ഭൂമിയുടെ അവകാശികൾ ആരെല്ലാം എന്ന ചോദ്യം എന്നും പ്രസക്തമാണ്. മനുഷ്യൻ കാരണം ഭൂമുഖത്തെ 10 ലക്ഷം ജീവിവർഗങ്ങൾ വംശനാശത്തിന്റെ വക്കിലെന്ന് യു.എൻ പഠനറിപ്പോർട്ട്. മനുഷ്യപ്രവൃത്തികൾ ഭൂമിയുടെ ആവാസ വ്യവസ്ഥയെ തകർക്കുന്നതിന്റെ തോത് സംബന്ധിച്ച് ഇതുവരെ തയാറാക്കിയതിൽവെച്ച് ഏറ്റവും സമഗ്രമായ റിപ്പോർട്ടാണ് തിങ്കളാഴ്ച പുറത്തുവന്നത്.
അതിവേഗം വളരുന്ന ജനസംഖ്യ, പ്രകൃതിവിഭവങ്ങളുടെ അമിതോപഭോഗം, പ്രകൃതിനാശം തുടങ്ങിയവ ഭൂമിയുടെ താളംതെറ്റിക്കുകയാണ്. 80 ലക്ഷം വരുന്ന ജീവിവർഗങ്ങളിൽ എട്ടിലൊന്നും വംശനാശ ഭീഷണിയിലാണെന്നും യു.എൻ സമിതിയായ ഇന്റർ ഗവൺമെന്റൽ സയൻസ് – പോളിസി പ്ലാറ്റ്ഫോം ഓൺ ബയോഡൈവേഴ്സിറ്റി ആൻഡ് ഇക്കോസിസ്റ്റം സർവിസസ് (ഐ.പി.ബി.ഇ.എസ്) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 50 രാജ്യങ്ങളിൽ നിന്നുള്ള 145 വിദഗ്ധരാണ് റിപ്പോർട്ട് തയാറാക്കിയത്.
ചുരുങ്ങുന്ന ആവാസവ്യവസ്ഥ, കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി മലിനീകരണം, പ്രകൃതിചൂഷണം എന്നിവയാണ് ജീവിവർഗങ്ങൾക്ക് ഏറ്റവും ഭീഷണി സൃഷ്ടിക്കുന്നത്. 40 ശതമാനം ഉഭയജീവികൾ, 33 ശതമാനം പവിഴപ്പുറ്റുകൾ, മൂന്നിലൊന്ന് സമുദ്ര സസ്തനികൾ എന്നിവ വംശനാശത്തിന്റെ വക്കിലാണ്. 10 ശതമാനം പ്രാണി വർഗങ്ങളും വംശനാശ ഭീഷണി നേരിടുന്നു.
കാലാവസ്ഥ വ്യതിയാനത്തിലെന്നപോലെ മനുഷ്യൻ തന്നെയാണ് ജൈവവൈവിധ്യ നാശത്തിലും പ്രതിസ്ഥാനത്ത്. വ്യവസായവിപ്ലവ കാലത്തിനുശേഷം കരഭാഗത്തെ 75% – വും നാവിക മേഖലയിലെ 66% – വും മാറ്റിമറിക്കപ്പെട്ടു. കഴിഞ്ഞ 50 വർഷത്തിനിടെ, ജനസംഖ്യ ഇരട്ടിയിലേറെയായി. 370 കോടിയിൽ നിന്ന് 760 കോടിയിലേക്ക്. പ്രതിശീർഷ ഉൽപാദനം നാലിരട്ടി വർധിച്ചു. ഭൂമിയുടെ മുന്നിലൊന്നും ശുദ്ധജല സ്രോതസ്സിന്റെ 75% വിള ഉൽപാദനത്തിനും കന്നുകാലികൾക്കും വേണ്ടിയാണ് ഉപയോഗിക്കുന്നത്. ആഗോള ഭക്ഷ്യഉൽപാദനം 1970-ലെ നിലയിൽ നിന്ന് 300% ആണ് വർധിച്ചത്. 1870 നുശേഷം പവിഴപ്പുറ്റുകളിൽ പകുതിയും നശിച്ചു. നഗരമേഖലയുടെ വ്യാപനം 1992-നു ശേഷം 100% ആണ്. 25 ദശലക്ഷം കിലോമീറ്റർ ടാറിട്ട പുതിയ റോഡുകളാണ് 2050- ഓടെ പ്രതീക്ഷിക്കുന്നത്. ഇവയൊക്കെ ജീവിവർഗങ്ങളുടെ നിലനില്പിനെ ഗുരുതരമായി ബാധിക്കും.