ആഘോഷങ്ങളിലും അതിജീവനമില്ലേ ?

1
877

“കലയാണ് അതിജീവനത്തിന്റെ വഴി “
– യോകോ ഓനോ

ജാപ്പനീസ് – ഇംഗ്ലിഷ് അവാങ് ഗാർദ് കലാകാരിയും സംഗീതജ്ഞയും ചലച്ചിത്ര നിർമാതാവുമായ യോകോ ഓനോയുടെ  വാചകങ്ങളാണ് മുകളിൽ ഉദ്ധരിച്ചത്. യുദ്ധാനന്തര ആശയ കേന്ദ്രീകൃത കലാപ്രസ്ഥാനത്തിലെ പ്രധാനിയായിരുന്നു ഓനോ. കല കൊണ്ട് നേരിടാം എന്ന് ജീവിതം കൊണ്ട് തെളിയിച്ച സാമൂഹ്യ പ്രവര്‍ത്തക.

കേരളത്തിലേക്ക് വരാം. ദുരിതാശ്വാസ – പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 5000 – 6000 കോടി രൂപയുടെ റവന്യൂ ചെലവ് വരുമെന്ന് ധനമന്ത്രി തോമസ്‌ ഐസക്‌. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ തുക ഇതിന്റെ എത്രയോ ഇരട്ടിയാണ്. സര്‍ക്കാര്‍ ഫണ്ടിലേക്കും ദുരിതാശ്വാസനിധിയിലേക്കും എത്ര വന്നാലും മതിയാവില്ല എന്ന് പറയുന്നത് ഇത് കൊണ്ട് തന്നെയാണ്. അതിനാലാണ് ഒരു മാസത്തെ  ശമ്പളം എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോട് ലോക മലയാളികള്‍ മാതൃകാ പരമായി പ്രതികരിച്ചത്.

സംസ്ഥാനത്ത് ഒരു വര്‍ഷത്തേക്ക് ഔദ്യോഗിക ആഘോഷങ്ങള്‍ ഉപേക്ഷിച്ചു കൊണ്ടുള്ള ഉത്തരവ് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള അടക്കമുള്ള എല്ലാ ആഘോഷങ്ങളും ഒരു വര്‍ഷത്തേക്ക് ഉപേക്ഷിക്കാനാണ് നിര്‍ദേശം. ഇതിനായി നീക്കിവെച്ച തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറണമെന്നും ഉത്തരവിലുണ്ട്.

പ്രളയാനന്തര കേരളത്തിന് ആവശ്യങ്ങള്‍ ഏറെയാണ്‌. സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച്, സര്‍ക്കാര്‍ തന്നെ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് അധികവും. പലതും നമ്മള്‍ ഉപേക്ഷിക്കേണ്ടി വരും. മുണ്ട് മുറുക്കിയുടുക്കേണ്ടി വരും. സംശയമതിലില്ല. പക്ഷെ, ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ച കൂട്ടത്തില്‍ സ്കൂള്‍ കലോത്സവങ്ങള്‍ പോലെയുള്ള ലോകോത്തര ഇനങ്ങളുമുണ്ട് എന്ന അറിവ് ആശങ്ക ഉണ്ടാക്കുന്നു.

വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക്, ദേശീയതല മത്സരങ്ങളിലേക്കുള്ള സെലക്ഷന്‍ എന്നിവ കണക്കിലെടുത്ത് സ്കൂള്‍ കലോത്സവം, കായികമേള എന്നിവക്ക് ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസ്കാരിക മന്ത്രി, വിദ്യാഭ്യാസ വകുപ്പ്, മുന്‍ ധനമന്ത്രി, വിവിധ വിദ്യാര്‍ഥി സംഘടനകള്‍, പ്രതിപക്ഷ സംഘടനകള്‍, കലാകാരന്മാരുടെ കൂട്ടായ്മകള്‍ തുടങ്ങി നിരവധി പേര്‍ ഈ ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. കാരണങ്ങള്‍ അനവധിയാണ്, അങ്ങനെയൊരു ആവശ്യം മുന്നോട്ട് വെക്കുന്നതില്‍.

നമ്മുടെ കുട്ടികളെ പൊതു ഇടങ്ങളിലേക്ക് തിരിച്ചിറക്കണ്ടേ? അവരെന്നും ദുരന്തത്തിന്റെ നനഞ്ഞ പുസ്തകങ്ങളെയുമോര്‍ത്ത് ഇരുന്നാല്‍ മതിയോ? അഭിമാനകരമായ അതിജീവനകഥകള്‍ എഴുതിയും പാടിയും നടിച്ചും നമുക്ക് ലോകത്തെ അറിയിക്കണ്ടെ? ഇല്ലാതെ ആവുന്നതിലും നല്ലത് ഉണ്ടാക്കാനുള്ള സാധ്യതകള്‍ തേടുന്നതല്ലേ?

കല പ്രതിരോധമാണ്. ദുരന്തങ്ങളെ അതിജീവിച്ചതിന്റെ നേര്‍കാഴ്ച്ചകള്‍ അടുത്ത തലമുറയിലേക്ക് കൈമാറുന്നതില്‍ ലോകത്ത് കലാസാഹിത്യങ്ങള്‍ നിര്‍വഹിച്ച പങ്ക് വലുതാണ്‌. അതിജീവനത്തിന്റെ അടയാളപ്പെടുത്തലുകള്‍ സാധ്യമാവുക കല കൊണ്ട് തന്നെയാണ്. അതില്‍ സംശയമില്ല.

ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ച ആ  ആഘോഷ പരിപാടികള്‍ ഉണ്ടല്ലോ, അത് ഉപജീവനമായി കാണുന്ന നിരവധി കലാകാരന്മാര്‍ കേരളത്തിലുണ്ട്. വിവിധയിനങ്ങള്‍ പഠിപ്പിക്കുന്ന പരിശീലകര്‍ മുതല്‍ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റുകള്‍ വരെ. പരിശീലന സ്ഥാപനങ്ങള്‍, മത്സരങ്ങള്‍ക്ക് ആവശ്യമായ വേഷങ്ങളും മറ്റു സാമഗ്രികളും വില്‍ക്കുകയും വാടകയ്ക്ക് കൊടുക്കുകയും ചെയ്യുന്ന ചെറുതും വലുതുമായ കച്ചവടക്കാര്‍ തുടങ്ങി ലൈറ്റ് ആന്‍ഡ്‌ സൗണ്ട്, പന്തല്‍ പണിക്കാരെ വരെ ബാധിക്കും, പരിപാടികള്‍ ഉപേക്ഷിച്ചാല്‍.

മാത്രമല്ല, കേരളത്തിന്റെ കലാസ്വാദനങ്ങളും നിര്‍മ്മാണങ്ങളും ചുറ്റിപറ്റി നില്‍ക്കുന്നത് കൂടുതലായും സര്‍ക്കാര്‍ സംഘാടനം നിര്‍വഹിക്കുന്ന പരിപാടികളെ തന്നെയാണ്. ആയതിനാല്‍ തന്നെ ആ പരിപാടികള്‍ ഒരു കേന്ദ്രബിന്ദുവാണ്. മറ്റു കലാവൃത്തങ്ങളൊക്കെ വരക്കപ്പെടുന്നത് ആ ബിന്ദുവില്‍ നിന്ന് തന്നെയാണ്.

അവരുടെ ഒരു വര്‍ഷത്തേക്കുള്ള എല്ലാ കണക്കുകൂട്ടലുകളും തെറ്റും, പരിപാടികള്‍ നടന്നിലെങ്കില്‍. സാമ്പത്തിക പ്രതിസന്ധി ആ കുടുംബങ്ങളില്‍ ഉണ്ടാവും. വിപണിയിലേക്ക് പണം ഇറങ്ങിയില്ലെങ്കില്‍ സംഭവിക്കുക സാമ്പത്തിക തകര്‍ച്ചയാണ്. പണത്തിന്റെ കൈമാറ്റം സാധ്യമായില്ലെങ്കില്‍ അത് ബാധിക്കുക, മൊത്തം കേരളത്തെയുമാണ്‌.

പരിപാടികള്‍ നടക്കുന്നില്ലെങ്കില്‍ ടൂറിസം മേഖലയിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സന്ദര്‍ശകരുടെ ഒഴുക്ക് കുറയുമ്പോള്‍, കേരളത്തിലേക്കുള്ള നിക്ഷേപത്തെയും കാര്യമായി ബാധിക്കാന്‍ ഇടയുണ്ട്. ആശങ്കകളുടെ കെട്ടുകള്‍ അഴിച്ചു വിടുന്നതല്ല. മറിച്ച്, സാധ്യതകള്‍ തേടണമെന്ന ആവശ്യത്തിന്റെ അനിവാര്യതയെ ഉറപ്പിക്കുകയാണ്.

ആര്‍ഭാടങ്ങള്‍ ഒഴിവാക്കാം. അധിക ചെലവുകള്‍ ഒക്കെയും ചുരുക്കാം. പരിസ്ഥിതി സൗഹൃദമായി, ആര്‍ഭാടരഹിതമായി തന്നെ നമുക്ക് സംഘടിപ്പിക്കാം. അപ്പീലുകള്‍ കുറയ്ക്കാം. അങ്ങനെയെങ്കില്‍, ഒരു ജില്ലയില്‍ നിന്ന് തന്നെ കൂടുതല്‍ പേര്‍ മത്സരിക്കുന്നത് ഒഴിവാക്കാം. ഭക്ഷണത്തിനും മറ്റു ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഇതര സംവിധാനങ്ങളെ ഉപയോഗപ്പെടുത്താം. പരസ്യങ്ങളിലൂടെ സ്പോണ്‍സര്‍മാരെ പിടിക്കാം. പക്ഷെ, നടത്തണം നമുക്ക് കലോത്സവങ്ങള്‍. കേരളം ‘ഓക്കെ’ ആണെന്ന് ഉറക്കെ പറയാനാവണം, ആ ‘ആഘോഷ’ങ്ങളിലൂടെ.

അത് സമ്മാനിക്കുന്ന ഊര്‍ജ്ജവും ഉന്മേഷവും ചെറുതല്ല. മാനസിക ആരോഗ്യം വീണ്ടെടുക്കാൻ കലാ സാംസ്കാരിക പ്രവർത്തനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാവും. മാത്രമല്ല, അതേ പരിപാടി തന്നെ ഒരു ധനശേഖരണ പരിപാടിയായി മാറ്റുന്ന സാധ്യതയെ കുറിച്ചും അന്വേഷിക്കാം. ഒന്നിച്ച് പൊരുതാൻ കലയിലൂടെയും ശ്രമിച്ചു കൂടെ നമുക്ക്?

സര്‍ക്കാര്‍ ഫണ്ടുകള്‍ക്ക് പരിമിതികള്‍ ഉണ്ടെന്ന് അറിയാം. പക്ഷെ, മലയാളികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ‘അടിപൊളി’ ആണെന്ന് നമ്മള്‍ തെളിയിച്ചതാണ്. തെളിയിച്ചു കൊണ്ടിരിക്കുന്നതാണ്. രക്ഷാപ്രവര്‍ത്തനം മുതല്‍ പുനരധിവാസം വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നമ്മളത് കാണിച്ചു കൊടുത്തതാണ്.

“സര്‍ക്കാര്‍ ഒപ്പമുണ്ട്…” എന്നല്ലേ എപ്പോഴും പറയുന്നത്. “സര്‍ക്കാരേ, ഞങ്ങള്‍ ഒപ്പമുണ്ട്…”. നമുക്കിത് തീര്‍ച്ചയായും സംഘടിപ്പിക്കുക തന്നെ വേണം. ഇന്നത്തെ നമ്മുടെ ‘നോ’, ഇവിടെ ഒന്നും സംഭാവന ചെയ്യില്ല, ഏതൊരു നാടിനെയും പോലെ നമ്മളും മാറും. പക്ഷെ, നമ്മുടെ ‘യെസ്’, ചിലപ്പോൾ ചരിത്രമാകും. അതിജീവനത്തിന്റെ പുസ്തകത്തില്‍ എഴുതി ചേര്‍ക്കാനുള്ള, വരുംതലമുറകള്‍ക്ക് പാടി പുകഴ്ത്താനുള്ള ചരിത്രം.

© എഡിറ്റര്‍, ആത്മ ഓണ്‍ലൈന്‍

1 COMMENT

  1. The decision to cancel this year’s school festival should be reconsidered. The money saved is negligible compared to the loss of opportunities and the positiveness it will bring. Art is a wonderful media to spread the message of humanity and brotherhood.

LEAVE A REPLY

Please enter your comment!
Please enter your name here