അജയ്സാഗ
പുഴക്കൊണ്ട് മൂന്ന് ഭാഗം അതിർത്തി തീർത്തതു കൊണ്ടാണ് ഞങ്ങളുടെ മുണ്ടേങ്ങര എന്ന ഗ്രാമം ഒരു ഒറ്റപ്പെട്ട തുരുത്ത്പ്പോലത്തോന്നും. ഗ്രാമത്തിന്റെ വെളിച്ചമായി മാറിയ ജി.എം.എൽ.പി സ്കൂളും. പുഴ കാരണം അഞ്ചാം ക്ലാസ്സും ഇവിടെ തന്നെയുണ്ട്. ആറാം ക്ലാസ്സിലേക്ക്, നിറഞ്ഞ പുഴ കടന്ന് എടവണ്ണയിലെത്തണം. മുണ്ടേങ്ങരയുടെ ഭാഗമായി കെടക്കുന്ന കൊളപ്പാടിനിടയിൽ കാർഷിക സമൃദ്ധിയിൽ ചെമ്മരം പാടം. കുട ചൂടി പാടം കടന്നെത്തുന്ന ഒന്നാം ക്ലാസിലെ സരോജിനി ടീച്ചറുടെ ബേക്കില് ചങ്ങായ്മാരൊപ്പം, മഴ പെയ്ത് മണ്ണിന്റെ പുതു മണമുള്ള പഞ്ചായത്ത് റോഡിലൂടെ നനവുള്ള ചുവന്ന മണ്ണിൽ ചവിട്ടി സ്കൂളിലേക്ക് നടന്ന് പോകും. ഒതായിയിൽ നിന്നും ചാത്തല്ലൂരിൽ നിന്നുമൊക്കെ നടന്നും സൈക്കിളിലുമായി ആളുകൾ തോണി കടവിലേക്ക് പോകുന്നത് കാണാം.
ക്ലാസ്സിൽ പുസ്തകം വെച്ച് ഞങ്ങൾ സ്കൂൾ മതിലിന് ചാരി പൂത്തു നിൽക്കുന്ന കടലാസ്പൂവിന്റെ മരത്തിനടുത്ത് റോഡിലൂടെ പോകുന്ന ആളുകളേയും മരം കൊണ്ടു പോകുന്ന പോത്ത് വണ്ടിയും ജീപ്പും സൈക്കിളുമൊക്കെ അങ്ങനെ കൗതുകത്തോടെ നോക്കി നിൽക്കും. സ്കൂളിലെ തൊട്ടടുത്ത വീട്ടിലെ അറബി മാഷും തൃശൂർ ഭാഷ സംസാരിക്കുന്ന അച്യുതൻ കുട്ടി മാഷും കൃഷ്ണൻ മാഷും ശാന്ത ടീച്ചറും സരോജിനി ടീച്ചറൊക്കെ കൂടിയ ഒരു വലിയ കഴിവുള്ള അദ്ധ്യാപകരുടെ നിര തന്നെ. സത്യത്തിൽ ഒരു ഗ്രാമത്തെ മുഴുവൻ പഠിപ്പിക്കുകയായിരുന്നു അവർ.
ബെല്ലടിക്കാൻ ബെല്ല് മുട്ടിക്ക് മത്സരിക്കും. അന്നൊരു ഹീറോയിസമാണത്. ഗുരു വെളിച്ചമാണ്. ജനലിലൂടെ വെയിൽ പാളികൾ ഡെസ്ക്കിലേക്ക് അരിച്ചെത്തും.ക്ലാസ്സുകൾ പിരീഡുകളിലേക്ക് മാറുമ്പോൾ ഡെസ്ക്കിൽ നിന്ന് വെയിൽ ഒളിച്ചോടും. കൃഷ്ണൻ മാഷിന്റെ കണക്ക് ക്ലാസിൽ ഓരോരുത്തരും ഗുണനപ്പട്ടിക ചൊല്ലൽ തീരുമ്പോഴേക്കും സ്കൂൾ അടുക്കളയിൽ നിന്ന് സ്കൂൾ താത്തന്റെ കൈപ്പുണ്യത്തിലുള്ള ഉപ്പുമാവിന്റെ മണം സ്കൂളിലെ എല്ലാം ക്ലാസ്സിലും പരിസരത്തും ചുറ്റും, അപ്പോഴേക്കും സ്കൂളിന് തൊട്ടടുത്ത പള്ളിയിൽ നിന്ന് ബഷീർ മൗലവിയുടെ ശബ്ദത്തിൽ ബാങ്ക് വിളി കേൾക്കും. മൂക്കിലേക്ക് കയറിയ ഉപ്പുമാവിനെക്കുറിച്ചുള്ള ചിന്ത കാടുകയറും. ഉച്ചക്ക് ബെല്ലടിച്ചാൽ ഓടിച്ചെന്ന് തിക്കിതിരക്കി വളഞ്ഞ് പുളഞ്ഞവരിയിൽ കേറി നിൽക്കും. കമ്പപ്പൊടിയുടെ മഞ്ഞ ഉപ്പുമാവ് വരിവരിയായി വാങ്ങും. ചിരിച്ചുകൊണ്ടാണ് താത്ത ഉപ്പുമാവ് വിളമ്പി തര്യാ. പാത്രം കൊണ്ടോരാത്തവർ മോല്യാരെ തൊടുവിൽ നിന്ന് പൊടുണ്ണി ഇലയും തേക്കിൻ ഇലയും കഴുകി കുമ്പിളാക്കി അതിൽ വാങ്ങും. അവസാനം കരിഞ്ഞത് വാങ്ങാൻ കുറച്ച് ആളുകളുണ്ടാവും.
മീൻ പിടിക്കുന്ന ചൂണ്ടയിൽ ഉപ്പുമാവ് ഉരുട്ടിവെച്ച് ഈർപ്പ മണ്ണിൽ കുഴിച്ച് മൂടി കാക്കക്ക് കെണി വെക്കും. ഞങ്ങളൊക്കെ താഴെ ഭാഗത്തെ കളിസ്ഥലത്തെ പ്ലാവിന്റെ വേരിൽ ഇരുന്ന് ആസ്വദിച്ച് കഴിക്കും. പെൺക്കുട്ടികൾ മാങ്ങയും മുളകും ഉപ്പും തിരുമ്മി ഞങ്ങളുടെ കയ്യിലും തരും. കുറച്ച് കോട്ടി കളിയും. ബെല്ലെടിച്ചാൽ വീണ്ടും ക്ലാസിലേക്ക്. ഉച്ചക്ക് ശേഷം ജനൽ വഴി മാനത്ത് മഴകാറ് ഇരുണ്ടു വരുന്നത് കാണും ഉടനെ വട്ടംചുറ്റി പൊടിക്കാറ്റും. തണുപ്പ് ശരീരത്തിലേക്ക് ഓടിയെത്തും കൊളപ്പാടൻ മലയിൽ മഴ പെയ്യുന്നതും പുഴയിൽ കലങ്ങിയ പതഞ്ഞ വെള്ളം ഒഴുകിയെത്തുന്നതുമൊക്കെ മനസ്സിൽ കാണും. താമസിയാതെ വലിയ തുള്ളിയിൽ മഴ വന്ന് ചാടും ചിലപ്പോ ആലിപ്പഴവുമുണ്ടാകും. മണ്ണിന്റെ മണവും തണുപ്പും കണ്ണടച്ച് ആസ്വദിക്കും. മൗനമായി നേർത്ത തുള്ളികളായ് പെയ്തിറങ്ങും. ക്ലാസിനിടയിൽ മഴയും ആസ്വദിക്കും. മുറ്റത്ത് വെള്ളം നിറയാൻ തുടങ്ങുമ്പോൾ മനസ്സിൽ പേപ്പർ തോണി ഒഴുകാൻ തുടങ്ങും. ഇലയിലേക്ക് പൊഴിയുന്ന മഴയുടെ സംഗീതം ക്ലാസിൽ ഇരുന്ന് കേൾക്കാൻ നല്ല രസം. മഴയുടെ കനം കുറഞ്ഞ് വെയിൽ വന്നിറങ്ങും. ”വെയിലും മഴയും കുറുക്കൻ പെണ്ണെട്ടും.. എന്ന ചൊല്ല് ഓർമ്മയിൽ വരും…
മഴ മെല്ലെ ചോരും നാലു മണിയായാൽ കളിക്കാൻ പുറത്തേക്ക് വിടും. ഓടി കളിസ്ഥലത്തേക്കെത്തും. കള്ളനും പോലീസുമായി കളിച്ച് കുന്നുകളിലൂടെ കേറി മറിഞ്ഞ് പുഴയിലേക്ക് പോകുന്ന ഗർത്തമായ വഴിയിലൂടെ പുഴക്കരയിലേക്കെത്തും. കയ്യിലേയും കാലിലേയും ചളികൾ കഴുകും. പുഴയിലേക്ക് ധ്യാനിച്ചിരിക്കുന്ന കൊളപ്പാടൻ മലയുടെ നിഴൽ വെള്ളത്തിലും കാണാം. കണ്ണാടി പാകിയപ്പോലെ പുഴ ഒരു പെയിന്റിംഗ് പോലെ നിശ്ചലം. ബെല്ലിന്റെ ഒച്ച കേട്ട് പുഴയിൽ നിന്ന് ഓടും. കിതച്ച് സ്കൂൾ വരാന്തയിലേക്കെത്തുമ്പോൾ ബെല്ലിനടുത്ത് ദേശഭക്തിഗാനത്തിന് പെൺകുട്ടികൾ വരി നിൽക്കുന്നുണ്ടാവും. വരാന്തയിലൂടെ നടന്നു വരുന്ന ഹെഡ്മാസ്റ്ററെ കണ്ട് ഞങ്ങൾ ക്ലാസിലേക്ക് ഓടി ഒളിക്കും. ജനഗണമന ചുണ്ടിൽ എത്തും. ബെല്ലടിച്ചാൽ പുസ്തകമെടുത്ത് ഓടും. മഴ നനഞ്ഞ പഞ്ചായത്ത് റോഡിൽ വെള്ളം കെട്ടി നിൽക്കും. ഒന്നാം ക്ലാസിന് അടുത്തുള്ള ചളിക്കുണ്ടിൽ സരോജിനി ടീച്ചർ ബോർഡിൽ എഴുതിയ അക്ഷരങ്ങൾ നോക്കി വെള്ളത്തിൽ അക്ഷരങ്ങൾ എഴുതി പഠിക്കുന്ന എഴുത്തച്ഛൻ എന്ന കറുത്ത ജന്തു. ഞാൻ കുറച്ചു നേരം ചിത്രം വര നോക്കി നിൽക്കും. പീടികക്കാരുടെ റബ്ബർഷീറ്റ് അടിക്കുന്ന റാട്ട പുരയിൽ നിന്നുള്ള മണം മൂക്കിലേക്ക് തുളച്ച് കയറും. ഷീറ്റ് അടിക്കുന്നത് അന്ന് വളരെ കൗതുകം. പിന്നെ ചളി തെറിപ്പിച്ച് വീട്ടിലേക്ക് ഓട്ടമാണ്.
ചായയും അരിമണി വറുത്തതും അവിലുമൊക്കെ കഴിച്ച് മാനുകാക്കാന്റെ തോട്ടത്തിലെ കപ്പി മാങ്ങയും കോമാങ്ങയും പൊറുക്കാൻ ഓടി മൂച്ചിയുടെ ചുവട്ടിലെത്തും. പുഴങ്കാറ്റിൽ കൊമ്പുകളും ഇലകളും ആടും. ഇടക്ക് മാങ്ങ തുരുതുരാ പല മാവിൽ നിന്നായി വീഴാൻ തുടങ്ങും. ചാടി വീണ് മാങ്ങ കൈപ്പിടിയിലാക്കും. കുട്ടനെറയാൻ കാത്തു നിൽക്കും. അതിനിടയിലാണ് അമ്മാവൻ വന്ന് വിളിക്കുന്നത്. കിട്ടിയ മാങ്ങയുമായി പോന്നു. മഞ്ചേരിയിലേക്കാണന്ന് പറഞ്ഞപ്പോൾ സന്തോഷം. നല്ല കുപ്പായവും ടൗസറുമിട്ട് പൗഡറിട്ട് മുടി ചീകി അമ്മയോടൊപ്പം വീട്ടിൽ നിന്നും ഇറങ്ങി. ഒപ്പം അമ്മാവനും.
പഞ്ചായത്ത് റോഡിലൂടെ നടന്ന് തോണിക്കടവിലെത്തി പുഴക്കരയിൽ നിന്നു തോണി വരുന്നതുവരെ പുഴയിലേക്കിറങ്ങി നിന്നു. പരൽ മീനുകൾ കൂട്ടമായി കാലിലേക്ക് വന്ന് കൊത്തി. മണലിൽ പൂണ്ട് കിടക്കുന്ന പൂസാൻ മീനും എന്നെ നോക്കുന്നുണ്ടായിരുന്നു. അക്കരെ കുളിക്കുന്ന കുട്ടികൾ വെള്ളം തെറിപ്പിച്ച് നീന്തി കളിക്കുന്നത് നല്ല കാഴ്ച. തോണിയെത്തി യാത്രക്കാർ ഇറങ്ങിയതിന് ശേഷം ഞങ്ങൾ കയറിയിരുന്നു. അക്കരേക്ക് വെള്ളത്തിനെ മുറിച്ച് കടക്കുമ്പോൾ വെള്ളം തിരമാല പോലെയായി. തോണിയിറങ്ങി കാല്‍ കഴുകി എടവണ്ണ അങ്ങാടിയിലേക്ക് കടവ് പടികൾ കയറി പോയി. എടവണ്ണ അങ്ങാടിയൊക്കെ നോക്കിക്കാണും. നിലമ്പൂരിൽ നിന്ന് ബസ്സ് വരും അതിൽ കയറി ഞാൻ ഡ്രൈവറെ അടുത്തുള്ളപ്പെട്ടിയിൽ സ്ഥലം പിടിക്കും. പിന്നെ ഡ്രൈവിംഗിലാണ് ശ്രദ്ധ, ഡ്രൈവറാണ് താരം.
കുന്നുമ്മലും പത്തപ്പിരിയവും ചീനിക്കലും മുപ്പത്തിനാലും കാരക്കുന്നും ചെരണിയുമൊക്കെ പെട്ടെന്ന് ഓരോ വാഹനങ്ങളേയും പിന്നിലാക്കി ബസ്സ് ഓടി. സ്റ്റെയറിംഗ് തിരിക്കുന്നതിന്റെ ഒരു വശ്യത, ഹോർണും എക്സിലേറ്ററും ബ്രൈക്കുമൊക്കെ ഞാൻ കണ്ണെടുക്കാതെ നോക്കി പഠിച്ചു. ഓരോ ബസ്സിനെ മറികടക്കുമ്പോൾ തോൽപ്പിക്കുമ്പോൾ ഞാൻ എഴുന്നേറ്റ് നിന്ന് ആഹ്ലാദിക്കും. ഡ്രൈവറെ ആരാധനയോടെ മനസ്സിൽ സൂക്ഷിക്കും. പെട്ടെന്ന് മഞ്ചേരി സ്റ്റാന്റിലെത്തി. അമ്മയും ഞാനും ഇറങ്ങി. മഞ്ചേരി ടൗണിന്റെ ഓരത്ത് കൂടി നടന്ന് നടന്ന് ജില്ലാ ഹോസ്പിറ്റലിലെത്തി. വരാന്തയിലൂടെ നടന്ന് പുറത്ത് ചാടി ഹോസ്പ്പിറ്റലിന്റെ വാസന ഒഴുകിയെത്തി. ഒരു കുന്ന് കയറി ചെറിയ ഒറ്റ റൂമിന്റെ അടുത്തെത്തി. വിജനമായ ഇടം, ഇലകളില്ലാത്ത മരം കറുത്ത് ഇരുണ്ട് മൂടിയ മേഘം. ഞങ്ങൾ മരത്തിന് ചുവട്ടിൽ നിന്നു. കുറച്ചാളുകൾ അവിടെയും ഇവിടെയുമായി എന്തോ പറഞ്ഞ് കൊണ്ട് കാത്തിരിക്കുന്നു. എന്നെയും അമ്മയേയും ശ്രദ്ധിക്കുന്നുണ്ട്. കുറച്ച് ആളുകൾ നടന്നു വന്നു. അമ്മയോട് എന്തോ പറഞ്ഞു. എന്റെ തലയിൽ തടവി പോയി. ഉടനെ ഒരു ജീപ്പ് കയറി വന്നു. റൂമിനടുത്ത് നിർത്തി അതിൽ നിന്ന് എന്തൊക്കെയോ ഉള്ളിലേക്ക് കവറിൽ കൊണ്ടുപോയി.
ചുമരിൽ കറുത്ത പെയിന്റ് കൊണ്ട് ഇടക്കൊക്കെ പൊളിഞ്ഞുപ്പോയ അക്ഷരങ്ങൾ ഒരോന്നായി മനസ്സിൽ വായിച്ചു. പിന്നെ ചുണ്ടിൽ പറഞ്ഞു മോർച്ചറി. പത്ത് മിനിറ്റിനു ശേഷം ബാക്കിലെ ഡോറിലൂടെ ജീപ്പിൽ കയറ്റി വെച്ചു. അമ്മയേയും എന്നെയും വിളിച്ചു. ആളുകൾ കൂടി പായ മാറ്റി കാണിച്ചു തന്നു. ഇരുനിറമുള്ള കഷണ്ടിയുള്ള ഒരാൾ. എനിക്കൊന്നും മനസ്സിലായില്ല. ഞങ്ങളെ ക്ഷണിച്ചു. ജീപ്പിൽ കുറച്ചാളുകൾ കയറി. ജീപ്പ് മെല്ലെ കുന്നിറങ്ങി. അമ്മ കുറച്ചു നേരം എന്നെ ചേർത്തു നിർത്തി മരച്ചുവട്ടിൽ നിന്നു. മഴനൂലിഴയായ് പെയ്തിറങ്ങി. അമ്മയുടെ ശരീരം വിതുമ്പുന്നത്പോലെ… ഞാൻ കണ്ണിലേക്ക് നോക്കി മഴ കണ്ണീരിലലിഞ്ഞ് ഒലിച്ചിറങ്ങുന്നത് കണ്ടു. എനിക്കും കരച്ചിൽ വന്നു. അമ്മയും ഞാനും കുറച്ച് നേരം സ്തംഭിച്ചു നിന്നു. ഞാൻ മനസ്സിൽ പറഞ്ഞു അച്ഛനല്ലേ അത്…
വിരലിലെണ്ണാവുന്ന പ്രാവശ്യം മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. ഓർമ്മയിൽ വിഷുവിന് തലേന്ന് വന്ന് പൈസ തന്ന അച്ഛൻ. ശരീരത്തിൽ പൊട്ടിയുണ്ടായപ്പോൾ വന്ന് ഓരോന്ന് ചോദിച്ച് പൈസ തന്നതും ചെള്ളിച്ചെക്കന്റെ താഴെ അമ്പലൻമാരുടെ തൊടുവിൽ നടന്ന നാടകത്തിൽ… എന്റെ അച്ഛന് മഴയിൽ കുതിർന്ന പ്രണാമം…
പെട്ടെന്ന് താഴെ നിന്ന് വിളി വന്നു. മഴ കൊള്ളാതെ ഉടനെപ്പോരാൻ. മുഴുവൻ പെയ്ത് തീരാതെ കാർമേഘം എവിടേക്കോ യാത്രയായി…