ഏകാന്തതയുടെ 100 കവിതകൾ

0
1302

വായന

സഹർ അഹമ്മദ്

പുസ്തകം : ഏകാന്തതയുടെ 100 കവിതകൾ
രചന: പി.എം.നൗഫൽ
പ്രസാധകർ: പെൻഡുലം ബുക്സ്
വില: 160 രൂപ
പേജ്: 128

ശീർഷകമില്ലാത്ത നൂറ് കവിതകളുടെ സമാഹാരമാണ് പി.എം.നൗഫലിന്റെ ഏകാന്തതയുടെ നൂറ് കവിതകൾ. പ്രണയം കൊണ്ട് മുറിവേറ്റവന്റെ, ആ ഓർമ്മകളിലേക്ക് തിരിച്ചു നടന്നവന്റെ ഓർമ്മക്കുറിപ്പുകളാണ് ഇതിലെ മിക്ക കവിതകളും. ഒരേ സമയം പ്രണയം കൊണ്ട് നിറയുമ്പോഴും ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ, പൊതുബോധത്തിന്റെ കൂരമ്പുകൾക്ക് വിധേയമാക്കപ്പെട്ട പെൺജീവിതങ്ങളെ കൂടി നൗഫലിന്റെ കവിതകൾ അടയാളപ്പെടുത്തുന്നുണ്ട്.

“മാംസം മാത്രമല്ലാത്ത
സ്നേഹിക്കുന്ന ഒരുവൻ വരും.
വരാതിരിക്കും.
ഞാൻ നന്നായി ഉറങ്ങും.
സ്വപ്നം കാണും.
കയ്യിലുള്ള പൈസക്ക്
ചെന്നെത്താൻ പറ്റുന്നിടത്തേക്ക്
യാത്ര പോകും..
തിരിച്ച് വന്ന്,
മീൻ ചട്ടിയിൽ ചോറിട്ട് വാരിത്തിന്നും..
ചുമ്മാ അങ്ങ് ജീവിക്കും..”

പെണ്ണിനെ മാംസം മാത്രമായി കാണുന്ന.. അവളുടെ വാക്കുകൾക്ക്, സ്വാതന്ത്ര്യത്തിന് ചെവികൊടുക്കാത്ത നിലപാടുകൾക്കെതിരെ അവളുടെ ഉറച്ച ശബ്ദമാവുന്നുണ്ട് നൗഫലിന്റെ ഈ വരികൾ. 

“ഇത്രമേൽ ആഴത്തിൽ
മുറിയുമെന്നോ,
മുറിഞ്ഞിടത്ത് പഴുക്കുമെന്നോ,
നോവ് ആറില്ലെന്നോ ഓർത്തില്ല..
നമുക്കിടയിൽ
കടൽ രൂപം കൊള്ളുന്നതോ
നാം രണ്ടു കരകളിൽ
ഒറ്റപ്പെട്ട് പോകുന്നതോ
അറിഞ്ഞില്ല..
നീ ആ മുറിവിന്റെ
മരുന്നും വേദനയുമാണ്.
തിരയും തീരവുമാണ്.”



പ്രണയം കൊണ്ട് മുറിവേറ്റവന് അവളുടെ ഓർമ്മകൾ ഒരേ സമയം നോവും, ആശ്വാസവുമാകുന്ന അവസ്ഥ വളരെ മനോഹരമായി നൗഫൽ വരച്ചുകാട്ടുന്നു.

“അച്ഛനെന്നെ ഇഷ്ടമായിരുന്നു” എന്ന് തുടങ്ങുന്ന കവിത പ്രണയത്തിൽ നിന്ന്  ജീവിതത്തിന്റെ കൈപ്പേറിയ കാഴ്ചകളിലേക്ക് വായനക്കാരെ കൊണ്ടുപോവുന്നുണ്ട്. സ്നേഹം എന്നതിന്റെ അർത്ഥം മറ്റു പലതിലേക്കും വഴിമാറുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ കവിതയ്ക്ക് ഒത്തിരി മാനങ്ങൾ കൈവരുന്നുണ്ട്.

“ഒരിക്കൽ..
ഞാൻ അവനെ കുളിപ്പിക്കാമെന്ന്
പറഞ്ഞതിന് അവൾ കയർത്തു.
അവന്റെ കൂടെ കിടക്കുന്നതും എതിർത്തു.
കരഞ്ഞാലും എടുക്കേണ്ടെന്നും വിലക്കി.
അവന്റെ പിറന്നാളിന്
നെറുകയിൽ ഉമ്മ വെച്ചതിനു
അവൾ ഉറഞ്ഞുതുള്ളി..
ഒരുപാട് ആലോചിച്ചിട്ടൊടുവിൽ
അച്ഛനെ കുഴിച്ചിട്ട
മാവിന്റെ കൊമ്പിൽ
ഒരു കുരുക്കിട്ടു..”

പി എം നൗഫൽ

തിരിച്ചറിയാതെ പോയ ജീവിതം കുരുക്കിൽ അവസാനിക്കുമ്പോൾ കവിതയിലാകെ ഇരുട്ട് പടരുന്നു. വായനയ്ക്ക് ശേഷവും നോവായി ഈ കവിത ബാക്കിയാവുന്നു.

സോഷ്യൽ മീഡിയയിൽ എഴുത്തുകാരുടെ ആത്മഹത്യകളിൽ പലരും വാചാലരാവുന്നത് കണ്ടിട്ടുണ്ട്. “എഴുത്തുകാരൻ ആത്‍മഹത്യ ചെയ്തെന്നറിഞ്ഞു” എന്ന കവിത അവയിലെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്നു.

“കുരുക്കിൽ നിന്നിറക്കി
ഉമ്മറത്തേക്ക് കിടത്തി..
അയല്പക്കത്തെ നാലുപേരല്ലാതെ
അയാളെ അറിയുന്ന
ഒരാൾ പോലുമെത്തിയില്ല..
ഒരിറ്റു കണ്ണീരു വീണില്ല.”

“ഞാനൊന്നും പറയാതെ
തിരിച്ചു പോന്നു.
അത് ആത്‍മഹത്യയല്ലെന്ന്
എനിക്കുറപ്പായിരുന്നു.
അയാൾ മരിച്ചിട്ട്
വർഷങ്ങളായിരുന്നു.
വാരികയിൽ അടിച്ചുവന്ന
അയാളുടെ ഒടുവിലത്തെ
കവിതയിൽ
അയാളത് കുറിച്ചിരുന്നു.”

പലപ്പോഴും വായനകൾക്കും ആഘോഷങ്ങൾക്കുമിടയിൽ നാം തിരിച്ചറിയാതെ പോവുന്ന കവിയെ അതേ കവിതയുടെ അവസാന വരികളിൽ നൗഫൽ കുറിച്ചിടുന്നുണ്ട്.

“മകൾക്ക്
നിന്റെ പേര് കൊടുത്തതിൽ
ഭാര്യ കലഹിച്ചത്..
എന്റെ പേരുള്ള ചേച്ചി
ഇപ്പോൾ എവിടെയാണച്ചായെന്ന്
അമ്മു ചോദിച്ചത്..
ഞാനെല്ലാം ഇവിടെ നിന്ന്
നിന്നോട് പറഞ്ഞിരുന്നല്ലോ..”



പ്രണയത്തിന്റെ ഓർമ്മകൾ നിറയുന്ന മിക്ക കവിതകളിലും അവളുടെ / അവന്റെ കുഞ്ഞുങ്ങളെ ചേർത്തു വെച്ചു സ്നേഹം പ്രകടിപ്പുന്നതും, കുഞ്ഞുങ്ങളിലേക്ക് അവളുടെ/അവന്റെ ഓർമ്മകൾ ചേർത്തുവെക്കുന്നതും കാണാം. ചിലപ്പോഴൊക്കെ ഒരേ വിഷയം / ആശയം ആവർത്തിച്ചു വരുന്നതും കാണാം.

“നിന്റെ വീടോളം,
ആ ചെമ്പകച്ചുവടിന്റെ
തണലോളം മാത്രം
വന്നെത്തി നോക്കി
നിനക്ക് സുഖമാണെന്നു നോക്കി
ഒരു ചിരിയോടെ മടങ്ങിയെത്തുന്ന
നിഴലുണ്ടെനിക്കിന്നും..”

sahar-ahammed
സഹർ അഹമ്മദ്

പിരിഞ്ഞു പോയതിന് ശേഷവും അവളെ ചിന്തകളിൽ നിഴൽ പോലെ പിന്തുടരുന്ന പ്രണയിതാവിനെ നൗഫൽ ഈ വരികളിൽ കുറിച്ചിടുന്നു.

“അറ്റാക്ക് വന്നു മരിച്ച
അവളുടെ ഭർത്താവിനെ
എനിക്ക് വേണ്ടി
കൊന്നതാകും..
എന്ന് കേട്ടതിന്റെ അന്നാണ്
ഞാനവളെ ഒടുവിൽ കണ്ടത്.
സ്നേഹം കൊണ്ട് ഉപദ്രവിക്കരുതെന്നു
പറഞ്ഞവളോട്
തിരിച്ചെന്തു പറയണമെന്ന്
മറന്നു പോയി..”

കെട്ടിയോൻ മരിച്ച ഒരുവളെയും അവളുടെ രണ്ടു വയസ്സുള്ള മകളെയും സ്നേഹം കൊണ്ട് മാത്രം ചേർത്തു നിർത്താൻ ശ്രമിച്ചവനെ സമൂഹം കുത്തുവാക്കുകൾ കൊണ്ട് കല്ലെറിയുന്ന കാഴ്ചകളാണ് ഈ വരികൾ പങ്കുവെക്കുന്നത്. “ഒരു രാത്രി.. ഞാൻ അവളെയും മോളെയും കൂട്ടി / ഇടവഴിയിലൂടെ എന്റെ വീട്ടിലേക്ക് നടക്കുക തന്നെ ചെയ്യും” എന്ന് കവി പറയുമ്പോൾ സമൂഹം തീർക്കുന്ന ഇരുട്ടിനു മുകളിൽ നിശ്ചയദാർഢ്യത്തിന്റെ, പ്രതീക്ഷയുടെ പൊൻകിരണങ്ങൾ തെളിയുന്നു.

വളരെ നല്ല വായനാനുഭവം സമ്മാനിച്ച കവിതാസമാഹാരമാണ് നൗഫലിന്റെ ഏകാന്തതയുടെ നൂറ് കവിതകൾ. ശീർഷകമില്ലാത്ത കവിതകൾ ആയതിനാൽ ലേഔട്ടിലെ പോരായ്മകൾ വായനയുടെ രസച്ചരട് മുറിക്കുന്നുണ്ട്. കവിതയുടെ അവതരണത്തിൽ വന്ന ആശയങ്ങളുടെ ആവർത്തനങ്ങൾ മികച്ച എഡിറ്റിംഗ് ഉണ്ടായിരുന്നുവെങ്കിൽ ഒഴിവാക്കാൻ പറ്റുമായിരുന്നു.

ഇനിയും മികച്ച രചനകൾ നൗഫലിൽ നിന്ന് ഉണ്ടാവട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. നന്മകൾ നേരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here