ചെറിയ തുരുത്തുകളാണെന്നും പ്രതീക്ഷ നല്‍കുന്നത്. ഭൂരിപക്ഷ ഒഴുക്കുകളില്‍ വിശ്വാസം അര്‍പ്പിക്കുന്ന ആളുകള്‍ മാത്രമാണ് ശരിയുടെ പക്ഷത്തെന്ന് വാദിക്കുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗത്തിലാണ്. ഒഴുക്കിനെതിരെ നീന്തുന്നവര്‍ എണ്ണത്തില്‍ കുറവായിരിക്കും. പക്ഷെ, അവരെടുക്കുന്ന നിലപാടുകള്‍ മൂര്‍ച്ചയുള്ളതാവും. നാളെയുടെ ചരിത്ര പാഠങ്ങളില്‍ അവര്‍ വാഴ്ത്തപ്പെടും.
അങ്ങനെയൊരു ചെറിയ തുരുത്താണ് ഒരു വര്‍ഷം മുന്‍പ് രൂപീകരിച്ച, മലയാള സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ ‘വിമണ്‍ ഇന്‍ സിനിമ കലക്റ്റീവ്’ (ഡബ്ല്യൂ. സി. സി) എന്ന സംഘടന. സിനിമാ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യില്‍ നിന്ന് ഇന്നിതാ നാല് പെണ്ണുങ്ങള്‍ ഉശിരോടെ രാജി വെച്ചിറങ്ങിയിരിക്കുന്നു. സ്ത്രീവിരുദ്ധ – സവര്‍ണ്ണ നിലപാടുകള്‍ തുടരുന്ന ഒരു സംഘടനയില്‍ അവര്‍ തുടരുന്നതില്‍, ഇനിയും ആ സംഘടനയുടെ ഭാഗമായി നിൽക്കുന്നതിൽ, അര്‍ത്ഥമില്ല എന്ന ബോധ്യം പൊതു സമൂഹത്തിന് കൂടി ഉണ്ടായ ഉചിത സമയത്താണ് അഭിനന്ദനാര്‍ഹമായ ഈ രാജി.
ഭാവന, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍. ഇവരാണ് ആ നാല് തിരുത്തല്‍ ശക്തികള്‍. പ്രതീക്ഷയുടെ ചെറു തുരുത്തുകള്‍. ഇവര്‍ക്ക് പിന്തുടര്‍ച്ചക്കാര്‍ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
നടി അക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനും പ്രതിചേര്‍ക്കപ്പെട്ട ആളുമായി ദിലീപ് ‘അമ്മ’യുടെ ട്രഷറര്‍ സ്ഥാനത്ത് തുടരുന്നതില്‍ വലിയ രീതിയിലുള്ള പ്രതിഷേധം അന്ന് ഉയര്‍ന്നിരുന്നു. പിന്നീട്, ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പോലും പുറത്താക്കിയതില്‍ യുവതാരങ്ങള്‍ക്കും ഡബ്ല്യൂ. സി. സിക്കും ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.
ജാമ്യം ലഭിച്ച ശേഷമുള്ള ദിലീപിന്റെ തിരിച്ചു വരവ് ആഘോഷമാക്കിയവരുടെ മുന്‍നിരയില്‍ പ്രമുഖ താരങ്ങളും ഉണ്ടായിരുന്നു. വലിയ രീതിയിലുള്ള പിന്തുണ നല്‍കി ദിലീപിനെ പുണ്യാളന്‍ ആക്കുന്ന കാഴ്ചകളാണ് പിന്നീട് നമ്മള്‍ കണ്ടത്. അദ്ദേഹം അഭിനയിച്ച ‘രാമലീല’ എന്ന സിനിമയുടെ വാണിജ്യ വിജയത്തെ ജനകീയ കോടതിയിലെ ദിലീപിന്റെ വിജയമായി തിരുത്തി വായിച്ചവരില്‍ പ്രമുഖ സംവിധായകരും ഉണ്ടായിരുന്നു.
അമ്മയുടെ ജനറല്‍ ബോഡിയില്‍ വെച്ച് ഇപ്പോഴിതാ ദിലീപിനെ തിരിച്ച് എടുത്തിരിക്കുന്നു. അല്ല, ‘പുറത്താക്കി എന്ന തീരുമാനം പിന്‍വലിച്ചിരിക്കുന്നു’ എന്ന് പറയുന്നതാവും ഉചിതം. അഹങ്കാരത്തിന്റെ ആണധികാര കേന്ദ്രങ്ങളാണ് ഇങ്ങനെയുള്ള സംഘടനകള്‍. സവര്‍ണ്ണ – സ്ത്രീ വിരുദ്ധ നിലപാടിന് അടിമകളായവര്‍ നിയന്ത്രിക്കുന്ന സംഘടനകള്‍. ലോകത്ത് നടക്കുന്ന ദളിത് – സ്ത്രീപക്ഷ മൂവ്മെന്റുകളെ പറ്റിയൊന്നും അവര്‍ അറിയുക പോലുമില്ല.
സംഘടനയുടെ ഫണ്ട് ശേഖരണത്തിന് വേണ്ടി ‘മഴവില്‍ മനോരമ’ ചാനലുമായി സഹകരിച്ച് ‘അമ്മ മഴവില്‍’ എന്ന മെഗാ ഷോ സംഘടിപ്പിച്ചിരുന്നു. ഷോയില്‍ സ്ത്രീശാക്തീകരണത്തെ പരിഹസിച്ചു കൊണ്ട് ഒരു സ്കിറ്റ് അവതരിപ്പിച്ചിരുന്നു. കാണുന്ന ചിലരുടെ ഇടയില്‍ ചിരി ഉണര്‍ത്താന്‍ കഴിയും വിധം അത് മാറുന്നത്, അതൊരു തരത്തില്‍ സ്ത്രീ സമൂഹത്തെ നല്ല രീതിയില്‍ പരിഹസിക്കുന്നത് കൊണ്ടാണ്. പുരുഷനെ കാണുമ്പോഴേ അനുരാഗം തോന്നുന്ന സ്ത്രീകളെ സൃഷ്ടിക്കുന്ന, പുരുഷ മനസ്സുകളുടെ യുക്തി എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. സ്ത്രീ എന്നാല്‍ ഇങ്ങനെ ഒക്കെ ആയിരിക്കണം എന്ന സമൂഹ ചിന്തയെ അതുപോലെ പകര്‍ത്താന്‍ സ്കിറ്റിനു കഴിഞ്ഞിട്ടുണ്ട്. അതൊരു തരത്തില്‍ അറപ്പുളവാക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും സ്കിറ്റിലുണ്ട്.
സ്ത്രീകള്‍ തന്നെയാണല്ലോ സ്ത്രീ മുന്നേറ്റ പ്രസ്ഥാനങ്ങളെ കളിയാക്കുന്നത് ? ദിലീപിനെ തിരിച്ചെടുക്കാന്‍ പറയുന്നതും സ്ത്രീ തന്നെയല്ലേ എന്ന് പറയുന്നവരുണ്ട്. അവരോട് സഹതാപം മാത്രമേയുള്ളൂ. പുറത്ത് നടക്കുന്ന ഒരു രീതിയിലുമുള്ള സമാന്തര രാഷ്ട്രീയ – സാമൂഹ്യ ശാസ്ത്ര മുന്നേറ്റങ്ങളെ കുറിച്ചൊന്നും അവര്‍ക്ക് ബോധ്യമില്ല. അവരാണ് സിനിമയെ ‘സിനിമ’ മാത്രമായി കണ്ടാല്‍ പോരേയെന്ന് ചോദിക്കുന്നവര്‍ ? പ്രതിചേര്‍ക്കപ്പെട്ട ആളിലെ നടന വൈഭവം മാത്രം കണ്ടാല്‍ മതി എന്ന് വീമ്പു പറയുന്നവര്‍.
ഇതേ ‘അമ്മ’യാണ് നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിട്ടുക്കൊണ്ടിരിക്കുന്ന നടനെ തിരിച്ചെടുത്തത്. അപ്പോള്‍ അതില്‍ അത്ഭുതപ്പെടാനൊന്നും ഇല്ല. പക്ഷെ, വിരോധാഭാസം എന്ന് പറയുന്നത്, രൂപീകരണ കാലം മുതല്‍ സംഘടനയുടെ അധ്യക്ഷ സ്ഥാനം അലങ്കരിച്ച ആള്‍ ഇടത് പക്ഷത്തിന്റെ പിന്തുണയോടെ പാര്‍ലിമെന്റ് അംഗമായി തുടരുന്ന ആളാണ്. പുതിയ രണ്ട് വൈസ് പ്രസിഡണ്ടുമാരും ഇടത് എം. എല്‍. എ മാര്‍. പഴയ ജന: സെക്രട്ടറി ഇടത് ചാനലിന്റെ ചെയര്‍മാന്‍. ഇവരൊക്കെ മനസിലാക്കിയ ‘ഇടത് ചിന്ത’ എന്താണ് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.
രാഷ്ട്രീയ സംഘടനകള്‍ കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കേവലം സീറ്റ് വിജയം മാത്രം ലക്ഷ്യം വെച്ച്, ഇങ്ങനെയുള്ള ആളുകള്‍ക്ക് സീറ്റ് കൊടുക്കുന്നത് പുനര്‍ വിചിന്തനം നടത്തേണ്ടതുണ്ട്.
തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് അംഗങ്ങളുടെ ക്ഷേമത്തിനാണ്. അക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കാന്‍ വിസമ്മതിക്കുന്ന ഒരു സംഘടനയെ സംബന്ധിച്ചെടുത്തോളം, അവര്‍ നടത്തുന്ന മറ്റെല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളും റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. ബദല്‍ സംവിധാനങ്ങള്‍ ഉണ്ടാവട്ടെ. ബദല്‍ സംഘടനകള്‍ വരട്ടെ. തുറന്നു പറച്ചിലുകളും രാജികളും ഇനിയും ഉണ്ടാവട്ടെ. രാജി ശക്തമായ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്.
അഭിവാദ്യങ്ങള്‍ ഭാവന, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍.
© എഡിറ്റര്‍, ആത്മ ഓണ്‍ലൈന്‍