Editor’s View
140 കോടി ജനങ്ങളുടെ പ്രതീക്ഷയാണ് മുഹമ്മദ് ഷമിയെന്ന വലം കയ്യന്‍ പേസര്‍. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി നായകന്‍ രോഹിത് ശര്‍മയ്ക്ക് കരുത്ത് നല്‍കാന്‍ ഷമിക്ക് സാധിക്കുന്നു. ഒരേസമയം, ബ്രൂട്ടലും ഐ പ്ലീസിങ്ങുമാകുന്ന ഷമി എന്ന ഷാര്‍പ്പ് ഷൂട്ടര്‍ ന്യൂസിലന്‍ഡിന്റെ ചെറുത്തുനില്‍പ്പുകളെ തകര്‍ത്തെറിഞ്ഞതോടെ ഇന്ത്യ കുതിച്ചത് ലോകകപ്പ് ചരിത്രത്തിലെ നാലാം ഫൈനലിലേക്ക്.
പവര്‍പ്ലേയില്‍ വിക്കറ്റിനായി പരീക്ഷണങ്ങള്‍ നടത്തി/ മുഹമ്മദ് സിറാജിനും ജസ്പ്രിക് ബംറയ്ക്കും കാലിടറിത്തുടങ്ങിയപ്പോഴായിരുന്നു രോഹിത് ഷമിക്ക് പന്ത് നല്‍കിയത്. ആദ്യ പന്തില്‍ തന്നെ ആദ്യ വിക്കറ്റെടുത്തുകൊണ്ട് ഷമി തന്റെ വേട്ട തുടങ്ങി. ഡെവോണ്‍ കോണ്‍വെയുടെ ബാറ്റിലുരസി പന്ത് രാഹുലിന്റെ കൈകളിലേക്ക്. ബുംറയ്ക്കും സിറാജിനും പിഴച്ചിടത്തുനിന്ന് ഷമി തന്റെ കുതിപ്പാരംഭിച്ചു. രണ്ടാം ഓവറില്‍ രച്ചിന്‍ രവീന്ദ്രയെ വീഴ്ത്തി ഷമി കൂടുതല്‍ സമ്മര്‍ദം സൃഷ്ടിച്ചു. എന്നാല്‍ കെയിന്‍ വില്യംസണും ഡാരില്‍ മിച്ചലും ചേര്‍ന്നൊരുക്കിയ കൂട്ടുകെട്ട് ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. വില്യംസണിന്റെ അനായാസ ക്യാച്ച് വിട്ടുകളഞ്ഞതോടെ ഷമിയെന്ന ഹീറോയെ ഇന്ത്യന്‍ ആരാധകര്‍ കൈവിട്ടു. സൈബറിടത്ത് മുഹമ്മദ് ഷമി രാജദ്രോഹിയായി ചിത്രീകരിക്കപ്പെടാന്‍ പിന്നെ അധികം സമയം വേണ്ടിവന്നില്ല.കാരണം മുഹമ്മദ് ഷമി എന്ന അയാളുടെ പേരുതന്നെയായിരുന്നു.
എത്രപെട്ടന്നാണ് മുഹമ്മദ് ഷമി രാജദ്രോഹിയായി മാറിയത്? ഇത് ആദ്യമായല്ല മുഹമ്മദ് ഷമിയെ ആരാധകര്‍ രാജ്യദ്രോഹിയാക്കുന്നത്. എന്നാല്‍ ഇന്ത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അയാളുടെ മതമാണോ നിങ്ങളുടെ പ്രശ്‌നം? രാജ്യത്തിനുവേണ്ടി തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളറാണ് അദ്ദേഹം. മുഹമ്മദ് ഷമി തീര്‍ത്ത റെക്കോര്‍ഡുകളെ വിസ്മരിക്കും വിധത്തില്‍ നിങ്ങള്‍ക്കുള്ളില്‍ മതം പ്രവര്‍ത്തിക്കുന്നതില്‍ അദ്ദേഹത്തിന് എന്ത് ചെയ്യാനാകും?
ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത, ആ സമയം ആകെ വീണ രണ്ട് വിക്കറ്റിനും അവകാശിയായ മുഹമ്മദ് ഷമിയെ എത്ര വേഗമാണ് രാജദ്രോഹിയായി മാറിയത്. കളിക്കിടെ സംഭവിക്കാവുന്ന പിഴവിന്റെ പേരില്‍ അയാളെ പാക്കിസ്ഥാനിയാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? പിന്നെ വീണ 5 വിക്കറ്റുകളും അയാള്‍ തന്റെ പേരില്‍ തന്നെ കുറിച്ചതോടെ മുഹമ്മദ് ഷമി വീണ്ടും ഹീറോയായി.
മുഹമ്മദ് ഷമിയെ വേട്ടയാടുന്നത് ഇതാദ്യമല്ല!
2021 ലെ T20 മാച്ചില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റപ്പോള്‍ മുഹമ്മദ് ഷമിയെയാണ് ഏവരും ലക്ഷ്യമിട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ രാജ്യദ്രോഹിയും ഒറ്റുക്കാരനുമായി. അന്ന് കളിക്കാനിറങ്ങിയ 11 പേരില്‍ ഒരാളായിരുന്നിട്ടും മുഹമ്മദ് ഷമി മാത്രം കുറ്റക്കാരനായി. അതിന് കാരണം അയാളുടെ പേരും മതവുമാണ്. എത്ര തവണ തെളിയിച്ചാലും കളിക്കളത്തില്‍ ഷമിക്കുണ്ടാകുന്ന ചെറിയ പിഴവിന് മതം നോക്കി പഴിച്ചാരുന്ന ഇന്ത്യക്കാരുടെ സ്വഭാവത്തിന് മാറ്റം വരുക? കളിക്കളത്തിലെ സമ്മര്‍ദങ്ങളെ മാത്രമല്ല മുഹമ്മദ് ഷമിക്ക് മറികടക്കേണ്ടത്. മുസ്ലീമായതിനാല്‍ കളിക്കളത്തില്‍ സംഭവിക്കുന്ന പിഴവ് തന്നെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കുമെന്ന് അയാളേതു നിമിഷവും ഭയക്കുന്നുണ്ടായിരിക്കും. ഇനി എത്ര വിക്കറ്റ് വീഴ്ത്തിയാലാണ് മുഹമ്മദ് ഷമി രാജ്യദ്രോഹിയല്ലാതാകുക?
പകരക്കാരനായെത്തി
ഹാര്‍ദിക് പാണ്ഡ്യയുടെ പരുക്കാണ് മൂന്നാം പേസറായി ഷമിയ്ക്ക് ടീമിലേക്കെത്തിച്ചത്. എന്നാല്‍ താന്‍ മൂന്നാം പേസറുടെ ഇംപാക്ടല്ല ഷമി ലോകകപ്പില്‍ ഇന്ത്യയ്ക്ക് നല്‍കുന്നത്. അപ്രതീക്ഷിതമായ പേസ് വേരിയേഷനും കൃത്യമായ ലൈനും ലേങ്തും ഷമിയെ മറ്റ് ബോളര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു.
റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന ഹീറോ
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയുടെ മുന്‍പന്തിയിലെത്താന്‍ ഷമിക്ക് വേണ്ടി വന്നത് വെറും ആറ് മത്സരങ്ങളാണ്. ആറ് കളികളില്‍ നിന്ന് 23 വിക്കറ്റുകള്‍ നേടിയ താരത്തെയാണ് ഒരു പിഴവിന്റെ പേരില്‍ രാജ്യദ്രോഹിയും ഒറ്റുക്കാരനുമായി മുദ്രക്കുത്തുന്നതെന്നോര്‍ക്കണം. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ നാല് തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതോടെ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേടിയിട്ടുള്ള മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡാണ് ഷമി മറികടന്നത്. ലോകകപ്പില്‍ അതിവേഗം 50 വിക്കറ്റ് വീഴ്ത്തിയ താരവും ഷമിയാണ്. 17 ഇന്നിങ്‌സുകളില്‍ നിന്നാണ് ഷമി ഈ നേട്ടം കൈവരിച്ചത്. 19 ഇന്നിങ്‌സില്‍ നിന്നും 50 വിക്കറ്റ് നേട്ടമെന്ന മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡിനെയാണ് ഇവിടെയും ഷമി പിന്തള്ളിയത്.
ഏകദിന ലോകപ്പില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ആദ്യ ഏഴു വിക്കറ്റ് പ്രകടനമാണ് ഇന്നലെ വാങ്ക്‌ഡേയില്‍ നടന്ന്. ഏകദിനത്തിലെ ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച
പ്രകടനവും ഇതാണ്. എന്നാല്‍ ഈ റെക്കോര്‍ഡിലേക്ക് ഷമി സഞ്ചരിക്കുന്നതിനുമുന്നേ അയാളെ രാജ്യദ്രോഹിയാക്കി മാറ്റാന്‍ ശ്രമിച്ച ജനതയോട് ഒന്നേ ചോദിക്കാനുള്ളൂ, എന്ത് തരം മനുഷ്യരാണ് നിങ്ങള്‍?
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല