങളായിരുന്നു.
2011 ല്‍ പുറത്തിറങ്ങിയ ചാപ്പാ-കുരിശിലെ അര്‍ജുന്‍ മലയാള സിനിമയിലെ വിപ്ലവകാരിയ ഒരു മെട്രോമാന്‍ ആയിരുന്നു. 2012 ല്‍ 22എഫ് കോട്ടയത്തിലെ സിറിളും അതേ വര്‍ഷം പുറത്തിറങ്ങിയ ഡയമണ്ട് നെക്ലസിലെ ഡോ. അരുണ്‍ കുമാറും മലയാള സിനിമാസ്വാദകരെ അമ്പരപ്പിച്ചു. അതിന്റെ തുടര്‍ച്ചയെന്നോണം 2013 ല്‍ നോര്‍ത്ത് 24 കാതത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഫഹദ് കരസ്ഥമാക്കി. ഇയ്യോബിന്റെ പുസ്തകത്തിലെ അലോഷിയും ടേക്ക് ഓഫ്-ലെ മനോജ് അബ്രഹാമും ഫഹദിന്റെ സിനിമാസപര്യയിലെ കരുത്തുറ്റ കഥാപാത്രങ്ങളാണ്. സാധാരണക്കാരനായ മലയാളി യുവാവിന്റെ കഥ പറഞ്ഞ മഹേഷിന്റെ പ്രതികാരത്തിലെ മഹേഷ് ഭാവനയും ഫഹദിന്റെ ശ്രദ്ധേയ കഥാപാത്രമാണ്. 2017ല്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡിലെത്തി നില്‍ക്കുന്നു, മലയാളസിനിമയ്ക്ക് മറ്റൊരു രാഷ്ടീയമാനം നല്‍കിയ ഈ നായകനടനസംഭവം.
സമാന്തര മലയാളീ നായകസങ്കൽപ്പങ്ങളെ തച്ചുടച്ച യുവപ്രതിഭയ്ക്ക് പിറന്നാളശംസകൾ.